TopTop
Begin typing your search above and press return to search.

വെറുപ്പിന്റെ അനാട്ടമിയും, മനഃശാസ്ത്രവും; പൗരത്വ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ എഴുതിയ കുറിപ്പ്

വെറുപ്പിന്റെ അനാട്ടമിയും, മനഃശാസ്ത്രവും; പൗരത്വ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ എഴുതിയ കുറിപ്പ്

1968 ല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ കൊലപാതകത്തിനു ശേഷം വളരെ കലുഷിതമായിരുന്ന യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ഒരു സ്‌കൂളില്‍ ജയ്ന്‍ ഏലിയറ്റ് എന്ന് പേരുള്ള ഒരു ടീച്ചര്‍ ഒരു കൊച്ച് കുസൃതി കാണിച്ചു. ആദ്യം തന്റെ ക്ലാസ്സിലെ കുട്ടികളെ നീല കണ്ണുള്ളവരും ബ്രൗണ്‍ കണ്ണുള്ളവരും ആയി തരം തിരിച്ചു. ശേഷം ചെറിയ ചില ശാസ്ത്രീയ വിശദീകരണങ്ങളിലൂടെ ബ്രൗണ്‍ കണ്ണുള്ളവര്‍ നീലക്കണ്ണുള്ളവരേക്കാള്‍ ബുദ്ധിയുള്ളവരും മികച്ചവരും ആണെന്ന് സ്ഥാപിച്ചു. വേര്‍തിരിച്ച് കാണാന്‍ നീലക്കണ്ണുള്ളവരുടെ കയ്യില്‍ ഒരു ചരട് കെട്ടി കൊടുക്കാന്‍ ബ്രൗണ്‍ കണ്ണന്‍മാരോട് ആവശ്യപ്പെട്ടു.

മണിക്കൂറുകള്‍ കൊണ്ട് ക്ലാസ്സില്‍ രണ്ട് ഗ്രൂപ്പ് രൂപപ്പെട്ടു. നീലക്കണ്ണുള്ളവര്‍ എല്ലാ കാര്യത്തിലും തരംതാഴ്ത്തപ്പെട്ടു. നേരത്തേ നല്ല പ്രകടനം കാഴ്ച്ചവെച്ച നീലക്കണ്ണുള്ള കുട്ടികള്‍ പോലും ഉത്തരങ്ങളും കണക്കുകളും തെറ്റിച്ചു തുടങ്ങി. 'നീലക്കണ്ണന്‍' എന്ന വിളിപോലും ഒരു അപമാനമായി. ജന്‍മനാ കിട്ടിയ കഴിവുകളും അധികാരത്തിന്റെ പിന്തുണയും (ടീച്ചര്‍) തങ്ങളുടെ കൂടെയാണെന്ന അഹങ്കാരം ബ്രൗണ്‍ കണ്ണന്‍മാര്‍ പ്രകടിപ്പിച്ചു. എന്തിലുമേതിലും ബ്രൗണ്‍ കണ്ണന്‍മാര്‍ നീലക്കണ്ണന്‍മാരെ കുറ്റപ്പെടുത്തിത്തുടങ്ങി. ഏറെ താമസിയാതെ ശാരീരിക ആക്രമണങ്ങളും തുടങ്ങി. എണ്ണത്തില്‍ കുറവുള്ള നീലക്കണ്ണുള്ള കുട്ടികള്‍ ബ്രൗണ്‍ കുട്ടികളുടെ അടിയും തൊഴിയും വാങ്ങാന്‍ തുടങ്ങി.

ഒരു ദിവസത്തിനു ശേഷം ടീച്ചര്‍ രണ്ട് ഗ്രൂപ്പിന്റേയും റോളുകള്‍ നേരെ തിരിക്കുകയും ചെയ്തു.

സാമൂഹിക മനശ്ശാസ്ത്ര പഠനത്തില്‍ നാഴികക്കല്ലായ ഒരു പരീക്ഷണമായി ഈ 'കുസൃതി' പിന്നീട് മാറി. ഒരു സമൂഹത്തില്‍ എത്ര എളുപ്പത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ കഴിയുമെന്നും, ഈ വേര്‍തിരിവ് എത്ര കണ്ട് വിവേചനത്തിന് വഴിവെക്കുമെന്നും, എത്ര കണ്ട് വെറുപ്പെന്ന വികാരം വളര്‍ത്താന്‍ കഴിയുമെന്നും ഇതിനാല്‍ തെളിയിക്കപ്പെട്ടു.

സമാനമായ മറ്റൊരു സാമൂഹിക പരീക്ഷണം കൂടി ചരിത്രത്തിലിടം നേടിയിട്ടുണ്ടായിരുന്നു,

1967 ല്‍ കാലിഫോര്‍ണിയ ഹൈസ്‌കൂള്‍ ചരിത്ര അധ്യാപകന്‍ റോണ്‍ ജോണ്‍സ് സൃഷ്ടിച്ച ഒരു പരീക്ഷണാത്മക സാമൂഹിക പ്രസ്ഥാനമാണ് 'തേര്‍ഡ് വേവ് '

നാസി ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജര്‍മ്മന്‍ ജനതയ്ക്ക് എങ്ങനെ അംഗീകരിക്കാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ കുട്ടികള്‍ക്ക് കഴിയാതിരുന്നപ്പോള്‍, വിശദീകരിക്കാന്‍ ജോണ്‍സിന് ബുദ്ധിമുട്ടായി.

അത് വിശദീകരിക്കാനും ഫാസിസത്തോടുള്ള ആകര്‍ഷണം പ്രത്യക്ഷത്തില്‍ കൊണ്ടുവരാനും കുട്ടികള്‍ക്കിടയില്‍ ഒരു ''തേര്‍ഡ് വേവ്' എന്ന സാമൂഹിക പ്രസ്ഥാനം സൃഷ്ടിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ജോണ്‍സ് തന്റെ ക്ലാസ് മുറിയില്‍ നാസി പ്രസ്ഥാനത്തിന്റെ ചില പ്രത്യേകതകളെ അനുകരിക്കുന്ന അച്ചടക്കത്തിനും സമൂഹത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് നിരവധി വ്യായാമങ്ങള്‍ നടത്തി.

ജനാധിപത്യം വ്യക്തിത്വത്തിന് പ്രാധാന്യം നല്‍കുന്നു എന്ന ആശയം ഒരു പോരായ്മയായി കണക്കാക്കപ്പെട്ടു, അത് ഉന്മൂലനം ചെയ്യേണ്ട ദൗര്‍ബല്യമാണെന്നു പറഞ്ഞു. 'അച്ചടക്കത്തിലൂടെ ശക്തി, അംഗങ്ങളുടെഒത്തൊരുമയിലൂടെ ശക്തി, പ്രവര്‍ത്തനത്തിലൂടെ ശക്തി, അഭിമാനത്തിലൂടെ ശക്തി.' എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ കൊണ്ടു വന്നു.

പ്രസ്ഥാനം തന്റെ ക്ലാസിന് പുറത്തേക്ക് വളരുകയും ആളുകളുടെ എണ്ണം നൂറുകണക്കിന് വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍, കാര്യങ്ങള്‍ നിയന്ത്രണാതീതമായി എന്ന് ജോണ്‍സിന് തോന്നിത്തുടങ്ങി. ക്ലാസ് റൂം പദ്ധതി രാജ്യവ്യാപകമായി നടക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും തേര്‍ഡ് വേവ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുമെന്നും അവകാശപ്പെടുന്ന ഒരു റാലിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി.

അവിടെയെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ശൂന്യമായ ചാനല്‍ സമ്മാനിച്ചു. ഫാസിസത്തിലെ ഒരു പരീക്ഷണമെന്ന നിലയില്‍ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് ജോണ്‍സ് തന്റെ വിദ്യാര്‍ത്ഥികളോട് പറഞ്ഞു, നാസി ജര്‍മ്മനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു ഹ്രസ്വചിത്രം അവര്‍ക്ക് സമ്മാനിച്ചു.

ഇതിനെ ആസ്പദമാക്കി നിര്‍മ്മിച്ച Die Welle (The Wave) എന്ന സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമ എറെ ജനശ്രദ്ധ ആകര്‍ഷിച്ചതാണ്.

എന്തൊക്കെയാണ് വെറുപ്പിന്റെ മന:ശാസ്ത്രം?

മറ്റ് ഏത് മാനസിക പ്രശ്‌നങ്ങളും പോലെ വെറുപ്പിനും മനുഷ്യ മനസ്സിന്റെ വികാസവുമായി ബന്ധപ്പെടുത്തി പല തിയറികളും നിലവിലുണ്ട്.

1. മറ്റുള്ളവരോടുള്ള ഭയം -

ഇന്‍ ഗ്രൂപ്പ് ഔട്ട് ഗ്രൂപ്പ് തിയറി (ഹെന്റി ടാജ്‌ഫെല്‍)

പുറത്ത് നിന്നുള്ള ഒരു സമൂഹത്തെ നമ്മള്‍ ഭയത്തോടെ വീക്ഷിക്കുമ്പോള്‍, അവര്‍ നമുക്ക് ഭീഷണി ആണെന്ന തോന്നല്‍ വരുമ്പോള്‍, നമ്മള്‍ സ്വന്തമായി നമുക്ക് സമക്കാര്‍ എന്ന് തോന്നുന്നവരുമായി ഐക്യത്തിലെത്തുകയും അവിടെ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ തിയറി പ്രകാരം വെറുപ്പിന് രണ്ട് ഘടകങ്ങള്‍ ആവശ്യമാണ്, ഒന്ന് സ്വന്തം സംഘത്തിനോടുള്ള സ്‌നേഹം, രണ്ട് പുറത്ത് എന്ന് വിശ്വസിക്കുന്ന സംഘത്തോടുള്ള ദേഷ്യം.

2. സ്വയം പേടി :

ഡാന ഷാരണ്‍ എന്ന സൈകോളജിസ്റ്റിന്റെ അഭിപ്രായത്തില്‍ മറ്റുള്ളവരോടുള്ള ഭയം യഥാര്‍ത്ഥത്തില്‍ ഒരാള്‍ക്ക് അവനവനോട് തന്നെ ഉള്ളതാണ്. ഫ്രോയ്ഡ് സിദ്ധാന്തങ്ങളില്‍ ഊന്നിയുള്ള ഒരു ഡിഫന്‍സ് മെക്കാനിസത്തില്‍ പെടും ഇത്. നമുക്ക് താല്‍പ്പര്യമില്ലാത്ത നമ്മുടെ തന്നെ സ്വഭാവരീതികള്‍ നമ്മള്‍ അംഗീകരിക്കാതിരിക്കുകയും ആ രീതി മറ്റുള്ളവരുടെ മേല്‍ ആരോപിക്കുകയും ചെയ്യുന്നതിനെ പ്രൊജക്ഷന്‍ എന്നാണ് ഫ്രോയ്ഡ് വിളിച്ചത്. അതായത് നമ്മുടെ ഉള്ളിലെ ചീത്ത ഭാവങ്ങളെ ഒരു സിനിമാസ്‌ക്രീനില്‍ എന്ന പോലെ മറ്റുള്ളവരില്‍ കാണുന്നു.

പരിണാമത്തിന്റെ ഭാഗമായി, നമ്മുടെ വളര്‍ച്ചക്കിടയില്‍ നമുക്ക് അഭിമതമല്ലാതിരുന്ന സ്വഭാവസവിശേഷതകള്‍ നമ്മുടെ ഉള്ളിലേക്ക് ഒതുക്കുകയും അത് മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

3. സ്വയം സഹാനുഭൂതിയുടെ അഭാവം :

വെറുപ്പിന്റെ മരുന്ന് സഹാനുഭൂതി ആണല്ലോ. അത് മറ്റുള്ളവരോട് മാത്രമല്ല, സ്വയവും തോന്നേണ്ട ഒരു വികാരമാണ്. ഇതിന് നമുക്ക് നമ്മെ മൊത്തമായി അംഗീകരിക്കാന്‍ കഴിയണം. നമ്മുടെ ഏതെങ്കിലും ഒരു ഭാഗം നമുക്ക് തന്നെ അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു അരക്ഷിതാവസ്ഥ സംജാതമാവുകയും ആ ഭീഷണിയെ നേരിടാന്‍ നാം പുറത്തുള്ളവരെ ആക്രമിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. നമ്മുടെ സ്വഭാവസവിശേഷതകളില്‍ നമുക്ക് പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്ടെങ്കില്‍ മറ്റുള്ളവരേയും നമുക്ക് അവരായി തന്നെ കാണാന്‍ കഴിയുകയും അവരോട് സഹാനുഭൂതിയോടെ പെരുമാറാന്‍ കഴിയുകയും ചെയ്യുന്നു. റീഡിയുടെ അഭിപ്രായത്തില്‍ നമുക്ക് നമ്മോട് തന്നെ തോന്നുന്ന വെറുപ്പാണ് പലപ്പോഴും മറ്റുള്ളവരോടുള്ള വെറുപ്പായി പരിണമിക്കുന്നത്.

4. സില്‍വിയ ഡറ്റ്ചവിസിയുടെ സിദ്ധാന്തപ്രകാരം വെറുപ്പിന്റെ ഉത്ഭവം ഒരാളുടെ സ്വന്തം മനസ്സിലോ അയാളുടെ കുടുംബത്തിലോ മാത്രമല്ല അയാളുടെ സാമൂഹിക പരിതസ്ഥിതിയിലും രാഷ്ട്രീയ പശ്ചാത്തലിലും കൂടിയാണ്. എന്നും മത്സരാധിഷ്ഠിതവും യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ആയ ഒരു സാമൂഹ്യ അന്തരീക്ഷത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. ശത്രു നമ്മുടെ കൂടെയുള്ളവര്‍ ആണെങ്കിലും പുറത്തുള്ളവരാണെങ്കിലും അവരെ എതിര്‍ക്കാനാണ് നമ്മുടെ സമൂഹം പഠിപ്പിക്കുന്നത്. ശത്രുവിനെ മനസ്സിലാക്കി അവരോട് സന്ധി ചെയ്യുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് ശത്രുവിനെ എതിര്‍ത്തു തോല്‍പ്പിക്കുന്നത് ?

Hate എന്ന് ഇംഗ്ലീഷില്‍ ഉപയോഗിക്കുന്ന വെറുപ്പ് എന്നതുകൊണ്ട് വളരെ കടുത്ത ഇഷ്ടക്കുറവ്, ദേഷ്യം, അവജ്ഞ തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.

വെറുപ്പിന്റെ അനാട്ടമി:

മറ്റേത് വികാരങ്ങളും പോലെ വെറുപ്പിന്റെ സമയത്തും മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങള്‍ ഉത്തേജിതമാകുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അത്ഭുതകരമായ കാര്യം സ്‌നേഹത്തിലും വെറുപ്പിലും തലച്ചോറില്‍ ഏതാണ്ട് ഒരേ ഭാഗങ്ങളാണ് ഉത്തേജിതമാകുന്നത്. പക്ഷേ വെറുപ്പില്‍ തലച്ചോറിലെ ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് കൂടുതല്‍ ഉത്തേജിതമാകുന്നതായി കാണുന്നു. ഈ ഭാഗങ്ങള്‍ സ്‌നേഹത്തില്‍ ഒട്ടും ഉത്തേജിതമല്ല താനും. ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് പൊതുവേ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും ആസൂത്രണം ചെയ്തവ പ്രാവര്‍ത്തികമാക്കാനുമാണ് ഉപയോഗിക്കപ്പെടുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. അതില്‍ നിന്ന് മനസ്സിലാവുന്നത് വെറുപ്പ് എന്നത് ഒരു നൈമിഷികമായ പ്രതികരണമല്ല മറിച്ച് നേരത്തേ മസ്തിഷ്‌കത്തില്‍ നടത്തിവെച്ച കണക്കുകൂട്ടലുകളുടെ ആകെത്തുകയുടെ പ്രതിഫലനമാണ്. എന്നാല്‍ സ്‌നേഹം ക്ഷണികവും കണ്ടീഷനുകളില്ലാത്തതുമാകുന്നു.

സമൂഹത്തിന്റെ വെറുപ്പിന്റെ മന:ശാസ്ത്രം:

ഒരു സമൂഹത്തിന്റെ അരക്ഷിതാവസ്ഥ, ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭയം, പരാജയഭീതി, മോഹഭംഗം തുടങ്ങിയവ ചൂഷണം ചെയ്യപ്പെടുന്നതാണ് സാധാരണ വെറുപ്പിന്റെ വിത്തുപാകുന്നത്. അവരുടെ പ്രശ്‌നങ്ങളുടെ കാരണങ്ങളായി മറ്റൊരു സമൂഹത്തെ ചൂണ്ടി കാണിക്കപ്പെടുന്നു. തങ്ങളുടെ സൗകര്യങ്ങള്‍, ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ മൂലധനം വേറൊരു കൂട്ടരാല്‍ അപഹരിക്കപ്പെടുന്നു എന്ന് ഒരു സമൂഹത്തെ ബോദ്ധ്യപ്പെടുത്താന്‍ സാധിക്കുന്നു. പ്രത്യേകിച്ചും ഒരു സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കൂട്ടരെ. അനുദിനം മാറിക്കൊണ്ടിരിക്കുന്ന, അസ്ഥിരമായ ഈ ലോകത്തില്‍ തങ്ങളുടെ രക്ഷ മറ്റൊരു സമൂഹത്തിന്റെ ഉന്‍മൂലനത്തിലാണെന്ന് വിശ്വസിപ്പിക്കുക എന്നതാണ് ഒരു സമൂഹത്തില്‍ വെറുപ്പ് വളര്‍ത്താന്‍ ഏറ്റവും എളുപ്പം എന്നു കാണാന്‍ കഴിയുന്നു.

പുരോഗമിച്ച ലോകവും വര്‍ദ്ധിച്ചു വരുന്ന വെറുപ്പും:

ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയും വികസിച്ചു, രാജ്യങ്ങള്‍ തമ്മില്‍, ആളുകള്‍ തമ്മിലുള്ള അകലം കുറഞ്ഞു, ലോകം ഒരു വിരല്‍ തുമ്പിലേക്കൊതുങ്ങി. പക്ഷേ ഇതൊന്നും ജനങ്ങളുടെ ഇടയില്‍ ഉണ്ടാകുന്ന വെറുപ്പെന്ന വികാരത്തെ കുറക്കാന്‍ സഹായിച്ചില്ല. മാത്രമല്ല വെറുപ്പിനെ സമൂഹത്തില്‍ നിലനിര്‍ത്താനോ അല്ലെങ്കില്‍ വര്‍ദ്ധിപ്പിക്കാനോ സഹായിക്കുകയും ചെയ്തു. വെറുപ്പെന്ന വികാരം ഒരു സമൂഹത്തില്‍ വേരുറപ്പിക്കാന്‍ ഏറ്റവും നല്ലത് കഥകളാണെന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തെളിഞ്ഞതായിരുന്നു. ശത്രുവിന്റെ ദോഷങ്ങള്‍ അക്കമിട്ടു നിരത്താതെ പരോക്ഷമായി പറഞ്ഞു പോകുന്ന കഥകളും പാട്ടുകളും പല കുടിപ്പകകളിലും യുദ്ധങ്ങളിലും എത്ര പങ്കു വഹിച്ചിട്ടുണ്ടെന്ന് ചരിത്രം തെളിയിച്ചതാണ്. ശാസ്ത്രം വികസിച്ചപ്പോള്‍ ഈ സാദ്ധ്യതയുടെ വൈവിദ്ധ്യങ്ങളായ ചൂഷണങ്ങളും കാണാന്‍ തുടങ്ങി. ആദ്യം പുസ്തക രൂപത്തില്‍ വന്ന വെറുപ്പ് പിന്നീട് നാടകങ്ങളും സിനിമകളും ആയി മാറി. ഇന്റര്‍നെറ്റിന്റെ സാര്‍വ്വത്രികമായ ലഭ്യതയോടെ ഇതിന്റെ എല്ലാ പരിധികളും ഇല്ലാതായി. ചാറ്റ്‌റൂമുകള്‍ വെറുപ്പ് പടര്‍ത്തുന്ന കേന്ദ്രങ്ങളായി ഉപയോഗിച്ചു. സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം വെറുപ്പ് വ്യാപിപ്പിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഉപാധിയായി. ഉപയോഗിക്കുന്നവര്‍ അറിയാതെ തന്നെ അവരുടെ മനസ്സുകള്‍ വെറുപ്പിന്റെ വിളനിലങ്ങളായി.

വെറുപ്പിന്റെ ചികിത്സ ?

ഒന്നാം ഘട്ടമായി തങ്ങളുടെ മനസ്സിലുള്ളിലെ വെറുപ്പെന്ന വികാരത്തെ കുറിച്ചും വെറുപ്പ് കൊണ്ട് സ്വയവും സമൂഹത്തിനും ദേശത്തിനും ഉണ്ടാവുന്ന നാശനഷ്ടങ്ങളെ കുറിച്ചും സ്വയം ബോദ്ധ്യം വരണം.

രണ്ടാം ഘട്ടം നമ്മുടെ മനസ്സില്‍, വാക്കുകളില്‍, പ്രവര്‍ത്തനങ്ങളില്‍ ആവര്‍ത്തിച്ചു വരുന്ന വെറുപ്പിന്റെ പ്രതിരൂപങ്ങളെ സ്വമേധയാ ചെറുത്തു തോല്‍പ്പിക്കാന്‍ ശ്രമിക്കണം. ഒരാളെ അല്ലെങ്കില്‍ ഒരു സംഘത്തെ കുറ്റപ്പെടുത്തുമ്പോള്‍, അതിനെ വെറും ഒരു തോന്നല്‍ എന്നതിന് ഉപരിയായി വസ്തുനിഷ്ഠമായി ചിന്തിക്കുക. എന്ത് തെളിവുകളാണ് അവര്‍ക്കെതിരെ നമ്മുടെ കൈവശം ഉള്ളത്. ഇവരുമായി നമ്മുടെ വ്യക്തിപരമായ അനുഭവങ്ങള്‍ നമ്മുടെ ചിന്തകളെ ന്യായീകരിക്കുന്നുണ്ടോ? ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ ഭൂരിപക്ഷത്തെ കുറ്റപ്പെടുത്താന്‍ കാരണമാക്കുന്നുണ്ടോ?

എന്നു മുതല്‍ ആയിരിക്കാം ഈ ചിന്തകള്‍ക്ക് മനസ്സില്‍ പ്രതിഷ്ഠ ലഭിച്ചത്? എന്തായിരുന്നിരിക്കാം കാരണം? സ്വന്തം അനുഭവങ്ങള്‍? കേട്ടുകേള്‍വി? പുസ്തകം? ഇന്റര്‍നെറ്റ്? സോഷ്യല്‍ മീഡിയ ?

ഈ വ്യക്തി അല്ലെങ്കില്‍ സംഘവുമായി നമുക്ക് നേരിട്ടുണ്ടായ അനുഭവങ്ങളെ പോസിറ്റീവും നെഗറ്റീവുമായി ഒന്ന് അക്കമിട്ട് നിരത്തി നോക്കുക. ഇതില്‍ എത്രമാത്രം വെറുപ്പ് അവര്‍ അര്‍ഹിക്കുന്നു എന്ന് ശാസ്ത്രീയമായി വിശകലനം ചെയ്യുക. വ്യക്തിപരമായ അനുഭവങ്ങള്‍ക്കപ്പുറം വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങള്‍ വായിക്കുക. പക്ഷപാതപരം എന്നു സംശയം തോന്നുന്നതോ, നമ്മുടെ സ്വന്തം വിശ്വാസങ്ങള്‍ വളര്‍ത്തുന്നതോ ആയത് മാത്രം വായിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനോടൊപ്പം എതിര്‍ ഗ്രൂപ്പില്‍ പെട്ട ആളുകള്‍ക്ക് സംസാരിക്കാനുള്ളത് ക്ഷമയോടെ കേള്‍ക്കാന്‍ ശ്രമിക്കണം. ഒരു തര്‍ക്കത്തിന് വേണ്ടി ശ്രമിക്കരുത്. തന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നു എന്ന തോന്നലിന് പകരം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമം മാത്രമായി ഇതിനെ കാണണം.

സമൂഹത്തിലെ മാറ്റങ്ങള്‍ സ്വന്തം മനസ്സിലേ തുടങ്ങൂ എന്ന തിരിച്ചറിവുണ്ടാകണം. പല കാര്യങ്ങളിലും നമുക്ക് യോജിക്കാന്‍ കഴിയുന്നില്ലെന്ന് വരാം. നമുക്ക് നമ്മുടെ, അവര്‍ക്ക് അവരുടെ വിശ്വാസം എന്ന തീരുമാനത്തിലെത്താന്‍ എളുപ്പം സാധിക്കും. ഇതു വരെ മനസ്സില്‍ സൂക്ഷിച്ച വെറുപ്പ് അശാസ്ത്രീയവും അസ്ഥാനത്തും ആയിരുന്നു എന്നും ബോദ്ധ്യപ്പെടും.

Homo erectus, Homo luzonensis, Homo floresiensis ഇത്യാദി പല ആദിമ മനുഷ്യ സ്പീഷീസുകളുണ്ടായിരുന്നിട്ടും, 300,000 ത്തോളം വര്‍ഷമായി ഹോമോ സാപ്പിയന്‍ എന്ന നമ്മുടെ മനുഷ്യ വര്‍ഗ്ഗം അതിജീവിക്കുകയും ഭൂമി അടക്കി ഭരിക്കുന്ന നിലയിലെത്തുകയും ചെയ്തതിന്റെ മൂല കാരണങ്ങളിലൊന്ന് ഒരു കൂട്ടമായി സഹവസിക്കാനുള്ള സഹകരണ ശേഷിയാണ്.

പ്രപഞ്ച വ്യാപ്തിയുമായി തുലനം ചെയ്താല്‍ പൊട്ടു പോലുള്ള ഭൂമിയില്‍ സൂക്ഷ്മജീവി സമാനമാണ് മനുഷ്യര്‍...

നോക്കൂ നാം ശാസ്ത്ര വിപ്ലവത്തിലൂടെ മനുഷ്യജീവിതങ്ങള്‍ മെച്ചപ്പെടുത്തിയത് താരതമ്യേന ചുരുങ്ങിയ കാലയളവിലൂടെയാണ്. ഇലക്ട്രിസിറ്റി ഇല്ലായെങ്കില്‍ ഇന്ന് നമ്മള്‍ രാവിലെ തൊട്ട് ഉപയോഗിച്ച എത്ര സംവിധാനങ്ങള്‍ ഈ ഫോണും, ഇന്റര്‍നെറ്റും ഉള്‍പ്പെടെ ഉപയോഗയുക്തമാക്കാന്‍ കഴിയുമായിരുന്നു. ഇതെല്ലാം സാധ്യമായതും അഭംഗുരം തുടരുന്നതും ശാസ്ത്രത്തിന്റെ അറിവുകളും നേട്ടങ്ങളും വിശ്വമാനവികതയ്ക്ക് ഉതകുന്ന പോലെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് കൈമാറ്റം ചെയ്യുന്നതിനാലാണ്.

വീണ്ടു വിചാരമില്ലാത്ത വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യകുലത്തിന്റെ തന്നെ പിന്നോട്ടടിക്കലിനും, ഒരു വേള ഉന്മൂലനത്തിനും വരെ കാരണമായേക്കാം. വെറുപ്പ് നാടിന്റെയും മനുഷ്യരുടെയും നാശത്തിലേ അവസാനിച്ചിട്ടുള്ളൂ എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്തവര്‍ സ്വയം നാശത്തിന്റെ പാത തിരഞ്ഞെടുക്കുകയാണ് എന്ന് മറന്നു കൂടാ.

എഴുതിയത്: Dr. Shameer V K & Dr. Deepu Sadasivan

Info Clinic


Next Story

Related Stories