TopTop
Begin typing your search above and press return to search.

എന്താണീ ജങ്ക്, എന്തിനാണീ ജഗപൊഗ?

എന്താണീ ജങ്ക്, എന്തിനാണീ ജഗപൊഗ?

സ്‌കൂള്‍ പരിസരത്ത് ജങ്ക് ഭക്ഷണങ്ങളുടെ ലഭ്യത തടയുവാന്‍ നമ്മുടെ നാട്ടിലും നിയമനിര്‍മാണം നടക്കുന്നു എന്ന് ഇയ്യിടെ വാര്‍ത്തകള്‍ വന്നിരുന്നല്ലോ. ജങ്ക്, ഫാസ്റ്റ് ഫുഡ്, HFSS (High in Fat, Salt, Sugar) എന്നൊക്കെ പല പേരുകളിലായി ഭക്ഷണങ്ങളെ വില്ലന്മാരെ അവതരിപ്പിക്കുന്നത് നമുക്ക് പരിചിതമാണ്. ശരിക്കും ഇവ ഇത്ര പ്രശ്‌നക്കാരാണോ? ഇതൊക്കെ അല്ലേ മനുഷ്യന്റെ ഒരു സന്തോഷം? എന്നൊക്കെ സംശയങ്ങളും പലവര്‍ക്കുമുണ്ട്. (ഏറിയും കുറഞ്ഞും ഇതെഴുതുന്നയാള്‍ക്കുമുണ്ട്!)

മുതലാളീ, ജങ്ക ജഗ ജഗ..

എന്താണീ ജങ്ക്, എന്തിനാണീ ജഗപൊഗ ?

പോഷകമേന്മ (പ്രധാനമായും കലോറി, പൂരിത ഫാറ്റുകള്‍, അപൂരിത ഫാറ്റുകള്‍, പഞ്ചസാര, ഉപ്പ് തുടങ്ങിയവയുടെ അളവ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, നാര് തുടങ്ങിയവയുടെ ലഭ്യത എന്നിവ അടിസ്ഥാനപ്പെടുത്തി നിര്‍ണയിക്കുന്നത്), ഗുണനിലവാരം (സംസ്‌കരണം, പായ്ക്കിങ്ങ്, പാകം ചെയ്യല്‍, പ്രിസര്‍വേഷന്‍, തുടങ്ങിയവ), രുചിക്കൂട്ടുകളുടെ ആകര്‍ഷണീയത കൊണ്ട് വളരെയധികം അളവില്‍ കഴിക്കാനുള്ള സാധ്യത, ആരോഗ്യകരമല്ലാത്ത നിറങ്ങളുടെയും ചേരുവകളുടെയും സാന്നിധ്യം എന്നീ ഘടകങ്ങളാണ് ഭക്ഷണം കുട്ടികള്‍ക്ക് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിലെ പ്രധാന ഘടകങ്ങള്‍. ഓരോ കഥാപാത്രങ്ങളായി നമുക്ക് പരിചയപ്പെടാം

1. പോഷകമേന്മയില്ലാത്ത നിര്‍ഗുണമായ ഭക്ഷണം - Junk food

ഉയര്‍ന്ന കലോറി മൂല്യമുള്ള, പൂരിത കൊഴുപ്പകള്‍ നിറഞ്ഞ, മധുരവും ഉപ്പും ധാരാളമുള്ള, കൂടാതെ വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍, നാര് ,അവശ്യ ധാതുക്കള്‍ എന്നിവ തീര്‍ത്തും ശുഷ്‌കമായ ഭക്ഷണമാണ് ഈ നിരയില്‍ പെടുത്തുക. ഹോട്ടലിലും ബേക്കറികളിലും മാത്രമേ ഇവ ലഭിക്കൂ എന്ന തെറ്റായ ധാരണ വ്യാപകമാണ്. ഈ രീതിയില്‍ വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണവും ജങ്കാണ് എന്നതാണ് വാസ്തവം. സമോസ, പഫ്‌സ്, ബര്‍ഗര്‍, നൂഡില്‍സ്, ചിപ്‌സ്, പിസ, ബേക്കറി പലഹാരങ്ങള്‍, കുപ്പി പാനീയങ്ങള്‍ എന്നിവയാണ് ഭാരതത്തില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന ജങ്ക് ഭക്ഷണങ്ങള്‍. താഴെ പറയുന്നവയില്‍ മിക്കതും ഇവയില്‍ പെടുത്താമെങ്കിലും എടുത്തു പറയുന്നതാണ് ഓര്‍ക്കാന്‍ എളുപ്പം.

3. കളര്‍, കഫീന്‍, കാര്‍ബണേറ്റഡ്

നിറം ചേര്‍ത്തതും, കഫീന്‍ ചേര്‍ത്ത ഭക്ഷണങ്ങളും പാനീയങ്ങളും നുരഞ്ഞ് പതയുന്നതായ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍. കുട്ടികള്‍ക്കിടയില്‍ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

3. പഞ്ചസാര ചേര്‍ത്ത് മധുരം പിടിപ്പിച്ച ജ്യൂസുകള്‍- Sugar Sweetened Beverages

4. അതിസംസ്‌കരണം നടത്തിയ ഭക്ഷണങ്ങള്‍ (Ultra Processed Food)

ഭക്ഷണം സംസ്‌കരിക്കുന്നതിന് പല ദശകളുണ്ട്. ഭക്ഷ്യയോഗ്യമാക്കുക മാത്രം ചെയ്യുന്നത് ആദ്യത്തേത്. വിളവെടുത്ത നിലയിലുളള മുഴുധാന്യങ്ങള്‍, തൊലി കളഞ്ഞ കടലകള്‍ പോലുള്ളവ.

പാകം ചെയ്യുക, ഫ്രീസ് ചെയ്യുക, കാനിലാക്കുക മുതലായവ അടുത്ത ദശ.

ഇതിന് പുറമേ ഉല്‍പ്പാദകള്‍ രുചിക്കൂട്ടുകള്‍, പഞ്ചസാര, കൊഴുപ്പുകള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ ചേര്‍ക്കുന്നവയാണ് Ultra Processed ഭക്ഷണം.

ചുരുക്കത്തില്‍ അന്നജം, വ്യാവസായിക ചേരുവകള്‍, പൂരിത കൊഴുപ്പുകള്‍, പഞ്ചസാര എന്നിവയാണ് ഇവയുടെ പ്രധാന ഘടകങ്ങള്‍. മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളില്‍ ചിലത് കൂടാതെ കവറുകളില്‍ ലഭ്യമായ sweetened breakfast cereals, packaged osups, chicken nuggets, hotdogs, fries ഇങ്ങനെ ധാരാളം ഉദാഹരണങ്ങളുണ്ട്.

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷന്‍സ് ഇതത്രയും ചേര്‍ത്ത് Junk ഭക്ഷണം എന്നതിന് പകരം ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളെ JUNCS (Junk foods, Ultra-processed foods, Nutritionally inappropriate foods, Caffeinated/colored/carbonated foods/beverages, and Sugar-sweetened

beverages) എന്ന വാക്ക് ഉപയോഗിക്കുന്നതാണ് അവബോധമുണ്ടാക്കുവാന്‍ ഉപയോഗപ്രദം എന്ന നിലപാടിലെത്തിയത് ശ്രദ്ധേയമായിരുന്നു.

പഞ്ചാര തിന്നു നടന്നു കുഞ്ചൂ...

വല്ലപ്പഴും കുട്ടികളുടെ സന്തോഷത്തിന് ഒരു പഫ്‌സും പിസയുമൊക്കെ വാങ്ങി കൊടുക്കുന്നതിന് ഇത്ര പറയണോ എന്ന ചോദ്യം ന്യായമാണ്. പക്ഷേ ഈ വക സംഗതികളുടെ ഉപഭോഗം വല്ലപ്പോഴുമല്ല, ഏതാണ്ട് സ്ഥിരമാണ് എന്ന നിലയ്ക്കാണ് യാഥാര്‍ത്ഥ്യം. കുട്ടികളിലെ പൊണ്ണതടിയും അനുബന്ധ പ്രശ്‌നങ്ങളും ഒരു സാംക്രമികരോഗം കണക്ക് സാര്‍വ്വത്രികമായിട്ടുണ്ട്. ഭാരതം ഇതില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. ഗ്രാമ നഗര വ്യത്യാസമില്ലാതെ, സര്‍ക്കാര്‍ സ്വകാര്യ സ്‌കൂള്‍ ഭേദമില്ലാതെ കുട്ടികള്‍ക്കിടയില്‍ ജങ്ക് ഭക്ഷണ ഉപഭോഗം വളരെ ഉയര്‍ന്നതാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ശരാശരി ദൈനംദിന ഊര്‍ജത്തിന്റെ പകുതിയോളം ജങ്ക് / അതിസംസ്‌കത ഭക്ഷണങ്ങളില്‍ നിന്നാണ് ലഭിക്കുന്നത് എന്ന നിലയിലാണ് ഇതിന്റെ കഴിപ്പ് വശവും കിടപ്പ് വശവുമൊക്കെ. സ്വാഭാവികമായും കാര്‍ബോഹൈഡ്രേയ്റ്റ്, കൊഴുപ്പുകള്‍, പൂരിത കൊഴുപ്പുകള്‍, സോഡിയം ഇവയുടെ ഉപഭോഗം വര്‍ധിക്കുകയും പ്രോട്ടീന്‍, ഭക്ഷ്യനാര്, പൊട്ടാസിയം, അവശ്യധാതുക്കള്‍, വൈറ്റമിനുകളുടെ ലഭ്യത കുറയുകയും ചെയ്യുന്നു.

അമിതഭാരവും പൊണ്ണത്തടിയുമാണ് ഇതിന്റെ പ്രധാന ദൂഷ്യ ഫലം. അതിസംസ്‌കൃത (Ultra processed) ഭക്ഷണങ്ങളുടെ ഉപഭോഗവും അരവണ്ണവും തമ്മില്‍ കുട്ടികളില്‍ കൃത്യമായ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങളുണ്ട്. പഞ്ചസാരമയമായ പാനീയങ്ങള്‍ (Sugar Sweetened Beverages) ഇതില്‍ പ്രധാനമായ മറ്റൊരു വില്ലനാണ്.

ഹൃദയ - മെറ്റബോളിക് സംബന്ധമായ പ്രശന്ങ്ങള്‍

ഇത്തരം ഭക്ഷണ രീതികള്‍ കൊളസ്‌ട്രോള്‍, കൊഴുപ്പ്, ട്രൈഗ്ലിസറൈഡ് എന്നിവയുടെ രക്തത്തിലെ അളവ് വര്‍ധിപ്പിക്കുന്നു. പഞ്ചസാരയുടെ അളവ് കൂട്ടുകയും നല്ല കൊളസ്‌ട്രോള്‍ കുറയയ്ക്കുകയും ചെയ്യുന്നു. തൂക്ക കൂടുതല്‍, പ്രമേഹം, രക്തസമ്മര്‍ദം, അമിതമായ കൊളസ്‌ട്രോള്‍ (വിശേഷിച്ച് ദോഷകരമായ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്), കരള്‍ രോഗങ്ങള്‍ എന്നിങ്ങനെ ജീവിതശൈലീ രോഗങ്ങള്‍ക്ക് വഴിവെട്ടുന്നു.

സ്വഭാവ വ്യതിയാനങ്ങള്‍.

ജങ്ക് / ഫാസ്റ്റ് ഫുഡ് നിത്യശീലമാക്കിയ കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി പോലുള്ള ആരോഗ്യകരമല്ലാത്ത മാനസിക വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നതായി പഠനങ്ങളുണ്ട്.

ഇന്ത്യയില്‍ ഭാഗ്യവശാല്‍ അത്ര കണ്ട് പ്രചാരം നേടാത്ത കഫീന്‍ ഉള്ള എനര്‍ജി ഡ്രിങ്കുകള്‍ ഉത്തേജകങ്ങളായി കഴിക്കുന്നത് ഹൃദയസംബന്ധമായ അത്യാഹിതങ്ങള്‍ക്ക് വരെ കാരണമാവുന്നുണ്ട്. പല്ലിനുണ്ടാകുന്ന കേടുകള്‍ പോലുള്ള ദൈനംദിന ആരോഗ്യ പ്രശ്‌നങ്ങളും കുട്ടികളെ അലോസരപ്പെടുത്താന്‍ ഇതിടയാക്കുന്നു.

അന്നവിചാരം കാര്യവിചാരം...

നമ്മുടെ നാട്ടില്‍ ഇത്തരം ഭക്ഷണ രീതികള്‍ പ്രചരിക്കുവാന്‍ പ്രധാനകാരണങ്ങളായി എടുത്ത് പറയുന്ന ഘടകങ്ങള്‍ കച്ചവടത്തിന് അനുകൂലമായ ജനസംഖ്യാഘടന (മൂന്നിലൊന്ന് ജനസംഖ്യ പതിനഞ്ച് വയസില്‍ താഴെ; ജോലി ചെയ്യുന്നവരുടെ എണ്ണമെടുത്താല്‍ ഏകദേശം ലോകത്തില്‍ അഞ്ചിലൊന്ന്), നഗരവല്‍ക്കരണം, ജോലിത്തിരക്ക് (പ്രധാനമായി പഴയ ശീലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളും ജോലി ചെയ്യുമ്പോള്‍ വീട്ടില്‍ പാചകം ചെയ്യുന്നത് കുറയുന്നു), മധ്യവര്‍ഗം സാമ്പത്തികമായി പ്രബലമാവുകയും അണുകുടുംബങ്ങള്‍ സാധാരണമാവുകയും ചെയ്തതോടെ 'ആഴ്ചയിലൊരിക്കല്‍ ഭക്ഷണം പുറത്ത് നിന്നാവാം' പോലുള്ള രീതികള്‍ വര്‍ധിച്ചത് തുടങ്ങിയവയാണ്. ഓണ്‍ലൈന്‍ ഡെലിവറിയില്‍ വിളിപ്പുറത്ത് വീട്ടില്‍ 'പൊതി ഭക്ഷണം' എത്തുന്ന സൗകര്യം കൂടി ലഭ്യമായതോടെ കാര്യങ്ങള്‍ എളുപ്പമായി. ഓരോ തലത്തിലും ഇതിന് നിയന്ത്രണങ്ങള്‍ കൊണ്ട് വരാം.

1. സ്‌കൂള്‍ തലത്തില്‍

മേല്‍പ്പറഞ്ഞ, JUNCS വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളുടെ ലഭ്യത കുറയ്ക്കുക. സ്‌കൂള്‍ പരിസരത്ത് ഇവയുടെ വില്‍പ്പന നിരോധിക്കുക എന്നത് പലയിടത്തും പരീക്ഷിച്ചിട്ടുണ്ട്. ഭാരതവും ഈ പാതയിലാണ്. ആരോഗ്യകരമായ ഭക്ഷണം സ്‌കൂളില്‍ ലഭ്യമാക്കുന്ന സ്‌കൂള്‍ മീല്‍ രീതികള്‍ ചില രാജ്യങ്ങള്‍ നടപ്പിലാക്കിയത് വിജയകരമായിട്ടുണ്ട്. കോളകള്‍ പോലുള്ളവ ലഭിക്കുന്ന വെന്‍ഡിങ്ങ് മെഷീനുകള്‍ നീക്കം ചെയ്ത് പകരം ശുദ്ധജലം ലഭ്യമാക്കുക, സ്‌കൂളുകളില്‍ സലാഡ് പോലുള്ള ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുന്ന സലാഡ് ബാറുകള്‍ പോലുള്ള നീക്കങ്ങള്‍ അമേരിക്കയില്‍ വിജയം കണ്ടിട്ടുണ്ട്.

2. നയ- നിയമതലത്തില്‍

ജന്‍ക്‌സ് ശ്രേണിയില്‍ പെട്ട ഭക്ഷണങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന നയങ്ങള്‍ പല രാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2016-ല്‍ കേരളം ഇത്തരം ഭക്ഷണങ്ങള്‍ക്ക് 14.5% കൊഴുപ്പ് നികുതി നടപാക്കി.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, യു.എസ്, ഡെന്‍മാര്‍ക്, ഹംഗറി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ കൊഴുപ്പ് നികുതി, ജങ്ക് ടാക്‌സ്, ഷുഗര്‍ ടാക്‌സ് തുടങ്ങിയവ ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവ ഉപഭോഗം കുറയ്ക്കാന്‍ എത്ര മാത്രം ഫലപ്രദമാണ് എന്നത് പക്ഷേ തര്‍ക്കവിഷയമാണ്.

ആരോഗ്യകരമായ ബദല്‍ എന്ന നിലയ്ക്ക് പഴം, പച്ചക്കറി ഉപഭോഗം താഴ്ന്ന സാമ്പത്തിക നിലയുള്ളവര്‍ക്കിടയില്‍ പ്രോല്‍സാഹിപ്പിക്കാന്‍ അവയുടെ വില സബ്‌സിഡൈസ് ചെയ്യുക പോലുള്ള നടപടികള്‍ അപൂര്‍വ്വമായേ ഉണ്ടായിട്ടുള്ളൂ താനും.

പരസ്യങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് ഫലപ്രദമായ നീക്കമായി എടുത്ത് കാണിക്കപ്പെടുന്നത്. പരസ്യങ്ങള്‍ക്ക് മേല്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുക, കുട്ടികളുടെ ടി വി -ഡിജിറ്റല്‍ ചാനലുകളില്‍ ഇത്തരം ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കുക തുടങ്ങിയ നിയമങ്ങള്‍ പല രാജ്യങ്ങളിലും നടപ്പിലാക്കി. പരിചിതമായ കഥാപാത്രങ്ങളെ പ്രചരണത്തിന് ഉപയോഗിക്കുക, പ്രശസ്തരായവരെ ബ്രാന്റ് അമ്പാസിഡര്‍മാര്‍ ആക്കുക തുടങ്ങിയ പരസ്യ രീതികള്‍ ഈ മേഖലയില്‍ നിരോധിക്കപ്പെടുന്നത് ഫലപ്രദമായിരിക്കും.

കുട്ടികളെ ആകര്‍ഷിക്കാന്‍ കളിപ്പാട്ടങ്ങള്‍ നല്‍കുക പോലുള്ള കച്ചവടതന്ത്രങ്ങളും വിലക്കേണ്ടത് അവശ്യമാണ്. മക്‌ഡൊനാള്‍ഡ് പോലുള്ള ശൃംഖലകളില്‍ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ തീരുമാനമെടുക്കുന്നതില്‍ അവയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ ചെറിയ കുട്ടികള്‍ കൂടെ ലഭിക്കുന്ന കളിപ്പാട്ടത്തിനായി 'ഹാപ്പി മീല്‍സ് ' ആവശ്യപ്പെടുമായിരുന്നു എന്ന് വ്യവസായ മേഖലയിലെ പഠനങ്ങള്‍ സൂചിപ്പിച്ചു. വ്യക്തിപരമായി പറഞ്ഞാല്‍ ഇതെഴുന്നയാളുടെ കുട്ടികള്‍ ഇവിടടുത്തുള്ള ഫാസ്റ്റ് ഫുഡ് ശൃംഖലയില്‍ പോകാന്‍ ശഠിക്കുന്നതില്‍ പ്രധാന കാരണം അവിടുള്ള ഊഞ്ഞാലും കളി പാട്ടങ്ങളുമാണ്!

ഭക്ഷണലേബലുകള്‍ കുറച്ച് കൂടെ വ്യക്തമായി പോഷക മേന്മയെ കുറിച്ച് വാങ്ങുന്ന വേളയില്‍ പെട്ടെന്ന് ഓര്‍മപ്പെടുത്തുന്ന രീതിയിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുക എന്നതാണ് പ്രധാനം. നല്ലൊരു ശതമാനം ആളുകളും ഭക്ഷണത്തിലെ ചേരുവകളും പോഷകനിലവാരവും വിശദമാക്കുന്ന ലേബലുകള്‍ വായിക്കാറില്ല. വലിയ ലേബലുകള്‍ പായ്ക്കറ്റിന്റെ മുന്നില്‍ കൊടുക്കുക, ആരോഗ്യ നിലവാരമനുസരിച്ച് സ്റ്റാര്‍ റേറ്റിംഗ് കൊടുക്കുക, അപായകമായതില്‍ ചുവപ്പ് സിഗ്‌നല്‍ പതിപ്പിക്കുക മുതലായവ വിജയകരമായി നടപ്പിലാക്കിയ രാജ്യങ്ങളുണ്ട്.

3. ശീലങ്ങള്‍.

എന്ത് മാറിയാലും ശീലങ്ങള്‍ മാറാതെ ഫലമുണ്ടാവാന്‍ വഴിയില്ല. മുതിര്‍ന്നവരെ സംബന്ധിച്ച് ഈ ദിശയില്‍ ശീലങ്ങള്‍ മാറുന്നതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. കുട്ടികള്‍ പഠിക്കുന്നത് മാതാപിതാക്കളുടെ രീതികളില്‍ നിന്നാണ്. ആരോഗ്യകരമായ ഭക്ഷണ രീതികള്‍ അവര്‍ പിന്തുടര്‍ന്നാല്‍ കുട്ടികള്‍ അത് മാതൃകയാക്കും.

വീട്ടില്‍ നിന്നോ പുറത്ത് നിന്നോ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍ ഏറിയാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായി നിജപെടുത്തുക. അത് പോലെ ആ കഴിക്കുന്നത് ആ പ്രായത്തില്‍ കുട്ടിക്ക് ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജത്തിന്റെ പകുതിയിലധികം ഒരു കാരണവശാലും ആ സെര്‍വിങ്ങില്‍ നിന്നാവരുത് എന്ന് നിഷ്‌കര്‍ഷിക്കുക.

ടെലിവിഷന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്‌ക്രീന്‍ കാഴ്ചകളില്‍ അഭിരമിച്ച് ഭക്ഷണം കഴിക്കുന്നത് തീര്‍ത്തും നിരുല്‍സാഹപ്പെടുത്തുക.

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിയുന്നതും ഉപയോഗിക്കുകയും അതില്‍ പഞ്ചസാര പരമാവധി കുറയ്ക്കുകയും കഴിയുന്നതും നോ ട്രാന്‍സ് ഫാറ്റുകള്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുക.

കഴിയുന്നതും വീട്ടില്‍ പാചകം ചെയ്യുക. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാരും പാചകം ചെയ്യണം. ആരോഗ്യകരമായ ഭക്ഷണം എങ്ങനെ ഉണ്ടാവുന്നു എന്ന് അടുക്കളകളില്‍ നിന്ന് കുട്ടികളും പഠിക്കട്ടെ. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചും പാചകരീതികളെ കുറിച്ചും സ്‌കൂള്‍ തലം തൊട്ടേ പാഠങ്ങള്‍ നല്‍കുന്നത് ജീവിതത്തില്‍ ഗുണം ചെയ്യും.

വീട്ടില്‍ ഉണ്ടാക്കുന്നത് ജങ്കാവില്ല എന്ന ധാരണ മാറ്റി വെച്ച് ആരോഗ്യകരമായ സ്‌നാക്കുകള്‍ വീട്ടില്‍ തയ്യാറാക്കുക, സൂക്ഷിച്ച് വെക്കുക.

സ്‌കൂളിലേക്കുള്ള ലഞ്ച് പാത്രങ്ങളില്‍ ഗുണകരമായ ഭക്ഷണം മാത്രം കൊടുത്തയക്കുക. സ്‌കൂളുകളില്‍ തന്നെ ആരോഗ്യകരമായ ഉച്ചയൂണ്‍ ലഭ്യമാക്കാനുള്ള സംവിധാനമുണ്ടെങ്കില്‍ വളരെ നല്ലത്.

ഓരോ സീസണിലും നാട്ടില്‍ ലഭ്യമായ ഫലങ്ങള്‍ കഴിക്കുവാന്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുക. ഫ്രൂട്ട് ജ്യൂസുകളേക്കാള്‍ ഫ്രൂട്ട്‌സ് കഴിക്കുന്നത് ശീലമാക്കുക. രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മധുരം ചേര്‍ത്ത ജ്യൂസുകള്‍, പാനീയങ്ങള്‍ നല്‍കാതിരിക്കുക. മുതിര്‍ന്ന കുട്ടികളില്‍ പരമാവധി ഒഴിവാക്കുക.

ശുദ്ധജലമാണ് ഏറ്റവും ആരോഗ്യകരമായ പാനീയം എന്ന ധാരണ വളര്‍ത്തിയെടുക്കുക. മറ്റെന്തെങ്കിലും നല്‍കുകയാണെങ്കില്‍ തന്നെ കുറഞ്ഞ അളവില്‍ (രണ്ടിനും അഞ്ചിനും ഇടയില്‍ ഏറിയാല്‍ 125 ml, അഞ്ച് വയസ്സിന് മുകളില്‍ 250 ml) ഫ്രഷ് ജ്യൂസുകള്‍ മാത്രം നന്‍കുക.

കഫീനുള്ള എനര്‍ജി ഡ്രിങ്കുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക. സ്‌കൂള്‍ കുട്ടികള്‍ ഒരു ദിവസത്തില്‍ അര കപ്പിലും (100ml), പത്ത് വയസിന് മുകളിലുള്ള കുട്ടികളില്‍ ഒരു കപ്പിലും കൂടുതലും ചായ, കാപ്പി കഴിക്കുന്നത് ഒഴിവാക്കുക.

പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയതിന്, കലോല്‍സവത്തിന് സമ്മാനം നേടിയതിന് എന്നിങ്ങനെ ആഹ്ലാദകരമായ നേട്ടങ്ങള്‍ ആഘോഷിക്കുമ്പോള്‍ പാരിതോഷികമായി ഇത്തരം ഭക്ഷണങ്ങള്‍ വാങ്ങി കൊടുക്കയും ആഘോഷവേദിയായി ഇത്തരം ഭക്ഷണങ്ങളുടെ വില്‍പ്പന വേദികള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് തീര്‍ത്തും ഒഴിവാക്കുക.

ആരോഗ്യകരമായ ഭക്ഷണം കഴിച്ച് കുട്ടികള്‍ വളരെട്ടെ, രോഗാതുരമല്ലാത്ത ഒരു ജീവിതത്തിലേക്ക്.

[മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അവലംബം - Indian Academy of Pediatrics Guidelines on the Fast and Junk Foods, Sugar Sweetened Beverages, and Energy Drinks]

എഴുതിയത്: Dr. Anjit Unni

Info Clinic


Next Story

Related Stories