മൂന്നുവര്‍ഷം മുമ്പാണ് മണിപ്പാല്‍ സ്വദേശിനി ശ്രേയ സിദ്ധന ഗൗഡയുടെ കൈകള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച മലയാളിയുടെ കൈയാണ് ശ്രേയയ്ക്ക് നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം ശ്രേയയുടെ കൈകള്‍ വീണ്ടും ശാസ്ത്രലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇന്ത്യന്‍ എക്സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ ഇരുണ്ട നിറമുണ്ടായിരുന്ന ശ്രേയയുടെ കൈകളുടെ നിറം ഇപ്പോള്‍ മാറിയിരിക്കുന്നു. അത് ശ്രേയയുടെ കൈകളല്ലെന്ന് ആരും ഇപ്പോള്‍ ആരും പറയില്ല. ഈ മാറ്റം എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്നും, ഇപ്പോള്‍ ഇതെന്റെ സ്വന്തം കൈകളാണെന്നാണ് എനിക്ക് തോന്നുന്നതെന്നും ശ്രേയ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. ഏഷ്യയില്‍ ആദ്യമായാണ് പുരുഷന്റെ കൈ സ്ത്രീയ്ക്ക് മാറ്റിവെക്കുന്നത്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചായിരുന്നു ശ്രേയയുടെ ഈ ശസ്ത്രക്രിയ നടന്നത്.
വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ശ്രേയയുടെ കൈകള്‍ക്ക് സംഭവിച്ച ഈ നിറം മാറ്റം. ഇപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഗവേഷണം നടത്തുന്നത്, സ്ത്രീകളുടെ ശരീരത്തിലെ ഹോര്‍മോണുകള്‍ക്ക് ഇത്തരം മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോയെന്നാണ്. ആഗോളതലത്തില്‍ ഇരുന്നൂറില്‍ താഴെ കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ചര്‍മത്തിന്റെ നിറത്തിലോ കൈയുടെ ആകൃതിയിലോ മാറ്റങ്ങള്‍ സംഭവിച്ചതിന് ശാസ്ത്രീയ തെളിവുകളൊന്നും നിലവിലില്ല. ഇത്തരത്തിലുള്ള ആദ്യത്തെ കേസാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആണും പെണ്ണുമായി കൈ മാറ്റിവയ്ക്കുന്നതിനുള്ള ഞങ്ങളുടെ ആദ്യത്തെ കേസാണിത്. തങ്ങള്‍ ഒരിക്കലും അത്തരം മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. സ്ത്രീ ഹോര്‍മോണുകള്‍ മാറ്റത്തിലേക്ക് നയിച്ചുവെന്ന് മാത്രമേ നമുക്കിപ്പോള്‍ ഊഹിക്കാന്‍ കഴിയൂ. ഈ മാറ്റത്തെക്കുറിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡോ അയ്യര്‍ പറയുന്നു.
2016 സപ്റ്റംബറില് പൂനെയില്‍ നിന്നും കര്‍ണാടകയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കുള്ള യാക്രയിലാണ് ശ്രേയയ്ക്ക് അപകടം സംഭവിക്കുന്നത്.