ശാരീരിക അധ്വാനം ഇല്ലാത്ത ഒരാള്‍ക്ക് 1000-1500 കലോറി ഭക്ഷണമാണ് ദിവസേന ആവശ്യമായി വരിക. അതനുസരിച്ച് ഭക്ഷണം ക്രമപ്പെടുത്തണം. എല്ലാദിവസത്തേയും ഭക്ഷണത്തില്‍ 30 ശതമാനം കൊഴുപ്പും 15 ശതമാനം മാത്സ്യവും 60 മുതല്‍ 65 ശതമാനം വരെ അന്നജവുമായിരിക്കണം. കൊഴുപ്പ് 30 ശതമാനത്തില്‍ കൂടുതല്‍ ആവാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ആഹാര സാധനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ പ്രധാനപ്പെട്ട എല്ലാ ഭക്ഷണ സമൂഹത്തിലും പെട്ടതാണെന്ന് ഉറപ്പാക്കുകയും വേണം. ഇതുപോലെ തന്നെ പ്രധാനമാണ് എങ്ങനെ ഭക്ഷണം കഴിക്കുന്നുവെന്നതും.
എന്തും എങ്ങനേയും വാരിവലിച്ചു കഴിയ്ക്കുന്ന ശീലമാണ് ഭൂരിപക്ഷം ആളുകള്‍ക്കും ഉള്ളത്. ഭക്ഷണം മെല്ലെയേ കഴിയ്ക്കാവൂ. വേഗത്തില്‍ കഴിയ്ക്കുമ്പോള്‍ അധികഭക്ഷണം അകത്താക്കും. അതുപോലെ സമയം എടുത്ത് ചവച്ചരച്ച് കഴിയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണം ആസ്വദിച്ച് കഴിയ്ക്കാന്‍ ആവും. വേഗത്തില്‍ വലിച്ചുവാരി തിന്നുന്നത് ഗ്യാസ്ട്രബിള്‍ വിളിച്ചുവരുത്തും. അതിനൊപ്പം പ്രധാനമാണ് ഇഷ്ടഭക്ഷണങ്ങളോടുള്ള ആസക്തിയെ നിയന്ത്രിക്കുകയെന്നത്.
ദിവസവും മുന്നുനേരം കൃത്യമായി ആഹാരം കഴിയ്ക്കുക. അവ പോഷകമൂല്യം ഉള്ളവയും മിതമായ അളവിലും ആയിരിക്കണം. ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ നടന്നുപോകാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരേ രീതിയില്‍ നിലനിര്‍ത്താനും മൂന്നു നേരത്തെ ഭക്ഷണം സഹായിക്കുന്നു. ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ അടുത്ത നേരം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തോന്നലുണ്ടാകും. ഇതൊഴിവാക്കണം.
പാതിവയര് വരെ ആഹാരം കഴിക്കാവൂയെന്നാണ് പറയാറ്. പ്രായം കൂടുന്നത് അനുസരിച്ച് ആഹാരത്തിന്റെ തോത് കുറയ്ക്കണം. വിശപ്പുതീരുമ്പോള് എന്തുതന്നെയായാലും ഭക്ഷണം നിര്‍ത്തണം. ഭക്ഷണം പതുക്കെ കഴിക്കണം. സാവധാനത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ മതിയെന്ന് വേഗം തോന്നും. ഇത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുന്‍പായി ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വയറുനിറഞ്ഞതായി തോന്നാനും ആഹാരം കുറച്ച് കഴിക്കാനും പ്രേരകമാകും. എന്നാല്‍ ഭക്ഷണത്തിനൊപ്പം അടിക്കടി വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല. ഏറെപ്പേരും അത്തരം ശീലം വച്ചുപുലര്‍ത്തുന്നതായി കണ്ട് വരുന്നു. കൂടുതല്‍ ഭക്ഷണം പ്ലേറ്റില്‍ വിളമ്പി വെയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. വിളമ്പി വെച്ചതുകൊണ്ടുമാത്രം മുഴുവന്‍ കഴിക്കുന്നശീലക്കാരും നമുക്കിടയിലുണ്ട്. പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കുന്നതും മറ്റ് ആഹാരങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.