TopTop
Begin typing your search above and press return to search.

'ഓപ്പണ്‍ ജിമ്മുകള്‍ ഉള്ള കിണാശ്ശേരിയാണ് ഞാന്‍ സ്വപ്നം കാണുന്നത്'; കേരളത്തിന്റെ ആരോഗ്യമേഖലയെ എങ്ങനെ കൈപിടിച്ചുയര്‍ത്താം?

ഓപ്പണ്‍ ജിമ്മുകള്‍ ഉള്ള കിണാശ്ശേരിയാണ് ഞാന്‍ സ്വപ്നം കാണുന്നത്; കേരളത്തിന്റെ ആരോഗ്യമേഖലയെ എങ്ങനെ കൈപിടിച്ചുയര്‍ത്താം?

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ദുരന്തലഘൂകരണ വിഭാഗം അധ്യക്ഷന്‍ മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ശ്രദ്ധനേടുകയാണ്. ''ആരോഗ്യ രംഗത്ത് ഏറെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം, കേരളത്തിലെ ഓരോ നിയോജകമണ്ഡലത്തിലും ഒന്നോ അതിലധികമോ ഡയാലിസിസ് യൂണിറ്റുകള്‍ കാണും. എം എല്‍ എ മാരും എം പി മാരും ഡയാലിസിസ് യൂണിറ്റ് തുടങ്ങിയതിന് ക്രെഡിറ്റ് എടുക്കുന്നുമുണ്ട്. അതേസമയം ഇതൊരു ബിസിനസ്സ് സാധ്യതയുമാണ്. എത്ര യൂണിറ്റ് ഉണ്ടെങ്കിലും എവിടെയും തിരക്കൊഴിഞ്ഞിട്ട് നേരവുമില്ല. ഇക്കണക്കിന് പോയാല്‍ താമസിയാതെ ഓരോ പഞ്ചായത്തിലും ഓരോ ഡയാലിസിസ് യൂണിറ്റ് ഉണ്ടാകും. കേരളത്തില്‍ ആവശ്യത്തിന് ഡയാലിസിസ് യൂണിറ്റ് ഉണ്ടാകുന്നത് നല്ല കാര്യമാണെങ്കിലും വാസ്തവത്തില്‍ നമ്മുടെ ലക്ഷ്യം ഡയാലിസിസ് ആവശ്യമായ ആളുകളുടെ എണ്ണം കുറക്കുക എന്നതായിരിക്കണമെന്നും'' അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

പുതിയതായി വൃക്ക രോഗം ബാധിക്കുന്നവര്‍ക്കെല്ലാം തൊട്ടടുത്തും ചിലവുകുറഞ്ഞും ഡയാലിസിസ് യൂണിറ്റ് ഉണ്ടാക്കുക എന്നതല്ല, പുതിയ വൃക്ക രോഗികള്‍ ഉണ്ടാകാതെ നോക്കുക എന്നതാണ് കൂടുതല്‍ ശരി. സമൂഹത്തിനും വ്യക്തികള്‍ക്കും കൂടുതല്‍ നല്ലതും സുസ്ഥിരവുമായതും അത്തരം ഒരു പദ്ധതിയാണ് മുരളി തുമ്മാരുകുടി പറഞ്ഞു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു ലക്ഷം ഓപ്പണ്‍ ജിംനേഷ്യങ്ങള്‍

ഇന്ന് ലോക ആരോഗ്യ ദിനമാണ്. ആരോഗ്യ രംഗത്ത് ഏറെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അതിന്റെ ഗുണഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുമുണ്ട്.

ഇപ്പോള്‍ നാട്ടിലെത്തുന്‌പോള്‍ സ്ഥിരമായി കേള്‍ക്കുന്ന കാര്യമാണ് പുതിയതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റുകള്‍. സര്‍ക്കാര്‍ മേഖലയില്‍, സ്വകാര്യ മേഖലയില്‍, ചാരിറ്റികള്‍, സി. എസ്. ആര്‍. ഫണ്ട് ഉപയോഗിക്കുന്നവര്‍ എല്ലാം ഡയാലിസിസ് യൂണിറ്റ് തുടങ്ങുകയാണ്. ഇപ്പോള്‍ തന്നെ കേരളത്തിലെ ഓരോ നിയോജകമണ്ഡലത്തിലും ഒന്നോ അതിലധികമോ ഡയാലിസിസ് യൂണിറ്റുകള്‍ കാണും. എം എല്‍ എ മാരും എം പി മാരും ഡയാലിസിസ് യൂണിറ്റ് തുടങ്ങിയതിന് ക്രെഡിറ്റ് എടുക്കുന്നുമുണ്ട്. അതേസമയം ഇതൊരു ബിസിനസ്സ് സാധ്യതയുമാണ്. എത്ര യൂണിറ്റ് ഉണ്ടെങ്കിലും എവിടെയും തിരക്കൊഴിഞ്ഞിട്ട് നേരവുമില്ല. ഇക്കണക്കിന് പോയാല്‍ താമസിയാതെ ഓരോ പഞ്ചായത്തിലും ഓരോ ഡയാലിസിസ് യൂണിറ്റ് ഉണ്ടാകും.

കേരളത്തില്‍ ആവശ്യത്തിന് ഡയാലിസിസ് യൂണിറ്റ് ഉണ്ടാകുന്നത് നല്ല കാര്യമാണെങ്കിലും വാസ്തവത്തില്‍ നമ്മുടെ ലക്ഷ്യം ഡയാലിസിസ് ആവശ്യമായ ആളുകളുടെ എണ്ണം കുറക്കുക എന്നതായിരിക്കണം. പുതിയതായി വൃക്ക രോഗം ബാധിക്കുന്നവര്‍ക്കെല്ലാം തൊട്ടടുത്തും ചിലവുകുറഞ്ഞും ഡയാലിസിസ് യൂണിറ്റ് ഉണ്ടാക്കുക എന്നതല്ല, പുതിയ വൃക്ക രോഗികള്‍ ഉണ്ടാകാതെ നോക്കുക എന്നതാണ് കൂടുതല്‍ ശരി. സമൂഹത്തിനും വ്യക്തികള്‍ക്കും കൂടുതല്‍ നല്ലതും സുസ്ഥിരവുമായതും അത്തരം ഒരു പദ്ധതിയാണ്.

നമ്മുടെ ഭക്ഷണ രീതികളിലും ജീവിത രീതികളിലും മാറ്റം ഉണ്ടാക്കുക എന്നതാണ് ഇതിന് വേണ്ടത്. ഈ കൊറോണക്കാലം നിര്‍ഭാഗ്യവശാല്‍ രണ്ടു കാര്യത്തിലും നെഗറ്റീവ് ആയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം കൂടി, പൊതുഗതാഗതത്തില്‍ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറി, പുറമെ നിന്നും ഭക്ഷണം കഴിക്കുന്നത് കൂടി, വീടായ വീട്ടിലെല്ലാം കേക്ക് ബേക്കിങ് തുടങ്ങി. പത്തു വര്‍ഷത്തിനകം ആശുപത്രികളിലും ഡയാലിസിസ് സെന്ററുകളിലും ആളുകൂടാന്‍ ഇതിലും കൂടുതല്‍ സാധ്യത വേറെയില്ല.

തിന്നു മരിക്കുന്ന മലയാളിയെ പറ്റി ഞാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇന്ന് വ്യായാമത്തിന്റെ സാധ്യതകളെ പറ്റി പറയാം.

ലോകത്തെന്പാടും ഇപ്പോള്‍ പോപ്പുലര്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ് ഓപ്പണ്‍ ജിം ജിംനേഷ്യങ്ങള്‍. അത്യാവശ്യം വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങള്‍ എവിടെയെങ്കിലും പൊതു സ്ഥലത്ത് സ്ഥാപിക്കുന്നു, ആളുകള്‍ എപ്പോള്‍ വേണമെങ്കിലും സൗജന്യമായി ഉപയോഗിക്കുന്നു. കേരളത്തിലും കുറച്ചൊക്കെ തുടങ്ങിയതായി വായിച്ചു.

എന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ ഒരു വിപ്ലവം ഉണ്ടാകണം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും ഓഫിസുകളിലും ആരാധനാലയങ്ങളിലും ഇവ സ്ഥാപിക്കാനുള്ള ശ്രമം വേണം. പാര്‍ക്കുകളിലും ബീച്ചുകളിലും ഓപ്പണ്‍ ജിം ഉണ്ടാകണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സര്‍ക്കാര്‍ ഫണ്ടുകള്‍, എം എല്‍ എ ഫണ്ടുകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഫണ്ടുകള്‍, സി എസ് ആര്‍, ബിവറേജസിലെ ലാഭവിഹിതം, വേണമെങ്കില്‍ റെസ്റ്റോറന്റിലും ബേക്കറിയിലും ചുമത്തുന്ന ഫാറ്റ് ടാക്‌സ് എന്നിങ്ങനെ ലഭ്യമായ പണമെല്ലാം ഇതിന് ഉപയോഗിക്കാം. അത് മാത്രം പോരാ. ഇത്തരം സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലും വരണം. ഇപ്പോള്‍ തന്നെ കേരളത്തില്‍ സിന്തറ്റിക് ടര്‍ഫുകള്‍ അനവധിയുണ്ട്. പകലും രാത്രിയും അവിടൊക്കെ തിരക്കുമാണ്. അതുപോലെ തന്നെ ഒരു ബിസിനസ്സ് മോഡലായി ഇതും തുടങ്ങാവുന്നതാണ്. ന്യായമായ തുക മാസം സബ്സ്‌ക്രിപ്ഷന്‍ ഈടാക്കുക.

കേരളത്തിലെ ഓരോ വീടിനും അര കിലോമീറ്ററിനകത്ത് ആളുകള്‍ക്ക് പണം നല്‍കിയോ അല്ലാതേയോ ഉപയോഗിക്കാവുന്ന ഓപ്പണ്‍ ജിമ്മുകള്‍ ഉള്ള കിണാശ്ശേരിയാണ് ഞാന്‍ സ്വപ്നം കാണുന്നത്. ഓരോ പഞ്ചായത്ത് മുനിസിപ്പാലിറ്റി വാര്‍ഡിലും ഒരു പൊതു ഓപ്പണ്‍ ജിം എങ്കിലും ഉറപ്പായി ഉണ്ടാകണം (പൊതു എന്നത് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നത് എന്ന അര്‍ത്ഥത്തില്‍ ആണ്, പൊതുമേഖലയില്‍ എന്ന അര്‍ത്ഥത്തില്‍ അല്ല).

ഇത്തരം സംവിധാനങ്ങള്‍ പൊതുമേഖലയില്‍ ഉണ്ടാക്കിയാലുള്ള കുഴപ്പം അത് ഉണ്ടാക്കാനും അതിന്റെ ചിത്രമെടുത്ത് പോസ്റ്റാനും ഒക്കെ ആളുണ്ടാകുമെങ്കിലും അതിന് ശേഷം നടത്തിക്കൊണ്ടു പോകുവാന്‍ ആളോ പണമോ ഉണ്ടാകില്ല എന്നതാണ്. ഇവിടെയാണ് സ്വകാര്യ മേഖലയുടെ പ്രസക്തി. ജിം ഉപയോഗിക്കുന്നതിന് ന്യായമായ ഫീസ് വച്ചാല്‍ ഇതൊരു ബിസിനസ്സ് ആയി മാറും. സര്‍ക്കാരിന് ഇതിനെ രണ്ടു തരത്തില്‍ പിന്തുണക്കാം. ഒന്നുകില്‍ ആളുകള്‍ക്ക് അവരുടെ സാന്പത്തിക നില അനുസരിച്ച് ഒരു മാസം അഞ്ഞൂറ് രൂപക്കോ മറ്റോ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള അലവന്‍സ് നല്‍കാം. അല്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍ക്ക് അഞ്ചോ പത്തോ ലക്ഷം രൂപ ഇന്‍വെസ്റ്റ്‌മെന്റ് സപ്പോര്‍ട്ട് ആയി നല്‍കാം, എന്നിട്ട് ആളുകളുടെ സാന്പത്തിക നില അനുസരിച്ച് ഫ്രീ ആയി അല്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ (മാസത്തില്‍ പത്തു സെഷന്‍ വരെ) നല്‍കണം എന്ന് ഉറപ്പു വരുത്താം. പണമുള്ളവര്‍ക്ക് മുഴുവന്‍ ഫീ നല്‍കി ഉപയോഗിക്കുകയും ചെയ്യാമല്ലോ. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നിരക്കുകള്‍ നല്‍കാവുന്നതാണ്. ഇത് ഒരു സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ്.

കേരളത്തിലെ മഴയുടെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും 'ഓപ്പണ്‍' ആയ ജിമ്മുകള്‍ക്ക് ചില പരിമിതികളുണ്ട്. അതിന് പകരം മുകളില്‍ മേല്‍ക്കൂര ഉള്ളതും മറ്റു തരത്തില്‍ ഓപ്പണ്‍ ആയതുമായ സൗകര്യങ്ങള്‍ തുടങ്ങാമല്ലോ. നമ്മുടെ ആശാ വര്‍ക്കര്‍മാരെ പോലെ നമ്മുടെ ഓരോ വാര്‍ഡിലും ആരോഗ്യകരമായ ജീവിത ശൈലികള്‍ പ്രമോട്ട് ചെയ്യാന്‍ സഹായിക്കുന്ന ഹെല്‍ത്ത് മെന്റര്‍സ് ഉണ്ടാകുന്ന കാലത്ത് നമ്മുടെ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം കുറഞ്ഞു വരും. ദീര്‍ഘകാലം ജീവിക്കുന്ന മലയാളി അന്ന് ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യും.



Next Story

Related Stories