TopTop

മാസത്തിൽ ഒന്ന് മതിയാകും, 'പുതിയ ഗര്‍ഭനിരോധന ഗുളിക'യുമായി ഗവേഷകർ

മാസത്തിൽ ഒന്ന് മതിയാകും,

പലതരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. അതിലൊന്നാണ് ഗര്‍ഭനിരോധന ഗുളികകള്‍. എന്നാല്‍, ഗർഭനിരോധന ​ഗുളിക കഴിച്ചാലുള്ള ദോഷവശങ്ങളെ പറ്റി പലർക്കും അറിയില്ലെന്നതാണ് വാസ്തവം. അറിയുന്ന ചിലരാവട്ടെ ഗര്‍ഭ നിരോധനത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ പലപ്പോഴായി ഇത്തരം ഗുളികകള്‍ കഴിക്കുകയും ചെയ്യും. ഒരൊറ്റ തവണ മുടങ്ങിയാല്‍പോലും ഗര്‍ഭധാരണത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമെന്നോണം മാസത്തില്‍ ഒരിക്കല്‍ മാത്രം കഴിച്ചാല്‍ മതിയാകുന്ന പുതിയ ഗര്‍ഭനിരോധന ഗുളിക കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

ഈ ഗുളിക ഒരിക്കല്‍ കഴിച്ചാല്‍ ആഴ്ചകളോളം അത് വയറ്റിൽതന്നെ തുടരും, ഗർഭധാരണം തടയാൻ ഹോർമോണുകൾ പതുക്കെ പുറത്തുവിട്ടുകൊണ്ടിരിക്കും. ഓരോ തവണ കഴിക്കുന്നതിന്‍റെ അതേ അളവിലുളള ഹോര്‍മണ്‍ തന്നെയാണ് ഇവ പുറത്തുവിടുന്നത് എന്ന് 'സയന്‍സ് ട്രാന്‍സിലേഷണല്‍ മെഡിസിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ദി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷന്റെ ധനസഹായത്തോടെയാണ് അമേരിക്കയിലെ ഒരു ഗവേഷക സംഘം ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. മൃഗങ്ങളിലാണ് ഇത് ആദ്യം പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കുള്ളിൽ മനുഷ്യരിലെ പരീക്ഷണങ്ങളും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജനന നിയന്ത്രണത്തിനായി ഗുളിക കഴിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇത് ഒരു നല്ല ഓപ്ഷനായിരിക്കുമെന്ന് ഗവേഷകർ പറയുന്നു. ദിവസേന ഗുളിക കഴിക്കുന്നതിനെകുറിച്ച് ചിന്തിക്കുകയേ വേണ്ടാ എന്നതാണ് പ്രത്യേകത. ഗർഭനിരോധനത്തിന് പരമ്പരാഗത ഗുളികകള്‍ കഴിക്കുന്ന ദശലക്ഷക്കണക്കിന് സ്ത്രീകൾ ലോകമെമ്പാടും ഉണ്ട്. 99% ഫലപ്രാപ്തിയുണ്ടാവുമെന്നതാണ് പ്രധാന ആകര്‍ഷണം. അതിനാല്‍ തന്നെ ഇതിനുള്ള വിശ്വാസ്യതയും വളരെ കൂടുതലാണ്. ഫലപ്രാപ്തിക്കായി എല്ലാ ദിവസവും കൃത്യസമയത്ത് കഴിക്കേണ്ടതുണ്ട്. എന്നാല്‍, ഇത്തരം ഗുളികകള്‍ കഴിക്കുന്നവരില്‍ പകുതി പേരും പലപ്പോഴും ഗുളിക കഴിക്കാന്‍ മറക്കുകയോ, സമയം തെറ്റുകയോ ചെയ്യാറുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത് ഗുളികയുടെ ഫലപ്രാപ്തി 91% ആയി കുറക്കുകയും ചെയ്യും.

അതേസമയം, ഗർഭനിരോധന ​ഗുളികകൾ സ്ത്രീകളുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് മുമ്പ് നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.


Next Story

Related Stories