TopTop

മനസ്സിന്റെ സഞ്ചാരപഥങ്ങളും ശരീരത്തിന്റെ വേവലാതികളും

മനസ്സിന്റെ സഞ്ചാരപഥങ്ങളും ശരീരത്തിന്റെ വേവലാതികളും

മാന്ത്രിക കുതിരയെപ്പോലെ പായുന്ന മനസ്സ് കവിഭാവനകളെ എക്കാലവും പ്രചോദിപ്പിക്കുന്ന വിഷയം. നിത്യജീവിതത്തില്‍ കടിഞ്ഞാണില്ലാതെ പായുന്ന മനസ്സ് ഉണ്ടാക്കുന്ന വേവലാതികള്‍ പറഞ്ഞറിയിക്കാന്‍ പ്രയാസം. മനസ്സിനെ ബാധിക്കുന്ന ഏത് താളപ്പിഴയും അനിയന്ത്രിതമായി തീര്‍ന്നാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളേയും ബാധിക്കും. പല തരത്തിലുള്ള ശാരീരിക രോഗങ്ങളായി അവ മാറിത്തീരുകയും ചെയ്യും. മനോജന്യ ശരീര വ്യാഥികള്‍ എന്നാണ് ഇതിനെ ആരോഗ്യപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്. സൈക്കോ സോമാറ്റിക് ഡിസീസ് എന്ന് ഇംഗ്ളീഷില്‍ പറയും.

മനസ്സും ശരീരവും തമ്മില്‍ ഇഴ പിരിക്കാനാവാത്ത ബന്ധം നിലനില്‍ക്കുന്നുവെന്ന് വ്യക്തം. ഒന്നിന്റെ അസ്വസ്ഥത മറ്റൊന്നിനെ ബാധിക്കും. സ്ഥിരമായ മാനസിക പ്രശ്നങ്ങള്‍ ശാരീരിക വ്യാധികള്‍ക്ക് കാരണമാകുന്നതുപോലെ ദീര്‍ഘകാല ശാരീരിക രോഗങ്ങള്‍ മനസ്സിന്റെ താളം തെറ്റിക്കുകയും ചെയ്യുന്നു. നമ്മുടെ ചിന്ത, വികാരം, ഉത്കണ്ഠ, ഭയാശങ്കകള്‍, കോപതാപങ്ങള്‍ തുടങ്ങിയവയൊക്കെ മനസ്സിന്റെ ഓരോ പ്രവര്‍ത്തനങ്ങളാണ്. ഈ പ്രവര്‍ത്തനങ്ങളൊക്കെ ഓരോ ഘട്ടങ്ങളിലും ശരീരത്തില്‍ അതിന്റെ മുദ്രകളിടുന്നു.

മനസ്സ് എന്ന പ്രതിഭാസത്തിന്റെ ആസ്ഥാനം മസ്തിഷ്‌കമാണ്. അതിന്റെ ഘടനയും സ്വഭാവവും പ്രവര്‍ത്തനങ്ങളുമെല്ലാം ഏറെ സങ്കീര്‍ണ്ണങ്ങളുമാണ്. മസ്തിഷ്‌കത്തിലെ ന്യൂറോണ്‍സ് എന്നറിയപ്പെടുന്ന ദശലക്ഷക്കണക്കിനുള്ള പ്രത്യേക കോശങ്ങളും അവ തമ്മിലുള്ള ബന്ധവും അവയില്‍ നിന്ന് ഉത്പ്പാദിപ്പിക്കപ്പെടുന്ന ന്യുറോ ട്രാന്‍സ്മിറ്റേഴ്സ് എന്നറിയപ്പെടുന്ന ചില രാസവസ്തുക്കളിലുടെ സംക്രമണം ചെയ്യപ്പെടുന്ന സന്ദേശങ്ങളും ഒക്കെ ചേരുന്ന ആകെത്തുകയാണ് മനസ്സെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ശാസ്ത്രത്തിനു ഇനിയും പൂര്‍ണമായി പിടിതരാത്ത ഒട്ടേറെ കാര്യങ്ങള്‍ മനസ്സുമായി ബന്ധപ്പെട്ടുണ്ട്. മനസ്സിനെ കാല്പനികമായും തത്വചിന്താപരമായും ദാര്‍ശനികമായും ഒക്കെ പലതരത്തില്‍ വിശകലനം ചെയ്യപ്പെടാറുണ്ട്. വിശദീകരിക്കപ്പെടാറുമുണ്ട്.

ശരീരത്തെ രോഗങ്ങള്‍ ബാധിക്കുന്നതുപോലെ മനസ്സിനേയും രോഗങ്ങള്‍ ബാധിക്കാം. കൃത്യമായ നിര്‍വചനം പ്രയാസമുള്ള ഒന്നാണ് മാനസികാരോഗ്യം എന്നത്. രോഗങ്ങള്‍ ഒന്നും ബാധിക്കാത്ത മനസ്സുളളയാളെ മാനസികാരോഗ്യമുള്ളയാള്‍ എന്നുവിളിക്കാനാകുമോ? ആവില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. സാമൂഹിക ജീവിയായ മനുഷ്യന് ചുറ്റുപാടുകളുമായുള്ള ഇണങ്ങല്‍ ശേഷി മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു മാനകമായി ആധുനിക ലോകത്ത് കരുതി വരുന്നു. ചുറ്റുപാടുകള്‍ നമ്മുടെ ശരീരത്തേയും മനസ്സിനേയും ബാധിക്കുന്നു. ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതിനൊപ്പം നമ്മുടെ മനസ്സിലെ വികാരങ്ങളേയും വിചാരങ്ങളേയും നിയന്ത്രിക്കാന്‍ കഴിവുള്ളവര്‍ക്ക് മാനസികാരോഗ്യം ഉണ്ടെന്ന് പൊതുവില്‍ പറയാന്‍ സാധിക്കും.

ആത്മസംതൃപ്തിയെന്നത് മാനസികാരോഗ്യത്തിന്റെ പ്രധാന ഘടകമാണ്. സ്വയം തൃപ്തനാകാനുള്ള ശേഷി. മാനസികാരോഗ്യമുള്ളവര്‍ സ്വന്തം കഴിവുകളെ പര്‍വതീകരിച്ച് കാണുന്നവരോ കുറച്ച് കാണുന്നവരോ ആയിരിക്കില്ല. അവര്‍ സ്വപനം കാണുന്നവരായിരിക്കും. എന്നാല്‍ പതിവായി ദിവാസ്വപനം മാത്രം കണ്ട് മൂഢസ്വര്‍ഗത്തില്‍ ജീവിക്കുന്നവരാകില്ല. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെ സ്വന്തം ശേഷികളെ ഇവര്‍ക്ക് ഉള്‍ക്കൊള്ളാനാകും. സ്വന്തം പരിമിതികളെ അംഗീകരിക്കുന്നതില്‍ ഇവര്‍ ഒരിക്കലും വിമുഖരായിരിക്കുകയുമില്ല. പരിമിതികളെ അതിജീവിക്കാന്‍ അതിപ്രയത്നം ചെയ്യാന്‍ ഇത്തരക്കാര്‍ തയാറാകുകയും ചെയ്യും. അപരനെ സഹായിക്കാനുള്ള സന്നദ്ധതയാണ് മറ്റൊരു കാര്യം. ആരോഗ്യമുള്ള മനസ്സുള്ളവര്‍ മറ്റുള്ളവരെ അംഗീകരിക്കുകയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യാന്‍ എപ്പോഴും തയാറായിരിക്കും. ഇവര്‍ക്ക്് ഊഷ്മളമായ സുഹൃദ് ബന്ധങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

മനോവികാരങ്ങളെ കഴിയുന്നത്ര സ്വന്തം പിടിയില്‍ നിര്‍ത്താന്‍ മാനസികാരോഗ്യമുള്ളവര്‍ക്ക് സാധിക്കും. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സ്വന്തം നിലയില്‍ അവര്‍ പ്രതിരോധങ്ങളെ തീര്‍ക്കും. അതുപോലെ തന്നെ ഭയം, ദേഷ്യം തുടങ്ങിയ മനോ വികാരങ്ങളെയൊക്കെ വരുതിയില്‍ കൊണ്ടുവരുവാനും മാനസികാരോഗ്യമുള്ളവര്‍ക്കാകും. കാരണമില്ലാത്ത ഭീതികളിലും ഭയങ്ങളിലും അവര്‍ പെട്ടുപോവുകയും ചെയ്യില്ല.


Next Story

Related Stories