ഹൃദ്രോഗവും മാനസികാരോഗ്യവും തമ്മില്‍ ഇഴപിരിയാത്ത ബന്ധമുണ്ട്. കടുത്ത വൈകാരിക വിക്ഷോഭങ്ങള്‍ നിരന്തരമായി അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഇത് സംബന്ധിച്ച് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രശാന്തവും ഊഷ്മളവുമായ മാനസിക തലം ഉണ്ടാക്കുക എന്നത് ആരോഗ്യത്തോടുകൂടി ജീവിക്കുന്നതിന് അനിവാര്യമാണ്. എപ്പോഴും പ്രസാദാത്മകമായ മനോനിലയോടെ ജീവിക്കാന്‍ വലിയ തോതില്‍ മത്സരാധിഷ്ഠിതമായ ഇക്കാലത്ത് വലിയ വിഷമം തന്നെ. എന്നാലും ജീവിതത്തെ കഴിയുന്നത്ര പ്രസാദാത്മകമാക്കി തീര്‍ക്കാന്‍ എല്ലാവരും ശ്രമിക്കണം.
മാനസിക പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഹൃദ്രോഗബാധയ്ക്കു പലവിധ കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇവരില്‍ നല്ല പങ്കും പുകയില ഉപയോഗിക്കുന്നവരായിരിക്കും. വിഷാദ രോഗികളില്‍ ഹൃദയസ്പന്ദന നിരക്കിലുണ്ടാകുന്ന വ്യതിയാനങ്ങളും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ കാണിക്കുന്ന അശ്രദ്ധയും ഹൃദ്രോഗത്തിനു കാരണങ്ങളാകാറുണ്ട്. അമിതമായ ആകാംക്ഷയും ഹൃദയാരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്നു. ഹൃദയാഘാതാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ഇത്തരക്കാരില്‍ വര്‍ധിച്ചുവരുന്നതായി കാണാം. ഹൃദ്രോഗം മൂലമുള്ള മരണനിരക്കും കടുത്ത ആകാംക്ഷയുള്ളവരില് അഞ്ചു മടങ്ങുവരെ വര്ധിയ്ക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.
മാത്സര്യബുദ്ധിയുള്ളവരുടേയും വിഷാദ രോഗികളുടേയും ഒക്കെ ഹൃദയാരോഗ്യം ദുര്‍ബലമായിരിക്കും. ഹൃദ്രോഗമുള്ളവരില്‍ വിഷാദം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മരണസാധ്യത നാലു മടങ്ങുവരെ വര്‍ധിപ്പിക്കും. അതുപോലെ ലഘുഹൃദയാസ്ഥസ്ഥതയായ അന്‍ജൈന ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ വിഷാദം ശക്തമായ ഹൃദയാഘാത സാധ്യത സൃഷ്ടിക്കുന്നതായി വിദഗ്ദ്ധന്മാര് ചൂണ്ടിക്കാണിക്കുന്നു. ആഴത്തിലുള്ള നൈരാശ്യം ഹൃദയാഘാതത്തിനുശേഷം രോഗി സുഖം പ്രാപിക്കുന്നതിനെ തന്നെ പ്രതികൂലമായി ബാധിക്കാറുമുണ്ട്.
്അസ്വസ്ഥ ചിത്തങ്ങളുടെ സൃഷ്ടികളായ കോപവും വെറുപ്പുമൊക്കെ ഹൃദയാരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ഇത്തരക്കാരില്‍ വര്‍ധിച്ച തോതില്‍ കാണപ്പെടുന്ന രക്തസമ്മര്‍ദ്ദവും ഹൃദയസ്പന്ദന നിരക്കിലുള്ള വ്യത്യാസങ്ങളും ആയിരിക്കും പലപ്പോഴും ഹൃദ്രോഗത്തിനു കാരണമായിത്തീരുക. അതോടൊപ്പം തന്നെ സ്വയം നിയന്ത്രിത നാഡീവ്യാഹത്തിന്റെ അമിത പ്രതികരണങ്ങളും അസന്തുലിതാവസ്ഥയും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പെട്ടന്ന് കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങളിലും വൈകാരിക വിക്ഷോഭങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തരത്തില്‍ മരിച്ചവരില്‍ 20 ശതമാനത്തില്‍ പരം ആളുകളിലും കഠിനമായ മാനസിക സമ്മര്‍ദ്ദത്തിന്റെ ചരിത്രമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
അമിത രക്ത സമ്മര്‍ദ്ദം മാനസിക പ്രശ്നങ്ങളുള്ളവരില്‍ സാധാരണയാണ്. രക്തസമ്മര്‍ദ്ദം അധികരിക്കുന്നതിനും നിയന്ത്രണാതീതമാകുന്നതിനും അസ്വസ്ഥചിത്തം വലിയ പങ്കുവഹിക്കുന്നു. അഡ്രിനാലിന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകള്‍ കൂടുന്നതാണ് ഇതിനൊരു കാരണം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒന്നാം സ്ഥാനത്ത് എത്തണമെന്ന് ശഠിക്കുന്നവരില്‍ ഏറിയ പങ്കും നിരന്തരം കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നു. പ്രവര്‍ത്തന രംഗങ്ങളിലെല്ലാം പുലര്‍ത്തുന്ന കര്‍ശന നിയന്ത്രണങ്ങളും സന്ധിയില്ലാത്ത സമീപനങ്ങളും ഇവരെ കടുത്ത സമ്മര്‍ദ്ദങ്ങളുടെ ചുഴിയിലേക്ക് എടുത്തെറിയുകയാണ് ചെയ്യുന്നത്. അശാന്തമായ ജീവിതാവസ്ഥകള്‍ ഇവരെ ഒടുവില്‍ ഹൃദ്രോഗികളാക്കി മാറ്റുകയും ചെയ്യും.