TopTop
Begin typing your search above and press return to search.

താടിയില്‍ മാസ്ക്ക് ധരിച്ചാല്‍ പോലീസ് പിടിക്കില്ല, പക്ഷേ കൊറോണ പിടിക്കും; മലയാളിയുടെ മാസ്ക്ക് ഉപയോഗത്തില്‍ വരുത്തേണ്ട അത്യാവശ്യ മാറ്റങ്ങള്‍

താടിയില്‍ മാസ്ക്ക് ധരിച്ചാല്‍ പോലീസ് പിടിക്കില്ല, പക്ഷേ കൊറോണ പിടിക്കും; മലയാളിയുടെ മാസ്ക്ക് ഉപയോഗത്തില്‍ വരുത്തേണ്ട അത്യാവശ്യ മാറ്റങ്ങള്‍

ആലപ്പുഴ തുറവൂരില്‍ ഒരു ബേക്കറിക്ക് മുന്നില്‍ രണ്ട് പേര്‍ സംസാരിച്ച് നില്‍ക്കുകയാണ്. റേഷന്‍ കടയില്‍ ജോലിയുള്ള ബാലകൃഷ്ണനും ഡിഗ്രി വിദ്യാര്‍ഥിയായ വസുദേവും. രണ്ട് പേരും മാസ്‌ക് ധരിച്ചിട്ടുണ്ട്. വസുദേവ് സംസാരിക്കുമ്പോള്‍ മാത്രം മാസ്‌ക്ക് താടിയിലേക്ക് താഴ്ത്തുന്നു. ബാലകൃഷ്ണന്റെ മാസ്‌ക് സദാസമയം താടിയില്‍ തന്നെ തൂങ്ങുന്നു. വസുദേവിന്റെ ചോദ്യം ബാലകൃഷ്ണനോട്, "ചേട്ടനീ മാസ്‌ക് വച്ചിരിക്കുന്നതെന്തിനാ? താടിയില്‍ മാസ്‌ക് വച്ചാല്‍ കൊറോണ വരാതിരിക്കിയേല" ബാലകൃഷ്ണന്റെ ഉത്തരം, "അയ്യോ, ഇത് വച്ചില്ലെങ്കി അവന്മാര് വന്ന് 200 രൂപ മേടിച്ചോണ്ട് പോവും. ഒരിക്ക അബദ്ധം പറ്റിയതാ. ഇനി കൊടുക്കാന്‍ എന്റെ കയ്യില്‍ കാശില്ല. മാസ്‌ക്ക് ഇല്ലെന്ന് പറഞ്ഞ് ഇനി കേസെടുക്കാന്‍ പറ്റിയേല. നമ്മക്കത്രേയുള്ളൂ. കൊറോണയൊന്നും എനിക്ക് പിടിക്കത്തില്ലെടാ. കൊച്ചെന്തിനാ മാസ്‌ക് വച്ചേക്കുന്നത്? വര്‍ത്തമാനം പറയുമ്പോള്‍ താഴ്ത്തിയിടാനോ? അതുകൊണ്ട് എന്ത് കാര്യം? അല്ല നീ ഇത് വാങ്ങിച്ചിട്ട് കഴുകിയിട്ടുണ്ടോ?". വസുദേവ് ഒന്ന് പരുങ്ങിയിട്ട് ചിരിച്ച് കൊണ്ട് മറുപടി കൊടുത്തു, "ആര് കഴുകാന്‍. കുടുംബശ്രീക്കാര് തന്നപ്പോ, അവരെങ്ങാന്‍ കഴുകിയിട്ടുണ്ടെങ്കിലായി. സംസാരിക്കുമ്പോള്‍ ഇതിട്ടോണ്ട് സംസാരിച്ചാല്‍ ശ്വാസം മുട്ടും. എന്നാലും കൊറോണയെങ്ങാനും വന്നാലോ എന്ന പേടിയും ഇല്ലാതില്ല"

അതുപോലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയാണ് കൊടുങ്ങല്ലൂര്‍ വെള്ളാങ്ങല്ലൂരിലെ ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വന്ന ഇതര സംസ്ഥാനക്കാരനെ മാസ്‌ക്ക് ഇട്ടിട്ടില്ല എന്ന പേരില്‍ നാട്ടുകാരും കടക്കാരനും ചേര്‍ന്ന് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നവര്‍ എല്ലാം മാസ്‌ക്ക് ധരിച്ചിട്ടുണ്ട്, പക്ഷേ താടിയിലാണെന്ന് മാത്രം! കടക്കാരനാണെങ്കില്‍ മാസ്‌ക്ക് ധരിച്ചിട്ടേയില്ല.

മാസ്‌ക്ക് ധരിക്കാതെ ഇപ്പോള്‍ ആരും പുറത്തിറങ്ങാറില്ല. എന്നാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ തന്നെയാണോ മാസ്‌ക്ക് ധരിക്കുന്നതെന്ന സംശയം ഉണര്‍ത്തുന്നതാണ് പലരുടേയും മാസ്‌ക്ക് ധാരണ രീതി. മാസ്‌ക്ക് ഉണ്ടാവും. മൂക്കും വായും മൂടി മാസ്‌ക്ക് ധരിക്കുന്നവര്‍ പോലും ആരോടെങ്കിലും സംസാരിക്കാനോ കടയില്‍ സാധനങ്ങള്‍ വാങ്ങാനോ ചെന്നാല്‍ മാസ്‌ക്ക് വലിച്ച് താടിയിലേക്ക് ഇടും. അല്ലെങ്കില്‍ ഊരി കയ്യില്‍ പിടിക്കും. ആരോഗ്യ പ്രവര്‍ത്തകരോ, പോലീസോ വന്ന് ചോദ്യം ചെയ്താല്‍ കൈയ്യിലോ താടിയിലോ ഇരിക്കുന്ന മാസ്‌ക് കാണിച്ച് രക്ഷപെടും. താടിയിലോ കൈയ്യിലോ മാസ്‌ക് ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം മാത്രം കേട്ടാല്‍ മതി. ഇല്ലെങ്കില്‍ 200 രൂപ പിഴയും അടക്കേണ്ടി വരും എന്നതാണ് പലരുടേയും ലോജിക്.

അപകടത്തില്‍ തലയ്ക്ക് ക്ഷതം സംഭവിക്കാതിരിക്കാനാണ് ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. എന്നാല്‍ മലയാളിക്ക് പലപ്പോഴും അത് പോലീസിനെ പേടിക്കേണ്ട കാര്യം മാത്രമാണ്, അതുകൊണ്ട് തലയ്ക്ക് മുകളില്‍ ഘടിപ്പിച്ചും ബൈക്കില്‍ തൂക്കിയിട്ടും പോലീസിനെ കണ്ടാല്‍ മാത്രം ശരിയായ വിധത്തില്‍ ധരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്‌. അതുപോലെയാണ് പലരുടെയും മാസ്ക്ക് ഉപയോഗത്തിന്റെ കാര്യവും. ഹെല്‍മറ്റ് വയ്ക്കുന്നത് സ്വന്തം തല സംരക്ഷിക്കുമെങ്കില്‍ മാസ്ക്ക് ശരിയായി ധരിച്ചില്ലെങ്കില്‍ സ്വന്തം ജീവന്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും.

അതുപോലെ, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനത്തിന് വിധേയമായ ഒന്നാണ് കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ മാസ്ക്ക് ധരിക്കല്‍. എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനിടെ സ്കൂള്‍ സന്ദര്‍ശിച്ച വേളയില്‍ 'താടി'യില്‍ മാസ്ക്ക് ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് വിമര്‍ശനത്തിന് വിധേയമായത്.

കൊറോണ വ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും മാസ്‌ക്ക് ധരിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ വഴി എന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശവും വച്ചു. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ കേസ് ചുമത്താനും 200 രൂപ പിഴ ഈടാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതോടെ ആദ്യം മാസ്‌ക്ക് ധരിക്കാനോ, തൂവാല ചുറ്റാനോ പോലും മടിച്ചവര്‍ മാസ്‌ക്കുകള്‍ ധരിക്കാന്‍ തുടങ്ങി. എന്നാല്‍ മാസ്‌ക് ധാരണത്തിലെ 'മലയാളി' ശീലം ആശങ്കയുണര്‍ത്തുന്നതാണ്. രോഗം സംസ്ഥാനത്ത് കൂടുതല്‍ പടര്‍ന്ന് പിടിക്കുകയും സമഹ വ്യാപനമുണ്ടായിട്ടുണ്ടെന്ന സംശയവും നിലനില്‍ക്കെ മാസ്‌ക്ക് ശരിയാംവണ്ണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കായി മാസ്‌ക്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:

1. മാസ്‌ക് ധരിക്കുന്നതിന് മുമ്പും പിമ്പും കൈകള്‍ അണുവിമുക്തമാക്കണം. ഇതിനായി സാനിറ്റൈസര്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ 20 സെക്കന്‍ഡ് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയോ ചെയ്യുക.

2. ഉള്ളില്‍ മെറ്റാലിക് ഭാഗം ഉള്ള മാസ്‌ക്കിന്റെ മുകള്‍ ഭാഗം മൂക്കിന് മുകളിലായി മൂക്കും വായും മൂടുന്ന രീതിയില്‍ വച്ച് ശേഷം വള്ളികള്‍ പിന്നില്‍ കെട്ടുകയോ ചെവിയില്‍ കുടുക്കിയിടുകയോ ചെയ്യുക

3. മുഖവും മാസ്‌ക്കും തമ്മില്‍ വിടവുകളില്ലെന്ന് ഉറപ്പാക്കുക

4. ഉപയോഗത്തിലിരിക്കുമ്പോല്‍ മാസ്‌ക്കില്‍ സ്പര്‍ശിക്കരുത്.

5. മാസ്‌ക് നനയുകയോ നിശ്ചിത സമയം കഴിയുകയോ ചെയ്താല്‍ സുരക്ഷിതമായി നീക്കം ചെയ്യുക.

6. മാസ്‌ക് അഴിച്ചെടുക്കുമ്പോള്‍ മുന്‍ഭാഗം സ്പര്‍ശിക്കരുത്. പിന്നിലെ വള്ളികളില്‍ പിടിച്ച് അഴിച്ചെടുക്കുക

7. അഥവാ മാസ്‌കിന്റെ മുന്‍ഭാഗം സ്പര്‍ശിച്ചാല്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക

8. മാസ്‌കിന്റെ വള്ളികളില്‍ മാത്രം പിടിച്ച് അടപ്പുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുക. ഇതിന് ശേഷവും കൈകള്‍ വൃത്തിയാക്കുക.

മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

തുണികൊണ്ടുള്ളതോ, സര്‍ജിക്കല്‍ മാസ്‌ക്കോ ആണ് സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്നത്. കുറഞ്ഞത് 180 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ത്രെഡ് എണ്ണം, പൂര്‍ണമായും കോട്ടണ്‍ തുണിയില്‍ തയ്ച്ച മാസ്ക് വേണം ധരിക്കാന്‍ (ഒരു കോട്ടണ്‍ ടി ഷര്‍ട്ടില്‍ 40 -50, ഷര്‍ട്ട് 100 -120, ടീ ടവല്‍ 130 -250, ബെഡ്ഷീറ്റ് 200 -400 എന്നിങ്ങനെ ആണ് ത്രെഡ് എണ്ണം ഉണ്ടാകുക) എന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം. പുറത്ത് നിന്ന് വാങ്ങുന്ന മാസ്‌ക്കുകള്‍ നന്നായി സോപ്പ് വെള്ളത്തില്‍ കഴുകി ചെറു ചൂടുവെള്ളത്തില്‍ മുക്കിയെടുത്ത് ഉപയോഗിക്കണം. ഒരേ മാസ്‌ക്ക് തുടര്‍ച്ചായി ഉപയോഗിക്കുന്ന രീതി തെറ്റാണ്. തുടര്‍ച്ചയായ ഉപയോഗം ഉണ്ടെങ്കില്‍ നാല്-അഞ്ച് മാസ്‌ക്കുകള്‍ എങ്കിലും ഉപയോഗിക്കണം. മാസ്‌ക്ക് ഉപയോഗ ശേഷം നന്നായി സോപ്പിട്ട് കഴുകി ഉണക്കി നല്ല ചൂടില്‍ ഇസ്തിരി ഇട്ട ശേഷം വീണ്ടും ഉപയോഗിക്കാം. അഞ്ച് മണിക്കൂറെങ്കിലും സൂര്യപ്രകാശത്തില്‍ ഉണക്കാന്‍ ശ്രദ്ധിക്കണം. കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും നല്ല ചൂടില്‍ ഇസ്തിരിയിടണം. കേട് വന്ന മാസ്ക്കുകള്‍ പിന്നീട് ഉപയോഗിക്കാതെ കത്തിച്ച് കളയാം. സംസാരിക്കുമ്പോഴും സമൂഹത്തില്‍ മറ്റൊരാളുമായി ഇടപെടുമ്പോഴും മാസ്‌ക്ക് മുഖത്ത് തന്നെ ശരിയായ തരത്തില്‍ ഉപയോഗിക്കണം. കഴുകാതെ മാസ്‌ക്ക് വീണ്ടും ഉപയോഗിക്കരുത്. കഴുകിയുണങ്ങിയ മാസ്‌ക്ക് സോപ്പിട്ട് രണ്ട് പുറവും വൃത്തിയായി കഴുകിയ കവറില്‍ ഇട്ട് സൂക്ഷിക്കണം. ഒരാള്‍ ഉപയോഗിക്കുന്ന മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല. മാസ്‌ക്ക് ഇടയ്ക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നാല്‍ കൈകള്‍ വൃത്തിയാക്കണം. മാസ്‌ക് അഴിക്കുന്ന സമയം കൈകള്‍ കൊണ്ട് കണ്ണും മൂക്കും വായും സ്പര്‍ശിക്കരുത്. ആറ് മണിക്കൂറില്‍ കൂടുതല്‍ ഒരു മാസ്‌ക് തന്നെ ഉപയോഗിക്കുകയും അരുത്. തുണി മാസ്‌ക്കുകളാണ് ധരിക്കുന്നതെങ്കില്‍ മൂന്ന് ലെയര്‍ ഉള്ള മാസ്‌ക്കുകള്‍ മാത്രം ധരിക്കുക. ഒരു ലെയര്‍ തുണി കൊണ്ടുള്ള മാസ്‌ക്കുകള്‍ ധരിക്കുന്നത് രോഗ പ്രതിരോധത്തിന് യാതൊരു സഹായവും ചെയ്യില്ല. ആളുകള്‍ കൂടുന്നയിടങ്ങളില്‍ തുണി മാസ്‌ക്കുകളേക്കാള്‍ സര്‍ജിക്കല്‍ മാസ്‌ക്കാണ് വൈറസിനെ പ്രതിരോധിക്കാന്‍ നല്ലത്.

N 95 മാസ്‌ക്കുകള്‍ കൂടുതല്‍ ഫലപ്രദം

സാധാരണ മാസ്‌ക്കുകള്‍ നാല് അല്ലെങ്കില്‍ ആറ് മണിക്കൂറിനുള്ളില്‍ മാറ്റണം. എന്നാല്‍ രോഗപ്രതി രോധത്തിന് ഏറ്റവും ഗുണപ്രദമായത് N 95 മാസ്‌ക്കുകളാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മൂക്കിന്റേയും വായുടേയും എല്ലാ വശങ്ങളും കവര്‍ ചെയ്യും എന്നുള്ളതുകൊണ്ട് ഇത്തരം മാസ്‌ക്കുകള്‍ ഉപയോഗിക്കാനാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. വൈറസിനെ പ്രതിരോധിക്കും എന്നതാണ് എന്‍ 95-ന്റെ ഗുണം. തുണി മാസ്‌ക്കുകള്‍ക്ക് വൈറസിനെ പ്രതിരോധിക്കാന്‍ കഴിവില്ല എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. N 95 മാസ്‌ക്കുകള്‍ നാല് മണിക്കൂറിലധികം ഉപയോഗിക്കരുതെന്നും അഭിപ്രായമുണ്ട്.

'കവച്'

ഐഐടി ഡല്‍ഹി തയ്യാറാക്കിയ 'കവച്' എന്‍ 95 മാസ്‌ക്കുകളാണ് ഇപ്പോള്‍ വിപണിയില്‍ തരംഗം. ആമസോണ്‍ വഴി ഓണ്‍ലൈന്‍ ആയി മാസ്‌ക്കുകള്‍ ലഭിക്കും. 10 മാസ്‌ക്കുകള്‍ക്ക് 439 രൂപയാണ്. കവച് കേരളത്തില്‍ നിരക്ക് കുറച്ച് വില്‍ക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഒരു മാസ്‌ക്കിന് 40 രൂപ നിരക്കിലാണ് ഐഎംഎ 'കവച്' വില്‍ക്കുന്നത്. കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക്കുകളാണ് 'കവച്'. ബുക്കിങ്ങിനായി 8078478278 എന്ന നമ്പറില്‍ വിളിക്കാം.


കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories