സന്ധിവാതവും സന്ധി വേദനയും ഒക്കെ പ്രായമായവരില്‍ മാത്രം കാണുന്ന രോഗങ്ങളാണെന്ന ധാരണ പൊതുവില്‍ ഉണ്ട്. ഇത് ശരിയല്ല. ആയിരത്തില്‍ ഒരു കുട്ടിക്ക് എന്നതരത്തില്‍ കുട്ടികളില്‍ സന്ധിവാത രോഗങ്ങള്‍ കാണുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. സന്ധി തേയ്മാനം ഒഴികെ മുതിര്‍ന്നവരില്‍ കാണുന്ന മിക്കവാറും എല്ലാ സന്ധിവാത രോഗങ്ങളും കുട്ടികളേയും ബാധിക്കാവുന്നതാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. 16-ാം നൂറ്റാണ്ടു മുതല്‍ തന്നെ കുട്ടികളെ ബാധിക്കുന്ന വിവിധ സന്ധി രോഗങ്ങളെ കുറിച്ചുള്ള പരമാര്‍ശങ്ങള്‍ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. പകര്‍ച്ച വ്യാധികള്‍ നമ്മുടെ നാട്ടില്‍ അധികമായതിനാല്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സന്ധിവാത രോഗങ്ങളുടെ തോത് ഇവിടെ കൂടുതലാണ്.
കുട്ടികളില്‍ ഏറ്റവും സാധാരണമായി കാണുന്ന സന്ധിവാത രോഗമാണ് ജുവൈനൈല്‍ റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ്. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഇത് സാധാരണയായി ബാധിക്കുക. മൂന്ന് തരത്തിലുള്ള രോഗ ബാധയാണ് ഇതിന്റെ ഭാഗമായി ഉണ്ടാവുക. നാലില്‍ താഴെ മാത്രം സന്ധികളില്‍ ബാധിക്കുന്നതാണ് ആദ്യ തരത്തില്‍ പെടുന്നത്. അഞ്ചോ അതിലേറെയോ സന്ധികളെ ബാധിക്കുന്നതാണ് രണ്ടാമത്തെ തരം. കാല്‍മുട്ട്, കൈമുട്ട് തുടങ്ങിയ ശരീരത്തിലെ വലിയ സന്ദികളെ കൂടാതെ വിരലുകള്‍ പോലുള്ള ചെറിയ സന്ധികളേയും ഇത്തരത്തിലുള്ളത് ബാധിക്കുന്നു. ശക്തമായ പനിയോടൊപ്പം സന്ധി വേദനയും ശരീരം ചുവന്നു തുടിക്കുകയും ഒക്കെ ചെയ്യുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നതാണ് മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്നത്. താരതമ്യേന ഗുരുതരമായ സന്ധി രോഗമായി പരിണമിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതാണിത്. മൂന്നാമത്തെ തരത്തില്‍ പെടുന്നവരില്‍ രോഗം ഗുരുതര സന്ധി വൈകല്യത്തിനു തന്നെ സാധ്യത സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുട്ടികളില്‍ തൊണ്ടയില്‍ കാണുന്ന അണുബാധയെ തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന സന്ധിവാത രോഗമാണ് റുമാറ്റിക് ഫീവര്‍. അഞ്ചു മുതല്‍ 15 വയസ്സുവരെ പ്രായമായ കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. ടോണ്സിലേറ്റീസ് പോലെ തൊണ്ടയിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് റുമാറ്റിക് ഫീവര്‍ ഉണ്ടാകാനുള്ള സാധ്യത 0.30 ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. കാല്‍മുട്ടിലും കണങ്കാലിലുമാണ് റുമാറ്റിക് ഫീവര്‍ സാധാരണയായി നീര്‍ക്കെട്ട് ഉണ്ടാക്കുന്നത്. കൈകാലുകളിലെ വിരലുകളുടെ സന്ധികളെ രോഗം ബാധിക്കാറില്ല. രോഗം ബാധിച്ച ഒരു സന്ധിയിലെ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമായതിനുശേഷം മറ്റൊരു സന്ധിയില്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക എന്നത് ഈ രോഗത്തിന്റെ പ്രത്യേകതയാണ്. സന്ധിവേദന കൂടാതെ, ഹൃദ്രോഗം, ചര്‍മ്മത്തിലെ പാടുകള്‍, കൈകാലുകളുടെ അനിയന്ത്രിത ചലനങ്ങള്‍, തൊലിക്കടിയിലുണ്ടാകുന്ന തടിപ്പുകള്‍ തുടങ്ങിയവ റുമാറ്റിക് ഫീവറിന്റെ ലക്ഷണങ്ങളില്‍ പെടുന്നു.
ഹെപ്പറ്റൈറ്റിസ്-ബി, സി, ആല്‍ഫാ വൈറസുകള്‍, പാര്‍വോ വൈറസുകള്‍ തുടങ്ങിയവയിലും ബാക്ടീരിയില്‍ ബാധയും കുട്ടികളില്‍ സന്ധി വേദനയ്ക്കു കാരണമാകാറുണ്ട്. സന്ധികളേയും നട്ടെല്ലിനേയും ബാധിക്കുന്ന ക്ഷയരോഗവും ഇത്തരം രോഗാവസ്ഥകള്‍ സൃഷ്ടിക്കാറുണ്ട്. സന്ധിയില്‍ മാത്രം കാണുന്ന നീര്‍ക്കെട്ടാണ് രോഗ ലക്ഷണം. കുട്ടികളില്‍ സന്ധി വേദനയുമായി പ്രത്യക്ഷപ്പെടുന്ന മറ്റു ചില രോഗങ്ങള്‍ സന്ധികളെ മാത്രമല്ല, ആന്തരീകാവയവങ്ങളേയും ബാധിക്കുന്നു. എസ്.എല്‍.ഇ, സ്ക്ലീറോഡെര്‍മ, ഡെര്മറ്റോമയോസൈറ്റീസ്, വാസ്കുലൈറ്റീസ് തുടങ്ങിയ രോഗങ്ങള്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നവയാണ്. കുട്ടികളുടെ സന്ധിവാത രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ട് ചികിത്സിക്കണം. ഫലപ്രദമായ ഒട്ടേറെ പ്രതിരോധ ഔഷധങ്ങളും ഇപ്പോള്‍ ലഭ്യമാണ്. ഇവ പ്രയോജനപ്പെടുത്തി യഥാസമയത്ത് തന്നെ ചികിത്സ ലഭ്യമാക്കുന്ന കാര്യത്തില്‍ ശുഷ്കാന്തി കാണിച്ചില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചേക്കാം.