TopTop

കൊറോണ ലക്ഷണങ്ങൾ ശരാശരി അഞ്ച് ദിവസം വരെ ഇല്ലാതിരിക്കാം - പഠനം പറയുന്നത്

കൊറോണ ലക്ഷണങ്ങൾ ശരാശരി അഞ്ച് ദിവസം വരെ ഇല്ലാതിരിക്കാം - പഠനം പറയുന്നത്

കൊറോണ വൈറസ് ബാധിതര്‍ക്ക് അഞ്ച് ദിവസം വരെ വൈറസ് ലക്ഷണങ്ങള്‍ കാണാതിരിക്കാം എന്ന് പഠന റിപ്പോര്‍ട്ട്. ഐസൊലേഷന്‍ (ക്വാന്റൈന്‍) നടപടികള്‍ കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് യു എസിലെ ബാൾട്ടിമോറിലുള്ള ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ ജസ്റ്റിന്‍ ലെസ്ലറും സംഘവും നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. ശരാശരി 5.1 ദിവസമാണ് കൊറോണ രോഗികള്‍, ലക്ഷണങ്ങള്‍ കാണിക്കുന്നതിന് എടുക്കുന്ന സമയമെന്ന് പഠനം പറയുന്നു. ചുരുക്കം ചിലരില്‍ ഇത് രണ്ടാഴ്ച വരെ ആകുന്നുണ്ട്.

ഈ പഠനം 14 ദിവസത്തെ നിരീക്ഷണവും ഐസൊലേഷനും അനിവാര്യമാക്കുന്നതായി ജസ്റ്റിന്‍ ലെസ്ലര്‍ പറയുന്നു. 5.1 ദിവസത്തെ ശരാശരി ഇന്‍ക്യുബേഷന്‍ പിരീഡ്, സാര്‍സിനും മെര്‍സിനുമെല്ലാം ഉണ്ടായിരുന്നതാണ്. അതേസമയം അഞ്ച് ദിവസം കൊണ്ട് രോഗലക്ഷണങ്ങളുണ്ടായില്ലെങ്കില്‍ വൈറസ് ഇല്ല എന്ന് ധരിക്കരുത് എന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പ്രൊഫ.ഗ്രഹാം കുക്ക് പറയുന്നു.

രോഗലക്ഷണങ്ങളില്ലാത്ത സമയത്ത് എത്രത്തോളം വൈറസ് പടരാമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് പറയുന്നില്ല. വൈറസ് ബാധിച്ച് 11.5 ദിവസത്തിനകം 98 ശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. 14 ദിവസത്തേയ്ക്ക് ക്വാറന്റൈന്‍ ചെയ്ത ഒരോ 10,000 പേരേയും എടുത്താല്‍ 101 പേര്‍ക്കേ ക്വാറന്റൈന്‍ വിട്ടതിന് ശേഷം രോഗലക്ഷണങ്ങള്‍ വന്നിട്ടുള്ളൂ. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള 181 കേസുകളാണ് സംഘം പരിശോധിച്ചത്. ഫെബ്രുവരി 24ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. രോഗികളില്‍ ഭൂരിഭാഗവും വുഹാനിലുള്ളവരോ, വുഹാനില്‍ പോയി വന്നവരോ ആണ്.


Next Story

Related Stories