TopTop

ശരീരം ഉലഞ്ഞ് പ്രവര്‍ത്തിക്കാതെ വരുമ്പോള്‍?

ശരീരം ഉലഞ്ഞ് പ്രവര്‍ത്തിക്കാതെ വരുമ്പോള്‍?

മനുഷ്യര്‍ അവരുടെ സഹജ പ്രകൃതിക്ക് വിരുദ്ധമായി ജീവിക്കുമ്പോള്‍ എന്ത് സംഭവിക്കും? കാലം എത്തും മുന്‍പേയുള്ള വ്യാഥികള്‍, ശരീര ജന്യവും മനോജന്യങ്ങളുമായ രോഗപീഡകള്‍, അകാല മരണം...ശരീരത്തിന് ഹിതകരമല്ലാത്ത ആഹാരശീലങ്ങളും മതിയായ വ്യായാമമില്ലായമകയുമാണ് ഇക്കാലത്തെ രോഗങ്ങള്‍ക്കെല്ലാം പ്രധാന കാരണം. ഇരിക്കുന്ന കസേരയില്‍ നിന്നും മാറാതെ ജോലി ചെയ്യുകയും ദിവസം അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് പുത്തന്‍കാല തൊഴില്‍ സംസ്‌കാരം. ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ ശരീര ചലനങ്ങള്‍ പോലും സംഭവിക്കാതെ വരുന്നു. എന്നാല്‍ മനുഷ്യപ്രകൃതിയാകട്ടെ രൂപപ്പെടുത്തപ്പെട്ടിരിക്കുന്നതാകട്ടെ ഇതിനു നേര്‍വിപരീതമായും.

കഠിനമായി ജോലി ചെയ്യുന്നതിന് അനുയോജ്യമായി രൂപകല്‍പ്പന ചെയ്തതാണ് നമ്മുടെ ശരീരം. ആധുനികതയുടെ കടന്നുവരവും അമിതമായ യന്ത്രവല്‍ക്കരണവും ജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നതുവരെ മനുഷ്യര്‍ ജീവിച്ചതും കായികമായി അധ്വാനിച്ച് തന്നെ ആയിരുന്നു. കൃഷിക്ക് പ്രാമുഖ്യം ഉണ്ടായിരുന്ന പൂര്‍വകാല സാമൂഹ്യക്രമങ്ങളില്‍ ആര്‍ക്കും പ്രത്യേക വ്യായാമം ഒന്നും ആവശ്യമായി വന്നിരുന്നില്ല.

വേട്ടയാടി നടന്ന കാലം മുതല്‍ മനുഷ്യര്‍ ദിവസേന കിലോമീറ്ററുകളോളം നടന്നിരുന്നു. അതിനുവേണ്ടിയാണ് മനുഷ്യര്‍ക്ക് ബലവത്തായ പേശികളും ശരീരവും ഉണ്ടായത്. കായികമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന കാലത്തോളം അവരുടെ ധമനികളില്‍ കൊഴുപ്പുകള്‍ അടിഞ്ഞുകൂടിയിരുന്നില്ല. എന്നാല്‍ ആധുനികതയുടെയും യന്ത്രവല്‍ക്കരണത്തിന്റേയും വരവോടെ ശരീരോര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തികളില്‍ നിന്നും മനുഷ്യര്‍ പിന്തിരിയാന്‍ തുടങ്ങി. ഇതോടെ ശരീരത്തില്‍ കെട്ടികിടക്കുന്ന ഊര്‍ജ്ജം പലതരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കാനും തുടങ്ങി. ഇത് മനുഷ്യരെ വളരെ ചെറുപ്പത്തിലേ രോഗികളാക്കി തീര്‍ത്തു. ഇന്നു കാണുന്ന പല രോഗങ്ങളുടേയും ആവിര്‍ഭാവം മനുഷ്യന്‍ അലസമായ ജിവിതം ശീലിച്ചതോടെയാണ്.നമ്മുടെ ശരീരത്തിനാവശ്യമായ ഏറ്റവും കുറഞ്ഞ ശാരീരികാധ്വാനം പോലും മിക്കവാറും ആളുകള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

നമ്മുടെ ശരീരത്തിലുള്ള ഊര്‍ജ്ജത്തിന്റെ 60-75 ശതമാനം വരെ ഹൃദയമിടിപ്പ്, രക്തചംക്രമണം, ശ്വാസോച്ഛ്വാസം, ശരീരത്തിന്റെ കേടുപാടു തീര്‍ക്കല്‍ തുടങ്ങിയ ജീവന്‍ നിലനിര്‍ത്താനാവശ്യമായ പ്രവര്‍ത്തികള്‍ക്കായി നീക്കിവെയ്ക്കുന്നു. ഇതു കൂടാതെയുള്ള ഊര്‍ജ്ജത്തിന്റെ 10 ശതമാനം ആഹാരം ദഹിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു. ശേഷിക്കുന്ന 15 മുതല്‍ 30 ശതമാനം വരെ ഊര്‍ജ്ജമാണ് ജോലിക്കോ വ്യായാമത്തിനോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി പ്രയോജനപ്പെടുത്തുന്നത്.

എന്നാല്‍ ഇക്കാലത്തെ ജോലി സ്ഥലങ്ങളിലോ മറ്റ് പ്രവര്‍ത്തനങ്ങളിലോ ഈ ഊര്‍ജ്ജം പ്രയോജനപ്പെടുത്തേണ്ടി വരുന്നില്ല.വ്യായാമവും ചെയ്യാതാകുന്നതോടെ ഈ ഊര്‍ജ്ജം ശരീരത്തില്‍ കെട്ടികിടക്കുന്ന നില വരും. മധുരവും കൊഴുപ്പും അധികമുള്ള ഇക്കാലത്തെ ആഹാരരീതിയും കൂടി ചേരുന്നതോടെ കൂടുതല്‍ ഊര്‍ജ്ജം ശരീരത്തില്‍ മിച്ചം വരും. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന കൊഴുപ്പിനെ ഊര്‍ജ്ജമായി മറ്റവസരത്തില്‍ ഉപയോഗിക്കുന്നതിനായി ശരീരം വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ച് വെയ്ക്കുന്നു. എന്നാല്‍ കായികാധ്വാനവും വ്യായാമവും ഉപവാസവും ഒന്നുമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ ഓരോ ദിവസവും കൊഴുപ്പുകള്‍ കൂട്ടികൂട്ടിവെയ്ക്കാന്‍ ഇടവരുന്നു.

ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരത്തില്‍ സൂക്ഷിച്ച് വെയ്ക്കപ്പെടുന്ന കൊഴിപ്പിനെ ഊര്‍ജ്ജമാക്കി മാറ്റി പുറം തള്ളുന്ന അവസ്ഥ വളരെ കുറവാണ്. ഇത് അമിതഭാരത്തിനും ദുര്‍മേദസ്സിനും ജീവിതശൈലി രോഗങ്ങള്‍ക്കും വഴിവെയ്ക്കുകയും ചെയ്യും. വിവിധ തരത്തിലുള്ള ഹൃദ്രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ ഏറുന്നത് മൂലമുള്ള രോഗങ്ങള്‍, പ്രമേഹം, ഉറക്കമില്ലായ്മ, ലൈംഗിക പ്രശ്നങ്ങള്‍ തുടങ്ങി നിരവധി രോഗങ്ങള്‍ ഇതിനെ തുടര്‍ന്ന് ഉണ്ടാകുന്നു.

ഇവിടെയാണ് വ്യായാമത്തിന്റെ പ്രസക്തി. വ്യായാമം എന്നതുകൊണ്ട് കഠിനമായ കായികാഭ്യാസം എന്നല്ല അര്‍ത്ഥമാക്കുന്നത്. എപ്പോഴും ഏത് സാഹചര്യത്തിലും ചെയ്യാവുന്ന ലഘുവായ കായികാധ്വാനം വരുന്ന പ്രവര്‍ത്തികള്‍ എന്നുമാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എയ്റോബിക് വ്യായാമങ്ങള്‍, സ്ട്രെങ്തനിംങ് വ്യായാമങ്ങള്‍, സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ എന്നിങ്ങനെ വ്യായാമം പ്രധാനമായും മൂന്ന് വിഭാഗത്തില്‍ പെടുന്നു. വ്യായാമത്തിനായി നിശ്ചിത സമയം നീക്കിവെയ്ക്കപ്പെടാതെ പോകുന്നത് വലിയ ശാരീരിക പ്രശ്നങ്ങളിലേക്ക് മനുഷ്യരെ പിടിച്ചെറിയുക തന്നെ ചെയ്യും.


Next Story

Related Stories