TopTop

കാക്കയെ എങ്ങനെ ഓടിക്കാം?

കാക്കയെ എങ്ങനെ ഓടിക്കാം?

കാക്കയെ എങ്ങനെ ഓടിക്കാമെന്നത് ഇനിയും കാര്യക്ഷമമായ പരിഹാരം കിട്ടിയിട്ടില്ലാത്ത പുരാതനമായ ഒരു പ്രശ്നമാണ്. കാക്കയെക്കൊണ്ട് നിരവധി ഉപകാരങ്ങളുണ്ടാകാമെങ്കിലും അവ ചിലരുടെയെങ്കിലും തലയിൽ തൂറുന്നു. ഇതുണ്ടാക്കുന്ന അസ്വസ്ഥത വളരെ വലുതാണ്. കാക്കയെ വംശനാശം വരുത്തി രക്ഷ നേടാമെന്ന് ആരും കരുതേണ്ടതില്ല. അങ്ങേയറ്റത്തെ അതിജീവനശേഷിയുണ്ട് കാക്കകൾക്ക്. എങ്ങനെയാണ് കാക്കയെ അകറ്റി നിർത്തുക? മനുഷ്യരാശിയുടെ അനുഭവങ്ങളിൽ നിന്നുരുത്തിരിഞ്ഞ പരിഹാരങ്ങൾ വിവരിക്കുകയാണ് താഴെ.

വീടിനു ചുറ്റും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യം. മാംസം കഴുകിയ വെള്ളവും മീൻ കഴുകിയ വെള്ളവും അലക്ഷ്യമായി പറമ്പിലേക്ക് ഒഴിക്കരുത്. കാക്കകൾ വീട്ടിൽ നിന്ന് ഒരിക്കലും മാറില്ല. കഞ്ഞിവെള്ളവും അലക്ഷ്യമായി പുറത്തേക്ക് ഒഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഇതോടൊപ്പം പുറന്തള്ളപ്പെടുന്ന വറ്റുകൾ കാക്കകളെ ഹഠാദാകർഷിക്കുന്നു.

സ്വന്തം വീട് വൃത്തിയായി സൂക്ഷിച്ചാൽ കാക്ക വരാതിരിക്കുമോ? ഇല്ല. അടുത്തുള്ള വീട്ടുകാരും സമാനമായ ജാഗ്രത പുലർത്തണം. ഇത് എപ്പോഴും പ്രായോഗികമല്ല. അയൽവീട്ടുകാരെ വൃത്തി പഠിപ്പിക്കാൻ പോയാൽ അത് കലഹങ്ങളില്‍ അവസാനിക്കാനും സാധ്യതയുണ്ട്. വൃത്തി പാലിക്കേണ്ട സന്ദർഭങ്ങളെ മനുഷ്യർ എപ്പോഴും പ്രതിരോധിച്ചു കൊണ്ടിരിക്കും. നമുക്കിടയിൽ ഏറ്റവുമധികം പരിഹസിക്കപ്പെടുന്ന കഥാപാത്രങ്ങളിലൊരാൾ വൃത്തിയുള്ളയാളായിരിക്കുമെന്നത് ശ്രദ്ധിച്ചിരിക്കും.

അപ്പോൾ എന്തു ചെയ്യും?

കാക്കയെ പോടിപ്പിക്കുന്ന രൂപങ്ങൾ ഉണ്ടാക്കി വെക്കുക ഒരു വഴിയാണ്. വയലുകളിലും മറ്റും കാണാറുള്ളതു പോലത്തെ സാധനം. പക്ഷെ, ഇവയുടെ ഒരു പ്രശ്നം, കുറച്ചുദിവസങ്ങൾക്കുള്ളിൽ കാക്കകൾ ഇവയോട് സൗഹൃദം സ്ഥാപിക്കുമെന്നതാണ്. ദിവസങ്ങൾ ചെല്ലുമ്പോൾ ഇവയുടെ തലയിൽ കേറിയിരുന്ന് കാക്കകൾ തൂറുന്നത് നമുക്ക് കാണാം.

കാസറ്റിന്റെ ഓല കാക്ക വരുന്നിടത്ത് ചുറ്റി വെക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ഇപ്പോൾ ഇവ കിട്ടാൻ വഴിയുണ്ട്. ഓൺലൈൻ സ്റ്റോറുകളിൽ കാക്കകളെ ഓടിക്കുക എന്ന ഉദ്ദേശ്യം മുൻനിർത്തി ഇവ വിൽപ്പനയ്ക്കുണ്ട്.

മറ്റൊന്ന് അനങ്ങിക്കൊണ്ടിരിക്കുന്ന കിളികളുടെ രൂപങ്ങൾ തൂക്കിയിടുക എന്നതാണ്. പ്രത്യേകിച്ച് മൂങ്ങയുടെ രൂപം. ഇവ കാക്കകളെ പേടിപ്പിക്കും. അടുക്കാൻ മടിക്കും.

പറമ്പിൽ അവിടവിടെ കണ്ണാടികൾ വെക്കുന്നതും ഉപകാരപ്രദമാണ്. സിഡികളും ഇതിനായി ഉപയോഗിക്കാം. പലയിടങ്ങളിൽ തൂക്കിയിടുക. കാക്കകൾക്ക് തിളക്കമുള്ള യാതൊന്നിനെയും ഇഷ്ടമല്ല. ഇത് അവരുടെ എക്കാലത്തെയും പ്രശ്നമാണ്. ഇത് മുന്നില്‍ക്കണ്ട് നടത്തുന്ന പ്രതിരോധപ്രവർത്തനം ഫലം കാണും. ഇതിന് സിഡികളും കണ്ണാടികളും മാത്രം പോരാ. തിളങ്ങുന്ന മാലകളും മറ്റും അലങ്കാരപ്പണികൾക്കായി നാം ഉപയോഗിക്കാറുണ്ടല്ലോ. ഇവ വാങ്ങി പലയിടങ്ങളിലായി തൂക്കിയിടണം. കാക്ക അടുക്കില്ല, കട്ടായം. ശ്രദ്ധിക്കുക, പലയിടങ്ങളിൽ തൂക്കണം. കൂടാതെ ഒരു രണ്ട് മാസം കൂടുമ്പോഴെങ്കിലും പുതിയ. തിളങ്ങുന്ന മാലകൾ വാങ്ങി തൂക്കുകയും വേണം. കാക്കകൾ സാഹചര്യങ്ങളോട് എളുപ്പത്തില്‍ ഇണങ്ങുന്നവയാണ്. അതുകൊണ്ട്, സൗഹാർദ്ദരഹിതമായ സാഹചര്യങ്ങൾ നമ്മൾ പുതുതായി സൃഷ്ടിച്ചു കൊണ്ടേയിരിക്കണം. നിങ്ങളുടെ വീട്ടിൽ കാക്ക കേറാതിരിക്കട്ടെ, ആരെയും കാക്ക കൊത്താതിരിക്കട്ടെ.


Next Story

Related Stories