1661, സ്ഥലം ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബി. ഒരു രാജ്യദ്രോഹിയുടെ ശവശരീരം കുഴിച്ചെടുക്കുന്നത് കാണാന്‍ ആവേശത്തോടെ കൂടിയിരിക്കുകയാണ് ജനം. രാജാധികാരത്തില്‍ നിന്നും ഇംഗ്ലണ്ടിനെ മോചിപ്പിച്ച് ഒരു കോമണ്‍വെല്‍ത്ത് രൂപീകരിച്ച ഒലിവര്‍ ക്രോംവെല്‍ 1658-ല്‍ മരിച്ചതിനുശേഷം അന്ത്യവിശ്രമം കൊണ്ടത് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലായിരുന്നു. രാജാവ് അധികാരം തിരികെ പിടിക്കുകയും വീണ്ടും രാജഭരണം സ്ഥാപിക്കുകയും ചെയ്തതോടെ ആ രാജ്യദ്രോഹിയെ മരണശേഷം ശിക്ഷിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. സംസ്കരിക്കപ്പെട്ട ഒലിവര്‍ ക്രോംവെലിന്റെ മൃതദേഹം മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കുഴിമാടം തുറന്ന് പുറത്തെടുക്കപ്പെട്ടു. ആളുകള്‍ക്ക് നന്നായി കാണാവുന്ന വിധത്തില്‍ ലണ്ടന്‍ നഗരത്തിലെ കഴുമരങ്ങളില്‍ ഒന്നില്‍ അദ്ദേഹത്തിന്റെ മൃതദേഹം ചങ്ങലയില്‍ തൂങ്ങിയാടി. തുടര്‍ന്ന് തല വെട്ടിമാറ്റി ഒരു കോലില്‍ കുത്തി 1685 വരെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിന്റെ പുറത്ത് പ്രദര്‍ശിപ്പിച്ചു. 1960 കേബ്രിഡ്ജിലെ സിഡ്നി സസെക്സ് കോളേജിന്റെ ഭൂമിയില്‍ അടക്കം ചെയ്യുന്നതുവരെ, നീണ്ട മുന്നൂറു വര്‍ഷങ്ങള്‍ ആ തല പലരും കൈവശം വയ്ക്കുകയും വില്‍ക്കുകയും വാങ്ങുകയും ചെയ്തു.
പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ശവശരീരം മറവുചെയ്യുന്ന സ്വഭാവമുള്ള ജീവിയാണ് മനുഷ്യന്. ചിമ്ബാന്‍സികള്‍, ആനകള്‍, കാട്ടുനായ്ക്കള്‍ എന്നിവയ്ക്കിടയിലും ഏറിയും കുറഞ്ഞും ശവശരീരം മറവ് ചെയ്യുന്ന രീതി കണ്ടുവരാറുണ്ട്. വിവിധ മാനവസംസ്കാരങ്ങളില്‍ ശവശരീരം ദഹിപ്പിച്ചു കളയുന്ന രീതിയും നിലവിലുണ്ടെങ്കിലും മിക്കവാറും സമൂഹങ്ങളില്‍ ശവശരീരം മണ്ണിനടിയില്‍ മറവ് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇത് കുഴിച്ച് പുറത്തെടുക്കുന്നത് ശവ ശരീരത്തോടുള്ള അനാദരവായി കണക്കാക്കുന്നതും മിക്ക സമൂഹങ്ങളിലും സാധാരണമാണ്.
എന്നാല്‍ പല സന്ദര്‍ഭങ്ങളിലും നാം ശവശരീരം മണ്ണു നീക്കി പുറത്തെടുത്തിട്ടുണ്ട്. പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഈജിപ്തിലെ മമ്മികളും മറ്റും ഉദാഹരണം. എന്നാല്‍ ഇന്നും നിയമത്തിന്റെ നിര്‍വഹണത്തിന് പലപ്പോഴും മറവ് ചെയ്ത ശരീരം പുറത്തെടുത്ത് പരിശോധിക്കേണ്ടതായി വരാറുണ്ട്. നിലവില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മരണങ്ങള് ഒരു ഉദാഹരണമാണ്. ഇത്തരത്തില്‍ ഒരിക്കല്‍ മറവുചെയ്യപ്പെട്ട ശരീരം പുറത്തെടുത്ത് പരിശോധിക്കുന്നതിനെയാണ് എക്സുമേഷന് (exhumation) എന്ന് പറയുന്നത്. ഇന്ത്യയില്‍ നിലവിലുള്ള നിയമപ്രകാരം ശവം മറവ് ചെയ്ത് എത്ര വര്‍ഷം കഴിഞ്ഞാലും ശരീരം പുറത്തെടുത്ത് പരിശോധന നടത്താം.
ചില അസാധാരണ സാഹചര്യങ്ങളിലാണ് ഇങ്ങനെയൊരു നടപടി വേണ്ടിവരാറ്. സ്വാഭാവിക മരണമാണ് എന്ന ധാരണയില്‍ മറവ് ചെയ്യപ്പെട്ട ശേഷം കൊലപാതകമാകാന്‍ സാധ്യതയുണ്ട് എന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍, മറവ് ചെയ്യപ്പെട്ട ശരീരം ആരുടേത് എന്ന് തിരിച്ചറിയാന്‍ വേണ്ടി, മുന്‍പ് ചെയ്ത ഒരു പോസ്റ്റ്മോര്‍ട്ടം തൃപ്തികരമല്ല എന്ന് തോന്നിയാല്‍, ഈ സാഹചര്യങ്ങളിലൊക്കെ നിയമപ്രകാരം മറവ് ചെയ്ത ശരീരം പുറത്തെടുക്കേണ്ടിവരും ഒരു കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ വേണ്ടി ശരീരം മറവ് ചെയ്ത സാഹചര്യം (ഉദാ: ക്രിമിനല്‍ അബോര്ഷന് ശേഷം), കൊലപാതക ശേഷം ശരീരം ഒളിപ്പിക്കാന്‍ വേണ്ടി മറവ് ചെയ്ത സാഹചര്യം എന്നിവയിലും ശവശരീരം പുറത്തെടുക്കേണ്ടിവരും.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണ് എക്സുമേഷന് ഉത്തരവ് നല്‍കേണ്ടത്. ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, ആര് ഡി ഒ, തഹസില്‍ദാര്‍ ഇങ്ങനെ ആരെങ്കിലും ആണ് അത് ചെയ്യേണ്ടത്.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥര്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തുന്ന ഡോക്ടര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ശരീരം പുറത്ത് എടുക്കേണ്ടത്. മരിച്ച വ്യക്തിയെക്കുറിച്ചും ശരീരം മറവ് ചെയ്ത സ്ഥലത്തെക്കുറിച്ചും അറിവുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സാന്നിധ്യം ഉപകാരപ്രദമാണ്. ആരംഭംമുതല്‍ ഓരോ ഘട്ടങ്ങളിലും ഫോട്ടോ എടുത്തു വയ്ക്കണം. പകല്‍വെളിച്ചത്തില്‍ മാത്രമേ എക്സുമേഷന് നടത്താന്‍ പാടുള്ളൂ. രാവിലെ ആരംഭിച്ച് ഉച്ചസമയത്തിന് തീര്‍ക്കുന്നതാണ് ഏറ്റവും ഉചിതം. അന്തരീക്ഷ താപനില വര്‍ദ്ധിക്കുമ്ബോള്‍ ജീര്ണ്ണിക്കല് പ്രക്രിയ വേഗത്തിലാവും എന്നതാണ് കാരണം.
ഘട്ടംഘട്ടമായി മണ്ണ് മാറ്റുകയും ശരീരം ശ്രദ്ധയോടെ പുറത്തെടുക്കുകയും ചെയ്യുന്നു. പുറത്തെടുത്ത ശേഷം സാധാരണ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യണം. മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്ന ശരീരമാണെങ്കില്‍ രാസ പരിശോധനക്കായി പല ഭാഗങ്ങളില്‍നിന്നുള്ള മണ്ണും ശേഖരിക്കേണ്ടതുണ്ട്.
ഇങ്ങനെ പുറത്തെടുത്ത ശരീരത്തില്‍ നിന്നും പ്രാധാന്യമുള്ള പല കാര്യങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കും. പക്ഷേ അതൊരു വലിയ വെല്ലുവിളിയുമാണ്.
സൂക്ഷ്മജീവികളുടെ, പ്രധാനമായും ബാക്ടീരിയകളുടെ പ്രവര്‍ത്തനം കൊണ്ട് മൃതദേഹം ജീര്‍ണ്ണിക്കാനാരംഭിക്കുന്നു. ശരീരത്തിലെ കലകളും കോശങ്ങളും അവയിലെ അന്നജവും കൊഴുപ്പും മാംസ്യവും മറ്റും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, അമോണിയ, മീഥേന്‍ തുടങ്ങിയ വാതകങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നു. വയറ്, വൃഷണസഞ്ചി എന്നിവ വീര്‍ക്കുകയും മുഖം ചീര്‍ക്കുകയും നാക്ക് പുറത്തേക്കുതള്ളുകയും ചെയ്യുന്നു. കൂടാതെ അഴുകുന്നതിന്റെ അസുഖകരമായ ഗന്ധവും ഉണ്ടാകാം.
മരണത്തിന് 24 മണിക്കൂറിന് ശേഷം ശരീരത്തിലെ ചര്‍മ്മത്തില്‍ അവിടിവിടെയായി കുമിളകള്‍ രൂപപ്പെടുകയും ചര്‍മ്മം ഇളകുകയും കൈപ്പത്തിയിലെയും പാദത്തിലെയും കട്ടിയുള്ള ചര്‍മ്മഭാഗം വരെ ഇളകുകയും ചെയ്യും. 72 മണിക്കൂര്‍ കഴിയുന്നതോടെ തലമുടി തലയില്‍ നിന്നും വിട്ടുപോകാന്‍ തുടങ്ങും.
കൂടാതെ ശരീരത്തിന്റെ നിറം മാറാന്‍ തുടങ്ങുകയും ചെയ്യും. അടിവയറില്‍ ആരംഭിച്ച് മറ്റു ഭാഗങ്ങളിലേക്ക് പച്ചനിറം വ്യാപിക്കുന്നു. അതുപിന്നീട് പച്ച കലര്‍ന്ന കറുപ്പാകുകയും ചെയ്യും.
രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകള്‍ സൃഷ്ടിക്കുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് ഹീമോഗ്ലോബിന്‍ രൂപാന്തരം പ്രാപിച്ചുണ്ടായ Methemoglobin-നുമായി കൂടിച്ചേര്‍ന്ന് Sulphmethemoglobin ഉണ്ടാവുന്നു. ബ്രാഞ്ചുകളായി പിരിയുന്ന രക്തക്കുഴലുകളില്‍ പച്ച നിറത്തിലുള്ള ഈ സംയുക്തം ഉള്ളതിനാല്‍ കാഴ്ചയില്‍ മാര്‍ബിള്‍ പോലെ തോന്നിക്കുന്നു. മരണത്തിന് 36 മണിക്കൂര്‍ ശേഷമേ മാര്‍ബ്ലിംഗ് ഉണ്ടാവുകയുള്ളൂ.
ഇതോടൊപ്പം തന്നെ ആന്തരാവയവങ്ങളും ജീര്‍ണ്ണിക്കും. പുരുഷന്മാരില് പ്രൊസ്റ്റേറ്റ് ഗ്രന്ഥിയും (Prostate gland) സ്ത്രീകളില്‍ ഗര്‍ഭപാത്രവുമാണ് (Uterus) ഏറ്റവും അവസാനം അഴുകുന്ന ആന്തരാവയവങ്ങള്‍. 12 മണിക്കൂറിന് ശേഷം ശ്വാസനാളിയുടെയും (Larynx and trachea) മഹാധമനിയുടെയും (Aorta) ഉള്‍വശം പിങ്ക് കലര്‍ന്ന ചുവപ്പുനിറമാകുന്നു. രണ്ട് ദിവസം കൊണ്ട് പ്ലീഹ (Spleen) കുഴമ്ബുരൂപത്തിലാകാം. മരണത്തിന് 36 മണിക്കൂറിന് ശേഷം കരള്‍ (Liver) മൃദുവാകുകയും ശേഷം തേനീച്ചക്കൂട് (Honey-comb appearance) പോലെ ആവുകയും ചെയ്യും. ശ്വാസകോശം (Lungs) കുറച്ചുദിവസങ്ങള്‍ കൊണ്ട് ജീര്‍ണ്ണിച്ചു ചുരുങ്ങി ഒരു കറുത്ത പിണ്ഡമായി മാറും. തലച്ചോര്‍ 3 മുതല്‍ 5 ദിവസം കൊണ്ട് പച്ച കലര്‍ന്ന നരച്ച നിറത്തിലുള്ള ദ്രാവക രൂപത്തിലാവും. ഹൃദയം, വൃക്ക തുടങ്ങി ആന്തരാവയവങ്ങള്‍ എല്ലാം മൃദുവാകുകയും ജീര്‍ണ്ണിക്കുകയും ചെയ്യുന്നു. എന്നാല്‍ മൂത്രസഞ്ചി താരതമ്യേന സാവകാശം മാത്രമേ അഴുകുകയുള്ളൂ. ഇങ്ങനെ എല്ലാ അവയവങ്ങളും കുറച്ച് ദിവസങ്ങള്‍ കൊണ്ടുതന്നെ ജീര്‍ണിച്ച് പോകുന്നു. കുറച്ചു മാസങ്ങള്‍ കൊണ്ട് എല്ലുകളും പല്ലുകളും പോലും ദ്രവിച്ചു തുടങ്ങും.
ശരീരം അസ്ഥികള്‍ മാത്രമായി മാറാന്‍ ഏതാണ്ട് ഒരു വര്‍ഷം വേണമെന്നാണ് മതിപ്പ്. ഈ എല്ലുകളും പല്ലുകളും മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവില്‍ ദ്രവിക്കും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ സമയ വ്യത്യാസം ഉണ്ടാവാം.
അന്തരീക്ഷ താപനില, അന്തരീക്ഷത്തിലെ ഈര്‍പ്പം, മൃതശരീരത്തിലെ വസ്ത്രം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, മരണ കാരണം, ശരീരം സ്ഥിതിചെയ്യുന്നത് കരയിലോ വെള്ളത്തിലോ ശരീരം പെട്ടിയില്‍ അടക്കിയോ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ശരീരത്തിന്റെ ജീര്‍ണ്ണിക്കലിനെ ബാധിക്കുന്നു. വായു സഞ്ചാരം ഉള്ള സ്ഥലത്തായിരിക്കും ഏറ്റവും വേഗതയില്‍ ഇത് സംഭവിക്കുക, അതിന്റെ ഇരട്ടി സമയം കൊണ്ടേ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ശരീരത്തില്‍ അതേ വ്യത്യാസങ്ങള്‍ ഉണ്ടാവൂ, ആഴത്തില്‍ കുഴിച്ചിടുന്ന ശരീരങ്ങളില്‍ എട്ട് മടങ്ങ് സമയവും വേണം അതേ വ്യത്യാസങ്ങള്‍ ഉണ്ടാവാന്‍. തണുത്ത കാലാവസ്ഥയില്‍ ഈ വിവരിച്ചിരിക്കുന്ന ജീര്ണ്ണിക്കല് പ്രക്രിയ എല്ലാം മന്ദഗതിയിലാവും.
ഈ അഴുകല്‍ പ്രക്രിയയാണ് ഇത്തരം പരിശോധനകളില്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്.
ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ ശവശരീരത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന മമ്മിഫിക്കേഷന്, അഡിപോസിര് ഫോര്മേഷന് എന്നീ പ്രക്രിയകള്‍ നടന്നിട്ടുണ്ടെങ്കില്‍ മാത്രം എക്സുമേഷന് പരിശോധന മുന്‍പ് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ഈജിപ്ഷ്യന്‍ മമ്മികളെക്കുറിച്ച് വായിക്കാത്തവര്‍ ഉണ്ടാവില്ലല്ലോ. താപനില, വരണ്ട കാലാവസ്ഥ, ചില രാസമാറ്റങ്ങള്‍ എന്നിവമൂലം അഴുകല്‍ പ്രക്രിയ തടസ്സപ്പെടുകയാണ് ഈ സാഹചര്യങ്ങളില്‍ ഉണ്ടാകുന്നത്. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ വളരെയധികം വിവരങ്ങള്‍ പുറത്തെടുക്കുന്ന മൃതദേഹ പരിശോധന നടത്തുന്നതിലൂടെ ലഭിക്കും.
വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് എക്സുമേഷന് നടത്തുന്നത് എങ്കില്‍ മിക്കവാറും എല്ലുകള്‍ മാത്രമേ കിട്ടുകയുള്ളൂ. അവയുടെ പരിശോധന വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതുണ്ട്.
ശേഖരിക്കുന്ന എല്ലുകള്‍ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കണം. എല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണും ചെളിയും മാറ്റിയ ശേഷം വിശദമായ പരിശോധന ആരംഭിക്കും.
ലഭിച്ച എല്ലുകള്‍ മനുഷ്യന്റേതാണോ മറ്റേതെങ്കിലും ജീവികളുടെ ആണോ എന്ന് തുടക്കത്തില്‍ തന്നെ പരിശോധിക്കണം. ചിലപ്പോള്‍ കുഴിച്ചെടുക്കുമ്ബോള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലുകള്‍ കലര്‍ന്ന് ലഭിക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ മനുഷ്യരുടെ എല്ലുകള്‍ വേര്‍തിരിക്കണം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിട നിര്‍മ്മാണത്തിനായി ഒരു സ്ഥലം കുഴിച്ചപ്പോള്‍ ഒരു തലയോട്ടി ലഭിച്ചിരുന്നു, പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് നിര്‍മ്മിച്ച തലയോട്ടി. ഇങ്ങനെയും സംഭവിക്കാന്‍ സാധ്യതയുണ്ട്.
ഒന്നില്‍ കൂടുതല്‍ ആള്‍ക്കാരുടെ അസ്ഥികള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നു. അങ്ങനെ ഉണ്ടെങ്കില്‍ അവയും വേര്‍തിരിക്കുന്നു. ഇതൊട്ടും എളുപ്പമുള്ള ഒരു ജോലിയല്ല.
വേര്‍തിരിച്ചെടുത്ത എല്ലുകള്‍ പുരുഷന്റെ ആണോ സ്ത്രീയുടെ ആണോ എന്ന് വിലയിരുത്തുന്നു. തലയോട്ടി, കീഴ്ത്താടി, ഇടുപ്പെല്ല് തുടങ്ങിയവയില്‍ നിന്നും വ്യക്തമായ സൂചനകള്‍ ലഭിക്കും.
എല്ലുകളില്‍ നിന്നും പ്രായവും പൊക്കവും കണ്ടുപിടിക്കുകയാണ് അടുത്തപടി. പല്ലുകളില്‍ നിന്നും എല്ലുകളില്‍ നിന്നും ഇവ കണ്ടുപിടിക്കാം.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ആളെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നു. ചിലപ്പോഴൊക്കെ എല്ലുകളിലെ ഒടിവുകളും സര്‍ജറി ചെയ്ത അടയാളങ്ങളും തിരിച്ചറിയാന്‍ വളരെയധികം സഹായിക്കാറുണ്ട്. കൂടാതെ ഡിഎന്‍എ അനാലിസിസ് നടത്താനായി സാമ്ബിളുകളും ശേഖരിക്കണം.
മരണ ശേഷം എത്ര കാലമായി എന്ന് കണ്ടുപിടിക്കുക വളരെ പ്രധാനമാണ്. അഴുകല്‍ പ്രക്രിയ എത്രത്തോളമുണ്ട് എന്ന് വിലയിരുത്തിയാണ് ഇത് ചെയ്യുക.
വിശദമായ പരിശോധനയിലൂടെ മരണകാരണം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കാലത്തിന് ശേഷമാണ് പരിശോധന നടക്കുന്നത് എങ്കില്‍ സ്വാഭാവിക അസുഖങ്ങള്‍ മൂലമുള്ള മരണങ്ങള് മിക്കവാറും കണ്ടുപിടിക്കാന്‍ സാധിക്കില്ല. വെടിയുണ്ട ശരീരത്തിലേറ്റുള്ള മരണം ആണെങ്കില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. അതുപോലെ എല്ലുകളില്‍ എന്തെങ്കിലും ആയുധങ്ങള്‍ കൊണ്ടുള്ള പരിക്കേറ്റിട്ടുണ്ടെങ്കില്‍ അതും കണ്ടുപിടിക്കാന്‍ സാധിച്ചേക്കും. വിഷം ഉള്ളില്‍ ചെന്ന് ഉള്ള മരണം ആണെങ്കില്‍ എല്ലുകള്‍ രാസപരിശോധന നടത്തുന്നതിലൂടെ വിഷത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കാന്‍ സാധിച്ചേക്കാം. എല്ലാ വിഷപദാര്‍ത്ഥങ്ങളും ഇങ്ങനെ കണ്ടുപിടിക്കാന്‍ സാധിക്കില്ല. ആഴ്സനിക് പോലുള്ള ഹെവി മെറ്റലുകള്‍ കണ്ടുപിടിക്കാന്‍ സാധ്യത ഉണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞ് നടക്കുന്ന പരിശോധനയില്‍ സയനൈഡ്, ഒതളങ്ങ തുടങ്ങിയ വിഷങ്ങള്‍ കണ്ടുപിടിക്കുക എന്നത് പ്രായോഗികമായി ഒട്ടും എളുപ്പമല്ല.
പൊതുവേ ഇത്രയും കാര്യങ്ങളാണ് മൃതശരീരം കുഴിച്ചെടുത്ത് പരിശോധിക്കുമ്ബോള്‍ ചെയ്യേണ്ടി വരിക.
കാലതാമസം ഉണ്ടാകും തോറും വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞു കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ ശരീരം പുറത്തെടുത്ത് പരിശോധന നടത്താന്‍ എത്രകാലം വൈകുന്നുവോ, പരിശോധനയിലൂടെ മരണകാരണം അടക്കമുള്ള വിവരങ്ങള്‍ കണ്ടുപിടിക്കാനുള്ള സാധ്യതയും അത്രത്തോളം കുറയുന്നു.
ഇന്‍ഫോക്ലിനിക്ക് ഫേസ്ബുക്ക് ഗ്രൂപ്പിന് വേണ്ടി ഡോ. അരുണ്‍ മംഗലത്തും ഡോ. ജിനേഷ് പിഎസും എഴുതിയ ലേഖനം