TopTop
Begin typing your search above and press return to search.

കോവിഡ് 19 ഭീതിയിൽ പൊങ്കാല: 'ദര്‍ശനത്തിനായി തിരക്കുകൂട്ടരുത്, ക്യൂവിലും കൈ അകലം പാലിക്കാൻ ശ്രമിക്കുക', മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

കോവിഡ് 19 ഭീതിയിൽ പൊങ്കാല: ദര്‍ശനത്തിനായി തിരക്കുകൂട്ടരുത്, ക്യൂവിലും കൈ അകലം പാലിക്കാൻ ശ്രമിക്കുക, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് വീണ്ടും അഞ്ച് പേർക്ക് കൊറോണ (കൊവിഡ് 19) സ്ഥരീകരിച്ച പശ്ചാത്തലത്തിൽ മുൻ‌കരുതൽ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗ ബാധയുടെ പശ്ചാത്തലത്തിൽ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്ന് സർക്കാരുകൾ മുന്നറിയിപ്പ് നൽകുമ്പോളും ഇന്ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ആശങ്കകൾ വർദ്ധിപ്പിക്കുകയാണ്. ലക്ഷകണക്കിന് സ്ത്രീകൾ ഒത്തുകൂടുന്ന പരിപാടിയിൽ പങ്കാളികളാവുന്നവർക്ക് ഇതിനോടകം മുൻ കരുതൽ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

പനി, ചുമ ലക്ഷണങ്ങൾ ഉള്ളവരും, രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തുള്ളവരും പൊങ്കാലയിൽ നിന്നും വിട്ട് നിൽക്കണമെന്ന് ഇന്നലെ തന്നെ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറനെ പൊങ്കാലയ്ക്ക് എത്തുന്നവർ പാലിക്കാൻ ശ്രമിക്കേണ്ട മുൻ കരുതലുകളെ കുറിച്ചുള്ള നിർദേശങ്ങളും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.

കൂടാതെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്

ഭക്തർ പാലിക്കേണ്ട മുൻകരുതലുകൾ

  1. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനും അവരുടെ താമസ സ്ഥലങ്ങളില്‍ പൊങ്കാല നടത്താനും അഭ്യര്‍ത്ഥിക്കുന്നു. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാര്‍ത്ഥ പ്രാര്‍ത്ഥനയാണ്.
  2. ഹാന്‍ഡ് റെയിലിംഗുകള്‍ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിംഗ് പോലുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകുക.
  3. ദര്‍ശനത്തിനായി തിരക്കുകൂട്ടരുത്. പിന്നില്‍ നിന്നും മുന്നില്‍ നിന്നും വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവില്‍ പോകുക.
  4. ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക.
  5. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
  6. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കില്‍ വൃക്കകരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം.
  7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക.

അതേസമയം, കൊവിഡ് 19 ഭീതി പടർത്തുന്ന സാഹചര്യത്തിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊങ്കാല നടക്കുന്നതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ഉൾപ്പെടെയുള്ള വിവിധ ആഘോഷങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് കോവിഡ് 19 പടർന്നു പിടിക്കാനുള്ള സാധ്യതയെ ഗണ്യമായി കൂട്ടും . അതിനാൽ ഈ സ്ഥിതിവിശേഷത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന് ഐ എം എ സർക്കാരിനോട് ആവശ്യപ്പെട്ടു.

യുക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ട് കൊറോണ വൈറസ് രോഗം തടയേണ്ടതുണ്ട്. ആൾക്കൂട്ടം കുറയ്ക്കുവാനായി പൊങ്കാല വീടുകളിൽ തന്നെ ചെയ്യുന്നത് നല്ല നിർദ്ദേശമാണ്. പൊതുസ്ഥലങ്ങളിൽ രോഗം പകരാതിരിക്കാൻ കർശന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിന്റെ ആവശ്യകതയും ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവരും മറ്റു ഗുരുതര രോഗമുള്ളവർ ആൾക്കൂട്ടത്തിലേക്ക് വരാതിരിക്കുന്നതും പ്രസക്തമാണെന്നും ഐഎംഎ മുന്നറിയിപ്പിൽ വ്യക്തമാക്കി.


Next Story

Related Stories