ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉദ്ഘാടനം ചെയ്തു. പ്ലാസ്മ ഡൊണേറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ മുന്നോട്ടുവന്ന് കോവിഡ് രോഗികളെ സഹായിക്കണമെന്ന് കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ഹോസ്പിറ്റലിലാണ് ആദ്യത്തെ പ്ലാസ്മ ബാങ്ക് സ്ഥാപിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു. കൊറോണ വൈറസ് ചികിത്സയ്ക്കായി പ്ലാസ്മ കിട്ടുന്നതില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്ലാസ്മ ബാങ്ക് സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു - ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ കെജ്രിവാള് പറഞ്ഞു.
ആര്‍ക്കൊക്കെ പ്ലാസ്മ നല്‍കാം?
കൊറോണ വൈറസില്‍ നിന്ന് പൂര്‍ണമായി മുക്തി നേടിയവരും 14 ദിവസത്തേയ്ക്ക് രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരും ആയവര്‍ക്ക് പ്ലാസ്മ നല്‍കാം.
രോഗമുക്തി നേടിയ ആളുടെ പ്ലാസ്മയുടെ ട്രാന്സ്ഫ്യൂഷന് ആണ് ഗുരുതരാവസ്ഥയിലുള്ള കൊണ്വാലസെന്റ് കൊറോണ രോഗിയിലേയ്ക്ക് നടക്കുന്നത്. വൈറസിനെ ചെറുക്കുന്ന ആന്റിബോഡികളാണ് ചികിത്സയ്ക്ക് സഹായകമാകുന്നത്.
18നും 60നും ഇടയില്‍ പ്രായമുള്ള 50 കിലോഗ്രാം എങ്കിലും ഭാരമുള്ള ആള്‍ക്ക് പ്ലാസ്മ ഡൊണേറ്റ് ചെയ്യാം.
ആരൊക്കെ നല്കാന് പാടില്ല?
പ്രമേഹമുള്ളവര്‍, കാന്‍സര്‍ രോഗം വന്നവര്‍ എന്നിവര്‍ പ്ലാസ്മ നല്കാന് പാടില്ല.
രക്തസമ്മര്‍ദ്ദം 140ന് മുകളിലുള്ളവര്‍
ഡയാസ്റ്റോളിക്ക് പ്രഷർ 60ല്‍ കുറഞ്ഞവരോ 90ല്‍ കൂടിയവരോ പ്ലാസ്മ നല്‍കരുത്
വൃക്കരോഗമുള്ളവര്‍, ഹൃദയസംബന്ധമായ പ്രശ്നമുള്ളവര്‍, ശ്വാസകോശരോഗങ്ങളുള്ളവര്‍, കരളിന് പ്രശ്നങ്ങളുള്ളവര്‍, ഗർഭിണികൾ
എങ്ങനെ ഡൊണേറ്റ് ചെയ്യാം?
പ്ലാസ്മ ഡൊണേറ്റ് ചെയ്യാന്‍ താല്പര്യമുള്ളവര് 1031 എന്ന ടോള്‍ ഫ്രീ മ്പറിലോ അല്ലെങ്കില്‍ 8800007722 എന്ന വാട്സ് ആപ്പ് നമ്പറിലോ വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.
രജിസ്റ്റര്‍ ചെയ്താല്‍ ഒരു ഡോക്ടര്‍ വിളിച്ച് പ്ലാസ്മ ഡൊണറ്റ് ചെയ്യാന്‍ യോഗ്യതയുണ്ടോ എന്ന് പറയുന്നു. 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് പ്ലാസ്മ ഡൊണേറ്റ് ചെയ്യാനെടുക്കുക.
ഡല്‍ഹിയില്‍ ഒരു ദിവസത്തെ മരണനിരക്ക് കുറഞ്ഞിട്ടുണ്ടെന്ന് കെജ്രിവാള് പറഞ്ഞു. വാക്സിന് വരുന്നത് വരെ പ്ലാസ്മ തെറാപ്പി രോഗികള്‍ക്ക് സഹായകമാകുമെന്നും കെജ്രിവാള് അഭിപ്രായപ്പെട്ടു. രക്തദാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ക്ഷീണം പ്ലാസ്മ നല്കുമ്പോളുണ്ടാകില്ല. മരണനിരക്ക് കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മഹാരാഷ്ട്ര വലിയ തോതില്‍ പ്ലാസ്മ തെറാപ്പി തുടങ്ങിയതായി അറിയുന്നു - കെജ്രിവാള് പറഞ്ഞു.