TopTop
Begin typing your search above and press return to search.

'`കൊറോണയോടൊപ്പം പടരുന്ന ഒറ്റപ്പെടുത്തലുകൾ', ചില സാമൂഹിക പ്രതിസന്ധികൾ

`കൊറോണയോടൊപ്പം പടരുന്ന ഒറ്റപ്പെടുത്തലുകൾ, ചില സാമൂഹിക പ്രതിസന്ധികൾ

കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്ന 3 നഴ്സ്മാരെ അവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഇറക്കി വിട്ടത്രേ! വീട്ടുടമസ്ഥന്റെ ഭീതിയാണ് കാരണം !! രോഗത്തോടുള്ള ഭീതിയിൽ നിന്നുടലെടുക്കുന്ന സാമൂഹിക അവജ്ഞയും അകറ്റി നിർത്തലും ആദ്യമായല്ല.

രോഗം ഒരിക്കലും ഒരു ദൂഷണമായ കാര്യമോ, അപമാനത്തിന്റെ അടയാളമോ അല്ലെന്ന കാര്യം സമൂഹത്തിൽ നിലനിൽക്കുമ്പോൾ മാത്രമാണ് നമ്മുടെ ആരോഗ്യ പ്രവർത്തനങ്ങൾ പൂർണമായും വിജയിക്കുന്നത്. മറിച്ചുള്ള സമീപനം ബൂമറാങ്ങ് പോലെ പൊതു സമൂഹത്തിന് തന്നെ പ്രഹരമായി മാറും, എന്തു കൊണ്ടെന്ന് പറയാം.

അൽപ്പം ഫ്ലാഷ് ബാക്ക്,

വസൂരി നടമാടിയിരുന്ന കാലത്ത്, മരിച്ചവരെയും പാതി ജീവൻ ഉള്ള രോഗികളെയും ഒരുമിച്ച് കുഴിച്ചു മൂടിയിരുന്ന അവസ്ഥ വരെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

കാലം മാറിയപ്പോ പകർച്ചവ്യാധികളുണ്ടക്കുന്നത് വിവിധങ്ങളായ രോഗാണുക്കളാണെന്നും, അവ എങ്ങനെ പകരുന്നെന്നും മനസ്സിലാക്കി. വാക്സിൻ ഉൾപ്പെടെയുള്ള നടപടികൾ കൊണ്ട് പ്രതിരോധിക്കാനും ചികിത്സിക്കാനുമൊക്കെ ശാസ്ത്രം വളർന്നു. ഇന്നാരും വസൂരിയെ ഭയക്കുന്നില്ലെന്ന് മാത്രമല്ല ഓർക്കുന്നു പോലുമില്ല, ശാസ്ത്രത്തിന്റെ അശ്രാന്ത പരിശ്രമം കൊണ്ട് ആ മഹാമാരിയെ നാം തുടച്ചു നീക്കി.

‍‍‍കൊറോണക്കാലത്തെ സാമൂഹിക പ്രതിസന്ധികൾ !

പൊതുവിൽ വലിയ തോതിൽ രോഗികളെ ക്വാറന്റയിൻ / ഐസൊലേറ്റ് ചെയ്യാൻ നിർദ്ദേശിക്കാറില്ല. എന്നാൽ ജനിതക വ്യതിയാനം വന്ന് പുതിയ തരം രോഗാണുക്കൾ (പ്രത്യേകിച്ച് വൈറസുകൾ) പകർച്ചവ്യാധിയായി പടരുമ്പോൾ ഈ രണ്ടു നടപടികൾ ആവശ്യമായി വരും. അതുകൊണ്ടാണ് കോവിഡ് വ്യാപനം തടയാൻ ഐസൊലേഷനും ക്വാറന്റയിനും നിർദ്ദേശിക്കുന്നത്, എന്നാലത് രോഗികളോടുള്ള വിവേചനമായി മാറാനും പാടില്ല.

സമൂഹ നന്മയ്ക്ക് വേണ്ടി ഒരു വ്യക്തി ചെയ്യുന്ന നന്മയും ത്യാഗവുമായി വേണം ഈ പ്രവർത്തിയെ കാണാൻ. അത്തരം വ്യക്‌തികൾക്ക് ആവശ്യമായ മാനസിക പിന്തുണ ഈ സമൂഹത്തിൽ നിന്നും തിരികെ ലഭിക്കേണ്ടതുണ്ട്.

നിർഭാഗ്യ വശാൽ പകർച്ച വ്യാധി പിടിപെട്ട ആളുകളോട് ക്രിമിനലുകളോട് എന്ന പോലെ സമൂഹം പ്രതികരിച്ചിട്ടുള്ള പല സന്ദർഭങ്ങളും ചരിത്രത്തിലെല്ലായിടത്തും ഉണ്ടായിട്ടുണ്ട്. കുഷ്ഠരോഗിയായ നായികയെ വീട്ടുകാരും നാട്ടുകാരുമെല്ലാം കൂടി ആക്രമിച്ചു തുരത്തിയോടിക്കുന്ന രംഗമുള്ള "അശ്വമേധം"എന്ന സിനിമ കണ്ടിട്ടുണ്ടാവും. കുഷ്ഠത്തോടുള്ള അന്നത്തെ സാമൂഹിക പ്രതിഫലനമായിരുന്നു അത്.

വർഷങ്ങൾക്ക് ശേഷം, HIV ബാധിതരായ കുട്ടികൾക്ക് ഭക്ഷണം, വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിച്ച സംഭവവും "പ്രബുദ്ധ" കേരളത്തിലുണ്ടായി. അടിസ്ഥാനപരമായി നാം അധികമൊന്നും മാറിയിട്ടില്ലെന്നു ചുരുക്കം.

സ്വന്തം ജീവനിൽ ഉള്ള ഭയം അടിസ്ഥാനപരമായ സ്വാർത്ഥതക്ക് കാരണമാകും. കൊറോണയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. എനിക്കോ എനിക്ക് വേണ്ടപ്പെട്ടവർക്കോ അസുഖം ബാധിക്കുമോ എന്ന ഭയം നമ്മെ ഗ്രസിച്ചിട്ടുണ്ട്.

നിർദ്ദേശങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന ആളുകളും ഈ ഭയം ഉണർത്താൻ കാരണമായിട്ടില്ലേ?

കൊറോണ പോലൊരു മഹാമാരി, ലോകം മുഴുവൻ പടർന്ന ഈ സമയത്ത്, ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാതെ, സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ, ക്വാറന്റയിൻ & ഐസോലാഷൻ പോലുള്ള നിർദേശങ്ങളെ പാടെ അവഗണിക്കുന്ന ഒരു ചെറിയ ശതമാനം ആളുകളും നമ്മൾക്കിടയിലുണ്ട്.

ബോധപൂർവ്വം നിയന്ത്രണങ്ങൾ മാറി കടക്കാൻ ശ്രമിക്കുന്നവരെ നിയന്ത്രിക്കാൻ ഉതകുന്ന രീതിയിൽ പൊതുജനാരോഗ്യ നിയമങ്ങൾ പരിഷ്കരിക്കുന്നതിനെ കുറിച്ചും, നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനെ കുറിച്ചും അധികാരികൾ ആലോചിക്കേണ്ടതാണ്.

ഉദാ: ചൈനയിൽ സ്ഥിഗതികൾ മെച്ചപ്പെടുത്തുന്നതിന് കർശന നിയമങ്ങൾ ഉപയോഗിച്ചതായി നമ്മൾക്കറിയാം. നിർദ്ദിഷ്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഇറ്റലിയിൽ മൂന്നു മാസം വരെ തടവും പിഴയും നൽകുന്ന കർശന നിയമങ്ങൾ നടപ്പാക്കി. എന്നാൽ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുന്ന ദോഷ പ്രവർത്തിക്ക് തുല്യമായ ഒന്നാണ് നിർദേശങ്ങൾ ഉൾക്കൊള്ളാതെ രോഗികളെയും, രോഗം സംശയിക്കുന്നവരെയും, രോഗം ഭേദമായവരെയും അകാരണമായി അവജ്ഞയോടെ കാണുന്നതും.

ഇത്തരം സാമൂഹിക പ്രത്യാഘാതങ്ങളുടെ പരിഹാരങ്ങൾ എന്തൊക്കെ ?

1. ക്വാറന്റയിൻ , ഐസോലാഷൻ അവസ്ഥകളിലുള്ളവരെക്കുറിച്ചു , അവരുടെ മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് നാം ചെയ്യേണ്ട കാര്യങ്ങൾ?

a . ആവശ്യമായ സുരക്ഷാ മുന്കരുതലുകളോടെ അവർക്കൊപ്പം നിൽക്കുക.

b . ഹൃദയ ബന്ധങ്ങൾ ഉള്ളവരിൽ നിന്നും ഒറ്റപ്പെടൽ, വിരസത, എന്നിവ ഒഴിവാക്കാനുള്ള നടപടികൾ.

രോഗിയുമായി / രോഗം സംശയിക്കുന്ന ആളുമായി ഫോണ് , ഇന്റർനെറ്റ് മുതലായ സൗകര്യങ്ങൾ ഉപയോഗിച്ചു കൊണ്ട് നിരന്തരം ബന്ധപ്പെടാനും, മാനസിക പിന്തുണ നൽകാനുമു ള്ള സൗകര്യങ്ങൾ ക്രമീകരിക്കുക.

c . വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ

i . പകർച്ച വ്യാധികൾ പിടി പെടുന്നത് വ്യക്തിയുടെ കുഴപ്പം കൊണ്ട് ആണെന്ന രീതിയിലുള്ള വ്യാഖ്യാനം മറ്റുള്ളവരിൽ നിന്ന് ഉണ്ടാവുന്നത് നന്നല്ല. രോഗികളിൽ കുറ്റബോധവും , മാനസിക സംഘർഷങ്ങളും വളരാൻ ഇത് ഇടയാക്കും.

ii . പൊതുസമൂഹത്തിൽ വളരെ ക്രിയാത്മകമായി നിൽക്കുന്ന ഒരാളെ ക്വറന്റൈൻ ചെയ്യുമ്പോൾ വിഷാദം ഉണ്ടാവാൻ ഉളള സാധ്യത വളരെ കൂടുതലാണ്.

ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കുകയും അതിനു പ്രേരിപ്പിക്കുകയുമാണ് ഒരു പോംവഴി. വായന, മൊബൈൽ, ടിവി കാഴ്ച, ചിത്രം രചന പോലുള്ള ക്രിയേറ്റിവ് പ്രവർത്തികൾ ഇങ്ങനെ പല തരത്തിൽ അത് നടപ്പാക്കാം.

iii . വ്യക്തിയിൽ ആത്മ ധൈര്യം വളർത്തുക-

ചുറ്റും ഒരു വലിയ സമൂഹം തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൂടെ ഉണ്ട് എന്നു ഈ വ്യക്തിക്ക് തോന്നണം. തുടർന്നും ക്വറന്റൈൻ ചെയ്യപ്പെടാൻ പോകുന്നവർക്കും അതൊരു പ്രചോദനം ആയിരിക്കും.

iv . ഐസൊലേഷനും ക്വാറന്റയിനും പരമാവധി കുറച്ചു കാലയളവായി നിശ്ചയിക്കണം, ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന പോലുള്ളവരുടെ നിർദ്ദേശങ്ങൾ നടപ്പാക്കണം.

v . ആരോഗ്യപ്രവർത്തകരുമായി സംവേദിച്ചു രോഗത്തെപ്പറ്റിയും, ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റിയും സംശയ നിവാരണം നടത്താൻ രോഗിക്ക് സാധ്യമാവണം.

vi . മുൻപേ തൊട്ടു മനോരോഗ പ്രശ്‍നങ്ങൾ ഉൾപ്പെടെ മറ്റു ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനുള്ള പരിചരണവും കൊടുക്കണം

d . ക്വാറന്റയിൻ മൂലം വ്യക്തികളുടെ സാമൂഹിക സുരക്ഷിതത്വം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്റ്റേറ്റ് സ്വീകരിക്കണം.

ജോലി നഷ്ടപ്പെടാനോ, സാമ്പത്തികം ഉൾപ്പെടെയുള്ള മറ്റു കഷ്ട നഷ്ടങ്ങൾ ഉണ്ടാവാതെ പരിഹരിക്കാനുള്ള നടപടികൾ.

സാമൂഹികമായ ഒറ്റപ്പെടലിൽ നിന്നുള്ള പരിരക്ഷ.

സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യക്തികൾക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന ശിക്ഷാ നടപടികൾ എടുക്കണം.

അവരോട് അനുകമ്പയോട് പെരുമാറേണ്ടത് സമൂഹത്തിന്റെ കർത്തവ്യം ആണ്. ക്വാറന്റെനിൽ ഉള്ള ഓരോ വ്യക്തിയും അവനവനോട് മാത്രമല്ല സമൂഹത്തോടുള്ള വലിയ കടമ ആണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്.

അതീവ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി, രോഗം സ്ഥിരീകരിക്കപ്പെട്ട ആളുമായി ചെറിയ ബന്ധം പുലർത്തിയ ആളെ പോലും ചിലപ്പോൾ ഐസൊലേഷനിൽ വെക്കുകയോ, ടെസ്റ്റുകൾ ചെയ്യുകയോ ഒക്കെ ചെയ്തേക്കാം. ഇവരിൽ ഭൂരിഭാഗവും രോഗം ഇല്ലാത്തവരായിരിക്കും.

ഇവരോട് പോലും സാമൂഹികമായ ഒരു അവജ്ഞ കൊണ്ട് നടക്കുന്ന സമീപനം അത്യന്തം അപലപനീയമാണ്.

രോഗിയെ ചികില്സിക്കുന്ന ആരോഗ്യ പ്രവർത്തകർ ശാസ്ത്രീയമായ മുൻകരുതൽ നടപടികൾ എടുക്കുന്നവരും രോഗപകർച്ചാ സാധ്യത തുലോം കുറഞ്ഞവരും ആയിരിക്കും. ഇവരെ അകറ്റുകയല്ല ആദരവോടു കാണുകയാണ് വേണ്ടത്. ഒരു യുദ്ധം വന്നാൽ കർത്തവ്യ നിരതരാവുന്ന പട്ടാളക്കാരെ പോലെ പൊതു സമൂഹത്തെ സംരക്ഷിക്കാൻ രോഗാണുക്കളുമായി അക്ഷരാർത്ഥത്തിൽ യുദ്ധം തന്നെ ചെയ്യുകയാണ് ആരോഗ്യപ്രവർത്തകർ.

2 . സാമൂഹിക അവജ്ഞ/ ഒറ്റപ്പെടുത്തൽ ഒക്കെ ഗുണം അല്ല തിരിച്ചടി ആണ് ഉണ്ടാക്കുക. എന്ത് കൊണ്ട് ?

രോഗിയെ / രോഗം സംശയിക്കുന്ന ആളെ ദുർലക്ഷണമായി കാണുമ്പോൾ സംഭവിക്കുന്നത് , ഒറ്റപ്പെടുമോ എന്നുള്ള ഭയവും , അപമാനിതനാകുമോ എന്നുള്ള സംഘർഷവും കാരണം രോഗം മറച്ചു വയ്ക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. ഇത് അസുഖം കണ്ടെത്താനും , ചികിത്സ ആരംഭിക്കാനും വൈകുന്നതിന് കാരണമാകുന്നു . പ്രത്യേകിച്ചു പകർച്ച വ്യാധി കളുടെ കാര്യത്തിൽ , നമുക്ക് നഷ്‌ടപ്പെടുന്ന ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ് . മണിക്കൂറുകൾ കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും , മരണ സംഖ്യ ഉയരുകയും ചെയ്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് .

കൂടാതെ ഈ അകറ്റി നിർത്തൽ കൊണ്ട് വ്യക്തികൾ തമ്മിലുള്ള സൗഹൃദം , വ്യക്തിയും സ്ഥാപനങ്ങളുമായുള്ള ബന്ധം , വ്യക്തിയും സമൂഹവുമായുള്ള ബന്ധം എന്നിവയ്ക്കൊക്കെ കോട്ടം തട്ടുന്നു . ഇത് വ്യക്തി തന്നിലേക്ക് തന്നെ ഉൾവലിയാനും , ചിലപ്പോഴൊക്കെ അപകടകരമായ സ്വഭാവ മാറ്റങ്ങളിലേക്ക് ചെന്നെത്താനും കാരണമാകുന്നു. ഉത്കണ്ഠ വിഷാദം പോലുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്നവരുടെ മാനസികാരോഗ്യം കൂടുതൽ സങ്കീര്ണമാകുന്നു .

ക്വാറന്റയിൻ, ഐസോലാഷൻ എന്നിവയിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത് ഒരിക്കലും വിവേചനം അല്ല . മറിച്ചു വ്യക്തിക്കും സമൂഹത്തിനുമുള്ള അധിക കരുതൽ ആണ് .

⭐ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്നു നമ്മൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഭയം മനുഷ്യരെ കൊണ്ടെത്തിക്കാൻ സാധ്യതയുള്ള അവസ്ഥകൾ ഭീകരമാണ് എന്നുള്ളത് കൊണ്ട് കൂടിയാണത്. അതിജീവനം സാധ്യമാവുന്നത് പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും സഹകരണത്തിലും അടിസ്ഥാനമാക്കിയ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമായിരിക്കും.

എഴുതിയത്

ഡോ : ശബ്ന. എസ് , ഡോ: നീതു ചന്ദ്രൻ , ഡോ: ദീപു സദാശിവൻ


Next Story

Related Stories