TopTop
Begin typing your search above and press return to search.

രാജ്യത്ത് ചെറിയ തോതില്‍ കൊറോണ സമൂഹവ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം, മരണം 29, കേസുകള്‍ 1190

രാജ്യത്ത് ചെറിയ തോതില്‍ കൊറോണ സമൂഹവ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം, മരണം 29, കേസുകള്‍ 1190

ഇന്ത്യയില്‍ ചെറിയ തോതില്‍ കൊറോണ വൈറസിന്റെ (കൊവിഡ് 19) സമൂഹവ്യാപനമുണ്ടായിട്ടുണ്ട് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതാദ്യമായാണ് രാജ്യത്ത് കൊവിഡ് സമൂഹവ്യാപനമുണ്ടായതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു രോഗിയ്ക്ക് രോഗം പകര്‍ന്നത് ആരില്‍ നിന്നാണ് എന്ന് കണ്ടെത്താനും ആ സ്രോതസ്സിനെ എസൊലേറ്റ് ചെയ്യാനും കഴിയാത്ത മൂന്നാം ഘട്ടത്തിലേയ്ക്ക് രാജ്യം കടന്നിരിക്കുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. 1190 കേസുകളും 29 മരണങ്ങളുമാണ് ഇതുവരെ ഇന്ത്യയിലുണ്ടായിരിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ എസ് ഒ പി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) എല്ലാ സംശയകരമായ കേസുകളിലും രോഗികളെ ഐസൊലേറ്റ് ചെയ്യണമെന്ന് പറയുന്നു.

ഒന്നാമത്തെ സ്റ്റേജ് എന്ന് പറയുന്നത് വിദേശത്ത് നിന്നെത്തിയ ആള്‍ക്കുള്ള വൈറസ് ബാധയാണ്. രണ്ടാമത്തേത് ലോക്കല്‍ ട്രാന്‍സ്മിഷന്‍ - പോസിറ്റീവ് കേസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് വൈറസ് ബാധിക്കുന്നത്. ഇതില്‍ വൈറസ് ട്രേസ് ചെയ്യാം. മൂന്നാമത്തേതാണ് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ അഥവാ സമൂഹവ്യാപനം. ഇന്ത്യ ഈ ഘട്ടത്തിലേയ്‌ക്കെത്തിയിരിക്കുന്നു എന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സൂചന. നാലാം ഘട്ടത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ഇന്‍ഫെക്ഷന്റെ വിവിധ ക്‌ളസ്റ്ററുകള്‍ വരുകയും മരണസംഖ്യ നിയന്ത്രണമില്ലാതെ കൂടുകയും ചെയ്യുന്ന ഘട്ടമാണ്. ചൈനയും ഇറ്റലിയും സ്‌പെയിനും നാലാം ഘട്ടത്തില്‍ എത്തിയിരുന്നു.

വിദേശത്ത് പോയി വന്നിട്ടില്ലാത്തവര്‍ക്ക് കൊവിഡ് ബാധിച്ച നിരവധി കേസുകള്‍ വന്നിട്ടുണ്ടെങ്കിലും രാജ്യം കൊറോണയുടെ രണ്ടാം ഘട്ടത്തില്‍ തുടരുകയാണ് എന്നാണ് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഇതുവരെ പറഞ്ഞുവരുന്നത്. സമൂഹവ്യാപന ഘട്ടത്തില്‍ വൈറസ് ബാധിച്ചയാള്‍ വിദേശത്ത് പോയിരിക്കണമെന്നോ കൊവിഡ് പോസിറ്റീവ് രോഗിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണമെന്നോ ഇല്ല. ഇപ്പോള്‍ ഇതില്‍ പ്രതികരിക്കാന്‍ കഴിയില്ല എന്നാണ് ഐസിഎംആറിലെ എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് വിഭാഗം തലവനായ രമണ്‍ ഗംഗാഖേദ്കര്‍ പറയുന്നത്.


Next Story

Related Stories