TopTop

കോഴിക്കോട്ട് സ്‌കൂളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത് നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും; സര്‍വ്വസന്നാഹങ്ങളുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്ട് സ്‌കൂളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത് നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും; സര്‍വ്വസന്നാഹങ്ങളുമായി ആരോഗ്യവകുപ്പ്

നിപ്പ വിതച്ച ഭീതിയില്‍ നിന്നും കോഴിക്കോട് പതുക്കെ കരയകയറുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളിലും അധ്യാപകരിലും കണ്ടെത്തിയ എച്ച് വണ്‍ എന്‍വണ്‍ പനി ജില്ലയെ വീണ്ടും ആശങ്കയിലാക്കുന്നു. മുക്കം കാരശ്ശേരി ആനയാംകുന്ന് വി.എം.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ സര്‍വ സന്നാഹങ്ങളും സ്‌കൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുക. കരുതല്‍ ഉണ്ടായാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

ജനുവരി 3നാണ് ആദ്യം പനി സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു ക്ലാസില്‍ 12 കുട്ടികള്‍ ലീവായത് അന്വേഷിച്ചപ്പോള്‍ സ്‌കൂളില്‍ മൊത്തം 42 കുട്ടികള്‍ അവധിയിലാണന്ന് കണ്ടത്തുകയായിരുന്നു. 13 അധ്യാപകരും പനിപിടിച്ച് അവധിയിലായിരുന്നു. പിറ്റേ ദിവസവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അവധിയിലായതോടെ സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

കടുത്ത പനി, തലവേദന, തൊണ്ടവേദന എന്നിവയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഭക്ഷണം, വെള്ളം, കിണര്‍ പരിസരം എന്നിവിടങ്ങളില്‍ പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടത്താനായില്ല. മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചത്.

പനി ലക്ഷണം കണ്ടതോടെ തന്നെ ആരോഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥരെ അറിയിച്ചു കഴിഞ്ഞു. താരതമ്യേന വീര്യം കുറഞ്ഞ വൈറസിനെയാണ് കണ്ടെത്തിയത്. അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ഏത് സാഹചര്യത്തിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും തന്നേയും സമീപിക്കാന്‍ തയ്യാറാവണമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രദേശത്ത് മെഡിക്കല്‍ സംഘം എത്തിയിട്ടുണ്ട്. പനിയും മറ്റു ലക്ഷണങ്ങളും ഉള്ളവര്‍ എത്തി പരിശോധന നടത്തേണ്ടതാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നം കണ്ടാല്‍ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. രോഗം പടരാതിരിക്കാന്‍ നല്ല ജാഗത്ര പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ആനയാംകുന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും എച്ച് വണ്‍ എന്‍വണ്‍ പനി കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശനപരിശോധനകളും ബോധവത്കരണവുമാണ് നടത്തുന്നതെന്ന് ഡിഎംഒ ഡോ.ജയശ്രി. സ്‌കൂളില്‍ അഞ്ചുപേരിലാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ ഒരാള്‍ അധ്യാപികയാണ്. ഇവര്‍ക്കാണ് ആദ്യം പനി കണ്ടെത്തിയത്. ഇവരില്‍ നിന്നാണ് പനി പടര്‍ന്നതെന്നാണ് സംശയം. അതുകൊണ്ടുതന്നെ അധ്യാപികയുടെ കുടുംബാംഗങ്ങളിലും നാട്ടിലും പരിശോധനകള്‍ നടന്നിട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത വീടുകളിലുള്ളവരേയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അവരില്‍ ചിലര്‍ക്കെല്ലാം പനി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അത് എച്ച് വണ്‍ എന്‍ വണ്‍ ആണോ എന്ന് മണിപ്പാലിലെ പരിശോധനാഫലം വന്നാലെ സ്ഥിരീകരിക്കാനാവൂ എന്ന് ഡിഎംഒ അഴിമുഖത്തോട് പറഞ്ഞു. നിലവില്‍ പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ല. മരുന്നും വിശ്രമവുമുണ്ടെങ്കില്‍ പെട്ടന്നുതന്നെ പനി മാറി എല്ലാവര്‍ക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എച്ച് വണ്‍ എന്‍ വണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് പഞ്ചായത്തെന്ന് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ്. പഞ്ചായത്തിലെ മുഴുന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മത പാഠശാലകള്‍ക്കും ഞായറാഴ്ച വരെ അവധിയായിരിക്കും. മാത്രമല്ല പനിപടരുന്ന സാഹചര്യത്തില്‍ ആളുകള്‍ അധികമായി കൂടുന്ന പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പനി പടരുന്ന സാഹചര്യത്തില്‍ ആനയാംകുന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗവ.എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കു നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഒന്നു മുതല്‍ 12 വരെ മുഴുവന്‍ ക്ലാസുകള്‍ക്കും രണ്ടു ദിവസം അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ സി.പി.ചെറിയ മുഹമ്മദ് അറിയിച്ചു.

സ്‌കൂളിലെ ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ ശക്തമായ പനി കാരണം വീടുകളില്‍ കിടപ്പിലുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള വിദഗ്ധരായ മെഡിക്കല്‍ സംഘം അവരുടെ വീടുകളില്‍ ചെന്ന് പരിശോധിക്കുന്നതാണ്. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ രക്ഷിതാക്കള്‍ ഈ നമ്പറില്‍ വാട്‌സപ്പ് ചെയ്തു കൊടുക്കണം.-whats app No. 9495242181

കോഴിക്കോട് ജില്ലയിൽ H1N1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ H1N1നെതിരെ കരുതിയിരിക്കാന്‍ ജില്ല കളക്ടര്‍ ശ്രീറാം സാംബശിവ റാവു ഐ എ എസ് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.


H1N1നെക്കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം;


ഇന്‍ഫ്ലുവെന്‍സ A എന്ന ഗ്രൂപ്പില്‍ പെട്ട ഒരു വൈറസാണ് H1N1. സാധാരണ പന്നികളിലാണ് കൂടുതല്‍ ഈ അസുഖം കാണുന്നത്. പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക്‌ അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളില്‍ എത്തുന്നത്‌. ഒരാളില്‍നിന്ന് മറ്റൊരാളിലെക്കും അസുഖം പകരും.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

സാധാരണ ഒരു വൈറല്‍ പനിപോലെയാണ് ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകിടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെ ആണ് ബാധിക്കുന്നത്. ഇവയൊക്കെയാണ് ലക്ഷണങ്ങള്‍

1. പനിയും ശരീരവേദനയും

2. തൊണ്ട വേദന, തലവേദന

3. ചുമ – കഫമില്ലാത്ത വരണ്ട ചുമ

4. ക്ഷീണവും വിറയലും

5. ചിലപ്പോള്‍ ശര്‍ദിയും, വയറിളക്കവും

മിക്കവരിലും ഒരു സാധാരണ പനിപോലെ 4-5 ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ സാധ്യതയുണ്ട്. അത് തിരിച്ചറിയുകയും കൃത്യമായ ചികിത്സ നല്‍കുകയുമാണ് ചെയ്യേണ്ടത്.

സാധാരണ ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണതകൾ:

• ശ്വാസകോശത്തിലെ അണുബാധ

• തലച്ചോറിലെ അണുബാധ

• നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക

രോഗം ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങള്‍:

ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക, ശരീരം നീലക്കുക, ഒർമ്മക്കുറവ്, അപസ്മാരം, സ്വഭാവ വ്യതിയാനങ്ങള്‍

ആരിലൊക്കെ രോഗം ഗുരുതരമാകാം ?

1. 5 വയസില്‍ താഴെയുള്ള കുട്ടികള്‍

2. 65 വയസിനു മുകളില്‍ ഉള്ളവര്‍

3. മറ്റു ഗുരുതരമായ രോഗമുള്ളവര്‍ (ഉദാ : ശ്വാസകോശ രോഗങ്ങള്‍, ഹൃദരോഗം, വൃക്ക രോഗങ്ങള്‍, തലച്ചോറിനുള്ള രോഗങ്ങള്‍, പ്രമേഹം)

4. രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ (ഉദാ: HIV-AIDS, അവയവങ്ങള്‍ മാറ്റിവെച്ചവര്‍, കാന്‍സര്‍ ചികിത്സ എടുക്കുന്നവര്‍).

5. ഗര്‍ഭിണികള്‍

6. അമിതവണ്ണം ഉള്ളവര്‍

പരിശോധനകളും ചികിത്സയും:

രോഗലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധനക്കും ചികിത്സക്കുമയി 3 ഗ്രൂപ്പുകള്‍ ആയി തരംതിരിക്കാറുണ്ട്.

കാറ്റഗറി A:

• ചെറിയ പനിയും ചുമയും / അല്ലെങ്കില്‍ തൊണ്ടവേദന

• ഇവര്‍ക്ക് ശരീരവേദന, തലവേദന, ശര്‍ദിയും വയറിളക്കവും ഉണ്ടാവില്ല

• H1N1 സ്വാബ് ടെസ്റ്റ്‌ ഇത്തരക്കാര്‍ക്ക് ചെയ്യേണ്ടതില്ല.

• വൈറസിനെ കൊല്ലാനുള്ള മരുന്നുകളും ആവശ്യമില്ല

• വീട്ടില്‍ വിശ്രമിക്കുകയും, കഴിവതും പുറത്തിറങ്ങാതെ നോക്കുകയും വേണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. അസുഖം പകരതിരിക്കാനാണ് ഇത്. പനിക്കും മറ്റുമുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം.

• നല്ലപോലെ വെള്ളം കുടിക്കുകയും, കട്ടികുറഞ്ഞ ആഹാരം കഴിക്കുകയും വേണം.

• 24-48 മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ വീണ്ടും ഇവരെ പരിശോധിച്ച് പുരോഗതി വിലയിരുത്തണം

കാറ്റഗറി B:

ഇതില്‍ രണ്ടു ചെറുഗ്രൂപ്പുകള്‍ ഉണ്ട്.

B1- കാറ്റഗറി A ക്ക് ഒപ്പം കടുത്ത പനിയും തൊണ്ടവേദനയും...

• ഇത്തരക്കരെയും വീട്ടില്‍ ചികിത്സിച്ചാല്‍ മതി .

• ടെസ്റ്റ്‌ ആവശ്യമില്ല

• വൈറസിനെ കൊല്ലാനുള്ള മരുന്ന് തുടങ്ങണം

• 2 ദിവസം കഴിഞ്ഞു വീണ്ടും രോഗാവസ്ഥ വിലയിരുത്തണം.

• വിശ്രമവും ഭക്ഷണവുമൊക്കെ മുകളില്‍ പറഞ്ഞപോലെ

B2- കാറ്റഗറി A ലക്ഷണങ്ങള്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവരില്‍ ഉണ്ടായാല്‍...

കൊച്ചുകുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റു അസുഖങ്ങള്‍ ഉള്ളവര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍

• ഉടന്‍ തന്നെ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകള്‍ തുടങ്ങണം

• വീട്ടില്‍ ചികിത്സിച്ചാല്‍ മതിയാകും

• പൂര്‍ണ്ണ വിശ്രമം വേണം, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം

• ടെസ്റ്റ്‌ ആവശ്യമില്ല

• എല്ലാദിവസവും രോഗിയുടെ പുരോഗതി വിലയിരുത്തണം

• ഗുരുതര അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ എന്തേലും കാണിച്ചുതുടങ്ങിയാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണം

കാറ്റഗറി C

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം അസുഖം ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടാവുക...

• ശ്വാസംമുട്ടല്‍, നെഞ്ചുവേദന, അമിതമായ ക്ഷീണം, BP കുറയുക, ശരീരം നീലിക്കുക, രക്തം ചുമച്ചുതുപ്പുക

• കുട്ടികളില്‍ കുറയാത്ത തുടര്‍ച്ചയായ പനി, ശ്വാസതടസ്സം, ഭക്ഷണം കഴിക്കുന്നതിണോ പാലുകുടിക്കുന്നതിനോ മടി, അപസ്‌മാരം

• നിലവിലുള്ള അസുഖങ്ങള്‍ വഷളാവുക

ഇത്തരക്കാരെ ഉടന്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യണം

• ഉടന്‍ തന്നെ വൈറസിന്‍റെ സാന്നിധ്യം ഉറപ്പിക്കാനുള്ള സ്വാബുകള്‍ അയക്കണം

• മരുന്ന് ഉടനെ തുടങ്ങണം. അതിനായി പരിശോധന ഫലം കാത്തിരിക്കേണ്ട ആവശ്യമില്ല.

• ചിലപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ള ചികിത്സ ആവശ്യമായി വരും.

രോഗിയുടെ ചികിത്സ പ്രധാനമായും ലക്ഷണങ്ങളും രോഗിയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ്, പരിശോധനാഫലം ആശ്രയിച്ചല്ല. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായാണ്‌ ടെസ്റ്റ്‌ നടത്തുക.

പ്രത്യേക സ്വാബ് ഉപയോഗിച്ച് തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും എടുക്കുന്ന സ്രവങ്ങള്‍ ആണ് പരിശോധനക്ക് അയക്കുന്നത്. സ്വാബ് അയക്കാനായി പ്രത്യേക കോള്‍ഡ്‌ ചെയിന്‍ സംവിധാനം വേണം. കേരളത്തില്‍ നിന്ന് തിരുവനതപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രം, മണിപ്പാല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള വൈറോളജി വിഭഗം എന്നിവിടങ്ങളിലാണ് പരിശോധനക്ക് അയക്കുന്നത്.

മരുന്നുകള്‍:

വൈറസിനെ നശിപ്പിക്കുന്ന ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ രോഗപ്രതിരോധത്തിനും ഈ മരുന്ന് നല്‍കാറുണ്ട് . ചികിത്സക്കായി 5 ദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നല്‍കുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

ഗര്‍ഭിണികളില്‍:

• ഗര്‍ഭിണികളില്‍ അപകട സാധ്യത കൂടുതലാണ്

• രോഗലക്ഷണങ്ങള്‍ കണ്ട ഉടന്‍ തന്നെ മരുന്ന് തുടങ്ങണം

• സ്വാബ് പരിശോധന ആവശ്യമില്ല

• ഒസള്‍ട്ടാമിവിര്‍ ഗുളിക ഗര്‍ഭിണികളില്‍ സുരക്ഷിതമാണ്

• രോഗ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പിന്തുടരണം

ഇവിടെയും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക

ആര്‍ക്കൊക്കെയാണ് പ്രതിരോധ മരുന്ന് നല്‍കുന്നത് ?

കുടുംബത്തിലോ സ്കൂളുകളിലോ സമൂഹത്തിലോ വെച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഉണ്ടാകുന്ന രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമേ പ്രതിരോധമരുന്നു നല്‍കുകയുള്ളൂ.

പ്രതിരോധം എങ്ങനെ?

വീടുകളില്‍:

• രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം വൈദ്യ സഹായം തേടണം.

• രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ വീടുകളില്‍ തന്നെ ആയിരിക്കുക. യാത്രകളും മറ്റും ഒഴിവാക്കുക.

• വീട്ടില്‍ ഉള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും കുറയ്ക്കുക

• കൈകള്‍ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഓരോ തവണയും കൈ കഴുകാന്‍ മറക്കരുത്.

• രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും, രോഗം ബാധിച്ചവരെ സന്ദര്‍ശിക്കുന്നതും പറ്റുമെങ്കില്‍ ഒഴിവാക്കുക.

• ചുമക്കുംപോളും തുമ്മുമ്പോളും വായും മുഖവും കവര്‍ ചെയ്യുക. രോഗാണുക്കള്‍ പകരാതിരിക്കാന്‍ ഇത് സഹായിക്കും.

• രോഗി ഉപയോഗിക്കുന്ന വസ്തുകളും തുണികളുമൊക്കെ ശെരിയായി മറവുചെയ്യുക.

• ആരോഗ്യവകുപ്പിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക

• ഗുരുതരമായ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ രോഗിയില്‍ ശ്രദ്ധിച്ചാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക

• അപകട സാധ്യത കൂടുതലുള്ള ആളുകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം.

സ്കൂളുകളില്‍:

• രോഗം പടര്‍ന്നുപിടിക്കുന്ന സാഹിചര്യമുണ്ടായാൽ സ്കൂള്‍ അസംബ്ലി അത്യാവശ്യം ഉള്ളപ്പോള്‍ മാത്രമോ നടത്തുക

• കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് അധ്യാപകര്‍ ശ്രദ്ധിക്കണം

• അധ്യപകര്‍ക്കോ മറ്റു ജീവനക്കര്‍ക്കോ അസുഖം വന്നാല്‍ വീട്ടില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ സ്കൂളുകളില്‍ പോകരുത്

• കുട്ടികൾ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം

• ചുമക്കുമ്പോളും തുമ്മുമ്പോളും വായും മൂക്കും കവര്‍ ചെയ്യാന്‍ പഠിപ്പിക്കണം

• സ്കൂളുകള്‍ അടക്കേണ്ടതില്ല

• രോഗം മൂലം ക്ലാസ്സില്‍ വരാത്തവര്‍ ലീവ് ലെറ്റര്‍ കൊടുക്കേണ്ടതില്ല

• ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ സ്കൂളില്‍ പ്രധര്‍ശിപ്പിക്കണം. കുട്ടികള്‍ക്ക് വായിക്കാന്‍ ചെറിയ ലീഫ് ലെറ്റുകള്‍ കൊടുക്കണം

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്:

• അസുഖം വരാന്‍ ഏറ്റവും സാധ്യത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. രോഗിയെ പരിചരിക്കുമ്പോളും, പരിശോധനക്കായി സ്വാബ് എടുക്കുന്ന സമയത്തും ഒക്കെ രോഗം പകരാന്‍ സാധ്യത ഉണ്ട്.

• പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണെങ്കില്‍ അത് ഉറപ്പായും എടുക്കണം

• ചുമ, തുമ്മല്‍ ഉള്ളവര്‍ വേണ്ട മുന്‍കരുതല്‍ തേടണം

• രോഗ ലക്ഷണം എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യണം

• രോഗിയെ പരിചരിക്കുമ്പോൾ N-95 മാസ്ക്കുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.

• രോഗിയെ പരിചരിക്കുന്ന മുറികളിലെ പ്രവേശനം നിയന്ത്രിക്കണം

• ഓരോ രോഗിയെ പരിശോധിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ കഴുകണം

പ്രതിരോധ കുത്തിവെപ്പുകള്‍:

• ഇന്‍ഫ്ലുവെന്‍സാ A വിഭാഗത്തിലെ വൈറസുകള്‍ക്ക് എതിരെ വാക്സിനുകള്‍ ലഭ്യമാണ്.
കെ. പി സജീവന്‍

കെ. പി സജീവന്‍

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories