കൊറോണ വൈറസ് ബാധിച്ച്, ചികിത്സയിലൂടെ വൈറസ് മുക്തി നേടിയ ആളുടെ ബ്ലഡ് പ്ലാസ്മ മറ്റ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. കൊവിഡ് 19നുള്ള മരുന്നിനായുള്ള ഗവേഷണങ്ങള്‍ വിവിധ ലോകരാജ്യങ്ങളില്‍ പുരോഗമിക്കവേ, സുപ്രധാന കണ്ടെത്തലാണ് ചൈനയിലെ രണ്ട് ഗവേഷകസംഘങ്ങള്‍ നടത്തിയിരിക്കുന്നത്. ഗുരുതര രോഗം ബാധിച്ച 15 പേര്‍ക്കാണ് ഇത്തരത്തില്‍ പ്ലാസ്മ നല്‍കിയത്. ഇവരിലെ ആരോഗ്യനില വളരെ മെച്ചപ്പെട്ടു. ദ ഗാര്ഡിയന് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗുരുതരാവസ്ഥയിലായിരുന്ന 10 രോഗികള്‍ക്ക് കോണ്‍വാലസെന്റ് പ്ലാസ്മ നല്കിയപ്പോള് അവരുടെ ആരോഗ്യനില മെച്ചപ്പട്ടതായി വുഹാനിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഈ രോഗികളുടെ ശരീരത്തിലെ വൈറസ് നില പെട്ടെന്ന് കുറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനുള്ള ആരോഗ്യനിലയില്‍ വലിയ മെച്ചമുണ്ടായി. ശ്വാസസംബന്ധമായ പ്രശ്നങ്ങളും നെഞ്ചുവേദനയും പനിയും കഫക്കെട്ടുമെല്ലാം കുറയുകയോ മാറുകയോ ചെയ്തു.
വുഹാനിലെ നാഷണല്‍ എഞ്ചിനിയറിംഗ് ടെക്നോളജി റിസര്‍ച്ച് സെന്റര്‍ ഫോര്‍ കംബൈന്‍ഡ് വാക്സിന്സിലെ ഗവേഷകന് സയോമിങ് യാങ് ഈ ചികിത്സയെ വളരെയധികം ഫലപ്രദം എന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം അന്തിമ നിഗമനത്തിലെത്താന്‍ ഇനിയും ഇത് സംബന്ധിച്ച് പരീക്ഷണങ്ങള്‍ ആവശ്യമാണ് എന്നാണ് സയോമിങ് യാങ്ങിന്റെ അഭിപ്രായം.
ഷെന്‍സനിലെ തേഡ് പീപ്പിള്‍ ഹോസ്പിറ്റലിലുള്ള ഡോ.ലീ ലിയുവിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ഡോക്ടര്‍മാര്‍ കൊണ്വാലസന്റ് പ്ലാസ്മ ഗുരുതര രോഗം ബാധിച്ച അഞ്ച് പേര്‍ക്ക് നല്‍കിയിരുന്നു. ഈ അഞ്ച് പേരുടേയും നില മെച്ചപ്പെട്ടു. 10 ദിവസത്തിനകം ഇവരുടെ വെന്റിലേറ്റര്‍ മാറ്റാനായി. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ ഇക്കാര്യം പറയുന്നു.
കൊവിഡ് മുക്തി നേടിയ രോഗിയുടെ രക്തം ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഈ കണ്ടെത്തലുകള്‍ നല്‍കുന്നത്. അതേസമയം വളരെക്കുറച്ച് രോഗികളെ മാത്രമേ പ്ലാസ്മ ഉപയോഗിച്ച് ചികിത്സിച്ചിട്ടുള്ളൂ. ഇത് എത്രത്തോളം ഫലപ്രദമാണെന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്.
1918ലെ സ്പാനിഷ് ഫ്ളൂ കാലത്ത് തന്നെ കൊണ്വാലസന്റ് പ്ലാസ്മ ചികിത്സയ്ക്കായി ഉപയോഗിച്ച് തുടങ്ങിയിരുന്നു. വൈറസ് മുക്തി നേടിയവരുടെ രക്തത്തില്‍ ആന്റിബോഡികളുണ്ടാകും. ഇവയ്ക്ക് അടുത്ത തവണ വൈറസ് ആക്രമിക്കുമ്പോള്‍ പെട്ടെന്ന് തന്നെ അവയെ കണ്ടെത്തി നശിപ്പിക്കാനാകും. ഇതാണ് പ്ലാസ്മ ചികിത്സയുടെ അടിസ്ഥാനം. യുഎസിലും യുകെയിലും ഇത് സംബന്ധിച്ച ഗവേഷണം പുരോഗമിക്കുകയാണ്. യുകെയിലെ നാഷണല്‍ ബ്ലഡ് സര്‍വീസ് രോഗികളില്‍ നിന്നുള്ള രക്തമെടുത്ത് ആന്റിബോഡികള്‍ പരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയ പ്രൊഫ.ഡേവിഡ് ടാപ്പിന്, യുകെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ചിനെ കൊണ്വാലസെന്റ് പ്ലാസ്മ പരീക്ഷണത്തിലേയ്ക്ക് നയിച്ചിരുന്നു. പ്ലാസ്മയ്ക്ക് അണുബാധ തടയാനാകുമെന്നും രോഗികളുടെ അവസ്ഥ മോശമാകുന്നത് തടയാന്‍ കഴിയുമെന്നതും സംബന്ധിച്ച തെളിവുകളാണ് ഇവര്‍ അന്വേഷിക്കുന്നുണ്ട്്്. അതേസമയം കൊണ്വാലസെന്റ് പ്ലാസ്മയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സുരക്ഷാ ആശങ്കകളുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന് ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ട്.