TopTop
Begin typing your search above and press return to search.

പ്രസവമുറിയില്‍ ഒപ്പം നില്‍ക്കാന്‍ ഒരാള്‍; അറിയേണ്ടതും, ചെയ്യേണ്ടതും

പ്രസവമുറിയില്‍ ഒപ്പം നില്‍ക്കാന്‍ ഒരാള്‍; അറിയേണ്ടതും, ചെയ്യേണ്ടതും

ഒരുടലിൽ രണ്ടുയിരുമായി നടക്കുന്ന ഗർഭകാലം. അതിനൊടുവിൽ രണ്ടും രണ്ടാവുന്ന പ്രസവം. സ്ത്രീയുടെ ശരീരവും മനസും സാഹചര്യങ്ങളുമെല്ലാം മാറ്റിമറിച്ചുകൊണ്ട് പുതുജീവന്റെ വരവ്. ഓർത്തെടുക്കുമ്പോൾ ഓരോ അമ്മയ്ക്കും പ്രസവാനുഭവം ഓരോന്നായിരിക്കും.

വേദനയുടെ പാരമ്യത്തിലെപ്പൊഴോ ഇപ്പൊഴാകും, ഇപ്പോൾ മാറുമെന്ന് പറഞ്ഞു കൈ പിടിച്ച ഒരു തലോടലാവാം, ഒട്ടുമേ അലിവില്ലാതെ ആരോ പറഞ്ഞ പരുക്കൻ വർത്തമാനമാവാം, വേദനയ്ക്കൊടുവിൽ വന്ന വാവയുടെ മുഖമാവാം, സംഭവിക്കുന്നതെന്തെന്ന് മനസിലാകാതെ കിടന്ന നിമിഷങ്ങളിലെ ഭയമാകാം, ഒരു നിമിഷം എപ്പൊഴോ അമ്മയെക്കാണണമെന്ന് തീവ്രമായ ആഗ്രഹം തോന്നിയതാകാം, ആ ദിവസത്തിന്റെ ഓർമ്മ.

ഒപ്പം കരുതലായി താങ്ങായി ഒരാൾ, പ്രസവിക്കാൻ കിടക്കുമ്പോൾ അമ്മയ്ക്ക് ഏറ്റവും വിശ്വാസമുള്ള, അടുപ്പമുള്ള ഒരാൾ ഒപ്പമുണ്ടായാലോ? പുതിയ ആളെ വരവേൽക്കുമ്പോൾ, വലിയ ആശ്വാസമായി, പ്രസവത്തിനൊരു കൂട്ട്.

'Companionship in labour', പ്രസവസമയത്ത് കൂട്ടിനൊരാൾ എന്ന രീതി ഇപ്പോൾ നമ്മുടെ നാട്ടിലും പ്രചാരത്തിലായി വരുന്നു. ഈയൊരു സേവനം സർക്കാർ മേഖലയിൽ ലഭ്യമാക്കിക്കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ്, അഭിനന്ദനാർഹമായ പുതിയൊരു കാൽവയ്പ് നടത്തിയിരിക്കുന്നു.

സുരക്ഷിതമായ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിലും മാതൃമരണനിരക്ക്, ശിശു മരണനിരക്ക് എന്നിവ കുറയ്ക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നതോടൊപ്പം തന്നെ, പ്രസവിക്കാൻ എത്തുന്ന അമ്മമാർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നതാക്കുന്നതിലേയ്ക്കായുള്ള നടപടികളും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നുണ്ട്. അമ്മയ്ക്ക് വിശ്വാസമുള്ള ഒരാളെ കൂടെക്കൂട്ടുക വഴി പ്രസവം കൂടുതൽ സുഗമമായ രീതിയിലാകുമെന്നും, അമ്മയുടെ പ്രസവാനുഭവം മെച്ചപ്പെട്ടതാക്കാൻ കഴിയും എന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

ആരെ ഒപ്പം കൂട്ടും?

ഈ തീരുമാനം പൂർണമായും പ്രസവിക്കാൻ പോകുന്ന അമ്മയുടേത് മാത്രമാവണം.

കൂട്ട് വേണോ വേണ്ടയോ എന്ന് അമ്മയ്ക്ക് തീരുമാനിക്കാം. വേണം എന്നാണ് തീരുമാനം എങ്കിൽ, ഏറ്റവും വിശ്വാസമുള്ള, സ്വാതന്ത്ര്യത്തോടെ ഇടപഴകാനാകുന്ന, കരുതലും പക്വതയുമുള്ള ഏതൊരാളെയും അമ്മയ്ക്ക് തെരഞ്ഞെടുക്കാം. അത് പങ്കാളിയാകാം, അമ്മയോ സഹോദരിയോ മറ്റു ബന്ധുക്കളോ, സുഹൃത്തോ ആരുമാകാം. ചില രാജ്യങ്ങളിൽ ഡൂല (doula) എന്ന പേരിൽ ഇത്തരം പരിചരണത്തിന് പരിശീലനം ലഭിച്ച സഹായികളും ലഭ്യമാണ്.

തെരഞ്ഞടുക്കുന്ന ആൾക്കും പൂർണമായ സമ്മതം ഉണ്ടാവണം. അമ്മയ്ക്ക് വൈകാരികവും മാനസികവും പ്രായോഗികവുമായ പിന്തുണ നൽകി കൂടെയുണ്ടാവുന്ന ആളാകണം കൂട്ടിന് നിൽക്കേണ്ടത്. കൂടെക്കരയാൻ സാധ്യതയുള്ള ചേച്ചിയെക്കാളും കട്ടയ്ക്ക് കൂടെ നിൽക്കുന്ന കുഞ്ഞമ്മയാവും ചിലപ്പോൾ നന്ന്. പങ്കാളി ഒരു നല്ല പ്രസവക്കൂട്ട് ആണെന്ന് തോന്നുന്ന പക്ഷം, ആശുപത്രിയിൽ അത് അനുവദിക്കാൻ തക്ക സ്വകാര്യതയുള്ള പക്ഷം, അങ്ങനെ തെരഞ്ഞെടുക്കാം.

അമ്മയുടെ സ്വകാര്യതയും അന്തസ്സും മാനിക്കപ്പെടുകയും വേണം. കൂട്ടൊക്കെ വന്നിട്ട് പിന്നെ നാടുനീളെ "ഓ അവളെന്നാ കാറിച്ചയാരുന്ന്, ഞാനൊന്നും ഒന്നു മൂളിയിട്ടു പോലുമില്ല" എന്നു പറയുന്ന ആളെ തെരഞ്ഞെടുത്ത് തലവേദനയായിത്തീരരുതെന്നു സാരം.

കൂട്ടു നിൽക്കുന്നയാളുടെ റോൾ?

പ്രസവത്തിന്റെ വിവിധ ഘട്ടങ്ങളിൽ അമ്മയ്ക്കൊപ്പം ഉണ്ടാവുക, അമ്മയ്ക്കാവശ്യമായ വൈകാരികവും മാനസികവുമായ പിന്തുണ നൽകുക, സാധ്യമായ പരിചരണം നൽകുക, ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങളനുസരിച്ച് അമ്മയെ വിവിധ ഘട്ടങ്ങളിൽ സഹായിക്കുക, വിവിധ സാഹചര്യങ്ങളിൽ അമ്മയ്ക്ക് ഡോക്ടറോടോ മറ്റു ആരോഗ്യ പ്രവർത്തകരോടോ പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറയുവാനും തീരുമാനങ്ങൾ എടുക്കാനും സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ് കൂട്ടാളിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ഒന്നു കൈപിടിച്ച് ക്ഷമയോടെ സംസാരിക്കുന്നതോ, പുറം തലോടി കൊടുക്കുന്നതോ, കുടിക്കാൻ വെള്ളം നൽകുന്നതോ ഒക്കെ ഈ പരിചരണത്തിന്റെ ഭാഗമാണ്. പ്രസവമുറിയിലെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന ഒരു സഹായി അമ്മയ്ക്കും ആരോഗ്യ പ്രവർത്തകർക്കും ഒരുപോലെ പ്രയോജനം ചെയ്യും. മാത്രവുമല്ല, ഏതെങ്കിലും തരത്തിലുള്ള വൈകാരികമായ ദുരനുഭവങ്ങൾ ഉണ്ടാകുന്നതിൽ നിന്നും അമ്മയെ കരുതലോടെ സംരക്ഷിക്കുവാനും കൂട്ട് സഹായിക്കും.

എന്താണ് ഗുണം?

പ്രസവസമയത്ത് ഒപ്പം ഒരാൾ ഉണ്ടാകുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനുമുള്ള ഗുണങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. മേൽ പഠനങ്ങളിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ, അമ്മമാരിൽ ഉത്കണ്ഠയും ഭയവും കുറയുക, പ്രസവം കൂടുതൽ സുഗമമാവുക, പ്രസവഘട്ടങ്ങളുടെ സമയദൈർഘ്യം കുറയുക, സാധാരണ പ്രസവം നടക്കാനുള്ള സാധ്യത കൂടുക, അമ്മമാർക്ക് മെച്ചപ്പെട്ട പ്രസവാനുഭവം പ്രദാനം ചെയ്യുക എന്നീ ഗുണഫലങ്ങൾ ഈ സമ്പ്രദായത്തിന് ഉണ്ട്.

നവജാതശിശുക്കളുടെ പൊതു ആരോഗ്യ അവസ്ഥയെ സൂചിപ്പിക്കുന്ന ഒരു സൂചകമാണ് അപ്ഗാർ സ്കോർ. ഈ രീതിയിൽ നടത്തുന്ന പ്രസവത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, ജനിച്ച് അഞ്ചാം മിനിട്ടിൽ രേഖപ്പെടുത്തുന്ന അപ്ഗാർ സ്കോർ മോശമാകാനുള്ള സാധ്യത സാധാരണ കുഞ്ഞുങ്ങളെക്കാൾ കുറവാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തുടക്കത്തിൽ കൂടുതൽ സുഗമമാക്കാനും ഒരു നല്ല സഹായിയുടെ സാന്നിധ്യം ഉപകാരപ്പെടും.

എന്തൊക്കെ മുന്നൊരുക്കങ്ങൾ?

കൂടെക്കൂട്ടാനുള്ള ആളെ ഗർഭകാലത്ത് തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് പ്രസവത്തിന്റെ വിവിധ ഘട്ടങ്ങൾ, പ്രസവമുറിയുടെ പൊതുവായ അന്തരീക്ഷം, വിവിധ സാഹചര്യങ്ങളിൽ അവരിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങൾ, സഹായത്തിന് ആരെ സമീപിക്കണം, ചെയ്യരുതാത്ത കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായ ബോധവത്കരണം ആശുപത്രിയിൽ നിന്നും നേരത്തേ തന്നെ നൽകേണ്ടതുണ്ട്.

ആശുപത്രികളെ സംബന്ധിച്ചിടത്തോളം ഭരണപരമായ തീരുമാനങ്ങളും, ഭൗതിക സൗകര്യങ്ങൾ ഒരുക്കലും, വ്യക്തമായ പ്രോട്ടോകോളുകൾ രൂപവത്കരിക്കലും ആവശ്യമാണ്.

അമ്മമാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന, അതേസമയം സുരക്ഷിതമായ പ്രസവത്തെ യാതൊരു തരത്തിലും ബാധിക്കാത്ത തരത്തിലുള്ള പ്രസവമുറികളും മറ്റു സജ്ജീകരണങ്ങളും ഒരുക്കേണ്ടതുണ്ട്.

ഈ സമ്പ്രദായത്തെ സംബന്ധിച്ചുള്ള കൃത്യമായ പരിശീലനം ആരോഗ്യപ്രവർത്തകർക്ക് നൽകേണ്ടതുമുണ്ട്.

ദോഷങ്ങളെന്തെങ്കിലും?

കൃത്യമായ പരിശീലനം സിദ്ധിക്കാത്ത പക്ഷം, കൂടെ നിൽക്കുന്ന ആളിൽ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണ ലഭിക്കാതെ വരാം. ഇത് അമ്മയെ ഒരുപക്ഷേ ബുദ്ധിമുട്ടിലാക്കിയേക്കാം.

ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്ത ഒരു സഹായി പ്രശ്നങ്ങളുണ്ടാക്കാം. വിവിധ ഘട്ടങ്ങളിലെ

ചികിത്സാ തീരുമാനങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്താൻ ശ്രമിക്കുന്നത് മോശം സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം. ഭൗതിക സാഹചര്യങ്ങൾ പരിമിതമായ ഇടത്ത് ഒരു അമ്മയുടെ കൂട്ടാളി മറ്റ് അമ്മമാരുടെ സ്വകാര്യതയെ ഹനിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

വെല്ലുവിളികൾ?

പുതിയതെന്തും ആദ്യം പ്രചാരത്തിൽ വരുമ്പോൾ വെല്ലുവിളികൾ പലതാണ്. നിലവിലുള്ള സാമൂഹിക സാഹചര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ഗുണഫലങ്ങളെ കുറിച്ച് ആരോഗ്യ പ്രവർത്തകരിൽ തന്നെ ഉള്ള അറിവില്ലായ്മ, പ്രായോഗികമായ ബുദ്ധിമുട്ടുകൾ തുടങ്ങി പല കാരണങ്ങൾ ഈ സമ്പ്രദായം വ്യാപകമായി നടപ്പിലാക്കുന്നതിന് വിലങ്ങുതടിയായി ഉണ്ട്. എന്നിരിക്കിലും, തുടക്കത്തിൽ മെഡിക്കൽ കോളേജുകളിൽ ഈ സൗകര്യം ലഭ്യമാക്കുകയും, ആരോഗ്യ പ്രവർത്തകരിലും മെഡിക്കൽ വിദ്യാർഥികളിലും പൊതുജനങ്ങളിലും ഗുണഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും വഴി ഭാവിയിൽ കൂടുതൽ പേരിലേക്ക് ഈ സേവനം എത്തിക്കാൻ കഴിയും.

ഓരോ അമ്മയും പ്രിയമുള്ളൊരാളെ കൂട്ടി പ്രസവിക്കാൻ പോകട്ടെ, പ്രസവം ഓർക്കാനിഷ്ടമുള്ള അനുഭവമാകട്ടെ.

ഇന്‍ഫോ ക്ലിനിക്കിനുവേണ്ടി ഡോ പല്ലവി ഗോപിനാഥന്‍ തയ്യാറാക്കിയത്.


Next Story

Related Stories