TopTop

പെരിയാറിന്റെ കരയിലെ സായന്തനങ്ങള്‍ അഥവാ വ്യഥയെ ശമിപ്പിക്കുന്ന സ്വകാര്യമായ ഓര്‍മ്മചടങ്ങുകള്‍

പെരിയാറിന്റെ കരയിലെ സായന്തനങ്ങള്‍ അഥവാ വ്യഥയെ ശമിപ്പിക്കുന്ന സ്വകാര്യമായ ഓര്‍മ്മചടങ്ങുകള്‍

ദീര്‍ഘമായ എതിര്‍പ്പുകള്‍ക്കുശേഷം വിവാഹിതനായ ഒരു ചങ്ങാതി എനിക്കുണ്ടായിരുന്നു. പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രണ്ട് മതക്കാരായ അദ്ദേഹവും അയല്‍ക്കാരിയും പ്രണയത്തിലായത്. ഏറെ തടസങ്ങള്‍ക്കുശേഷം വിവാഹം കഴിക്കുകയും ചെയ്തു. രണ്ടു മക്കളും ജനിച്ചു. സ്വച്ഛവും സന്തോഷഭരിതവുമായ ജീവിതം. ഏത് ജീവിതത്തിലും സംഭവിക്കാറുള്ളതുപോലെ ഒറെ വിഷമതകള്‍ കുടുംബങ്ങളില്‍ നിന്നും മറ്റുമുണ്ടെയെങ്കിലും അവര്‍ തികഞ്ഞ മനപ്പൊരുത്തത്തോടെയും ഉല്ലാസത്തോടേയും അതിനെ നേരിട്ടു. പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ കുടുംബത്തെ ഒറ്റയ്ക്കാക്കി സുഹൃത്ത് മരണമടഞ്ഞു. വലിയ ആഘാതമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും.

നഗരത്തില്‍ തികഞ്ഞ ഔത്സുക്യത്തോടെ തിരക്കിട്ട് ഓഫീസിലേക്ക് പോയി കാണാറുള്ള അവര്‍ പിന്നീട് കൂടുതല്‍ ആലോചനമഗ്‌നയായി നടന്നുപോകുന്ന കാഴ്ച. ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്ന മിഴികള്‍. പൊടുന്നവെ ആക്രമിച്ച നര. പെരിയാറിനടുത്തായിരുന്നു അവരുടെ ഓഫീസ്. സായന്തനങ്ങളില്‍ ഓഫീസ് വിട്ടുവരുന്ന സമയത്ത് അവര്‍ കുറെ നേരം പെരിയാറിന്റെ തീരത്ത് അവര്‍ തനിച്ചിരുന്നു. സായന്തനത്തിലെ ആ കാഴ്ചകളുമായി അവര്‍ കൂട്ടായി. അതവര്‍ക്ക് കരുത്തായി. സായന്തനങ്ങള്‍ വരാനിരിക്കുന്ന പകല്‍ നല്‍കുന്ന ക്ലേശങ്ങളില്‍ നിന്നും പുറത്തുവരാനുള്ള ആയുധമാക്കി. അവര്‍ തന്നെ പിന്നീട് പറഞ്ഞു. ഇങ്ങനെ ഇരിക്കാനാകാത്ത ദിവസങ്ങള്‍ക്ക് ഭാരമേറും. എന്തോ ഒരു ശൂന്യതപോലെ. വല്ലാത്ത വിഷമതകള്‍ പകരുന്നു. സ്വകാര്യമായ ഒരിടം സായന്തനങ്ങള്‍ അവര്‍ക്കു നല്‍കി. അതവരെ കരുത്തയാക്കി.

ഓരോ മനസ്സും ദുഃഖങ്ങളെ തപിപ്പിക്കുന്നത് ഭിന്ന മാര്‍ഗങ്ങളിലാണ്. പലരും അതിനായി സ്വകാര്യമായ ഒരു ലോകം തന്നെ സൃഷ്ടിച്ചെടുക്കും. മറ്റു ചിലരാവട്ടെ പ്രാര്‍ഥനകള്‍, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവയെ മുറുകെ പിടിക്കും. ഓരോരുത്തരും അവരവരുടേതായി മാര്‍ഗം രൂപപ്പെടുത്തും. അതിനാവാത്തവരാവട്ടെ വലിയ സംഘര്‍ഷങ്ങളിലേക്ക് വീണുപോവുകയും മാനസികവും ശാരീരികവുമായ പലതരം രോഗാവസ്ഥകള്‍ക്കും അടിപ്പെടുകയും ചെയ്യും.

ദുഃഖങ്ങളെ കഴുകി വെടിപ്പാക്കാനുള്ള കരുത്ത് ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമുണ്ട്. വല്ലാതെ ദുഃഖത്തിലാണ്ട മനസ്സിനെ പവിത്രീകരിക്കാന്‍ പക്ഷെ ഉതകുക വലുതും സങ്കീര്‍ണങ്ങളുമായ ആചാരങ്ങളേക്കാളും സ്വകാര്യവും ഏകാന്തങ്ങളുമായ ഓര്‍മ്മ ചടങ്ങുകള്‍ക്കും മറ്റുമാണെന്ന് അമേരിക്കയിലെ സാന്റ ക്ലെയര്‍ സര്‍വകലാശാലയിലെ കൗണ്‍സലിംഗ് വിഭാഗം പ്രഫസര്‍ ഡോ. ഡേവിഡ് ബി. ഫെല്‍ഡ്മാന്‍ സൈക്കോളജി ടുഡെ മാസികയുടെ സെപ്റ്റംബര്‍ അവസാന ലക്കത്തില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും മനസ്സിന്റേയും ശരീരത്തിന്റേയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന പല ഹോര്‍മോണുകളുടേയും ഉത്പാദനത്തെ ഗുണകരമായി സ്വാധീനിക്കാനാകും ഉത്കണ്ഠയേയും ശരീരികമായ പല വേദനകളേയും ഇല്ലാതാക്കാനും അവയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറയുന്നു.

മിക്കവാറും എല്ലാ ചടങ്ങുകള്‍ക്കും പ്രതീകാത്മകമായ മാനമുണ്ടെന്നും ഡോ. ഡേവിഡ് ബി. ഫെല്‍ഡ്മാന്‍ ചൂണ്ടിക്കാണിക്കുന്നു. അത് തീര്‍ത്തും ഔപചാരികമായ ബിരുദദാന ചടങ്ങുപോലെയുള്ളതാണെങ്കില്‍ പോലും. വീഞ്ഞ് അത്താഴത്തിനു വിളമ്പുമ്പോള്‍ അത് ആമോദദായകമാണ്. എന്നാല്‍ അത്തരമൊരു ദൗത്യമല്ല പള്ളിയിലെ ചടങ്ങുകളില്‍ വീഞ്ഞിനുള്ളത്. ഒരേ വസ്തുവിന് തന്നെ പ്രതീകാത്മകമായ പല വിതാനങ്ങളില്‍ തന്നെ അര്‍ഥവും മാനവും വന്നുഭവിക്കുന്നു. അത് ആ തരത്തിലുള്ള സ്വാധീനതകള്‍ പ്രകടമാക്കുകയും ചെയ്യും. നാം തിരിച്ചറിയുന്നില്ലെങ്കില്‍ പോലും എല്ലാ ചടങ്ങുകളും തന്നെ പ്രതീകാത്മകമായ ധ്യാന്യാത്മകതയിലേക്ക് നമ്മെ കൊണ്ടുപോകുന്നുണ്ട്.

തീര്‍ത്തും സ്വകാര്യമായ ആചാരങ്ങളും ചടങ്ങുകളും സൃഷ്ടിച്ച് മനസ്സിനെ പ്രശാന്തമാക്കുന്ന ഒരു വിഭാഗം ആളുകളുണ്ടെന്ന കാര്യവും ഡോ. ഡേവിഡ് ബി. ഫെല്‍ഡ്മാന്‍ പറയുന്നു. ഇതൊരു സ്വകാര്യ കോഡുപോലെ അവര്‍ തന്നെ രൂപപ്പെടുത്തിയെടുക്കുന്നു. അവര്‍ക്കുമാത്രം മനസ്സിലാകുന്ന നിഗൂഢമായ ഒരു സാന്ത്വന ചികിത്സയായി അത് മാറിത്തീരുകയും ചെയ്യുന്നു. സാമൂഹികമായി സ്വീകരിക്കപ്പെട്ടതോ മതാത്മകമായതോ പരിചിതമായതോ അല്ലാത്ത, പൂര്‍ണമായും സ്വകാര്യമായ ആചാരങ്ങള്‍. ഫോട്ടോഗ്രാഫറായ തന്റെ സുഹൃത്തിന്റെ പിതാവിനെ കുറിച്ച് ഡോ. ഡേവിഡ് ബി. ഫെല്‍ഡ്മാന്‍ ലേഖനത്തില്‍ പറയുന്നുണ്ട്.

കാന്‍സര്‍ ബാധിതനായി ഫോട്ടോഗ്രാഫര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. പിന്നീട് മരണമടയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വേളയില്‍ മുതല്‍ ഫോട്ടോഗ്രാഫറുടെ പിതാവ് പതിവായി തന്റെ മകന് ഇഷ്ടപ്പെട്ട ഉള്‍വനത്തില്‍ പോയി ചിത്രങ്ങള്‍ എടുക്കുകയും അത് മകനെ കൊണ്ടുവന്ന് കാണിക്കുകയും ചെയ്യാറുണ്ടായിരുന്നു. മകന്റെ മരണശേഷവും അദ്ദേഹം ഈ യാത്രകള്‍ തുടര്‍ന്നു. വര്‍ഷത്തില്‍ നാലു വട്ടമെങ്കിലും ആ പിതാവ് മകനിഷ്ടമുള്ള നേച്ചര്‍ റിസര്‍വിലേക്ക് തീര്‍ഥയാത്ര നടത്തി. അകാലത്തില്‍ നഷ്ടപ്പെട്ട മകനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സ്വന്തമായിടത്തില്‍ തീര്‍ത്തും സ്വകാര്യമായി പുതുക്കുകയും ചെയ്തുപോന്നു. ഇത്തരം സ്വയം സൃഷ്ടിക്കപ്പെടുന്ന ആചാരങ്ങള്‍ വ്യക്തിതലത്തില്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന ഒന്നായി തീരുന്നു. എന്റെ ബന്ധുവിന്റെ ഭാര്യ പെരിയാറിന്റെ കരയിലെ സായന്തനങ്ങളില്‍ നിന്ന് ഊര്‍ജ്ജം തേടുന്നതുപോലെ ഈ പിതാവ് മറ്റൊരു മാര്‍ഗ്ഗമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള സ്വയം ശീലിപ്പിച്ചെടുക്കുന്ന കോപ്പിംഗ് മെക്കാനിസം ഉരുകുന്ന ഓരോ മനസ്സിനും താങ്ങായി തീരുന്നു.

ആചാരങ്ങള്‍ ഒരു പാട് തലങ്ങളിലാവാം. ജിവിച്ചിരിക്കാത്ത ഒരാളെ ഓര്‍മ്മിക്കുന്നതാവാം. അവര്‍ തുടങ്ങിവെച്ച ഒന്നിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതാകാം. ജീവിതഗതിയുടെ മാറ്റത്തെ ഓര്‍മ്മിപ്പിക്കുന്നതാവാം. സവിശേഷമായ ഒരു സംഭവഗതിയുടെ ഓര്‍മ്മയാകാം. അങ്ങനെ പലതിനേയും ദ്യോതിപ്പിക്കാന്‍ ആചാരങ്ങളും ചടങ്ങുകളും നടത്താം. ഇവ നിശ്ചിത ദിവസങ്ങളില്‍ മതാലയങ്ങളിലും ആത്മീയ കേന്ദ്രങ്ങളിലും അനുഷ്ഠിക്കുന്നതാകാം. തീര്‍ത്തും സ്വകാര്യമായി, ഒരു തരം ചിട്ടവട്ടങ്ങളും ഇല്ലാതെ സ്വകാര്യ ഇടങ്ങളില്‍ നടത്തുന്നതും ആകാം. എന്താവണമെന്നത് തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണ്. ഇതില്‍ ആരെയൊക്കെ പങ്കാളികളാക്കണമെന്നതും ഇത്തരത്തില്‍ തന്നെ നിശ്ചയിക്കപ്പെടേണ്ടതാണ്. എന്നാല്‍, മതപരമോ ആത്മീയമായതോ ആണ് ചടങ്ങുകള്‍ എങ്കില്‍ അതിന് നിയതമായ രീതിയൊക്കെ ഉണ്ടാകാം. അവയുടെ ദൗര്‍ഘ്യം അടക്കമുള്ള കാര്യങ്ങളും അങ്ങനെ തന്നെ.

ഇത്തരം കാര്യങ്ങള്‍ മനസ്സിന് ഒരു തുറവിയെ സമ്മാനിക്കുകയാണ് ചെയ്യുന്നതെന്ന് ഡോ. ഡേവിഡ് ബി. ഫെല്‍ഡ്മാന്‍ പറയുന്നു. മരണാനന്തരം ഓരോ വര്‍ഷവും ഓര്‍മ്മിക്കപ്പെടുമ്പോള്‍, രണ്ട് തലങ്ങളില്‍ അത് പ്രസക്തമാകുന്നു. ഓര്‍മ്മിക്കപ്പെടുന്ന വ്യക്തി ആദരിക്കപ്പെടുന്നു. ഓര്‍മ്മിക്കുന്ന വ്യക്തിസ്വത്വത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മതാത്മകമായ ചടങ്ങുകള്‍ കൂടുതല്‍ ഔപചാരികവും സങ്കീര്‍ണ്ണവും ആയിത്തീരുമ്പോള്‍ അതല്ലാത്ത സ്വകാര്യമായ ഓര്‍മ്മചടങ്ങുകള്‍ കൂടുതല്‍ ഹൃദ്യമായി തീരുന്നു. ലളിതമാകുന്നു. അര്‍ഥപൂര്‍ണവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories