പ്രമേഹ രോഗികള്‍ പാദസംരക്ഷണത്തില്‍ ശ്രദ്ധിക്കണം

പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട് കാര്യമാണ് ശ്രദ്ധാപൂര്‍വമുള്ള പാദപരിചരണവും പാദപരിശോധനയും. പാദങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് പ്രമേഹ രോഗികള്‍ പലപ്പോഴും നീണ്ട നാള് ആശുപത്രിയില്‍ കഴിയേണ്ടി വരുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായി ശരിയായ പദ സംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് നന്നായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. പാദസംരക്ഷണം ഏത് തരത്തിലാണ് നിര്‍വഹിക്കേണ്ടത് എന്നതു സംബന്ധിച്ച് ഡോക്ടര്‍മാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ സഹായം യഥാസമയം തേടുകയും വേണം.
കാലുകളിലും കാല്‍പ്പാദങ്ങളിലും ഓരോ വ്യക്തികളും ദിവസേന നടത്തുന്ന പരിശോധന നടത്തണം. ദിവസവും കാലില ചര്‍മ്മത്തില്‍ നിറഭേദമോ മുറിവുകളോ വ്രണങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന് നിരീക്ഷിക്കണം. കാല്‍വിരലുകളുടെ ഇടയിലും മുറിവുകള്‍ ഉണ്ടാകാന്‍ സാധ്യതകളുണ്ട്. കാണാന്‍ പറ്റാത്ത ഇടങ്ങള്‍ പരിശോധിക്കുമ്പോള്‍ കണ്ണാടി ഉപയോഗിക്കാം. അല്ലെങ്കില്‍ മറ്റൊരാളുടെ സഹായം തേടുകയും ചെയ്യാം. ചെറു ചൂടുവെള്ളം ഉപയോഗിച്ച് കാലുകള്‍ ദിവസവും കഴുകണം. കാല് കൂടുതല്‍ സമയം വെള്ളത്തില്‍ മുക്കിവെയ്ക്കുന്നത് ചര്‍മ്മത്തിന് ദോഷകരമാണ്. കാല് വിരലുകളുടെ ഇടയില്‍ നന്നായി തുടച്ച് ഉണക്കണം.
ചര്‍മം മൃദുവായിരിക്കാന്‍ പാദത്തിന് മുകളിലും അടിഭാഗത്തും ക്രീമുകള്‍ തേയ്ക്കണം. കാല്‍വിരലുകളുടെ നഖങ്ങള്‍ കൃത്യമായി നെയില്‍ കട്ടര്‍ ഉപയോഗിച്ച് മുറിയ്ക്കണം. നഖം മുറിയ്ക്കുമ്പോള്‍ കാലില്‍ മുറിവുകള്‍ ഉണ്ടാകാതെ ശ്രദ്ധിയ്ക്കണം. കൂടുതല്‍ നേരം ഇരിക്കേണ്ടിവരുമ്പോള്‍ കാലിലേക്കുള്ള രക്തപ്രവാഹത്തിന് തടസം ഉണ്ടാകാതിരിക്കാനായി ഇടയ്ക്കിടെ കാലുകള്‍ ചലിപ്പിക്കുന്നത് നന്നായിരിക്കും. ലഘുവായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും രക്ത പ്രവാഹം ത്വരിതപ്പെടുത്തുന്നതിന് സഹായകരമായിരിക്കും. കാലിലെ ചെറിയ മുറിവുകള്‍ പോലും അവഗണിക്കാതെ അപ്പോള്‍ തന്നെ വൈദ്യസഹായം തേടണം.
പാദങ്ങളുടെ സംരക്ഷണത്തിന് എല്ലാസമയത്തും ചെരുപ്പുകള്‍ ഉപയോഗിക്കണം. ശരിയായ പാദരക്ഷകള്‍ ഉപയോഗിക്കുക എന്നത് പ്രധാനമായ കാര്യമാണ്. പാദരക്ഷകളുടെ കാര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം:
*പാദരക്ഷകള്‍ ശരിയായ അളവില്‍ ഉള്ളതായിരിക്കണം. വിരലുകളുടെ ചലനത്തിന് മതിയായ സ്ഥലം ഉണ്ടായിരിക്കണം.
*ചെരുപ്പിന്റെ അടിഭാഗം മൃദുവായിരിക്കണം. കാലുകളിലെ സമ്മര്‍ദ്ദം കുറയുന്നതിന് ഇത് സഹായിക്കും.
*പ്ലാസ്റ്റിക് ചെരുപ്പുകള്‍ ഒഴിവാക്കണം. ലെതര്‍, കാന്‍വാസ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നതാവും നല്ലത്്.
*വലുതായ തരത്തില്‍ കുതി പൊങ്ങിയതും അറ്റം കൂര്‍ത്തതുമായ ചെരുപ്പുകള്‍ ഒഴിവാക്കണം.
*ഷൂ ഉപയോഗിക്കുന്നവര്‍ അത് ധരിക്കുന്നതിനു മുന്‍പ് ഷൂവിനകത്ത് കല്ലോ മറ്റ് കൂര്‍ത്ത വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
*പുതിയ ചെരുപ്പ് ധരിച്ച് തുടങ്ങുമ്പോള്‍ ആദ്യത്തെ കുറച്ചു നാള് ദീര്‍ഘനേരം അത് ധരിക്കാതെ ഇരിക്കണം.
* പുതിയ ചെരുപ്പുകള്‍ ഇട്ടുകൊണ്ടുള്ള ദീര്‍ഘയാത്രകളും ഒഴിവാക്കണം.