TopTop
Begin typing your search above and press return to search.

കോവിഡ് ബാധിതർ ഉയരുന്നു, ശ്വാസകോശ രോഗമുള്ളവരെ നിരീക്ഷിക്കും, പനി ലക്ഷണങ്ങളുള്ള എല്ലാവർക്കും പരിശോധന നടത്താൻ‌ നീക്കം

കോവിഡ് ബാധിതർ ഉയരുന്നു, ശ്വാസകോശ രോഗമുള്ളവരെ നിരീക്ഷിക്കും, പനി ലക്ഷണങ്ങളുള്ള എല്ലാവർക്കും പരിശോധന നടത്താൻ‌ നീക്കം

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ്. .രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന പ്രവണത കാണിക്കുന്ന മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പരിശോധന വ്യാപിപ്പിക്കും. ഇതിനായി സ്വകാര്യ മേഖലയുടെ സൗകര്യങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് മുന്നോട്ട് പോവാനാണ് നീക്കം.

പുതിയ സാഹചര്യത്തിൽ ശ്വാസകോശ രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമാണ് തീരുമാനം. പനി ലക്ഷണങ്ങളുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്താനുമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് നിലവിൽ സംസ്ഥാനകത്തുള്ള രോഗികളിൽ 12,456 പേരും വൈറസ് ബാധിതരായത്. ഇക്കാലയളവിൽ 53 മരണവും റിപ്പോർട്ടും ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് അവസാനവാരം മുതൽ സംസ്ഥാനത്ത് ആകെയും മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പ്രത്യേകിച്ചു കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്നാണു കണ്ടെത്തൽ ഇതോടെ വ്യക്തിഗത ബോധവത്‌കരണം ഉൾപ്പെടെ പദ്ധതികൾ എല്ലാ ജില്ലകളിലും ആരംഭിക്കാനും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങൾ സ്വയം നിരീക്ഷിക്കാനും ശരീരത്തിലെ ഓക്സിജൻ അളവ് ആവശ്യമെങ്കിൽ നിരീക്ഷിക്കാനുള്ള പൾസ് ഓക്സിമീറ്റർ സ്വയം ഉപയോഗിക്കാനും പരിശീലനം നൽകുന്നത് ഉൾ‌പ്പെടെയുള്ള പദ്ധതികളാണ് പരിഗണിക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ നാന്നൂറിനോട് അടുക്കുന്ന നിലയാണുള്ളത്. 0.43 ശതമാനമാണ് കോവിഡ് മരണങ്ങളുടെ സംസ്ഥാന ശരാശരി. കണ്ണൂർ ജില്ലയിലാണ് നിലവിൽ ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റിൽ 0.86 ശതമാനം മരണമാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് 0.71 ശതമാനമാണ്. പാലക്കാട് (0.03) , കോട്ടയം (0.07) എന്നിവയാണ് മരണനിരക്ക് കുറഞ്ഞ ജില്ലകൾ.

സംസ്ഥാനത്ത് ഇന്നലെ 3402 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

Next Story

Related Stories