രോഗീപരിചരണം ലഘുവായ ഒരു ജോലിയല്ല. അതിനെ ദൈവദത്തമായ ഉത്തരവാദിത്തമായി കണ്ട്, തികഞ്ഞ ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യുവാന്‍. പ്രത്യേകിച്ചും ശയ്യാവലംബികളായ രോഗികളുടെ കാര്യത്തില്‍. ഓരോ രോഗിയിടേയും പരിചരണാവശ്യം രോഗിയുടെ രോഗത്തോടുള്ള മനോഭാവം അനുസരിച്ചും രോഗത്തിന്റെ സ്വഭാവം അനുസരിച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ വ്യക്തിഗതായ പരിചരണ രീതി അവലംബിക്കുകയാവും ഉത്തമം.
ഇത് രോഗിയുടെ കിടക്ക തിരഞ്ഞെടുക്കുന്നതുമുതല്‍ രോഗിയുടെ ദൈനംദിന കൃത്യങ്ങളില്‍ സഹായിക്കുന്നതുവരെയുള്ള ഓരോ പരിചരണ പ്രവൃത്തികളിലും പ്രകടമാക്കേണ്ടതാണ്. രോഗിക്ക് രോഗം മൂലവും അതിനു നല്കുന്ന വിവിധ തരത്തിലുള്ള ചികിത്സകള്‍ മൂലവും പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വന്നുപെടാം. ഇതൊക്കെ മനസ്സില്‍ വെച്ചു വേണം പരിചരണ ക്രമം രൂപപ്പെടുത്താന്‍. രോഗിക്ക് ആശ്വാസവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നതിനൊപ്പം സുഖകരമായി വിശ്രമിക്കാന്‍ ഉതകുന്ന തരത്തിലാവണം മുറിയിലെ ക്രമീകരണങ്ങള്‍. രോഗിയുടെ അടുത്തിടപഴകുന്നവര്‍ വൃത്തിയും ശുചിത്വവും പാലിക്കണം.
രോഗിയെ വായു സഞ്ചാരവും വൃത്തിയും ഉള്ള ഇടത്തില്‍ വേണം കിടത്താന്‍. സൂര്യപ്രകാശവും പുറം കാഴ്ചകളും ലഭ്യമാകുന്ന തരത്തില്‍ ജനാലയോട് ചേര്‍ന്നു കിടക്ക ഒരുക്കണം. രോഗി കിടക്കുന്ന മുറിയോട് ചേര്‍ന്ന് ടോയ്ലെറ്റും കുളിമുറിയും ഒക്കെയുണ്ടെങ്കില്‍ നല്ലത്. രോഗിക്ക് പ്രയാസമുണ്ടാകാത്ത തരത്തില്‍ ആവണം മുറിയിലെ ഫര്‍ണീച്ചറുകള്‍ ക്രമീകരിക്കേണ്ടത്.
അസുഖബാധിതരുടെ ചലനങ്ങള്‍ക്ക് സൗകര്യപ്രദമായ ഉയരത്തിലുള്ളതാവണം കട്ടില്. കട്ടിലിന്റെ രണ്ടു വശങ്ങളും ചുമരില്‍ നിന്നും നിശ്ചിത അകലത്തില്‍ ഇടുന്നത് ഉത്തമം. തീര്‍ത്തും ശയ്യാവലംബിയാണെങ്കില് കട്ടിലിനു ഇരുവശത്തും റെയിലുകള്‍ ഘടിപ്പിച്ച് രോഗി വീഴാതിരിക്കാന്‍ പ്രത്യേകം ക്രമീകരണം ഉണ്ടാക്കണം. മെത്തകള്‍ ഉറപ്പുള്ളവയായിരിക്കണം. പ്ലാസ്റ്റിക് ഉറകള്‍ മെത്ത വൃത്തികേടാകാതെ ഇരിക്കാന്‍ സഹായിക്കും. നാലോ അഞ്ചോ ദിവസങ്ങള്‍ കൂടുമ്പോള്‍ മെത്ത വെയിലത്തിട്ട് ഉണക്കണം.
മെത്തമേലിടുന്നതിന് കട്ടികുറഞ്ഞ വിരികളാവും നല്ലത്. ഇവയ്ക്കു വേണ്ടത്ര നീളവും വീതിയും ഉണ്ടായിരിക്കണം. കിടക്കയക്കു മേലെ റബര്‍ ഷീറ്റ് വിരിക്കുകയും അതിനു മേലെ വിരി വിരിക്കുകയും ചെയ്യണം. തീര്‍ത്തും ശയ്യാവലംബികളായ രോഗികളാവുമ്പോള്‍ മല മൂത്രങ്ങള്‍ വീണും മറ്റു പല തരത്തിലും കടിക്ക നനയാതിരിക്കാനാണ് കിടക്കയുടെ നീളത്തില്‍ വിരി വിരിക്കുന്നത്. തലയിണകള്‍ കൊണ്ടു രോഗി മറിഞ്ഞുവീഴാതിരിക്കാനുള്ള ക്രമീകരണവും ഒരുക്കണം. രോഗിയെ കട്ടിലില്‍ ചാരി ഇരുത്തുന്നതിനായി ബാക് റെസ്റ്റ് ക്രമീകരിക്കാം. രോഗിക്ക് പിടിച്ചെഴുന്നേല്ക്കുന്നതിനുള്ള കൈപ്പിടിയോ കയറോ കരുതുന്നതും നല്ലതായിരിക്കും. ഇത്തരത്തില്‍ രോഗിയുടെ വിവിധ തരത്തിലുള്ള സൗകര്യങ്ങളെ കണക്കിലെടുത്താവണം സംവിധാനങ്ങള്‍ ഒരുക്കേണ്ടത്.