Top

പുക ഒഴിവാക്കി നിക്കോട്ടിന്‍ ലഹരി ശരീരത്തില്‍ എത്തിക്കുന്ന ഇ-സിഗരറ്റുകള്‍ അപകടകാരിയാണോ?

പുക ഒഴിവാക്കി നിക്കോട്ടിന്‍ ലഹരി ശരീരത്തില്‍ എത്തിക്കുന്ന ഇ-സിഗരറ്റുകള്‍ അപകടകാരിയാണോ?

ദി ഇന്‍സൈഡര്‍ എന്ന ഒരു സുപ്രസിദ്ധ ഹോളിവുഡ് ചലച്ചിത്രമുണ്ട്. അമേരിക്കയിലെ പുകയിലക്കുത്തകയായ ബ്രൗണ്‍&വില്യംസണ്‍ അവരുടെ ഉപഭോക്താക്കളെ സിഗരറ്റിന് അടിമകളാക്കാന്‍ അവയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളെ കുറിച്ച് ആ കമ്പനിയുടെ ഒരു ജീവനക്കാരന്‍ തന്നെ ഒരു മാധ്യമത്തിന് വിവരം ചോര്‍ത്തി നല്‍കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഇത്. ഈ സിനിമയില്‍ പ്രശസ്ത നടന്‍ റസ്സല്‍ ക്രോ യുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഏതാണ്ട് ഇങ്ങനെയാണ്. 'നിക്കോട്ടിന്‍ ശരീരത്തില്‍ എത്തിക്കാനുള്ള ഒരു ഉപകരണമാണ് സിഗരറ്റ്. അത് കത്തിച്ച് ചുണ്ടില്‍ വച്ചു വലിക്കുമ്പോള്‍ നിങ്ങള്‍ക്ക് വേണ്ടുന്ന ലഹരി കിട്ടുന്നു.'

ഉപയോഗിക്കുന്നവരെ അടിമയാക്കാന്‍ വളരെയധികം കഴിവുള്ള ഒരു രാസവസ്തുവാണ് നിക്കോട്ടിന്‍. ഇത് ശരീരത്തില്‍ എത്തിക്കാന്‍ എളുപ്പമുള്ളതും സ്വീകാര്യത നേടിയതുമായ രീതിയാണ് നിക്കോട്ടിന്‍ അടങ്ങിയ പുകയില വിവിധ രീതികളില്‍ കത്തിച്ചു വലിക്കുന്നത്. പുകവലി കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശ്വാസകോശ ക്യാന്‍സറിന് ഒരു പ്രധാന കാരണം പുകവലിയാണുതാനും. എന്നാല്‍ പുകവലി കൊണ്ടുള്ള പ്രധാന ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നത് പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ അല്ല എന്നതാണു രസം. പുകയില്‍ അടങ്ങിയിരിക്കുന്ന ടാറും അഞ്ഞൂറോളം മറ്റു രാസവസ്തുക്കളുമാണ് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണം. ഈ പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകുന്ന പുക ഒഴിവാക്കുകയും അതേസമയത്ത് ലഹരി നല്‍കുന്ന നിക്കോട്ടിന്‍ ശരീരത്തില്‍ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇലക്ട്രോണിക് സിഗരറ്റുകള്‍ നിറവേറ്റുന്നത്. അതുകൊണ്ടുതന്നെ Electronic nicotine delivery system (ENDS) എന്നതാണ് ഇലക്ട്രോണിക് സിഗരറ്റിന്റെ കൃത്യമായ പേര്.

2003 മുതല്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങിയ ഇലക്ട്രോണിക് സിഗററ്റുകള്‍ ഏറ്റവുമധികം വിപണി പിടിച്ചടക്കിയത് ചൈനയിലാണ്. ഇന്നും ലോകത്ത് ഉപയോഗിക്കപ്പെടുന്ന ഇലക്ട്രോണിക് സിഗരറ്റുകളുടെ 95 ശതമാനവും വിറ്റുപോകുന്നത് ചൈനയിലാണ്. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കുമിടയിലാണ് ഇലക്ട്രോണിക് സിഗരറ്റിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചു പോന്നിരുന്നത്. സിഗരറ്റുവലി നിര്‍ത്താന്‍ ഒരു സഹായം എന്ന നിലയില്‍ ഇവ ഉപയോഗിച്ചുവരുന്നുണ്ട് എങ്കിലും ഭൂരിഭാഗം പേരും ഒരു വിനോദോപാധിയായിത്തന്നെയാണ് ഇലക്ട്രോണിക് സിഗരറ്റുകള്‍ ഉപയോഗിക്കുന്നത്. ഒരു കോടി ആളുകളെങ്കിലും ലോകത്താകമാനം ഇലക്ട്രോണിക് സിഗരറ്റുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.

എങ്ങനെയാണ് ഇലക്ട്രോണിക് സിഗരറ്റ് പ്രവര്‍ത്തിക്കുന്നത് ?

ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ച് ആവി ഉണ്ടാക്കുന്ന ഒരു മെഷീന്‍ ആണ് ഇലക്ട്രോണിക് സിഗരറ്റ്. സിഗരറ്റിന് അകത്തുള്ള ഒരു കാട്രിജില്‍ നിറച്ചിട്ടുള്ള നിക്കോട്ടിന്‍ ലായനി എയറോസോള്‍ രൂപത്തിലാക്കി ആവിപോലെ പുറത്തു വിടുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ഊര്‍ജം സംഭരിക്കാന്‍ ഉപയോഗിക്കുന്ന ബാറ്ററി, നിക്കോട്ടിന്‍ ലായനി നിറച്ച കാട്രിജ്, ലായനിയെ ചൂടാക്കാനുള്ള ഹീറ്റിംഗ് എലമെന്റ്, എയ്‌റൊസോള്‍ പരുവത്തിലാക്കുന്ന ആറ്റമൈസര്‍, ഇവയെയെല്ലാം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ഭാഗങ്ങള്‍ എന്നിവയാണ് ഈ-സിഗരറ്റിന് അകത്തുള്ളത്. സാധാരണ സിഗരറ്റിന്റെ രൂപത്തിലുള്ളതും തികച്ചും വ്യത്യസ്തമായ രൂപങ്ങളിലുള്ളതുമായ ഈ-സിഗരറ്റുകള്‍ നിലവിലുണ്ട്. റീഫില്‍ ചെയ്യാവുന്ന കാട്രിജിലെ ലായനിയില്‍ നിക്കോട്ടിന് പുറമേ രുചി നല്‍കാനുള്ള രാസവസ്തുക്കള്‍, പ്രൊപ്പിലീന്‍ ഗ്ലൈക്കോള്‍, ഗ്ലിസറിന്‍ എന്നിവയും സാധാരണയായി അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ വ്യത്യസ്ത നിര്‍മാതാക്കള്‍ ഉപയോഗിക്കുന്ന പലതരം നിര്‍മ്മാണ രീതികള്‍ അനുസരിച്ച് എണ്‍പതോളം മറ്റു രാസവസ്തുക്കളും ലോഹ നാനോ-പദാര്‍ത്ഥങ്ങളും ഓരോ കമ്പനിയുടെയും ഇലക്ട്രോണിക് സിഗരറ്റ് ആവിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കപ്പെട്ടിട്ടുണ്ട്.

പുകവലിക്കുന്നതിന് സ്‌മോക്കിങ് എന്നുപറയുന്നതുപോലെ ഇലക്ട്രോണിക് സിഗററ്റുകളോ മറ്റ് സമാന ഉപകരണങ്ങളോ ഉപയോഗിച്ച് ലഹരി അകത്ത് എത്തിക്കുന്നതിന് വേപ്പിംഗ്(vaping) എന്നാണ് പറയുന്നത്. ലഹരി ലായനിയുടെ ആവി(vapour)യാണ് ഇത്തരം ഉപകരണങ്ങളില്‍ നിന്നും പുറത്തു വരുന്നത് എന്ന ധാരണയാണ് ഈ പേരിനു പിന്നില്‍.( സാങ്കേതികമായി പറഞ്ഞാല്‍ ഇലക്ട്രോണിക് സിഗരറ്റ് ഉപകരണങ്ങളില്‍ നിന്ന് പുറത്തുവരുന്നത് ആവിയല്ല. ബോഡി സ്‌പ്രേയില്‍ നിന്നും മറ്റും പുറത്തുവരുന്ന തരം ഒരു എയ്‌റോസോളാണ്.)

എന്തുകൊണ്ട് ആളുകള്‍ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നു ?

നിക്കോട്ടിന്‍ അഡിക്ഷന്‍ ഉണ്ടാക്കുന്ന രാസവസ്തുവാണ് എന്ന് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ സിഗരറ്റു വലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റേതെങ്കിലും തരത്തില്‍ നിക്കോട്ടിന്‍ ശരീരത്തില്‍ എത്തിക്കാന്‍ താല്പര്യമുണ്ടാകും. നിക്കോട്ടിന്‍ ചൂവിങ് ഗം പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും പുകവലിയുമായി ബന്ധപ്പെട്ട മറ്റു ശീലങ്ങള്‍- അതായത് പുക അകത്തേക്കു വലിക്കുക, വിരലുകള്‍ക്കിടയില്‍ സിഗരറ്റ് പിടിച്ച് കൈ വായിലേക്ക് കൊണ്ടുപോവുക തുടങ്ങിയവ പുകവലിശീലത്തിന്റെ ഭാഗമായതിനാല്‍ സ്ഥിരം പുകവലിക്കാര്‍ക്ക് മെച്ചപ്പെട്ട തൃപ്തി നല്‍കാന്‍ ഇലക്ട്രോണിക് സിഗരറ്റിന് സാധിക്കും.

വിനോദോപാധിയായി ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്ന ആളുകളെ സ്വാധീനിക്കുന്നത് പുകവലിയുമായി താരതമ്യം ചെയ്താല്‍ ഇതിന് ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ് എന്നതും സമൂഹത്തില്‍ ഇലക്ട്രോണിക് സിഗരറ്റ് കൂടുതല്‍ സ്വീകാര്യമാണ് എന്നതുമാണ്.

സാധാരണ സിഗരറ്റിനോളം അപകടകാരിയാണോ ഇലക്ട്രോണിക് സിഗരറ്റ് ? സിഗരറ്റ് വലി നിര്‍ത്താന്‍ ഇലക്ട്രോണിക് സിഗരറ്റ് സഹായിക്കുമോ ?

സാധാരണ സിഗരറ്റുകള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കു മിക്കതിനും കാരണം അവരില്‍ നിന്ന് ഉയരുന്ന പുകയാണ് എന്നു പറഞ്ഞല്ലോ. സ്വാഭാവികമായും ഇലക്ട്രോണിക് സിഗരറ്റ് സാധാരണ സിഗരറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മിക്കതും ഉണ്ടാക്കുന്നില്ല. വലിച്ച പുക പുറത്തുവിടുന്നതുമൂലം മറ്റുള്ളവര്‍ക്കുണ്ടാകുന്ന സെക്കന്‍ഡറി സ്‌മോക്കിങ് മൂലമുള്ള പ്രശ്‌നങ്ങളും ഇലക്ട്രോണിക് സിഗരറ്റിന് കുറവാണ് എന്നുപറയാം. എന്നാല്‍ ഇലക്ട്രോണിക് സിഗരറ്റിന്റെ ദീര്‍ഘകാല ഉപയോഗം മനുഷ്യ ശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കും എന്നതിന് കൃത്യമായ തെളിവുകള്‍ തരാന്‍ തക്ക പഠനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കൂടാതെ ഇലക്ട്രോണിക് സിഗരറ്റ് പുകവലി നിര്‍ത്താന്‍ സഹായിക്കും എന്നുപറയാന്‍ വേണ്ടത്ര തെളിവുകളും നമുക്ക് ഇന്നില്ല.

ഇലക്ട്രോണിക് സിഗരറ്റ് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ടോ ? ഉണ്ടെങ്കില്‍ എന്തൊക്കെയാണ് അവ ?

തീര്‍ച്ചയായും ഇലക്ട്രോണിക് സിഗരറ്റ് പല ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. പുകവലി നിര്‍ത്താനല്ല വലി തുടങ്ങാനാണ് പലരും ഇലക്ട്രോണിക് സിഗരറ്റുകള്‍ ഉപയോഗിക്കുന്നത് എന്നതാണ് പ്രധാന പ്രശ്‌നം. കൗമാരക്കാര്‍ നിക്കോട്ടിനുമായി ആദ്യം പരിചയപ്പെടുന്നതും അടിമയാകുന്നതും ഇലക്ട്രോണിക് സിഗററ്റുകള്‍ ഉപയോഗിച്ചാണ് എന്നുവന്നാല്‍ അത് ആശങ്കയ്ക്ക് വക നല്‍കുന്നുണ്ടല്ലോ. കൂടാതെ ഇലക്ട്രോണിക് സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ മറ്റു കൂടിയ ലഹരിവസ്തുക്കളിലേക്ക് തിരിയാനുള്ള സാധ്യത അധികമാണെന്നും ഗവേഷകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുകവലിയേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ് ഇലക്ട്രോണിക് സിഗരറ്റിന് എന്ന ധാരണ മൂലം പുകവലി ഉപേക്ഷിച്ച/ ഇതുവരെ തുടങ്ങാത്ത പലരും ഇലക്ട്രോണിക് സിഗരറ്റുവലിയില്‍ ആകൃഷ്ടരാവുകയും പിന്നീട് പുകവലിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമേ ഇലക്ട്രോണിക് സിഗരറ്റ് ഉണ്ടാക്കുന്ന ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നമുക്ക് ഇന്നില്ലാത്തതും ഇലക്ട്രോണിക് സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന പല രാസവസ്തുക്കളും ശരീരത്തിന് ദോഷം ചെയ്യാവുന്നതാണ് എന്നതും ഈ ഉപകരണത്തെ കുറിച്ച് നാം മനസ്സിലാക്കിയിരിക്കേണ്ട കുഴപ്പങ്ങളാണ്.

ഈ വര്‍ഷം അമേരിക്കയിലുണ്ടായ ചില അപകടങ്ങളാണ് ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കുന്നതില്‍ എത്തിച്ചേര്‍ന്നത് എന്നു പറഞ്ഞു കേട്ടു. എന്താണ് സംഭവിച്ചത് ?

ഇലക്ട്രോണിക് സിഗരറ്റും മറ്റു സമാനമായ ഉപകരണങ്ങളും ഉപയോഗിച്ച അനേകം പേര്‍ക്ക് കഠിനമായ ശ്വാസകോശ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് ഇന്ത്യയിലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുള്ളത് . 2019ല്‍ ഏതാണ്ട് 380 ഓളം ഇത്തരം കേസുകളാണ് അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ മിക്കതും വൈറ്റമിന്‍ ഇ , കഞ്ചാവ് എന്നിവ ഉള്‍ക്കൊള്ളുന്ന ദ്രാവകങ്ങള്‍ ഇലക്ട്രോണിക് സിഗററ്റുകളില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഉണ്ടായവയാണ്. ( അമേരിക്കന്‍ ഐക്യനാടുകളിലെ ചില സംസ്ഥാനങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണ്). ഏതെങ്കിലും ഒരു പ്രത്യേക കമ്പനിയുടെ ഉപകരണമോ ഏതെങ്കിലും ഒരു പ്രത്യേക രാസവസ്തുവോ ഉപയോഗിച്ചതുകൊണ്ടാണ് ഈ അപകടങ്ങള്‍ ഉണ്ടായത് എന്നു തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ഈ അപകടങ്ങളുമായി ബന്ധപ്പെട്ട് ആറു മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

പുകവലി നിര്‍ത്തണം എന്നുള്ളവര്‍ ഇനി എന്ത് ചെയ്യണം ?

പുകവലി നിര്‍ത്താന്‍ ആശ്രയിക്കാവുന്ന വഴിയല്ല ഇലക്ട്രോണിക് സിഗരറ്റ്.

പുകവലി, മദ്യപാനം എന്നിവ അടക്കമുള്ള ലഹരി ഉപയോഗം നിര്‍ത്താന്‍ ആളുകളെ സഹായിക്കുന്നതിന് കേരളസര്‍ക്കാര്‍ ആരോഗ്യവകുപ്പും എക്‌സൈസ് വകുപ്പും ചേര്‍ന്ന് സംസ്ഥാനമാകെ വിമുക്തി ക്ലിനിക്കുകള്‍ നടത്തുന്നുണ്ട്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും വഴി സുരക്ഷിതമായും ഫലപ്രദമായും ലഹരി ഉപയോഗം നിര്‍ത്താനുള്ള സഹായം ഈ ക്ലിനിക്കുകളില്‍ നിന്ന് ലഭിക്കും. നിങ്ങളുടെ അടുത്തുള്ള വിമുക്തി ക്ലിനിക് എവിടെയാണ് എന്നറിയാന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധപ്പെടുക.

(ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്ക് ഗ്രൂപ്പിനുവേണ്ടി ഡോ. അരുണ്‍ മംഗലത്ത് എഴുതിയ ലേഖനം )








Next Story

Related Stories