TopTop
Begin typing your search above and press return to search.

ബിസിജി കൊറോണയിൽ നിന്ന് രക്ഷിക്കുമോ? പഴയ വാക്സിനെപ്പറ്റി വീണ്ടും ചർച്ച

ബിസിജി കൊറോണയിൽ നിന്ന് രക്ഷിക്കുമോ? പഴയ വാക്സിനെപ്പറ്റി വീണ്ടും ചർച്ച

കൊവിഡ് 19നെ (കൊറോണ വൈറസ്) നേരിടാന്‍ ബിസിജി (ബാസില്ലസ് കാല്‍മെറ്റെ ഗ്വെറിന്‍) ഫലപ്രദമോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊവിഡ് 19ന്റെ ആഗോളവ്യാപനം സംബന്ധിച്ച് പഠിച്ച ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍വൈഐടി) പറയുന്നത് യൂണിവേഴ്‌സല്‍ ബിസിജി വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പാക്കുന്ന രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ താരതമ്യേന കുറവാണ് എന്നാണ്. ടിബി കുറഞ്ഞതോടെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ബിസിജി വാക്‌സിന്‍ ഉപയോഗം നിര്‍ത്തിയിരുന്നു. ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായിരിക്കുന്നതും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ഇത്തരം രാജ്യങ്ങളില്‍ നിന്നാണ്. കൊവിഡ് മൂലം ഏറ്റവുമധികം മരണം സംഭവിച്ചിട്ടുള്ള ഇറ്റലി യൂണിവേഴ്സൽ ബിസിജി വാക്സിനേഷൻ ഒരിക്കലും നടപ്പാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ചൈനയ്ക്ക് പിന്നാലെ കൊവിഡ് കേസ് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ജപ്പാന്‍. എന്നാല്‍ കൊവിഡ് മരണനിരക്ക് വളരെ കുറവാണ് ജപ്പാനില്‍. സോഷ്യല്‍ ഐസൊലേഷന്‍ കര്‍ശനമായി നടപ്പാക്കേണ്ട ആവശ്യവും വന്നില്ല ജപ്പാന്. 1947 മുതല്‍ യൂണിവേഴ്‌സല്‍ ബിസിജി വാക്‌സിനേഷന്‍ നടപ്പാക്കിവരുന്നുണ്ട് ജപ്പാന്‍. 1984 മുതലാണ് ഇറാന്‍ ബിസിജി നല്‍കിത്തുടങ്ങിയത്. അതായത് 36 വയസ്സിന് മുകളില്‍ പ്രായമുള്ള ഇറാന്‍ പൗരന്മാര്‍ക്ക് ഇത് ലഭിച്ചിട്ടില്ല. 1950കള്‍ മുതല്‍ യൂണിവേഴ്‌സല്‍ ബിസിജി നടപ്പാക്കിത്തുടങ്ങിയ ചൈനയില്‍ എന്തുകൊണ്ട് കൊവിഡ് മൂലം ഇത്രയധികം പേര്‍ മരിച്ചു എന്ന് ചോദിച്ചാല്‍ അതിനും മറുപടിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 1966-76ലെ സാംസ്‌കാരിക വിപ്ലവകാലത്ത് ടിബി പ്രതിരോധവും ചികിത്സാകേന്ദ്രങ്ങളും പ്രവര്‍ത്തനങ്ങളും തടസപ്പെട്ടിരുന്നു. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നു. ചൈനയ്ക്ക് ഏതാണ്ട് ഒരു മാസത്തോളമായി കൊവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുന്നുണ്ട്.

1960കളില്‍ വസൂരിക്കുള്ള കുത്തിവയ്പ് വരുന്നത് വരെ ഇന്ത്യയില്‍ ബിസിജി മാത്രമായിരുന്നു വാക്‌സിനായി ഉണ്ടായിരുന്നത്. കൊറോണയെ നേരിടാന്‍ ബിസിജി ഫലപ്രദമെന്ന് ഒരു പഠനം പറയുമ്പോള്‍, അല്ലെന്ന് മറ്റൊരു വിഭാഗം ഗവേഷകര്‍ പറയുന്നു. 1948 മേയില്‍ ട്യൂബര്‍കുലോസിസ് (ടിബി) വ്യാപകമായതിനെ തുടര്‍ന്ന് ബിസിജി വാക്‌സിന്‍ നിയന്ത്രിതമായി ഉപയോഗിക്കാന്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. മദ്രാസിലെ ഗിണ്ടിയിലുള്ള കിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിസിജി വാക്‌സിന്‍ ലബോറട്ടി സ്ഥാപിച്ചു. 1948 ഓഗസ്റ്റില്‍ ആദ്യമായി ഇന്ത്യയില്‍ ബിസിജി വാക്‌സിനുകള്‍ നല്‍കി. 1955-56ല്‍ ബിസിജിക്കായി എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി വലിയ കാംപെയിന്‍ നടന്നു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമാണ് ബിസിജി ഇപ്പോളും. ശ്വാസകോശസംബന്ധമായ മിക്ക അസുഖങ്ങള്‍ക്കും ബിസിജി വാക്‌സിന്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം കൊവിഡ് 2019 ഡിസംബറില്‍ പുതായി പ്രത്യക്ഷപ്പെട്ട ഒന്നായതിനാല്‍ ബിസിജി എത്രത്തോളം ഫലപ്രദമാകും എന്നത് സംബന്ധിച്ച് വിശദമായ പരിശോധനകള്‍ ആവശ്യമുണ്ടെന്നും എന്‍വൈഐടി ഗവേഷകര്‍ പറയുന്നു.

അതേസമയം എന്‍വൈഐടിയുടെ പഠനറിപ്പോര്‍ട്ട് പുറത്ത് വന്ന് ദിവസങ്ങള്‍ക്കകം തന്നെ എതിര്‍പ്പുമായി കാനഡയിലെ മോണ്‍ട്രിയലിലുള്ള മക്ഗില്‍ ഇന്റര്‍നാഷണല്‍ ടിബി സെന്ററിലെ ഗവേഷകര്‍ രംഗത്തെത്തി. ന്യയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിസര്‍ച്ച് മെത്തഡോളജി തന്നെ മക്ഗില്‍ ടിബി സെന്റര്‍ ചോദ്യം ചെയ്തു. നൂറ്റാണ്ട് പഴക്കമുള്ള ഒരു വാക്‌സിന്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്നും കൊവിഡില്‍ നിന്ന സംരക്ഷണം നല്‍കുമെന്നും അതിന്റെ കാഠിന്യം കുറക്കാന്‍ സഹായിക്കുമെന്നുമെല്ലാം പറയുന്നത് അപകടകരമാണെന്ന് മക്ഗില്‍ സെന്റര്‍ വിലയിരുത്തുന്നു. കുറഞ്ഞതോ ഇടത്തരമോ ആയ വരുമാനമുള്ള രാജ്യങ്ങളില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മക്ഗില്‍ സെന്റര്‍ അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സല്‍ ബിസിജി വ്യാപകമായി നടപ്പാക്കിയിട്ടുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇത് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വ്യാജമായ സുരക്ഷിതത്വബോധമുണ്ടാക്കിയേക്കുമെന്ന് മക്ഗില്‍ സെന്റര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ തെറ്റിദ്ധിരണ പരക്കാന്‍ ഇടയാക്കുമെന്നും മക്ഗില്‍ സെന്റര്‍ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ബിസിജി നടപ്പാക്കിയ രാജ്യങ്ങളും നിര്‍ത്തിവച്ചതോ നടപ്പാക്കാത്തതോ ആയ രാജ്യങ്ങളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കൊവിഡിന്റെ വ്യാപനവും കടുപ്പവും കുറക്കാന്‍ ബിസിജി വാക്‌സിനേഷന്‍ സഹയാകമെന്ന് കരുതേണ്ടിവരുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.എസ് കെ റെഡ്ഡി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കൊവിഡ് വൈറസിനെ മെച്ചപ്പെട്ട രീതിയില്‍ നേരിടാന്‍ കഴിയുന്നവിധം ശരീരത്തെ സജ്ജമാക്കുന്ന ഇമ്മ്യൂണോപൊട്ടന്‍ഷ്യേറ്ററായി പ്രവര്‍ത്തിക്കാന്‍ ബിസിജിക്ക് കഴിഞ്ഞേക്കുമെന്ന് ഡോ.റെഡ്ഡി പറയുന്നു.


Next Story

Related Stories