ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ കൊറോണ വൈറസ് കിറ്റ് തയ്യാര്‍. പൂനെയിലെ മൈ ലാബ് ഡിസ്കവറി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത്. മോളിക്യുലാര്‍ ഡയഗണോസ്റ്റിക്സ് കിറ്റുകള്‍ വികസിപ്പിക്കുന്നതിലാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വെറും ആറാഴ്ചയ്ക്കുള്ളിലാണ് മൈലാബ്, കൊറോണ കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. സി ഡി എസ് സി ഒ (സെല്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ) വാണിജ്യാനുമതി ലഭിച്ച ആദ്യ തദ്ദേശീയനിര്മ്മിത കിറ്റാണിത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പരിശോധനയില്‍ 100 ശതമാനം തൃപ്തികരമായി കണ്ടത് മൈ ലാബിന്റെ ഉല്പ്പന്നമാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നോട്ടുവച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത് എന്നും മൈ ലാബ് എംഡി ഹസ്മുഖ് റാവല്‍ അവകാശപ്പെട്ടു.
പിസിആര്‍ ടെക്നോളജി ഉപയോഗിച്ചുള്ള പരീക്ഷണമാണ് നടക്കുന്നത്. ടെസ്റ്റിംഗ് നടത്തുന്നതില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 10 ലക്ഷം ജനസംഖ്യയില്‍ 6.8 ലക്ഷമാണ് കൃത്യമായി ടെസ്റ്റിന് വിധേയരാകുന്നവര്‍. ദക്ഷിണകൊറിയയും സിംഗപ്പൂരും മറ്റും വലിയ തോതില്‍ ടെസ്റ്റ് നടത്തി മരണനിരക്ക് പിടിച്ചുനിര്‍ത്തിയിരുന്നു. ഇതുവരെ ഇന്ത്യയില്‍ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടെസ്റ്റ്കിറ്റുകളെയാണ് കാര്യമായി ആശ്രയിച്ചുപോന്നിരുന്നിത്. വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഈ ഇറക്കുമതിക്ക് തടസം വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ടെസ്റ്റ് കിറ്റുകൾ ഇന്ത്യയിൽ തന്നെ വലിയ തോതിൽ നിർമ്മിച്ചാൽ അത് കൊറോണക്കെതിരായ പ്രതിരോധത്തിൽ സഹായകമാകും.
ഒരാഴ്ചയില്‍ ഒരു ലക്ഷം ടെസ്റ്റ് കിറ്റുകള്‍ വരെ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് മൈ ലാബ് പറയുന്നത്. ഉല്‍പ്പാദനം പിന്നീട് വര്‍ദ്ധിപ്പിക്കും. ഒരു കിറ്റ് ഉപയോഗിച്ച് 100 രോഗികളെ വരെ പരിശോധിക്കാം. ഓട്ടോമേറ്റഡ് പിസിആര്‍ ഉള്ള ഒരു ലാബില്‍ ശരാശരി ഒരു ദിവസം 1000ത്തിലധികം രോഗികളുടെ ടെസ്റ്റ് നടത്താന്‍ കഴിയും.