ചെറിയ കാലുകളുള്ള, ഉയരം കുറഞ്ഞ ഒരു കൂട്ടുകാരനുണ്ടായിരുന്നു സ്കൂളില്‍. ഉയരക്കുറവും, കാലിന്റെ ആകൃതിയിലുള്ള പ്രത്യേകതകളും കാരണം അവന് സാധാരണ ബസില്‍ ഒന്നും ഒറ്റയ്ക്ക് കയറാന്‍ സാധിക്കില്ലായിരുന്നു. എന്നും സ്കൂളിലേക്ക് വരുമ്പോഴും, വൈകിട്ട് തിരിച്ചു പോകുമ്പോഴും കൂട്ടുകാരാരെങ്കിലും എടുത്ത് പൊക്കി ബസ്സില്‍ കയറാന്‍ സഹായിക്കും. സ്കൂളില്‍, രണ്ടാം നിലയില്‍ ഉള്ള കംപ്യുട്ടര്‍ ലാബില്‍ സ്റ്റെപ് കയറി എത്തിപ്പെടണമെങ്കിലും അവനു ആരുടെയെങ്കിലും സഹായം വേണം. ഓരോ ദിവസവും ഓരോ ചെറിയ കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതാണ് ഏറ്റവും വിഷമമുള്ള കാര്യം എന്നു അവന് ഇടക്കിടെ പറയുമായിരുന്നു.
സ്കൂള്‍ ഒക്കെ വിട്ടതിനു ശേഷം, ബാംഗ്ളൂര്‍ ഡേയ്സ് സിനിമ കണ്ടപ്പോഴാണ് വീണ്ടും ആ കൂട്ടുകാരനെ കുറിച്ചു ഓര്‍ക്കുന്നത്. അതില്‍ സെറ എന്ന പാര്‍വതി അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍ക്കുന്നുണ്ടോ ? സെറ യ്ക്ക് ഉള്ളത് പോലെ, ഇലക്ട്രിക്ക് വീല്‍ ചെയറും നമ്മുടെ നാട്ടില്‍ ലോ ഫ്ലോര്‍ ബസുകളും, ബസിലേക്ക് കയറാനുള്ള റാമ്പും, രണ്ടാം നിലയിലേക്ക് ലിഫ്റ്റും
ഒക്കെ ഉണ്ടായിരുന്നെങ്കില്‍ ആ കൂട്ടുകാരനും, ആരെയും ആശ്രയിക്കാതെ കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.
'ഭിന്നശേഷി' എന്ന വാക്ക് ഏവരും കേട്ടിട്ടുണ്ടാകും. ശാരീരികമോ,മാനസികമോ, ബുദ്ധിപരമോ ആയ ഘടനയിലോ, പ്രവര്‍ത്തനങ്ങളിലോ, വളര്‍ച്ചയിലോ ഉള്ള വ്യത്യാസങ്ങള്‍ കാരണം സാമൂഹിക പങ്കാളിത്തത്തില്‍ വരുന്ന സ്വാഭാവിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളെയാണല്ലോ ഭിന്നശേഷിക്കാര്‍ എന്നു വിളിക്കുന്നത്. ഒരു ലളിതമായ ഉദാഹരണം പറയാം. ഒരു പൊതു സ്ഥാപനം ധാരാളം പടിക്കെട്ടുകള്‍ കയറി എത്തുന്ന ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സ്ഥാപിക്കുന്നത്, 'പൊതു'ജനത്തിന് സ്റ്റെപ് കയറി മുകളില്‍ എത്താന്‍ പറ്റും എന്നു ചിന്തിക്കുന്നത് കൊണ്ടാണ്. അതേ സമയം ഇവിടെയുള്ള ജന്മനായോ പിന്നീടോ കാലുനഷ്ടമായവരെ, കാലിനു തളര്‍ച്ച വന്നവരെ, മറ്റു പല ശാരീരിക കാരണങ്ങളാല്‍ സ്റ്റെപ്പുകള്‍ കയറാന്‍ പറ്റാത്തവരെയൊക്കെ അറിഞ്ഞോ അറിയാതെയോ നമ്മള് പൊതുജനത്തിന്റെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി നിര്‍ത്തി. അത് കൊണ്ട് തന്നെ ഇത്തരം ഭിന്നതകളുള്ളവരെ കൂടി ഉള്‍കൊള്ളാനുള്ള മനസ്ഥിതിയുടെ വൈകല്യമാണ് നമ്മള് വൈകല്യം എന്ന് തിരിച്ച് ആരോപിക്കുന്നത്.
ഭിന്നശേഷിയുടെ കാരണങ്ങള്‍ ജന്മനാ ഉള്ളത്, വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഉണ്ടാകുന്നത് എന്നിങ്ങനെ പൊതുവില്‍ രണ്ടായി പറയാം .
ഇതു കൂടാതെ,
_ ശാരീരികമായ ഭിന്നശേഷി അതായത് എല്ലുകളുടെയോ പേശികളുടെയോ ഘടനയിലും, വളര്‍ച്ചയിലുമുള്ള വ്യതിയാനങ്ങള്‍, ശരീരത്തിന്റേയോ കൈകാലുകളുടെയോ നീളത്തിലുള്ള വ്യതിയാനങ്ങള്‍,
_ കാഴ്ച, കേള്‍വി എന്നിവയുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍, ഉദാ: കാഴ്ചക്കുറവ്, കാഴ്ചയില്ലാതിരിക്കുക, ബധിരത
_ബുദ്ധിപരമായ സവിശേഷതകളും, വ്യത്യാസങ്ങളും
ഗ്രാഹ്യപരമായ
_ആശയവിനിമയം, സംവേദനം, ഓര്‍മ്മ എന്നിവയിലുള്ള ഏറ്റക്കുറച്ചിലുകള്‍. ഉദാ: നന്നായി കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കാന്‍ കഴിവുള്ള കുട്ടിക്ക് എഴുതാനും അക്ഷരങ്ങള്‍ മനസ്സിലാക്കാനുമുള്ള പ്രയാസം.
_ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലുമുള്ള വ്യത്യാസങ്ങള്‍
_ അസുഖങ്ങള്‍ മൂലമുള്ള പരിമിതികള്‍, ആരോഗ്യപ്രശ്നങ്ങള്‍
_ അപകടങ്ങള്‍ വഴിയുണ്ടായ പരിമിതികള്‍
എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു. 21 തരം ഭിന്നശേഷികളെ ആണ് 2016 ലെ ഭിന്നശേഷി അവകാശ നിയമം പരിഗണിക്കുന്നത്.
ഹെലന് കെല്ലര്‍ എന്ന പേര് കേട്ടിട്ടുണ്ടോ ? അന്ധയും മൂകയും ബധിരയുമായ പെണ്‍കുട്ടിയായിരുന്നു ഹെലന് കെല്ലര്‍. പക്ഷെ സ്വപ്രയത്നവും കഠിനാധ്വാനവും കൊണ്ട് പരിമിതികള്ക്കിടയില് നിന്നും സാഹിത്യത്തിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്കാന് ഹെലന് സാധിച്ചു. ഹെലന് കെല്ലറുടെ പ്രശസ്തമായ വാക്കുകളുണ്ട്. 'അന്ധത എന്നെ ഈ ഭൂമിയിലെ വസ്തുക്കളില്‍ നിന്നുമകറ്റി. എന്നാല്‍ ബധിരത എന്നെ വ്യക്തികളില്‍ നിന്നും ഈ ലോകത്തില്‍ നിന്നു തന്നെയും അകറ്റി.'
ഒരു വ്യക്തിയെ അവന്റെ ചുറ്റുപാടുകളുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നതില്‍ കേള്‍വിക്ക് പ്രധാന പങ്കുണ്ട്. അത് കൊണ്ട് തന്നെകുട്ടികളിലെ ശ്രവണ വൈകല്യങ്ങള്‍ എത്രയും നേരത്തെ കണ്ടു പിടിക്കണം. ശ്രവണ സഹായികള്‍, കോക്ലിയാര്‍ ഇമ്പ്ലാന്റേഷന് സര്‍ജറികള്‍ എന്നിങ്ങനെ ബധിരതയില്‍ നിന്നും പുറത്ത് കടക്കാനുള്ള വഴികള്‍ പലതുണ്ട്. ഇത്തരം പദ്ധതികള്‍ പലതും സൗജന്യമായി ലഭിക്കുന്നുമുണ്ട്.
യുണൈറ്റഡ് നേഷന്‍സ് 1992 മുതല്‍ ഡിസംബര്‍ 3, ഭിന്നശേഷിയുള്ളവരുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. ഭൗതികവും, സാങ്കേതികവും, സമീപന പരവുമായ തടസ്സങ്ങള്‍ നീക്കി ഭിന്നശേഷിയുള്ളവരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവി നമുക്കും പ്രാപ്യമാണ് എന്നതാണ് ഇത്തവണ ഭിന്നശേഷിയുള്ള ജനതയുടെ അന്താരാഷ്ട്ര ദിനത്തിന്റെ മുദ്രാവാക്യം.
എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദ മാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭിന്നശേഷി അവകാശനിയമം-2016 നിഷ്കര്‍ഷിക്കുന്നുണ്ട്. അതിനായി 2016 മാര്‍ച്ച് മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നഗരവികസന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നും നിയമം അനുശാസിക്കുന്നു.
നമ്മുടെ വാഹനങ്ങള്‍ 2016-ലെ കേന്ദ്ര ബസ് ബോഡി കോഡ് പാലിച്ചിരിക്കണം നിര്‍മ്മിക്കേണ്ടത്. ഇന്നും രാജ്യത്തെ ബസ്സുകളില്‍ 12 ശതമാനം മാത്രമേ ഭിന്നശേഷിയുള്ളവര്‍ക്ക്, വിശിഷ്യാ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നതായുള്ളൂ എന്നത് സങ്കടകരമാണ്. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ദൃശ്യശ്രാവ്യ ഭിന്നശേഷിയുള്ളവര്‍ക്ക് പ്രാപ്യമാകുന്നതിന് ഇന്ത്യ ഗവണ്മെന്റ് വെബ്സൈറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വെബ്സൈറ്റ് നിര്‍മ്മിക്കണമെന്നും ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്നു. ആക്സസിബിലിറ്റി സ്റ്റാന്‍ഡേര്‍ഡ് പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് അനുമതി നല്കാന് പാടില്ല. കൂടാതെ ഇത്തരം കെട്ടിടങ്ങള്‍ക്ക് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ ആളുകളെ താമസിക്കാന്‍ അനുവദിക്കുവാനോ നിയമപ്രകാരം പാടുള്ളതല്ല.
ഭിന്നശേഷിയുള്ളവരുടെ അവകാശ നിയമപ്രകാരം ഈ നിയമം (2016) വന്ന് അഞ്ചുവര്‍ഷത്തിനകം എല്ലാ പൊതുകെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദം ആകേണ്ടതുണ്ട്.
എങ്ങനെയാണ് ഒരു ബില്‍ഡിംഗ് അല്ലെങ്കില്‍ ഒരു സംവിധാനം ഭിന്നശേഷിയുള്ളവര്‍ക്ക് പ്രാപ്യമായതാണ് എന്ന് നാം മനസ്സിലാക്കുക?
Access Audit അഥവാ പ്രാപ്യത പരിശോധന നടത്തുകയാണ് ഇത് അറിയാന്‍ ഉള്ള ഒരു മാര്‍ഗം. നിലവിലുള്ള ബില്‍ഡിങ്ങില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നവരും ഭാവിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളവരുമായ, ഭിന്നശേഷിയുള്ളവരും അല്ലാത്തവരുമായ വ്യത്യസ്ത പ്രായത്തിലും ആരോഗ്യസ്ഥിതിയിലുമുള്ള വ്യക്തികള്‍ക്കു വേണ്ടി എന്തെല്ലാം മാറ്റങ്ങള്‍ വേണമെന്ന് പരിശോധിക്കുകയും മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ആണ് പ്രാപ്യതാ ഓഡിറ്റിങ്ങിന്റെ ഉദ്ദേശം. കെട്ടിടങ്ങളിലെ തടസ്സങ്ങള്‍ മനസ്സിലാക്കുകയും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയാണ് ഓഡിറ്റിങ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ഈ വിഷയത്തില്‍ സാമൂഹിക അവബോധം വര്‍ധിപ്പിക്കുകയും അതിനായി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന് ഓഡിറ്റിങ് സഹായകമാണ്.
ഈ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരീക്ഷണങ്ങള്‍, അളവുകള്‍, രൂപരേഖകള്‍, ബില്‍ഡിംഗിന് അകവും പരിസരവും വ്യക്തമാക്കുന്ന ഫോട്ടോഗ്രാഫുകള്‍ എന്നിവയും കെട്ടിടത്തില്‍ നിന്നും ലഭിക്കുന്ന സേവനവും വിവരിക്കാറുണ്ട്.
National Building Code-2017, കേന്ദ്ര നഗര കാര്യ മന്ത്രാലയം പുറത്തിറക്കിയ
CPWD മാനദണ്ഡങ്ങള്‍2016, 2014 ഇല് CPWD തന്നെ പുറത്തിറക്കിയ ഹാന്‍ഡ് ബുക്ക്, ഭിന്നശേഷി അവകാശനിയമം 2016 എന്നിവയാണ് ഇന്ത്യയില്‍ പ്രാപ്യതാ പരിശോധനയ്ക്ക് മാനദണ്ഡമാക്കുന്നത്.
നമ്മുടെ നാട്ടിലെ വ്യാപകമായ ഒരു ധാരണ റാമ്പുകള്‍ ആയാല്‍ കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദം ആയി എന്നാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മിച്ച റാമ്പുകള്‍ ആവശ്യം തന്നെ. എന്നാല്‍ അതുമാത്രം പോര, ചലനപരമോ കാഴ്ച കേള്‍വി എന്നിവയിലോ ഒക്കെയുള്ള പ്രയാസങ്ങള്‍ ഉണ്ടായിരിക്കെ ഒരു കെട്ടിടത്തില്‍ കഴിയുന്നത്ര പരസഹായം ഇല്ലാതെ പോകുവാനും അവിടെ ഉദേശിച്ച ന്യായമായ കാര്യം സാധിക്കുവാനും ഒരു വ്യക്തിക്ക് സാധിക്കുമ്പോള്‍ മാത്രമേ ആ കെട്ടിടം ഭിന്നശേഷി സൗഹൃദമാകുന്നുള്ളൂ.
അഥവാ ഭിന്നശേഷി സൗഹൃദ സമൂഹത്തിന്റെ പരിച്ഛേദം ആകണം ഭിന്നശേഷി സൗഹൃദ കെട്ടിടം.
ഏതൊരു കെട്ടിടവും ഭിന്നശേഷിയുള്ള വ്യക്തിക്ക് പ്രാപ്യം ആകുന്നതിന് താഴെ പറയുന്ന ആറു അടിസ്ഥാന സംഗതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
1) കെട്ടിട മുറ്റത്തെ പ്രവേശനം തടസ്സരഹിതമാകുക:-
പാര്‍ക്കിംഗ്, അകത്തേക്കും പുറത്തേക്കുമുള്ള വഴികള്‍ തുടങ്ങിയവയില്‍ സൈന്‍ ബോര്‍ഡുകളും ലൈറ്റിംഗും സ്ഥാപിക്കുക.
വഴിയോരങ്ങളിലെയും മുറ്റത്തെയും ഇരിപ്പിടങ്ങളും മറ്റു ഫര്‍ണിച്ചറുകളും അടക്കം ഭിന്നശേഷി സൗഹൃദം ആകേണ്ടതുണ്ട്.
2) കെട്ടിടത്തിനകത്തുള്ള വഴികളും സൗകര്യങ്ങളും തടസ്സരഹിതമാകുക:-
കെട്ടിടത്തിനകത്തെ പടികള്‍, റാംപുകള്‍, വാതിലുകള്‍, റിസപ്ഷന് ഏരിയയിലെ ഇരിപ്പിടങ്ങള്‍ ഡെസ്കുകളും വെളിച്ചവിന്യാസം എല്ലാം ഭിന്നശേഷി സൗഹൃദമായി ക്രമീകരിക്കണം.
3) കെട്ടിടത്തിലെ ചുറ്റുപാടുകള്‍ തടസ്സരഹിതമാകുക:-
മാര്‍ഗ്ഗരേഖകള്‍ സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുക.
വരാന്തകള്‍ മറ്റു വഴികള്‍ എന്നിവ വീല്‍ചെയര്‍ സൗഹൃദം ആകുക.
ചുമരില്‍ വഴികാണിക്കുന്ന രൂപത്തില്‍ കളര്‍ കോഡുകള്‍ നല്‍കുക.
ടൈലുകള്‍ കാഴ്ചാ പരിമിതികള്‍ ഉള്ളവര്‍ അറിയുന്ന രീതിയില്‍ വ്യത്യസ്ത രൂപത്തിലോ കനത്തിലോ പാകുക.
മുകളിലെ നിലകളില്‍ പ്രവേശിക്കുന്നതിന് റാമ്പുകളും ലിഫ്റ്റുകളും ഒരുക്കുക എന്നിവ ഇതില്‍ പ്രധാനമാണ്.
4) കെട്ടിടത്തിനകത്തെ സൗകര്യങ്ങള്‍ പ്രാപ്യമാകുക:-
ശുചിമുറികള്‍, ചെയ്ഞ്ചിങ് റൂമുകള്‍, ബാത്ത്റൂം സൗകര്യങ്ങള്‍, മെസ്സ്, ബാര്‍, വാഷ് ബേസിന് തുടങ്ങിയ സൗകര്യങ്ങള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ സാധിക്കണം.
സ്വിച്ചുകള്‍ ഹാന്‍ഡിലുകള്‍ ഇരിപ്പിടങ്ങളും ഇതര ഫര്‍ണിച്ചറുകളും ഭിന്നശേഷി സൗഹൃദമാകണം.
ടെലിഫോണ്‍/ഇന്റര്‍കോം, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അലാറം തുടങ്ങിയ സാങ്കേതിക സൗകര്യങ്ങള്‍ ഭിന്നശേഷി സൗഹൃദമാകുക എന്നതും പ്രധാനമാണ്.
5) കെട്ടിടത്തില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഉള്ള സൗകര്യങ്ങള്‍:-
എമര്‍ജന്‍സി എക്സിറ്റുകള്‍ ഭിന്നശേഷി സൗഹൃദമാകേണ്ടത് അതിപ്രധാനമാണ്.
എമര്‍ജന്‍സി ലൈറ്റിങ് മുന്നറിയിപ്പ് സിസ്റ്റങ്ങള്‍ എന്നിവ കാഴ്ചാ പരിമിതിയും കേള്‍വിപരിമിതിയും ഉള്ളവര്‍ക്കുകൂടി മനസ്സിലാക്കാന്‍ ഉതകുന്ന തരത്തില്‍ ആയിരിക്കണം.
തീപിടുത്തം ഉണ്ടാകുമ്പോള്‍ ബാധിക്കാത്ത രീതിയില്‍ സുരക്ഷിത സ്ഥലങ്ങള്‍ കെട്ടിടത്തില്‍ തന്നെ ഒരുക്കുകയും അവ ഭിന്നശേഷിയുള്ളവര്‍ക്ക് എളുപ്പം പ്രാപ്യമായ ഇടം ആകുകയും വേണം.
6) കെട്ടിടത്തിലെ സൗകര്യങ്ങളെയും സേവനങ്ങളേയും ഭിന്നശേഷി സൗഹൃദമാക്കുക:-
കെട്ടിടത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികള്‍ വ്യക്തമായി രേഖപ്പെടുത്തുക.
വെളിച്ചം അലാറം തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുക.
ജീവനക്കാരില്‍ ഉള്‍ചേര്‍ക്കല്‍ മനോഭാവവും അതിന്റെ പരിശീലനവും ഉറപ്പാക്കുക.
ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവ സമീപന തടസ്സങ്ങള്‍ നീക്കുന്നതിന് ആവശ്യമാണ്.
ഭിന്നശേഷി സൗഹൃദ പൊതുവിടങ്ങള്‍ എന്നുള്ളതാണ് മുന്നേറ്റ പ്രവര്‍ത്തങ്ങളുടെ കാതല്‍. പൊതു സ്ഥാപനങ്ങള്‍, പൊതു ടോയ്ലറ്റുകള്, പൊതു യാത്ര മാര്‍ഗങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ പറ്റണം. നല്ല ജീവിത സാഹചര്യങ്ങള്‍, വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങളിലെ ഇടപെടലുകള്‍ എന്നിവയൊക്കെ ഭിന്നശേഷിക്കാരുടെ അവകാശങ്ങളാണ്.
ചങ്ങമ്പുഴയുടെ മനസ്വിനി എന്ന കവിതയിലെ വരികള്‍ ഉദ്ധരിക്കട്ടെ:
'കണ്ണുകളില്ല, കാതുകളില്ല,
തിണ്ണയില്‍ ഞാന്‍ കാല് വെക്കുമ്പോള്‍,
എങ്ങനെ പക്ഷേ, വിരിവൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍
അപ്പുഞ്ചിരികള് പൊഴിപ്പൂ വെളിച്ചം
തപ്പുന്നോ പിന്നിരുളിതില്‍ ഞാന്‍'
ഒരു സമൂഹം സാംസ്കാരിക പുരോഗതി നേടുക അതിലെ ദുര്‍ബല ജനവിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തുമ്പോഴും ശാക്തീകരിക്കുമ്പോഴുമാണ്. ഭിന്നശേഷിയുള്ള സമൂഹം അവരുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സമൂഹം എന്ന നിലയില്‍ അതിനുള്ള മുഴുവന്‍ പിന്തുണ വാക്കിലും പ്രവര്‍ത്തിയിലും സാക്ഷരകേരളം തുടര്‍ന്നും നല്‍കേണ്ടതുണ്ട്.
എഴുതിയത്: Dr. Javed Anees & Dr. Sabna S.
Info clinic