TopTop
Begin typing your search above and press return to search.

കൗമാരക്കാര്‍ സ്‌ക്രീനില്‍ മുഴുകുന്നു; വ്യായാമം നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന

കൗമാരക്കാര്‍ സ്‌ക്രീനില്‍ മുഴുകുന്നു; വ്യായാമം നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള കൗമാരക്കാരില്‍ 80 ശതമാനത്തിലധികം പേരും വേണ്ടത്ര സജീവമാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഓടുന്നതിനുപകരം ഏതെങ്കിലും ഒരു സ്‌ക്രീനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൗമാരക്കാര്‍ അവരുടെ ആരോഗ്യനില അപകടത്തിലാക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. 2016-ല്‍ 27 രാജ്യങ്ങളിലെ വേണ്ടത്ര സജീവമല്ലാത്ത പെണ്‍കുട്ടികളുടെ അനുപാതം 90 ശതമാനത്തിലധികമായി ഉയര്‍ന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വേണ്ടത്ര ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍തന്നെ ഇന്ത്യയുമുണ്ട്.

146 രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശാണ് ഒന്നാമത്. നാലാം സ്ഥാനത്ത് അമേരിക്കയുണ്ട്. 73.9 ശതമാനം ശാരീരിക പ്രവൃത്തികളുടെ അഭാവത്തോടെ ഇന്ത്യ എട്ടാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍, സമോവ, ടോംഗ, സാംബിയ എന്നീ നാല് രാജ്യങ്ങളിലൊഴികെ എല്ലായിടത്തും ശാരീരിക പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ പിന്നിലാണ്. വളരെ ഗുരുതരമായ സാഹചര്യമാണിതെന്നും, കൗമാരക്കാരെ കൂടുതല്‍ കര്‍മ്മോത്സുകരാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, നിഷ്‌ക്രിയത്വം അവരുടെ ഇപ്പോഴത്തെയും ഭാവിയിലേയും ആരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

146 രാജ്യങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 2001 മുതല്‍ 11-നും 17-നും ഇടയില്‍ പ്രായമുള്ളവരില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. 2030-ഓടെ ഈ നിഷ്‌ക്രിയത്വത്തിന്റെ തോത് 15% കുറയ്ക്കാന്‍ അംഗരാജ്യങ്ങളെല്ലാം കഴിഞ്ഞ വര്‍ഷം സമ്മതിച്ചിരുന്നു. ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ആണ്‍കുട്ടികളുടെ കാര്യത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും പെണ്‍കുട്ടികളുടെ സ്ഥിതി വളരെ മോശമാണ്.

കൗമാരക്കാര്‍ ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും മിതമോ തീവ്രമോ ആയ ശാരീരിക വ്യായാമം നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. സ്‌കൂളിലേക്ക് കാല്‍നടയായോ സൈക്കിള്‍ ചവിട്ടിയോ പോകുന്നത് നല്ലതാണ്. കൗമാരക്കാരെ കൂടുതല്‍ സജീവമാക്കുന്നതിനായി കൂടുതല്‍ ഫലപ്രദമായ നയങ്ങളും പരിപാടികളും ഉണ്ടായിരിക്കണമെന്ന് പഠനം പറയുന്നു. വിദ്യാഭ്യാസം, നഗര ആസൂത്രണം, റോഡ് സുരക്ഷ എന്നിവയില്‍ കുട്ടികള്‍ക്ക് സജീവമായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.


Next Story

Related Stories