TopTop
Begin typing your search above and press return to search.

കൊറോണ മൂലം മരിക്കുന്നത് കൂടുതലും പുരുഷന്മാര്‍; ഒഴിവാക്കാവുന്ന ദുരന്തം അവര്‍ ഇരന്നുവാങ്ങുകയാണ്

കൊറോണ മൂലം മരിക്കുന്നത് കൂടുതലും പുരുഷന്മാര്‍; ഒഴിവാക്കാവുന്ന ദുരന്തം അവര്‍ ഇരന്നുവാങ്ങുകയാണ്

നിങ്ങള്‍ പുക വലിക്കുന്നവരും മദ്യപാനികളുമാണോ? എങ്കില്‍ ഇതു രണ്ടും ചെയ്യാത്തവരേക്കാള്‍ കൂടുതലായി കൊറോണ വൈറസ് ബാധിക്കാനും മരിക്കാനുമുള്ള സാധ്യത കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊറോണ ബാധിച്ച് മരിച്ച രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത് സ്ത്രീകളേക്കാള്‍ വലിയ അളവില്‍ പുരുഷന്മാര്‍ മരിക്കുന്നതിനു കാരണം പുകവലി, മദ്യപാനം മുതലായ ആരോഗ്യ പ്രശ്‌നങ്ങളാണ് എന്നാണ്.

കോവിഡ്-19 എന്ന പുതിയ കൊറോണ വൈറസ് ബാധിച്ചവര്‍ നിലവില്‍ ഏറ്റവും കുടുതലുള്ളത് ഇറ്റലിയിലാണ്. അവിടെ കോവിഡ് ബാധിച്ചവരില്‍ 60 ശതമാനം പേരും പുരുഷന്മാരാണ്, അവരില്‍ 70 ശതമാനം പേരും മരിക്കുകയും ചെയ്തു എന്നാണ് രാജ്യത്തെ നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയയില്‍ ആകട്ടെ, കൊറോണ ബാധിച്ചവരില്‍ കൂടുതല്‍ സ്ത്രീകളാണ്. പക്ഷേ, മരിച്ചവരാകട്ടെ, 54 ശതമാനം പേരും പുരുഷന്മാരാണ്. വൈറ്റ് ഹൗസ് കൊറോണ വൈറസ് കോര്‍ഡിനേറ്ററായ ഡോ. ഡിബോറ ബിര്‍ക്‌സ് പറയുന്നത് ഇറ്റലിയിലെ കണക്കുകള്‍ കാണിക്കുന്നത് ഏതു പ്രായത്തിലുള്ളവരാണെങ്കിലും സ്ത്രീകളേക്കാള്‍ പുരുഷന്മാരുടെ മരണനിരക്ക് രണ്ടിരട്ടിയാണ് എന്നാണ്.

മാര്‍ച്ച് 20 വരെയുള്ള കണക്ക് അനുസരിച്ച് സിഎന്‍എന്‍ എത്തുന്ന നിഗമനം ഇങ്ങനെയാണ്: ഇറ്റലിയില്‍ കൊറോണ ബാധിച്ച് 10 സ്ത്രീകള്‍ മരിക്കുമ്പോള്‍ 24 പുരുഷന്മാരാണ് മരിക്കുന്നത്. ചൈനയില്‍ ഇത് 18 പുരുഷന്മാരും ജര്‍മനിയില്‍ 16-ഉം, ഇറാനിലും ഫ്രാന്‍സിലും 14-ഉം ദക്ഷിണ കൊറിയയില്‍ 12-മാണ്. പക്ഷേ, കൊറോണ ബാധിക്കുന്നതില്‍ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഈ രാജ്യങ്ങളില്‍ വലിയ വ്യത്യാസമില്ല എന്നും കാണാം. പക്ഷേ, മരണസംഖ്യ പുരുഷന്മാരില്‍ വലിയ തോതില്‍ കൂടുതലാണ്. പകര്‍ച്ചവ്യാധി മൂലം മരിക്കുന്ന സ്ത്രീ, പുരുഷന്മാരുടെ കണക്ക് വേര്‍തിരിച്ച് നല്‍കാന്‍ 2007 മുതല്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നുണ്ടെങ്കിലും മിക്ക രാജ്യങ്ങളും അത് പാലിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ഉദാഹരണത്തിന് ചൈനയിലെ കാര്യമെടുക്കുക. ഫെബ്രുവരി വരെ ചൈനയില്‍ കൊറോണ ബാധിച്ചവരില്‍ 1,009 പേരുടെ കണക്കെടുത്തപ്പോള്‍ ഇതില്‍ 173 പേര്‍ വലിയ അളവില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചവരാണ്. ഇതില്‍ 16.9 ശതമാനം പേരും നിലവില്‍ പുക വലിക്കുന്നവരും 5.2 ശതമാനം പേര്‍ നേരത്തെ പുകവലിച്ചിരുന്നവരുമാണ്. ചെറിയ തോതില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചവരിലാകട്ടെ, 11.8 ശതമാനം പേരും നിലവില്‍ പുകവലിക്കുന്നവരും 1.3 ശതമാനം പേര്‍ മുമ്പ് പുകവലിച്ചിരുന്നവരുമാണെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനെ ഉദ്ധരിച്ച് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനേക്കാള്‍ ഭയപ്പെടുത്തുന്ന ഒരു കാര്യവും പഠനത്തില്‍ പറയുന്നുണ്ട്. രോഗബാധ കൂടി വെന്റിലേറ്ററിലാക്കുകയോ ഐസിയുവില്‍ പ്രവേശിപ്പിക്കുകയോ അല്ലെങ്കില്‍ മരിക്കുകയോ ചെയ്തവരില്‍ 25.5 ശതമാനം പേരും നിലവില്‍ പുകവലിച്ചിരുന്നവരാണ്. പുകവലിക്കാത്തവരേക്കാള്‍ എല്ലാ വിധത്തിലുമുള്ള വൈറല്‍ ഇന്‍ഫെക്ഷന്‍ കൂടുതലായി പുകവലിക്കുന്നവരെ ബാധിക്കും. പുകവലിക്കുന്നവരില്‍ DPP4 എന്ന പ്രോട്ടീന്റെ അളവ് വളരെ കൂടുതലാണെന്നും ഇത് MERS (Middle-East Respiratory Syndrome - 2012-മുതല്‍ 21 രാജ്യങ്ങളില്‍ ബാധിച്ച കൊറോണ വൈറസ് ബാധ) കൊറോണോ വൈറസിനെ ശ്വാസകോശത്തിലേക്ക് കടത്തിവിടാന്‍ വലിയ തോതില്‍ കാരണമാകുന്നുവെന്നും ദക്ഷിണ കൊറിയയില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ്-19-ന്റെ കാര്യത്തിലാകട്ടെ, ശ്വാസകോശം, ഹൃദയം, കിഡ്‌നി തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രതലത്തില്‍ കാണുന്ന ACE2 എന്ന എന്‍സൈമാണ് ശ്വാസകോശ സെല്ലുകളിലേക്ക് വൈറസിനെ കടത്തിവിടുന്നത്. പുകവലിക്കുന്നവരില്‍ ACE2 വലിയ അളവില്‍ കോവിഡ്-19-നെ ശ്വാസകോശ സെല്ലുകളിലേക്ക് കടത്തിവിടും. അതുകൊണ്ടു തന്നെ കൊറോണ വൈറസ് ബാധ പുകവലിക്കാരില്‍ കൂടുതല്‍ ദോഷമുണ്ടാക്കുമെന്ന് മയോ ക്ലിനിക് കോളേജ് ഓഫ് മെഡിസിനിലെ മിന്നെസോട്ട ആന്‍ഡ് പ്രൊഫസര്‍ ഓഫ് മെഡിസിനിലുള്ള നിക്കോട്ടിന്‍ ഡിപ്പന്റന്‍സ് സെന്റര്‍ ഡയറക്ടര്‍ ജെ. ടെയ്‌ലര്‍ ഹെയ്‌സ് എം.ഡി പറയുന്നു.

പുകവലി നിര്‍ത്തുകയോ അല്ലെങ്കില്‍ കുറയ്ക്കുകയോ ചെയ്യുന്നവരില്‍ പോലും ശ്വാസകോശങ്ങള്‍ക്ക് ഉടനടി മാറ്റം വരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഹെയ്‌സ് പറയുന്നു. പുകവലിക്കുന്നവരില്‍ ശ്വാസകോശങ്ങള്‍ക്ക് വലിയ പരിക്കുകള്‍ ഇല്ലാത്തവര്‍ പുകവലി നിര്‍ത്തിയാല്‍ ശ്വാസകോശം വലിയ തോതില്‍ മെച്ചപ്പെടുകയും കോവിഡ്-19 ബാധിക്കാനുള്ള ശേഷി കുറയുകയും ചെയ്യും.

അതുപോലെ തന്നെയാണ് മദ്യപാനത്തിന്റെ കാര്യവും. തുടര്‍ച്ചയായി കൂടുതല്‍ അളവില്‍ കഴിക്കുന്ന മദ്യം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തകര്‍ക്കുകയും അത് ന്യൂമോണിയ ബാധയ്ക്ക് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ ന്യൂമോണിയ പലപ്പോഴും കോവിഡ്-19 ആയി മാറാനുള്ള സാധ്യതയുണ്ട് എന്നും കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ കൊറോണ ബാധിച്ചവരില്‍ 40 ശതമാനം പേരും 20 മുതല്‍ 54 വയസു വരെയുള്ളവരാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, ഏകാന്തത, ഡിപ്രഷന്‍ തുടങ്ങിയവ മദ്യത്തിന്റെ ഉപയോഗം കൂട്ടുന്നതിനും കാരണമാകുന്നുണ്ട്. അത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കൂടുതലായി തകര്‍ക്കുകയും കോവിഡ് ബാധിക്കാനുള്ള ശേഷിയെ കൂട്ടുകയും ചെയ്യുന്നു.

ആഗോള തലത്തില്‍ നോക്കിയാല്‍ 2015 വരെയുള്ള കണക്കുകള്‍ അനുസരിച്ച് സ്ത്രീകളേക്കാള്‍ അഞ്ചു മടങ്ങാണ് പുകവലിക്കുന്ന പുരുഷന്മാരുടെ എണ്ണം. അതുപോലെ തന്നെ സ്ത്രീകള്‍ കഴിക്കുന്ന മദ്യത്തേക്കാള്‍ അഞ്ചു മടങ്ങ് കൂടുതലാണ് പുരുഷന്മാര്‍ കഴിക്കുന്നതും. അതുകൊണ്ടു തന്നെ കൊറോണ പോലുള്ള വൈറസുകള്‍ കൂടുതലായി ബാധിക്കുന്നത് പുരുഷന്മാരിലാണെന്നും മരണസംഖ്യ കൂട്ടാന്‍ ഇതിടയാക്കുമെന്നും ടെക്‌സാസ് മക്ഗവേണ്‍ മെഡിക്കല്‍ സ്‌കൂളിലെ സ്‌പെഷ്യലിസ്റ്റ് ഡോ. ഓസ്‌ട്രോസ്‌കി-ഷീഷ്‌നെര്‍ പറയുന്നു. ഗര്‍ഭപാത്രം ഉള്ളതിനാല്‍ സ്ത്രീകളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ അവര്‍ക്ക് കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നുണ്ട് എന്ന ആനുകൂല്യവുമുണ്ട്. അതുപോലെ ഹൃദയസംംബന്ധമായ അസുഖങ്ങളും രക്തസമ്മര്‍ദ്ദവും കൂടുതലുള്ളതും പുരുഷന്മാരിലാണ്. അതിന്റെ പ്രധാന കാരണങ്ങള്‍ അനാരോഗ്യകരമായ ജീവിതശൈലിയും, പുകവലി, മദ്യപാനം തുടങ്ങിയവയുമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പുകവലിക്കാര്‍ കൂടുതലും പുരുഷന്മാര്‍ ആയതു കൊണ്ടു തന്നെ അവരുടെ ശ്വാസകോശത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലം കൊറോണ വൈറസ് അവരെ കൂടുതലായി ബാധിക്കാന്‍ സാധ്യതയുണ്ട്. അത് പുകവലിക്കുന്നവരേക്കാള്‍ കൂടുതലാകുന്നു എന്നതുകൊണ്ടാണ് മരണസംഖ്യയും ഉയരുന്നത് എന്ന് മാത്രം.

"പലരും പുകവലി നിര്‍ത്താന്‍ ശ്രമിക്കുകയും കുറച്ചൊക്കെ വിജയിക്കുകയോ അല്ലെങ്കില്‍ കുറച്ചു കാലത്തേക്കെങ്കിലും നിര്‍ത്തുകയോ ചെയ്യുന്നതില്‍ വിജയിക്കുന്നുണ്ട്. ചിലര്‍ അതിലേക്ക് തന്നെ മടങ്ങി വരികയും ചെയ്യുന്നു. എനിക്കറിയാം, ഇതൊരു താത്കാലിക ആശ്വാസത്തിന് വേണ്ടിയാണ് എന്ന്. പ്രത്യേകിച്ച് ഇതുപോലുള്ള വലിയ ഉത്കണ്ഠകളുള്ള സമയത്ത്. പക്ഷേ, എനിക്ക് പറയാനുള്ളത്, മറ്റു മാര്‍ഗങ്ങള്‍ കൂടി ഒന്ന് ശ്രമിച്ചു നോക്കൂ. നിലവിലുള്ള ജീവിതരീതികള്‍ ഒന്ന് മാറ്റാന്‍ പറ്റുന്ന സമയം കൂടിയാണ് ഇത്. എന്തിനേറെ, കുറച്ചു കാലത്തേക്കെങ്കിലും പുകവലി നിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ ശ്വാസകോശത്തെ വലിയ തോതില്‍ മെച്ചപ്പെടുത്തും. ഈ കൊറോണ കാലം അതിനുള്ള ഒരു അവസരവും കൂടിയാണ്. ഒന്നു ശ്രമിച്ചു നോക്കൂ"- ഹെയ്‌സ് പറയുന്നു.


Next Story

Related Stories