TopTop

കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ, ആശങ്ക വേണ്ട, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേർ  നിരീക്ഷണത്തിൽ, ആശങ്ക വേണ്ട,  ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ആളുകളെ പുതിയ കൊറോണ വൈറസ് ഇതിനോടകം ബാധിച്ചിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുമ്പോൾ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം പൂർ‌ണ്ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ‌ മുന്‍കരുതലും ജാഗ്രതയും തുടരും. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർ‌ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പ്രകടമായ കൊറോണ ലക്ഷണങ്ങളുമായി എട്ട് പേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ കൊച്ചിയിൽ ചികിത്സയിലുള്ള പെരുമ്പാവൂർ സ്വദേശിയും ആറ് പേരുടെ റിസൾട്ടിലും പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് പേർക്ക് എച്ച്‍1 എൻ1 പനിയാണെന്ന് സ്ഥിരീകരിച്ചു. കാത്തിരിക്കുന്ന റിസൾട്ടുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങൾ ഇപ്പോൾ കാണുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോറോണവൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായി കാണാൻ 28 ദിവസമെടുത്തേക്കുമെന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം. പ്രതിരോധം എന്ന നിലയിൽ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ കണ്ടെത്തുക എന്നതാണ് ആദ്യഘട്ടം. ഇതിനായി ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. പ്രാദേശികമായി ആരോഗ്യപ്രവർത്തകരെ കൃത്യമായി വിവരമറിയിക്കണം. നിരന്തരമായി അവരുമായി സമ്പർക്കം പുലർത്തണം. പനിയുടെ ലക്ഷണങ്ങൾ കാണുന്നതിന് മുമ്പ് തന്നെ പടരാനും സാധ്യതയുണ്ട്. അതിനാൽ, പനി ബാധിച്ച നിലയിലുള്ള എല്ലാവരും കൃത്യമായി പ്രധാന ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ചൈനയിലെ വുഹാൻ അടക്കമുള്ള വൈറസ് ബാധിത പ്രദേശങ്ങളിലുള്ള മലയാളികൾക്ക് ചികിത്സ കിട്ടുന്നുണ്ട് എന്ന കാര്യം നോർക്ക വഴി ഉറപ്പ് വരുത്തുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ചൈനയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വരികയാണ്. ഇവിടങ്ങളിലെ വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. കേരളത്തിൽ കൊച്ചിക്ക് പുറമെ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽക്കൂടി പരിശോധനകൾ ഏർപ്പെടുത്തേണ്ടതാണെന്നും, ഇതിനായി ആവശ്യപ്പെടുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

അതിനിടെ, കൊച്ചിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം സുസജ്ജമാണെന്നും നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റില്‍ പറഞ്ഞു. ഇതിന് പിന്നാലെ ചൈനയിലെ വുഹാനില്‍ നിരവധി മലയാളി വിദ്യാര്‍ഥികളടക്കം കുടുങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ ആശങ്കയറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് ഈ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് അടിയന്തിരമായി പുറപ്പെടുവിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

പ്രധാന നിർദേശങ്ങൾ-

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയേണ്ടതാണ്. വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാന്‍ പാടുള്ളു. ഇതിനുവേണ്ടിയും ദിശ നമ്പറില്‍ വിളിച്ച് (04712552056) നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.

വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക.

ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്.

പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി(1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൌഡര്‍ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.

ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല / തോര്‍ത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.

സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.

വീട്ടില്‍ ഉള്ള മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക.

നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

എപ്പോഴെങ്കിലും പനി , ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബദ്ധപ്പെട്ടതിനുശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല. എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം, നിര്‍ദ്ദിഷ്ട വ്യക്തിയും, കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങള്‍ യാത്രക്ക് ഒഴിവാക്കണം. ആശുപത്രി നമ്പര്‍ കൂടാതെ ദിശ നമ്പറില്‍ നിന്നും(0471 2552056) വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.Next Story

Related Stories