TopTop
Begin typing your search above and press return to search.

കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കുന്ന ആദ്യ മരുന്നായി ഡെക്സാമെതാസോൺ

കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കുന്ന ആദ്യ മരുന്നായി ഡെക്സാമെതാസോൺ

കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് ജീവൻരക്ഷാമരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നായി ഡെക്സാമെതാസോൺ. താരതമ്യേന വില കുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ മരുന്നാണിത്. ഡെക്സാമെതാസോൺ കോവിഡിന് ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന കണ്ടെത്തൽ നിർണായക ചുവടുവയ്പാണെന്ന് യുകെയിലെ ആരോഗ്യവിദഗ്ധർ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വെന്റിലേറ്ററിലുള്ള കോവിഡ് രോഗികളുടെ മരണസാധ്യത മൂന്നിലൊന്നായി കുറക്കാനും ഓക്സിജൻ സഹായത്തിലുള്ള രോഗികളുടെ മരണസാധ്യത അഞ്ചിലൊന്നായി കുറക്കാനും ഡെക്സാമെതാസോൺ സഹായകമാകുന്നതായി തെളിഞ്ഞു. കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ ഡെക്സാമെതാസോൺ ഉപയോഗിച്ചിരുന്നെങ്കിൽ 5000 പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. കൂടുതൽ കോവിഡ് കേസുകളുള്ള രാജ്യങ്ങൾക്ക് ഇത് ഉപകാരമായേനെ എന്നും ഗവേഷകർ പറയുന്നു.

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായി ഹോസ്പിറ്റലിലുള്ള 2000 രോഗികൾക്ക് ഡെക്സാമെതാസോൺ നൽകിയിരുന്നു. ഡെക്സാമെതാസോൺ നൽകാത്ത 4000ലധികം രോഗികളുമായി ഇവരെ താരതമ്യപ്പെടുത്തി. വെന്റിലേറ്ററിലുള്ള രോഗികളുടെ മരണസാധ്യത 40 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി കുറക്കാൻ ഡെക്സാമെതാസോണിന് കഴിഞ്ഞതായി പഠനം പറയുന്നു. ഓക്സ്ജൻ ആവശ്യമുള്ള രോഗികളിൽ മരണസാധ്യത 25 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കി കുറക്കാൻ സാധിച്ചു. അതേസമയം ശ്വസനത്തിന് സഹായം ആവശ്യമില്ലാത്ത, ചെറിയ രോഗലക്ഷണങ്ങൾ മാത്രമുള്ള രോഗികളിൽ ഈ മരുന്ന് അത്ര ഫലപ്രദമല്ലെന്നും കണ്ടെത്തി. മാർച്ച് മുതൽ റിക്കവറി ട്രയൽ നടക്കുന്നുണ്ട്. മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷിച്ചെങ്കിലും ഇത് പിന്നീട് ഉപേക്ഷിച്ചു. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളും മരണസാധ്യതയും കൂട്ടുകയാണ് ചെയ്യുന്നത് എന്നാണ് യുകെയിലെ ഗവേഷകരുടെ പക്ഷം. മറ്റൊരു മരുന്നായ റെംഡിസിവിർ ഹ്രസ്വകാലത്തേയ്ക്കായി എൻഎച്ച്എസ് (നാഷണൽ ഹെൽത്ത് സർവീസ്) ഉപയോഗിക്കുന്നുണ്ട്. 1960കൾ മുതൽ ലോകത്ത് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നാണ് ഡെക്സാമെതാസോൺ. ഈ മരുന്ന് പോലെ സാർവത്രികമല്ല പുതുതായി വന്ന റെംഡിസിവിർ.


Next Story

Related Stories