TopTop
Begin typing your search above and press return to search.

കോവിഡ് വാക്‌സിന്‍ ഫലം കാണുന്നതായി സൂചന - മരുന്ന് കമ്പനിയുടെ ഓഹരി 240 ശതമാനം ഉയര്‍ന്നു

കോവിഡ് വാക്‌സിന്‍ ഫലം കാണുന്നതായി സൂചന - മരുന്ന് കമ്പനിയുടെ ഓഹരി 240 ശതമാനം ഉയര്‍ന്നു

ആദ്യഘട്ട പരീക്ഷണത്തില്‍ കോവിഡ് വാക്‌സിന്‍ വിജയമായതിനെ തുടര്‍ന്ന് ഉല്‍പ്പാദക കമ്പനിയായ യുഎസ്സിലെ മോഡേണയുടെ ഓഹരിയില്‍ 240 ശതമാനം വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ആന്റിബോഡികളെ ഉല്‍പ്പാദിപ്പിക്കാന്‍ മോഡേണ ഐഎന്‍സി വാക്‌സിന് കഴിയുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഹെല്‍ത്ത് ഏജന്‍സിയുടെ ഫാസ്റ്റ് ട്രാക്ക് ലേബല്‍ കഴിഞ്ഞയാഴ്ച മോഡേണയ്ക്ക് ലഭിച്ചിരുന്നു. അവസാനഘട്ട പരീക്ഷണം ജൂലായില്‍ തുടങ്ങാനാകുമെന്നാണ് മോഡേണയുടെ പ്രതീക്ഷ. എംആര്‍എന്‍എ 1273 എന്ന വാക്‌സിനാണ് വികസിപ്പിച്ചത്.

നിലവില്‍ കോവിഡ് 19ന് അംഗീകൃത ചികിത്സയോ മരുന്നോ ഇല്ല. ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് മുക്തി നേടിയവരിലുള്ളതിന് സമാനമായി, ഈ വാക്‌സിന്‍ നല്‍കിയ എട്ട് രോഗികളിലും ആന്റിബോഡികള്‍ രൂപപ്പെടുന്നതായി ആദ്യഘട്ട പരിശോധനയില്‍ വ്യക്തമായതായാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരോഗ്യമുള്ള വളണ്ടിയര്‍മാര്‍ക്ക് ആദ്യ ഇന്‍ജക്ഷന്‍ നല്‍കി.

Next Story

Related Stories