TopTop

'ഇനിയൊരു മധു ഉണ്ടാകരുത്'; അട്ടപ്പാടിയിൽ മാനസിക പ്രശ്നങ്ങൾ നേരിടുന്ന ആദിവാസികളുടെ ചികിത്സയും പുനരധിവാസവും ലക്ഷ്യമിടുന്ന പദ്ധതിക്ക് തുടക്കം

അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിൽ കടുത്ത മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ നിരവധി ഉണ്ടെന്നും അവർക്കായി ആധുനിക ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന വിപുലമായ ഒരു പദ്ധതി ഉണ്ടാകേണ്ടത് അനിവാര്യമാണ് എന്നും ഉള്ള ആവശ്യത്തിന് നിരവധി നാളത്തെ പഴക്കമുണ്ട്. ചിണ്ടക്കിയിലെ കടുകുമണ്ണ ഊരിലെ മധു എന്ന കടുത്ത മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്ന ആദിവാസി യുവാവിനെ ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നിട്ട് ഇപ്പോൾ മാസങ്ങൾ ഇരുപത് കഴിഞ്ഞു. മധുവിന്റെ കൊലപാതകത്തിന് ശേഷം ഇനി മറ്റൊരു മധു ഉണ്ടാകരുത് എന്നതും ആ ലക്ഷ്യത്തിനായി മാനസിക രോഗമുള്ളവരുടെ ചികിത്സയും പുനരധിവാസവും പൂർണ്ണമായി സർക്കാർ ഏറ്റെടുക്കണം എന്നതും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളായി ഉയർത്തിക്കാണിക്കപെട്ടിരുന്നു.

അല്പം വൈകിയാണ് എങ്കിലും സംസ്ഥാന സർക്കാർ ആ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. അട്ടപ്പാടിയിൽ മാനസിക പ്രശ്നങ്ങൾ നേരിടുന്ന മുഴുവൻ ആദിവാസികളുടെയും ചികിത്സയും പുനരധിവാസവും ലക്ഷ്യമിടുന്ന പുനർജനി എന്ന പദ്ധതിയ്ക്ക് നിലവിൽ തുടക്കം കുറിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബറിൽ പദ്ധതി ഔപചാരികമായ ഉത്‌ഘാടനം ചെയ്യും. മധുവിനോടുള്ള ആദര സൂചകമായി നടപ്പാക്കുന്ന പദ്ധതി മാനസിക പ്രശ്നങ്ങൾ നേരിടുന്ന പ്രദേശത്തെ മുഴുവൻ ആദിവാസികളെയും കണ്ടെത്തുന്നതിലും അവരെ ഒരിടത്തു താമസിപ്പിച്ചു ഭക്ഷണവും വസ്ത്രവും ഇതര സൗകര്യങ്ങളും ഉറപ്പാക്കി കൃത്യമായി ചികിത്സിക്കുന്നതും രോഗം സുഖം ആകുന്ന മുറയ്ക്ക് കൃത്യമായ തൊഴിൽ പരിശീലനം നൽകി പുനരധിവസിപ്പിക്കുന്നതും ഉറപ്പാക്കുന്നു. നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷന്റെ ഒരു സർവേ പ്രകാരം അട്ടപ്പാടിയിൽ തൊള്ളായിരം ആദിവാസികൾ മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണ്. അവരിൽ മുന്നൂറ്റി ഇരുപതാളുകൾ രോഗത്തിന്റെ കടുത്ത അവസ്ഥയിലാണ്. ഇവരെയെല്ലാം തന്നെ ആദ്യഘട്ടത്തിൽ കണ്ടെത്തി പുനരധിവാസ പദ്ധതിയുടെ കീഴിൽ കൊണ്ടുവരും.
തിരുവനന്തപുരത്ത് തോന്നയ്ക്കൽ ആസ്ഥാനമായുള്ള ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ മേൽനോട്ടത്തിലും നേരിട്ടുള്ള ചുമതലയിലുമാണ് അട്ടപ്പാടിയിൽ ഈ ചികിത്സാ-പുനരധിവാസ പദ്ധതി നടപ്പാക്കപ്പെടുന്നത്. ആരോഗ്യവകുപ്പ് പദ്ധതിക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും കുതിരവട്ടം, ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ നേരിട്ടുള്ള ചികിത്സയും ഉറപ്പാക്കുമ്പോൾ സത്യസായി ട്രസ്റ്റ് മറ്റുള്ള ചുമതലകൾ ഏറ്റെടുക്കുന്നു. മരുന്നുകളും സർക്കാർ നൽകും. നഴ്‌സുമാർ, സഹായികൾ തുടങ്ങിയവരുടെ നിയമനവും നിയന്ത്രണവും, ഭക്ഷണം, വസ്ത്രം, ഇതര സേവനങ്ങൾ എന്നിവയെല്ലാം ട്രസ്റ്റ് ഉറപ്പാക്കും. പുനരധിവാസ തൊഴിൽ പരിശീലനം സംയുക്തമായിട്ടായിരിക്കും.
അഗളിയിൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വൃദ്ധ മന്ദിരം ഈ ആവശ്യത്തിനായി നിലവിൽ ട്രസ്റ്റിന് കൈമാറിയിയിട്ടുണ്ട്. കഴിഞ്ഞ നാലാഴ്ചകളായി അനൗദ്യോഗികമായി പ്രവർത്തനം തുടങ്ങിയ പദ്ധതിയിൽ നിലവിൽ പതിന്നാലുപേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് രാജ്യത്ത് തന്നെ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കപ്പെടുന്നത്.
"ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ പദ്ധതി ആരംഭിക്കപ്പെടുന്നത്. മറ്റൊരു മധു ഉണ്ടാകരുത് എന്നതിൽ ടീച്ചർക്ക് നിർബന്ധമുണ്ട്. അതുകൊണ്ടു തന്നെയാണ് ഔദ്യോഗിക ഉത്‌ഘാടനം പിന്നത്തേക്കു വച്ച് കൊണ്ട് ഞങ്ങൾ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്,''
സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ എ ആനന്ദ കുമാർ അഴിമുഖത്തോടു പറഞ്ഞു. ഒരേസമയം ഇരുന്നൂറ് പേർക്ക് താമസിച്ചു ചികിത്സ തേടാനുള്ള സംവിധാനമാണ് അഗളിയിൽ ഒരുക്കിയിരിക്കുന്നത്. ആന്തരിക സംഘർഷങ്ങൾ ലഘൂകരിച്ചും സന്തോഷം പങ്കിട്ടും ചികിത്സയുടെ ദിനങ്ങൾ ചെലവിടാവുന്ന അന്തരീക്ഷമാണ് പുനർജനിയിൽ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ഉയർന്ന മാനസിക രോഗ വിദഗ്ധരോടൊപ്പം കോട്ടത്തറയിലെ സർക്കാർ ആദിവാസി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനവും ഇവിടെ ഉണ്ടാകും. അട്ടപ്പാടിയിൽ ആദിവാസി ക്ഷേമ രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ ഡോക്ടർ ആർ പ്രഭുദാസിന്റെ മേൽനോട്ടവും പദ്ധതിയ്ക്കുണ്ടാകും.
പദ്ധതിയുടെ ഭാഗമായി ആകെയുള്ള നൂറ്റി തൊണ്ണൂറ്റി രണ്ടു ഊരുകളും മാനസിക ആരോഗ്യ വിദഗ്ദർ തുടർച്ചയായി സന്ദർശിക്കുകയും രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ കണ്ടെത്തി ഏറ്റവും നല്ല ചികിത്സ ഉറപ്പാക്കുകയും ചെയ്യും. "വലിയൊരു തിരിച്ചറിവാണ് ഈ പദ്ധതി. ആരോഗ്യ രക്ഷയോടൊപ്പം മാനസിക ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തിയാൽ മാത്രമേ ആദിവാസികളുടെ അതിജീവനം സാധ്യമാകൂ. ഈ വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ നിശ്ചയദാർഢ്യമാണ് അവർക്കൊപ്പം ചേരാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ആദിവാസി ആരോഗ്യ സംരക്ഷണത്തിൽ ഈ പദ്ധതി രാജ്യത്തിന് മൊത്തത്തിൽ തന്നെ മാതൃക ആകും എന്നാണ് പ്രതീക്ഷ,'' ആനന്ദ കുമാർ പറഞ്ഞു.


Next Story

Related Stories