TopTop

വറുത്തും പൊരിച്ചും കഴിയ്ക്കുമ്പോള്‍ ഓര്‍മ്മിക്കുക; കൊഴുപ്പ് വിനാശകാരിയാണ്

വറുത്തും പൊരിച്ചും കഴിയ്ക്കുമ്പോള്‍ ഓര്‍മ്മിക്കുക; കൊഴുപ്പ് വിനാശകാരിയാണ്

എന്തും ഏതും വറുത്തും പൊരിച്ചും തിന്നുന്ന ശീലക്കാരാണ് മലയാളികള്‍. ഒരു നിയന്ത്രണവും ഇല്ലാതെയുള്ള എണ്ണ ഉപയോഗത്തിന്റെ ദൂഷ്യം പക്ഷെ ആരും കാര്യമായി കണക്കിലെടുത്ത് കാണുന്നില്ല. അമിതമായി കൊഴുപ്പടിയുന്നത് ഹൃദയരോഗങ്ങള്‍, ദുര്‍മേദസ്, കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതുമൂലമുള്ള രോഗങ്ങള്‍ തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഒരാള്‍ക്ക് ഒരു ദിവസം രണ്ട്- മൂന്ന് ടി സ്പൂണ്‍ എണ്ണയാണ് അനുവദനീയമായിട്ടുള്ളത്. ഇതറിഞ്ഞാലും ഒരു ലോപവും ഇല്ലാതെ ആളുകള്‍ ഭക്ഷണ സാധനങ്ങളില്‍ എണ്ണ ഉപയോഗിക്കും.

എണ്ണകള്‍ ദ്രവ രൂപത്തിലുള്ള കൊഴുപ്പാണ്. പക്ഷെ നമ്മള്‍ എണ്ണ അമിതമായി ഉപയോഗിക്കുന്ന ശീലക്കാരാണ്. കറിക്ക് ഉപയോഗിക്കുന്നതു കൂടാതെ മിക്കപ്പോഴും ഭക്ഷ്യസാധനങ്ങള്‍ എണ്ണയില്‍ മുക്കി വറുത്തും പൊരിച്ചും തിന്നുന്നു. ഇത്തരം ഭക്ഷ്യസാധനങ്ങളില്‍ നിന്നും എണ്ണ പിഴിഞ്ഞെടുക്കാവുന്ന അവസ്ഥയായിരിക്കും പലപ്പോഴും. ഹോട്ടലിലും മറ്റും വച്ചിരിക്കുന്ന പഴം പൊരിയില്‍ നിന്നും എണ്ണ ഊറിവരുന്നതു കാണാം. നാം ഉപയോഗിക്കുന്ന മാസം, മുട്ട, പാല്‍, നെയ്യ്, വെണ്ണ എന്നിവ കഴിഞ്ഞാല്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടാന്‍ പ്രധാന കാരണം പാചക എണ്ണകളുടെ അമിതമായ ഉപയോഗമാണ്. ഇതേക്കുറിച്ച് ഡോക്ടര്‍മാര്‍ എല്ലായ്‌പോഴും മുന്നറിയിപ്പുകള്‍ തരാറുണ്ട്.

എല്ലാ കോഴുപ്പുകളും അപകടകാരികളല്ല. പൂരിതകൊഴുപ്പുകളാണ് അപകടകരം. ഏക അപൂരിത കൊഴുപ്പ്, ബഹുഅപൂരിത കൊഴുപ്പ് എന്നിവയാണ് നല്ല കൊഴുപ്പുകളായി അറിയപ്പെടുന്നത്. പൂരിതകൊഴുപ്പുകളേക്കാള്‍ അപകടകാരിയാണ് ട്രാന്‍സ്ഫാറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന കൊഴുപ്പ്. ഇവയാണ് ഹൃദ്രോഗം ഉണ്ടാകാന്‍ കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത്. ചീത്ത എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടുന്നതിനും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയുന്നതിനും കാരണമാകുന്നതും ഇവയാണ്. ചില സസ്യഎണ്ണകളിലെ ബഹു അപൂരിത കൊഴുപ്പ് ഹൈഡ്രജന്‍ ആറ്റങ്ങളുമായി യോജിച്ചാണ് ഇവ രൂപപ്പെടുന്നത്. ഹൈഡ്രജനേറ്റഡ് എന്നുരേഖപ്പെടുത്തിയിട്ടുള്ള പല ഭക്ഷണസാധനങ്ങളിലും ഇവയുണ്ട്.

നമ്മുടെ ആഹാര സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ സിംഹഭാഗവും പൂരിത കൊഴുപ്പാണ്. മാസം, മുട്ട, വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, പാമോയില്‍ തുടങ്ങിയവയില്‍ പൂരിത കൊഴുപ്പ് കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ, പാമോയില്‍ എന്നിവയില്‍ 89 ശതമാനം പൂരിത കൊഴുപ്പാണുള്ളത്. അതേസമയം സൂര്യകാന്തി എണ്ണ, സോയബീന്‍ ഓയില്‍, കടുകെണ്ണ, ഒലിവ് ഓയില്‍ എന്നിവയില്‍ 10 മുതല്‍ 14 ശതമാനം വരെ പൂരിത കൊഴുപ്പും കൂടുതല്‍ ഭാഗവും അപൂരിത കൊഴുപ്പുമാണ്.

എണ്ണകളും മറ്റ് കൊഴുപ്പുകൂടിയ ഭക്ഷണ സാധനങ്ങളും കൂടുതല്‍ കലോറി ഊര്‍ജ്ജം ശരീരത്തിനു നല്‍കുന്നു. ഇങ്ങനെ കൂടുതല്‍ ലഭിക്കുന്ന ഊര്‍ജ്ജം ശരീരത്തിലെത്തുമ്പോള്‍ മിച്ചം വരുന്നവ തടിയും തൂക്കവും വര്‍ധിക്കുന്നതിന് കാരണമാകും. പൂരിത കൊഴുപ്പും ട്രാന്‍സ്ഫാറ്റും നമുക്ക് ആവശ്യമായ ആകെ ഊര്‍ജ്ജത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുന്നത് അപകടകരമാണ്. ഇത് മനസ്സിലാക്കി വേണം ഭക്ഷണക്രമം രൂപപ്പെടുത്തുന്നത്.


Next Story

Related Stories