TopTop
Begin typing your search above and press return to search.

കോവിഡ് ആന്റിബോഡികള്‍ അധികസമയം പ്രതിരോധം നല്‍കിയേക്കില്ല, രോഗമുക്തി ഭാവിയിലെ വൈറസ്ബാധാ സാധ്യത ഇല്ലാതാക്കില്ല - പുതിയ പഠനറിപ്പോര്‍ട്ട്

കോവിഡ് ആന്റിബോഡികള്‍ അധികസമയം പ്രതിരോധം നല്‍കിയേക്കില്ല, രോഗമുക്തി ഭാവിയിലെ വൈറസ്ബാധാ സാധ്യത ഇല്ലാതാക്കില്ല - പുതിയ പഠനറിപ്പോര്‍ട്ട്

കോവിഡ് ആന്റിബോഡികള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്നതായും അധികസമയം ഇത് പ്രതിരോധവും സംരക്ഷണവും നല്‍കിയേക്കില്ലെന്നും പഠനറിപ്പോര്‍ട്ട്. കോവിഡ് 19 രോഗമുക്തി നേടിയവരുടെ ആന്റിബോഡികള്‍ പുതിയ ഇന്‍ഫെക്ഷനുകളില്‍ നിന്ന് അധികകാലം സംരക്ഷണം നല്‍കിയേക്കില്ലെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രോഗമുക്തി നേടിയ 34 പേരുടെ രക്തസാമ്പിളുകളാണ് പരിശോധനയ്ക്കായി ഉപയോഗിച്ചത്. ഐസിയുവില്‍ പ്രവേശിക്കപ്പെട്ടിട്ടില്ലാത്ത, ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുണ്ടായിരുന്നവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ രണ്ട് പേര്‍ക്ക് ഓക്‌സിജന്‍ സപ്പോര്‍ട്ട് വേണ്ടിവരുകയും എച്ച്‌ഐവി മരുന്ന് നല്‍കുകയും ചെയ്തിരുന്നു. ആരേയും വെന്റിലേറ്ററിലാക്കേണ്ടി വന്നിരുന്നില്ല. റെംഡിസിവിർ മരുന്നും ഇതിലാർക്കും നൽകിയിട്ടില്ല.

രോഗലക്ഷണം തുടങ്ങി ശരാശരി 37 ദിവസത്തിന് ശേഷമെടുത്ത ആന്റിബോഡികളിലാണ് ആദ്യ പരിശോധന നടത്തിയത്. രണ്ടാമത്തേത് 86 ദിവസത്തിന് ശേഷമെടുത്തവയില്‍. ആന്റിബോഡികള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്നതായി പരിശോധനയില്‍ കണ്ടെത്തി. സാര്‍സ് കേസുകളിലുള്ളതിനേക്കാള്‍ പെട്ടെന്ന് ആന്റിബോഡി ലെവല്‍ കോവിഡ് 19 കേസുകളില്‍ കുറയുന്നുണ്ട്. പ്രതിരോധശേഷി എത്രസമയം നീണ്ടുനില്‍ക്കുമെന്നറിയാന്‍ ആന്റിബോഡികളുടെ പ്രതികരണം ലോകത്താകെ ശാസ്ത്രജ്ഞര്‍ പഠിച്ചുവരുകയാണ്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ള രോഗികളുടെ സാമ്പിളുകള്‍ വച്ചുള്ള പഠനത്തിലെ നിഗമനം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഭൂരിഭാഗം കോവിഡ് രോഗികള്‍ക്കും നിലവില്‍ നേരിയ ലക്ഷണങ്ങളാണുള്ളത്.

90 ദിവസത്തിന് ശേഷമുള്ള ആന്റിബോഡികളുടെ ശോഷണം സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ലോസ് ഏഞ്ചലസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലുള്ള ഡേവിഡ് ഗെഫന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ എഫ്. ഹാവിയര്‍ ഇബറോണ്ടോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. വൈറസ് ഇന്‍ഫെക്ഷന്‍ തടയാന്‍ കഴിയുന്ന സംരക്ഷകരെന്ന നിലയില്‍ ആന്റിബോഡികളുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്ന നിലപാടിലാണ് ഗവേഷകര്‍. ഇന്‍ഫെക്ഷന്‍ വന്ന് 90 ദിവസത്തിന് ശേഷം ആന്റിബോഡികള്‍ കണ്ടെത്താനാകാത്ത വിധമായി മാറാന്‍ സാധ്യതയുണ്ടെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജ് നടത്തിയ പഠനം പറയുന്നു. അതേസമയം ടി കോശങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ശരീരത്തിനുണ്ട്. ഇത് കോവിഡ് 19നെതിരായ പ്രതിരോധത്തിന് സഹായകമായി വിലയിരുത്തപ്പെടുന്നു.


Next Story

Related Stories