TopTop
Begin typing your search above and press return to search.

കൊറോണ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിക്കാൻ ലോകാരോഗ്യ സംഘടന, മരണം 170

കൊറോണ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിക്കാൻ   ലോകാരോഗ്യ സംഘടന, മരണം 170

നോവല്‍ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. എന്നാല്‍, മരണസംഖ്യയും രോഗം ബാധിച്ചവരുടെ എണ്ണവും ഔദ്യോഗിക കണക്കുകളെക്കാള്‍ ഏറെയാണെന്നാണ് വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലായി 7,711 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടാൻ ലോകം മുഴുവൻ ജാഗരൂകരായിരിക്കണമെന്നു ലോകാരോഗ്യ സംഘടന. വുഹാൻ കൊറോണ വൈറസ് ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമോ എന്ന് തീരുമാനിക്കാൻ സംഘടന വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ചൈനയ്ക്ക് പുറത്ത് 15 രാജ്യങ്ങളിലായി 68 കേസുകൾ മാത്രമാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ജർമ്മനി, വിയറ്റ്നാം, ജപ്പാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിട്ടുണ്ട്.

'ലോകം മുഴുവൻ ഇപ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. വൈറസിന്‍റെ പ്രഭവകേന്ദ്രത്തിൽ നിന്നോ മറ്റ് പ്രഭവകേന്ദ്രങ്ങളിൽ നിന്നോ വരുന്ന ഏതൊരു കേസുകളേയും അഭിമുഖീകരിക്കാനും നടപടിയെടുക്കാനും തയ്യാറാകണം'- ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അത്യാഹിത പദ്ധതിയുടെ തലവൻ ഡോ. മൈക്കൽ റയാൻ പറഞ്ഞു. അദ്ദേഹവും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസും വൈറസിനെ തുറന്ന മനസ്സോടെ നേരിടുന്ന ചൈനയെ പ്രശംസിച്ചു.

'ഇന്നുവരെ നമ്മള്‍ ചൈനയ്ക്ക് പുറത്ത് 68 കേസുകൾ മാത്രമാണ് കണ്ടത്. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അത് ചൈന നടത്തിയ അസാധാരണ ശ്രമങ്ങളുടെ ഫലമാണ്'- ടെഡ്രോസ് പറഞ്ഞു. എന്നാല്‍ പുറംലോകത്തേക്കുള്ള വ്യാപനം മാത്രമാണ് നിയന്ത്രണ വിധേയമായതെന്നും ചൈനയില്‍നിന്നും വൈറസിനെ തുരത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന്‍ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നുണ്ട്. മറ്റ് രാജ്യങ്ങളിലേക്കുള്ള വ്യാപനം വ്യാപകമായിരുന്നില്ല എന്നതിനാലാണ്, സംഭവം ഒരു ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നതില്‍ നിന്നും അവര്‍ പിന്മാറിയത്. പടിഞ്ഞാറൻ ആഫ്രിക്കയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും എബോള പൊട്ടിപ്പുറപ്പെട്ടപ്പോഴും, അതുപോലെ തന്നെ സാർസ് പകർച്ചവ്യാധി വന്നപ്പോഴും ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.


Next Story

Related Stories