TopTop
Begin typing your search above and press return to search.

നിപയാണ് കാരണം, ഒരു ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയും; ആഗോള വൈറസ് ശൃംഖലയില്‍ കേരളത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി

നിപയാണ് കാരണം, ഒരു ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയും; ആഗോള വൈറസ് ശൃംഖലയില്‍ കേരളത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി

സംസ്ഥാന സർക്കാറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിച്ചു. ലോകവും കേരളവും കോവിഡ് എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ പ്രയത്നിക്കുമ്പോഴാണ് സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ പകരുന്ന ഈ പ്രഖ്യാപനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വലിയ മാറ്റം വരുത്താൻ ശക്തിപകരുന്ന അംഗീകാരമാണ് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിക്കുന്നതിലൂടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ലഭിക്കുന്നത്.

ലോക വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം എന്ന ഖ്യാതി കൂടിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സ്വന്തമാക്കുന്നത്. നിലവിൽ‌ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ലോക ശ്രദ്ധയിലേക്ക് ഉയരുന്നതിന്റെ ആദ്യ പടികൂടിയാണ് ഇപ്പോൾ പിന്നിടുന്നത്. അംഗത്വം ലോക നെറ്റ് വര്‍ക്കിന്‍റെ 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി രോഗനിര്‍ണയം, ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ സഹകരിക്കാനും ആശയവിനിമയം നടത്താനുമുള്ള അവസരമാണ് കേരളത്തിന് തുറന്നുകിട്ടുന്നത്.

കോഴിക്കോട് ജില്ലയിൽ 2018 മെയ് മാസത്തിലുണ്ടായ നിപ വൈറസ് ബാധയാണ് വൈറോളജി വിഭാഗത്തിൽ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് സംവിധാനം വേണമെന്ന ചർച്ചയിലേക്ക് വഴിതുറന്നത്. നിപയെ വിയകരമായി മറികടക്കാൻ സാധിച്ചതും നിപ്പ പ്രതിരോധത്തിന്റെ കേരളാ മോഡല്‍ പ്രതിരോധവും ആഗോളതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരോഗ്യ കേരളത്തിന്റെ മികച്ച നേട്ടമായി കണക്കാക്കിയ ഈ ന‍ടപടിക്ക് പിന്നാലെ പരിശോധനയും ഗവേഷണവും ശക്തിപ്പെടുത്താനാണ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എന്ന ആശയം ഉയർന്നത്. ഈ സ്ഥാപനം പ്രവർത്തന സജ്ജമായാൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കാനാകുമെന്നത് കുടിയായിരുന്നു നടപടികൾ വേഗത്തിലാക്കാനുള്ള തീരുമാനത്തിന് പിന്നിൽ.

2019 ഫെബ്രുവരി 9 നാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (Kerala State Council for Science,Technology & Environment- KSCSTE) നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി സ്ഥാപനം നാടിന് സമർപ്പിച്ചത്. കൃത്യം ഒരു വർഷം പിന്നിടുമ്പോഴാണ് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗമാവുന്ന രാജ്യത്തെ തന്നെ ആദ്യ സ്ഥാപനമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി മാറുന്നത്.

മലയാളികളായ ഡോ. എംവി പിള്ള, ഡോ. ശാര്‍ങ്ധരന്‍ എന്നീ ശാസ്ത്രജ്ഞരാണ് സംസ്ഥാനത്ത് തന്നെ ഒരു വൈറോളജി ഇൻസ്റ്റിട്യൂട്ട് എന്ന ആശയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് . അതിന് ശേഷം വെല്ലൂര്‍ സിഎം മെഡിക്കല്‍ കോളേജിലെ ഡോ. ടി ജെ ജോണിന്റെ ചെയര്‍മാനായിട്ടുള്ള അഡ്വൈസറി കമ്മറ്റി രൂപീകരിക്കുകയും ആ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോവുകയുമായിരുന്നു.

മുമ്പ് ചര്‍ച്ചകളിലുണ്ടായിരുന്നുവെങ്കിലും നിപ വൈറസ് വ്യാപകമായ സാഹചര്യത്തിലായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാധാന്യം കേരളം മനസ്സിലാക്കുന്നത്. പുതിയ വൈറസുകള്‍ പുതിയ രൂപത്തിലും ഭാവത്തിലും വരുന്നതിന്റെ സാഹചര്യം ആശയത്തിന് കൂടുതൽ വാദം ഉയർന്നു. സര്‍ക്കാര്‍ തലത്തില്‍, നിലവില്‍ ഇത്തരം ഗവേഷണത്തിനും കൃത്യമായി ഡയഗ്നോസിസ് നടത്താനും സാധിക്കുന്നത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെയിലാണ്. പിന്നെയുള്ളത് മണിപ്പാലിലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലൊരു ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രം തുടങ്ങാനുള്ള സാധ്യത പരിശോധിച്ചതും.

ഗവേഷണങ്ങളിൽ ഊന്നിക്കൊണ്ടാവണം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം എന്നത് തന്നെയായിരുന്നു കേരളം മുന്നോട്ട് വച്ച് ആശയവും. എന്തുകൊണ്ട് പുതിയ പുതിയ വൈറസുകള്‍ ആവിര്‍ഭവിക്കുന്നു? ആ വൈറസുകള്‍ കൃത്യമായി ഡയഗ്നോസ് ചെയ്ത് അതിന്റെ പ്രതിവിധികളും പ്രതിരോധങ്ങളും കണ്ടെത്താനുമുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിട്ടതും.

കേരള സര്‍ക്കാരിന്റെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് നേരത്തെ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, അടിസ്ഥാനപരമായി രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലകള്‍. രോഗബാധ സംബന്ധിച്ച സാമ്പിളുകള്‍ ശേഖരിച്ച് എത്തിച്ചാല്‍ പൂനെയിലെ വൈറോളജി ലാബില്‍ ലഭ്യമാകുന്നതിനേക്കാള്‍ നിലവാരത്തിലുള്ള നിര്‍ണയത്തിന് ഇൻസ്റ്റിട്ട്യൂട്ടിൽ സൗകര്യമുണ്ടാകും. ഇന്ത്യയില്‍ എവിടെ നിന്നുള്ള സാമ്പിളും ഇവിടെ സ്വീകരിക്കും. കൂടാതെ, ജനങ്ങള്‍ നേരിട്ട് എത്തി സംശയമുള്ള സാമ്പിള്‍ നല്‍കി വൈറസോ, രോഗമോ നിര്‍ണയിക്കാനും അവസരമുണ്ട്. വിവിധ വൈറസുകള്‍ക്കുള്ള പ്രതിരോധ മരുന്ന് നിര്‍മാണത്തിനുള്ള ആധുനിക ഗവേഷണവുമുണ്ടാകും. ഇതിന് പുറമെ വിവിധ അക്കാദമിക പദ്ധതികളും ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിട്ടുന്നുണ്ട്.


Next Story

Related Stories