TopTop

ഭക്ഷ്യശുചിത്വം പാലിക്കണം; ശ്രദ്ധിച്ചില്ലെങ്കില്‍ ആഹാരവും രോഗകാരിയാവാം

ഭക്ഷ്യശുചിത്വം പാലിക്കണം; ശ്രദ്ധിച്ചില്ലെങ്കില്‍ ആഹാരവും രോഗകാരിയാവാം

ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നത് ഭക്ഷണമാണ്. വേണ്ടവണ്ണം ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷണം രോഗകാരകങ്ങള്‍ ആവുകയും ചെയ്യും. അത് മോശമായ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടാകാം. അല്ലെങ്കില്‍ വേണ്ടത്ര ശുചിത്വം പാലിക്കാതെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാകാം. അല്ലെങ്കില്‍ രുചിമാത്രം കണക്കിലെടുത്ത് പ്രത്യേക ആഹാരവസ്തുക്കള്‍ ഒരു നിയന്ത്രണവും ഇല്ലാതെ വാരിവലിച്ച് തിന്നുന്നതു കൊണ്ടും ആകാം.

പ്രത്യേക രുചികളോടും ഭക്ഷണങ്ങളോടുമുള്ള അമിതമായ താല്പര്യങ്ങള്‍(രാഗങ്ങള്‍) രോഗങ്ങളായി തീരുമെന്ന് ഭാരതീയര്‍ പണ്ടേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണവര്‍ രാഗാദി രോഗാന്‍ എന്നു രോഗങ്ങളെ വിശദീകരിച്ചിരുന്നത്. മനസ്സിന്റേയും ശരീരത്തിന്റേയും രാഗങ്ങള്‍ രോഗങ്ങളായി രൂപപ്പെടുമെന്നതാണ് അതിന്റെ വിശാലമായ അര്‍ഥതലം.

ആഹാരത്തിലെ ശുചിത്വം ആരോഗ്യശീലങ്ങളിലെ ഏറ്റവും പ്രധാനമായ കാര്യമാണ്. ആഹാരശുചിത്വം പാലിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ, ആഹാരത്തിലൂടെ പകരുന്ന രോഗങ്ങളുടെ ബാധ തുടങ്ങിയവയായിരിക്കും ഫലം. ഭക്ഷ്യപദാര്‍ഥങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും പാകം ചെയ്യുന്നതിലും വിളമ്പുന്നതിലും ഒക്കെ പാലിക്കേണ്ട ശുചിത്വത്തെ പൊതുവില്‍ ഭക്ഷ്യ ശുചിത്വം എന്നു വിശേഷിപ്പിക്കാം. ഭക്ഷ്യ വിഷബാധയും ആഹാരത്തിലൂടെ പകരുന്ന മറ്റ് രോഗങ്ങളും തടയുക എന്നതാണ് ഭക്ഷ്യശുചിത്വം പാലിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.

രോഗബാധയുടെ ഉറവിടമാണ് ഭക്ഷണ സാധനങ്ങള്‍ എന്ന തികഞ്ഞ ബോധ്യത്തോടെ വേണം അവ കൈകാര്യം ചെയ്യുന്നത്. ഉത്പ്പാദിപ്പിക്കപ്പെടുന്ന ഇടത്തുനിന്നും ഉപഭോക്താവിലേക്ക് എത്തുന്നതിനിടെ നിരവധി ചെയിനുകളിലൂടെ ഭക്ഷ്യ സാധനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഈ ഓരോ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കണം. മായം ചേര്‍ന്നതോ മലിനമായതോ ആയ ഭക്ഷണ സാധനങ്ങളല്ല തങ്ങള്‍ ഉപയോഗിക്കുന്നതെന്ന് എല്ലാവരും ഉറപ്പ് വരുത്തണം. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. കറിപ്പൊടികളും മറ്റും ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ആളുകള്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല.

ഭക്ഷ്യവസ്തുക്കള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കണം. അവ കൈകാര്യം ചെയ്യുന്നവര്‍ക്കും ശ്രദ്ധവേണം. ശുചിയും വേണം. അടുക്കളയിലും തീന്‍മേശയിലും ശുചിത്വം ഉറപ്പാക്കണം. അടുക്കള വിശാലവും വൃത്തിയുള്ളതും വായു സഞ്ചാരമുള്ളതും ആയിരിക്കണം. ചപ്പുചവറുകള്‍ കൂട്ടി ഇടുന്നതിനു സമീപത്തോ തുറന്ന അഴുക്കുചാലുകള്‍ക്കു സമീപത്തോ ഭക്ഷണം കഴിക്കുന്നതിനുള്ള മുറിയോ ക്രമീകരണമോ ഒഴിവാക്കണം. ഉച്ഛിഷ്ടങ്ങള്‍ യഥാസമയം നീക്കം ചെയ്യണം.

ആഹാരസാധനങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതിലെ ശുചിത്വവും പ്രധാനമാണ്. പാകം ചെയ്ത ഭക്ഷണം അടച്ചുമൂടി തണുപ്പുള്ള ഇടത്ത് സൂക്ഷിക്കണം. പാകം ചെയ്യാത്തവ എലിയുടേയും മറ്റ് കീടങ്ങളുടേയും ആക്രമണം ഉണ്ടാകാത്ത സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. കീടനാശിനികള്‍ പോലുള്ള വിഷ വസ്തുക്കള്‍ ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം സൂക്ഷിക്കരുത്. ഫ്രിഡ്ജിലോ തണുത്ത സ്ഥലത്തോ പാത്രങ്ങളിലോ ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ച് വെയ്ക്കാം.

ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുകയും വിളമ്പുകയും അവ വിതരണം ചെയ്യുകയും ചെയ്യുന്നവരുടെ ശുചിത്വവും സുപ്രധാനമാണ്. പൊതു സ്ഥലങ്ങളിലും മറ്റും അശ്രദ്ധമായി പാകം ചെയ്യപ്പെടുന്ന ഭക്ഷണം കഴിയുന്നത്ര ഒഴിവാക്കണം. സന്നിപാതജ്വരം, പരാടൈഫോയിഡ്, വയറുകടി, വയറിളക്കം, മഞ്ഞപ്പിത്തം പോലുള്ള കരള്‍ രോഗങ്ങള്‍, കുടലിലെ വിരകള്‍ തുടങ്ങിയ പല രോഗങ്ങളും ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ പകരാന്‍ ഇടയുള്ള രോഗങ്ങളാണ്. ടൈഫോയിഡും തുടര്‍ച്ചയായ വയറിളക്കവും മറ്റും ഉണ്ടായിട്ടുള്ളവരെ ഭക്ഷണശാലകളില്‍ ജോലിക്ക് നിര്‍ത്താന്‍ പാടുള്ളതല്ല. ചര്‍മ്മ രോഗങ്ങള്‍, ചെവിപഴുക്കല്‍, വ്രണങ്ങള്‍ തുടങ്ങിയവ ഉള്ളവരെ ഭക്ഷ്യപദാര്‍ഥങ്ങളും പാത്രങ്ങളും കൈകാര്യം ചെയ്യാന്‍ അനുവദിക്കകയും ചെയ്യരുത്.



Next Story

Related Stories