TopTop
Begin typing your search above and press return to search.

ആംബുലന്‍സില്‍ തന്നെ രോഗികള്‍ മരിച്ച് വീഴുന്നത് കാണുമ്പോള്‍ എന്തു പറയാന്‍? മുംബൈയിലെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തിന്റെ തലവന്‍ ഡോ. സന്തോഷ് കുമാര്‍ ഡോക്ടേഴ്‌സ് ഡേയില്‍ ചോദിക്കുന്നു

ആംബുലന്‍സില്‍ തന്നെ രോഗികള്‍ മരിച്ച് വീഴുന്നത് കാണുമ്പോള്‍ എന്തു പറയാന്‍? മുംബൈയിലെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തിന്റെ തലവന്‍ ഡോ. സന്തോഷ് കുമാര്‍ ഡോക്ടേഴ്‌സ് ഡേയില്‍ ചോദിക്കുന്നു

ലോകം ഒരു മഹാമാരിക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് മാസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. നഗരങ്ങളില്‍ ചെന്നാല്‍ ആംബുലന്‍സുകളുടെ പരക്കം പാച്ചിലുകള്‍ ചെകിട് തകര്‍ക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഊണും ഉറക്കവുമില്ലാതെ കോവിഡ് 19നെതിരെ പൊരുതുന്നു. അതിര്‍ത്തികള്‍ക്കപ്പുറം ചെന്നും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ സൗജന്യ സേവനത്തിനായി ഇറങ്ങിയിരിക്കുന്നു. ക്യൂബയില്‍ നിന്നും ഡോക്ടര്‍മാരുടെ ഒരു സംഘം ഇറ്റലിയിലെത്തിയത് നാം മനുഷ്യത്വം ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവായാണ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ നിന്നും നാല്‍പ്പത് അംഗ ഡോക്ടര്‍മാരുടെ സംഘം രാജ്യത്ത് ഏറ്റവുമധികം കോവിഡ് വ്യാപനമുള്ള മുംബൈയില്‍ തങ്ങളുടെ സേവന ഹസ്തവുമായെത്തിയത് നാം അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്. ഈയൊരു അവസരത്തില്‍ ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ജൂലൈ ഒന്ന് ആചരിക്കുകയാണ്. മുംബൈയില്‍ ആംബുലന്‍സില്‍ പോലും രോഗികള്‍ മരിച്ചുവീഴുന്ന ഗുരുതരമായ സാഹചര്യത്തെയാണ് തങ്ങള്‍ നേരിടുന്നതെന്നാണ് ഡോക്ടര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. സന്തോഷ് കുമാര്‍ എസ് എസ് പറയുന്നത്.മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം ഉച്ചവരെ 5500 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഒരുദിവസത്തെ മരണം ഈ സമയത്തിനുള്ളില്‍ 250 കഴിഞ്ഞിരിക്കുന്നു. ജൂണ്‍ ആദ്യം ഒരുദിവസം മുംബൈയില്‍ 1400 പോസീറ്റീവ് കേസുകളും നാല്‍പ്പത് മരണങ്ങളും ആയിരുന്ന സ്ഥാനത്ത് പത്താം തിയതി ആയപ്പോഴേക്കും നൂറ് മരണം എന്ന അവസ്ഥയിലെത്തിയിരുന്നു. ഇപ്പോഴത് 286 എന്ന നിരക്കിലാണ്. മുംബൈയിലെ പ്രധാന പ്രശ്‌നം ഒരു ആശുപത്രികളില്‍ പോലും തീവ്രപരിചരണ കിടക്കകള്‍ ഇല്ല എന്നതാണെന്ന് ഡോ. സന്തോഷ് കുമാര്‍ വ്യക്തമാക്കി. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഗുരുതരമായി രോഗം ബാധിച്ചവരുടെ എണ്ണവും വര്‍ധിക്കുകയാണ്. 5500 പോസിറ്റീവ് കേസുകള്‍ എന്ന് പറയുമ്പോള്‍ അതിന്റെ അഞ്ച് ശതമാനമെങ്കിലും അതായത് 250 രോഗികളെങ്കിലും ഗുരുതരമായി രോഗം ബാധിച്ച് എത്തുന്നവരാണ്. ഗുരുതരമായ രോഗം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ പത്ത് മുതല്‍ പതിനാല് ദിവസം വരെ കിടക്കണം. അതു കഴിഞ്ഞാല്‍ മാത്രമേ ഒരു കിടക്ക ഒഴിവാകുകയുള്ളൂ. അല്ലങ്കില്‍ മരണം നടക്കണം. ഒരു ദിവസം 250 പേര്‍ ഗുരുതരമായ രോഗം ബാധിച്ച് എത്തുന്നുണ്ടെങ്കിലും ആവശ്യമായി വരുന്നത് അതിന്റെ പത്ത് മുതല്‍ പതിനഞ്ച് ഇരട്ടി വരെ ബെഡ്ഡുകളാണ്. അതായത് ഏകദേശം നാലായിരം ബെഡ്ഡുകളെങ്കിലും വേണം. അത്രയേറെ ആവശ്യമുള്ള ഒരു സ്ഥലത്ത് ഒരു ബെഡ്ഡ് പോലും ഒഴിവില്ലാത്ത അവസ്ഥയാണ്. ശ്വാസം മുട്ട് തുടങ്ങുമ്പോള്‍ ആളുകള്‍ ആംബുലന്‍സുകളില്‍ ആശുപത്രികള്‍ തോറും ബെഡ്ഡ് അന്വേഷിച്ച് കയറിയിറങ്ങുകയാണ്. സ്ഥലം കിട്ടാതെ ഒടുവില്‍ ആളുകള്‍ ആംബുലന്‍സില്‍ തന്നെ മരിക്കുന്ന കാഴ്ചയാണ് തങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ ഐസിയു ഇല്ലാത്ത ആശുപത്രികളില്‍ കിടന്ന് മരിക്കും.ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് മുമ്പ് മുംബൈയില്‍ ആയിരുന്നു രോഗവ്യാപനം കൂടുതലും. ഇപ്പോള്‍ അവിടെ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ചുറ്റിലുമുള്ള ജില്ലകളിലെല്ലാം രോഗവ്യാപനം അതിഭീകരമായി കൂടി. താനെ, കല്യാണ്‍, നവി മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭയങ്കരമായ രോഗവ്യാപനമാണ് ഇപ്പോള്‍. അവിടെയെല്ലാം മുംബൈയിലുള്ളതുപോലെ ആശുപത്രി സൗകര്യങ്ങളില്ല. അതോടെ ആളുകള്‍ മുംബൈയിലേക്ക് വരുന്ന അവസ്ഥയാണ്. ലോക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ മഹാനഗരത്തിലെ ജീവിതച്ചെലവ് താങ്ങാനാകാതെ മറ്റ് ജില്ലകളിലേക്ക് പോയവരാണ് ഇവര്‍. അവര്‍ക്കൊപ്പം രോഗവും അങ്ങോട്ട് നീങ്ങി. ഇപ്പോള്‍ ചികിത്സിക്കാന്‍ സൗകര്യം തേടി അവര്‍ തിരിച്ചുവരുന്നു. അത്തരത്തില്‍ വളരെ ഗുരുതരമായ ഒരു അവസ്ഥയിലാണ് തങ്ങളിപ്പോളെന്നും ഡോ. സന്തോഷ് വ്യക്തമാക്കി.ഇവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നത് അതിഭീകരമായ മാനുഷിക പ്രതിസന്ധിയാണ്. ഗുരുതരമായ രോഗം ബാധിച്ചവരില്‍ അറുപത് എഴുപത് ശതമാനമെങ്കിലും ഐസിയു പരിചരണം കൊടുത്താല്‍ രക്ഷപ്പെടുത്താനാകുന്നവരാണ്. പക്ഷെ ആ ഐസിയു പരിചരണം കൊടുക്കാനാകാത്തതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി. രക്ഷപ്പെടുത്താനാകുന്ന ആള്‍ക്കാര്‍ പോലും മരിച്ചു പോകുകയാണ് ഇവിടെ. അതുകൊണ്ടാണ് മരണനിരക്ക് കുത്തനെ ഇങ്ങനെ കൂടുന്നത്. ഇതുതന്നെയാണ് ഇറ്റലിയിലും അമേരിക്കയിലും എല്ലാം സംഭവിച്ചത്. ഇതിനെയൊരു മാനുഷിക പ്രതിസന്ധിയായി മനസിലാക്കി ഇതിന് വേണ്ടിയുള്ള സഹായം ചെയ്യുകയാണ് ഇപ്പോള്‍ വേണ്ടത്. ഡോക്ടറായാലും നഴ്‌സ് ആയാലും ഒരു ആരോഗ്യപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഇവരെ സഹായിക്കേണ്ടത് അത്യാവശ്യമായി താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുംബൈ മലയാളിക്ക് ചരിത്രപരമായി ഏറെ ബന്ധമുള്ള സ്ഥലമാണ്. എത്രയോ ആളുകളാണ് ഇവിടെ ജോലി ചെയ്ത് പോയിട്ടുള്ളത്. ഇപ്പോഴും ലക്ഷക്കണക്കിന് ആളുകള്‍ ഇവിടെ ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. എത്രയോ മലയാളി സമാജങ്ങള്‍ ഇവിടെയുണ്ട്? മലയാളികള്‍ അടക്കം ഇവിടെ മരിക്കുന്നുണ്ട്. അവരുടെ കൂടെ നില്‍ക്കുകയെന്നത് ഒരു പ്രധാനപ്പെട്ട കാര്യമായി തോന്നുന്നുണ്ട്. മുംബൈയില്‍ തങ്ങള്‍ എത്തിയ ശേഷം അറുപത് ബെഡ്ഡ് ആയിരുന്നത് 120 ബെഡ്ഡ് വരെയൊക്കെ ആക്കിയിട്ടുണ്ട്. പക്ഷെ നാലായിരം ബെഡ്ഡ് വേണ്ടിടത്ത് ഇതൊന്നും വലിയ സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എങ്കിലും കുറച്ച് ജീവനുകളെങ്കിലും അതുകൊണ്ട് രക്ഷിക്കാനാകുന്നു. മനുഷ്യത്വപരമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം ഡോക്ടേഴ്‌സ് ഡേയില്‍ ഓര്‍മ്മിപ്പിക്കുന്നു.


Next Story

Related Stories