Top

ഇ-സിഗരറ്റ് ഉപയോഗിക്കാന്‍ വരട്ടെ, പുകയിലയേക്കാള്‍ അപകടകാരിയെന്ന് പഠനം

ഇ-സിഗരറ്റ് ഉപയോഗിക്കാന്‍ വരട്ടെ, പുകയിലയേക്കാള്‍ അപകടകാരിയെന്ന് പഠനം

ഇന്ത്യയില്‍ വ്യാപകമല്ലെങ്കിലും യുവാക്കൾക്കിടയിൽ അടുത്തിടെ വലിയ പ്രചാരം നേടിയ ഒന്നാണ് ഇ-സിഗരറ്റുകൾ. ആരോഗ്യത്തിന് വിനാശകരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഇ-സിഗരറ്റുകളുടെ നിര്‍മാണവും വില്‍പ്പനയും നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.

ഇ-സിഗരറ്റിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ തുറന്നുകാട്ടുന്ന പല പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് പുകയിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇ-സിഗരറ്റുകൾ ഹൃദയത്തിന് കൂടുതൽ ദോഷകരമാണെന്നാണ്. പരമ്പരാഗത സിഗരറ്റിനേക്കാൾ ഇ-സിഗരറ്റ് പോലുള്ള ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി സംവിധാനങ്ങൾ ഹൃദയത്തിന് ഹാനികരമാണെന്ന് ഗവേഷകർ കണ്ടെത്തി.

'ഫിസിയോളജിക്കൽ സ്ട്രെസിന്റെ അഭാവത്തിൽ പോലും ഇ-സിഗരറ്റ് ഉപയോഗം കൊറോണറി വാസ്കുലർ ഡിസ്ഫങ്ങ്ഷന് കാരണമാകുമെന്ന് ഞങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നു. അത് ഇ-സിഗരറ്റ് നിര്‍മ്മാതാക്കാള്‍ പറയുന്നതിന്‍റെ നേര്‍ വിപരീതമാണ്' എന്ന് സ്മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ പബ്ലിക് ഹെൽത്ത് റിസർച്ച് ഡയറക്ടർ കൂടിയായ ഗവേഷകന്‍ സൂസൻ ചെംഗ് പറയുന്നു. ഇ-സിഗരറ്റ് ഉപയോഗിക്കുന്ന 18 നും 38 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കിടയിലാണ് അവര്‍ പഠനം നടത്തിയത്.

ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും അവരുടെ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം ഗവേഷകര്‍ അളന്നു. അവര്‍ വിശ്രമിക്കുമ്പോഴും വ്യായാമം ചെയ്തതിനു ശേഷവും അത് തുടര്‍ന്നു. പരമ്പരാഗത പുകവലിക്കാരിൽ രക്തയോട്ടം മിതമായ അളവിൽ വർദ്ധിക്കുകയും തുടർന്നുള്ള സമ്മർദ്ദം കുറയുകയും ചെയ്യുന്നുവെന്നും കണ്ടെത്തി. എന്നാല്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ വിശ്രമവേളയില്‍പോലും രക്തയോട്ടം നന്നായി കുറയുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

നിക്കോട്ടിന്‍, പ്രൊപ്പൈലിന്‍ ഗ്ലൈസോള്‍, കൃത്രിമ രുചികള്‍ എന്നിവയാണ് ഇ-സിഗരറ്റുകളില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍. ശരീരത്തിന് ഹാനികരമായ വിഷപദാര്‍ഥങ്ങള്‍ ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ലോകാരോഗ്യസംഘടന നേരത്തെതന്നെ ചൂണ്ടിക്കാട്ടിയതാണ്. സാധാരണ സിഗരറ്റില്‍ നിന്നും അകത്തേക്കെത്തുന്ന സിഗരറ്റിന്റെ ഇരട്ടിയോളമാണ് ഒരു ഇ-സിഗരറ്റില്‍ നിന്നും കിട്ടുക. അപകടസാധ്യത കൂട്ടുകയാണ് ഇത് ചെയ്യുക. അഡിക്ഷന്‍ കൂട്ടുകയും ചെയ്യും.


Next Story

Related Stories