TopTop
Begin typing your search above and press return to search.

13 മണിക്കൂർ ശസ്ത്രക്രിയ, 78 പേരുടെ പങ്കാളിത്തം; സയാമിസ് ഇരട്ടകളെ വിജയകമായി വേർപെടുത്തി നൈജീരിയൻ ഡോക്ടർമാർ

13 മണിക്കൂർ ശസ്ത്രക്രിയ, 78 പേരുടെ പങ്കാളിത്തം; സയാമിസ് ഇരട്ടകളെ വിജയകമായി വേർപെടുത്തി നൈജീരിയൻ ഡോക്ടർമാർ

നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി. 78 അംഗ സംഘം പങ്കെടുത്ത് ആറുമാസം മുന്‍പാണ് ശസ്ത്രക്രിയ നടന്നത്. ഇപ്പോള്‍ അവര്‍ വീട്ടിലേക്ക് തിരികെ പോകുവാന്‍ ഒരുങ്ങുകയാണെന്ന് അബുജയിലെ നാഷണൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് സർജൻ ഇമ്മാനുവൽ അമേ പറഞ്ഞു. ഇമ്മാനുവൽ അമേയായിരുന്നു ഓപ്പറേഷൻ നടത്തിയ ടീമിന് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ നവംബറിലാണ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ നടന്നതെങ്കിലും വിശദാംശങ്ങൾ ആശുപത്രി ഇപ്പോഴാണ് പുറത്തുവിട്ടത്. ശസ്ത്രക്രിയാനന്തര സങ്കീർണതകളൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു അത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്പെഷ്യലിസ്റ്റ് സെന്ററിൽ വെച്ചാണ് സയാമീസ് പെൺകുട്ടികളെ വിജയകരമായി വേർപെടുത്തിയതെന്ന് നാഷണൽ ഹോസ്പിറ്റൽ വക്താവ് ഡോ. തയോ ഹാസ്ട്രപ്പ് പറഞ്ഞു.

ഓപ്പറേഷന് 13 മണിക്കൂറോളം സമയമെടുത്തതായി ആശുപത്രി അറിയിച്ചു. 'ശസ്ത്രക്രിയക്ക് പിന്നില്‍ പ്രവർത്തിച്ച എല്ലാവരും നൈജീരിയക്കാരാണെന്നതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്. നൈജീരിയയില്‍ തന്നെ ഇത് സാധ്യമാണെന്നും തെളിയിച്ചു. ഇനി ചികിത്സക്കായി മാതാപിതാക്കൾക്ക് രാജ്യത്തിന് പുറത്ത് പോകേണ്ടിവരില്ല’ ഹാസ്ട്രപ്പ് പറഞ്ഞു. ആയിരക്കണക്കിന് ഡോളര്‍ ചെലവു വരുന്ന ശസ്ത്രക്രിയ സൗജന്യമായാണ് സര്‍ക്കാര്‍ ആശുപത്രി ചെയ്തുകൊടുത്തത്. ചെറിയ ജോലികളിൽ ജോലി ചെയ്യുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ചിലവ് താങ്ങാവുന്നതിലും അധികമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 13 നാണ് ഇരട്ടകൾ ജനിച്ചതെങ്കിലും ചില സങ്കീർണതകൾ കാരണം നവംബർ വരെ ശസ്ത്രക്രിയ വൈകിപ്പിക്കേണ്ടി വരികയായിരുന്നു. സയാമീസ് ഇരട്ടകളെ വേർതിരിക്കുന്നത് സങ്കീർണ്ണവും അപകടകരവുമായ ഒരു പ്രക്രിയയാണ്. മാർട്ടിൻസ് ഇരട്ടകൾ ജനിച്ചത് ഓംഫാലോസെലെ എന്ന അവസ്ഥയിലാണ്. അവരുടെ കുടലിന്റെ ഒരു ഭാഗം നാഭിക്ക് പുറത്ത് പറ്റിനിൽക്കുന്നുണ്ടായിരുന്നു. അതാണ്‌ ശസ്ത്രക്രിയ സങ്കീര്‍ണ്ണമാക്കിയത്.


Next Story

Related Stories