TopTop

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ശബ്ദങ്ങളുടെ ആഘോഷമായി മാറുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെ പറ്റി കൂടി ചിന്തിക്കുക

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ശബ്ദങ്ങളുടെ ആഘോഷമായി മാറുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെ പറ്റി കൂടി ചിന്തിക്കുക

അമിത ശബ്ദം കാരണമുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ പറ്റി നമ്മള്‍ ഒട്ടുംതന്നെ ബോധവാന്മാരല്ലെന്നാണ് ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്ക് കൂട്ടായ്മക്ക് വേണ്ടി മനോജ് വെള്ളനാട് എഴുതിയ ലേഖനത്തില്‍ ചൂണ്ടി കാണിക്കുന്നത്. ഓരോ മനുഷ്യനും മറ്റൊരാളില്‍ നിന്നും വ്യത്യസ്തനാണ്. നമ്മള്‍ കാണുകയും കേള്‍ക്കുകയും രുചിക്കുകയും ചെയ്യുന്നത് പോലല്ലാ, മറ്റൊരാള്‍ക്ക് അതേ വസ്തുവില്‍ നിന്നുണ്ടാവുന്ന അനുഭൂതിയെന്ന് നമ്മളോര്‍ക്കണം. ജുനൈദ് അബൂബക്കറിന്റെ 'പോനോം ഗോംബെ' എന്ന നോവലില്‍ നായകന് വളരെ ഇഷ്ടമുള്ള പാട്ട് ഉച്ചത്തില്‍ ആവര്‍ത്തിച്ച് പ്ലേ ചെയ്താണയാളെ CIA മാനസികമായി തളര്‍ത്തുന്നത്. അതാണ്, ഇഷ്ടമുള്ള പാട്ടുപോലും ശബ്ദമൊന്നുയര്‍ന്നാല്‍ ചിലപ്പോളൊരു പീഢനമായി മാറാം.

ഇന്ന് ദീപാവലിയാണ്. ദീപങ്ങളുടെ ഉത്സവമെന്നാണ് പറയുന്നതെങ്കിലും ദീപങ്ങളേക്കാള്‍ കഠിനമായ ശബ്ദങ്ങളുടെ ആഘോഷമായിട്ടാണ് നമ്മളതിനെ കാണുന്നത്. പക്ഷെ ഈ ശബ്ദഘോഷങ്ങള്‍ നമ്മളിലുണ്ടാക്കുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ നമുക്കറിയില്ലാ. അതിന്, ശബ്ദത്തെ പറ്റിയുള്ള നമ്മുടെ ധാരണകള്‍ മാറണം.

ശബ്ദമളക്കുന്ന യൂണിറ്റാണ് ഡെസിബെല്‍(dB). മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദമാണ് 0 (zero)dB. ഇതൊരു ലോഗരിത്മിക് നമ്പരാണ്. പൂജ്യത്തില്‍ നിന്ന് ശബ്ദം 10dB ആവുമ്പോ ശബ്ദതീവ്രത 10 മടങ്ങ് കൂടും. ഇനി ശബ്ദം 10dB യില്‍ നിന്നും 20dB ആകുമ്പോളത് 100 മടങ്ങാണ് കൂടുന്നത്. നമ്മള്‍ സാധാരണ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദതീവ്രത 60dB യാണ്. ജനനിബിഡമായ ഒരു സിറ്റിയിലെ പകല്‍ സമയത്തെ ശബ്ദം 70dB യാണ്. ആലോചിച്ചുനോക്കുക 60dBയില്‍നിന്നും 70dB ആയപ്പോള്‍ ശബ്ദം എത്രമാത്രം വലുതായെന്ന്. ഒരു ഹെലിക്കോപ്റ്റര്‍ ഉണ്ടാക്കുന്നശബ്ദം 100dB യാണ്. പടക്കങ്ങളും അമിട്ടുകളും ഉള്‍പ്പെടെയുള്ളവ പൊട്ടുമ്പോള്‍ ഉണ്ടാകുന്നത് 130 dBനും 160 dB നും ഇടയിലുള്ള ശബ്ദങ്ങളാണ്. എത്ര മടങ്ങ് വലിയ ശബ്ദമാണതെന്ന് ചിന്തിച്ചാ തന്നെ പേടിയാവും.

85dB യ്ക്ക് മുകളിലുള്ള ശബ്ദം വീണ്ടും വീണ്ടും കേള്‍ക്കുന്നത് കേള്‍വിക്കുറവിന് കാരണമാകും. ശബ്ദതീവ്രത എത്രകൂടുമോ കേള്‍വിക്കുറവ് വരാനുള്ള കാലതാമസം അത്രയും കുറയും. ലോകത്താകമാനം കേള്‍വിക്കുറവിന്റെ ഏറ്റവും പ്രധാനകാരണം ഈ അമിതശബ്ദമാണ്.

കേള്‍വിക്കുമാത്രമല്ല തലച്ചോറിന്റെയും ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ഒക്കെ പ്രവര്‍ത്തനങ്ങളെ വലിയശബ്ദങ്ങള്‍ ബാധിക്കും. ചെവിയില്‍ മൂളലും (Tinnitus), തലകറക്കവും തലവേദനയുമൊക്കെ സ്ഥിരമായിട്ടുണ്ടാവും. തലച്ചോറിനെ അമിത ശബ്ദം എളുപ്പത്തില്‍ ബാധിക്കും. ഇത് ഉറക്കമില്ലായ്മ, ഉന്മേഷക്കുറവ്, ഉത്കണ്ഠ, ഓര്‍മ്മക്കുറവ് തുടങ്ങി മാനസികരോഗങ്ങള്‍ വരെ ഉണ്ടാക്കും.

രക്തത്തില്‍ സ്‌ട്രെസ് ഹോര്‍മോണുകളായ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയവയുടെ അളവ് കൂടും. അത് പിരിമുറുക്കം, രക്താതിമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ ഒക്കെയുണ്ടാക്കാം. ശബ്ദമലിനീകരണമുള്ളയിടങ്ങളില്‍ ജീവിക്കുന്നവരില്‍ ചെറുപ്പത്തിലേ രക്താതിമര്‍ദ്ദവും പ്രമേഹവും കൂടുന്നതായാണ് കണക്കുകള്‍. ക്രിമിനല്‍ വാസന വര്‍ദ്ധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. അമിത ശബ്ദത്തിനിടയില്‍ ജോലി ചെയ്യുന്നവരില്‍ അമിതമായ ദേഷ്യവും ആത്മവിശ്വാസക്കുറവും സര്‍ഗാത്മകമായ കഴിവുകളുടെ മുരടിപ്പും പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

മനുഷ്യനെ സംബന്ധിക്കുന്ന കാര്യങ്ങളെ പറ്റിയാണ് ഇത്രനേരം പറഞ്ഞത്. പക്ഷെ നമ്മള്‍ മാത്രമല്ലല്ലോ ഭൂമിയുടെ അവകാശികള്‍. ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നമ്മള്‍ അനുഭവിക്കുന്ന ഈ ലോകം നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതിയാണെന്ന്. നമുക്കുചുറ്റും നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും മാത്രമാണ് ശരിയെന്ന് വാദിക്കാന്‍ നമുക്ക് പറ്റുമോ? ഇല്ല. ഒരു നായയ്ക്ക് നമ്മള്‍ കാണുന്ന ചില നിറങ്ങള്‍ കാണാന്‍ പറ്റില്ല. പക്ഷെ നമ്മള്‍ അറിയാത്ത ആവൃത്തിയിലുള്ള ശബ്ദങ്ങളും നമ്മളറിയാത്ത ഗന്ധങ്ങളും അതിനറിയാം. അതിന്റെ ഇന്ദ്രിയങ്ങള്‍ പറയുന്നതാണ് ആ നായയെ സംബന്ധിച്ച് ഈ ലോകം. നമ്മള്‍ അനുഭവിക്കുന്നതല്ല, അതേ തീവ്രതയിലല്ല, മറ്റേതൊരു ജീവിയും ഈലോകത്തെ അനുഭവിക്കുന്നത്. നമ്മള്‍ കാട്ടിക്കൂട്ടുന്ന ഓരോ കാര്യങ്ങളും നമ്മളേക്കാള്‍ ഭീകരമായി ബാധിക്കുന്ന എന്തുമാത്രം ജീവജാലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ശബ്ദമലിനീകരണം കൊണ്ടും അന്തരീക്ഷ മലിനീകരണം കൊണ്ടും കഷ്ടത അനുഭവിക്കുന്ന, ജീവന്‍ പോലും നഷ്ടപ്പെടുന്ന, വംശനാശം സംഭവിക്കുന്ന മറ്റു ജീവികളെക്കൂടി നമ്മള്‍ പരിഗണിക്കണം.

ആവശ്യത്തിലധികമുള്ള ശബ്ദം മറ്റേതൊന്നും പോലെ തന്നെ ഒരു മാലിന്യമാണ്. അതുച്ചഭാഷിണിയായാലും വണ്ടിയുടെ ഹോണായാലും ഉറക്കെയുള്ള സംഭാഷണമായാലും ദീപാവലി പടക്കമായാലും അങ്ങനെയാണ്. നമ്മുടെ നാട്ടില്‍ ഉത്സവങ്ങളുടെയും തെരഞ്ഞെടുപ്പുകളുടെയും ഒക്കെ സീസണായാല്‍ ഈ ശബ്ദമാലിന്യം വലിയൊരു കൂമ്പാരമാകുന്നത് നമ്മള്‍ കാണുന്നുണ്ട്. അധികനേരം ഇയര്‍ഫോണ്‍ വച്ച് സംസാരിക്കുന്നതും പാട്ടുകേള്‍ക്കുന്നതും ഈ ഗണത്തില്‍ വരും, ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

ഇത്തരം അമിതശബ്ദങ്ങള്‍ ശീലമാകുമ്പോള്‍ നമുക്കത് അരോചകമാകില്ലായിരിക്കും, ആദ്യം പറഞ്ഞ സംഭവത്തിലെ ഭര്‍ത്താവിനെ പോലെ. പക്ഷെയത് നമ്മളറിയാതെ ഗുരുതരമായ മാറ്റങ്ങള്‍ നമ്മളിലും സഹജീവികളിലും ആ ശബ്ദം കാരണമുണ്ടാകുന്നുണ്ടെന്ന് കൂടി അറിയണം. അങ്ങനെയുണ്ടാകുന്ന പല പ്രശ്‌നങ്ങളും ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാവുകയും ചെയ്യും.

ശബ്ദമലിനീകരണം 100% മനുഷ്യനിര്‍മ്മിതമാണ്. അത് തടയാനും നമുക്കേ കഴിയൂ.. ശബ്ദരഹിതമായ, അന്തരീക്ഷ മലിനീകരണമില്ലാത്ത എന്നാല്‍ നയനാനന്ദകരമായ ദീപാവലി കോപ്പുകളിന്ന് ലഭ്യമാണ്. അത് പ്രചരിപ്പിക്കേണ്ടതാവശ്യമാണ്. വെടിശബ്ദങ്ങളില്ലാത്ത, ആര്‍ക്കും ആസ്വദിക്കാനാവുന്ന, സുരക്ഷിതമായ കാലത്തിനനുസരിച്ചുള്ള ആഘോഷങ്ങളിലേക്ക് നമ്മള്‍ പുരോഗമിക്കണം. ഈ സുരക്ഷിത ശബ്ദമെന്ന സന്ദേശം ദീപാവലിയിലോ ക്ഷേത്രോത്സവങ്ങളിലോ പള്ളിപ്പെരുന്നാളുകളിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളിലോ മാത്രം ഒതുങ്ങേണ്ടതല്ല. ഒരു ശീലമായി, ദിനചര്യയായി തന്നെ ശബ്ദമലിനീകരണമുണ്ടാക്കാതെ, സഹജീവികളെക്കൂടി പരിഗണിച്ചുകൊണ്ട് ജീവിക്കാന്‍ വേണ്ട ശ്രദ്ധ നമ്മള്‍ നല്‍കേണ്ടതാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം..
Next Story

Related Stories