TopTop
Begin typing your search above and press return to search.

മാസം തികയാതെയുള്ള പ്രസവം; കുഞ്ഞുങ്ങള്‍ക്ക് നല്‍കാം മികച്ച പരിചരണം

മാസം തികയാതെയുള്ള പ്രസവം; കുഞ്ഞുങ്ങള്‍ക്ക് നല്‍കാം മികച്ച പരിചരണം

ഒന്‍പതാം തീയതി ജനിച്ച ഒരു കുഞ്ഞായിരുന്നു പാട്രിക്. ജനിക്കുന്ന സമയത്ത് അവനു 34 ആഴ്ചകള്‍ തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. 2.11 കിലോ തൂക്കവും. ജനിച്ചപ്പോള്‍ മുതല്‍ അവന്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 36 മണിക്കൂറുകള്‍ക്ക് ശേഷം അവന്‍ ഈ ലോകത്തോട് വിട പറഞ്ഞു.

പൂര്‍ണ്ണമായ ഒരു ഗര്‍ഭകാലം എന്നു പറയുന്നത് 40 ആഴ്ചകളാണ്. 37 ആഴ്ചകള്‍ തികഞ്ഞാല്‍ തന്നെ അവരെ നമ്മള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുട്ടിയായാണ് കണക്കാക്കുന്നത്. 34 മുതല്‍ 37 ആഴ്ചകള്‍ വരെ Late Preterm എന്ന ഗണത്തിലാണ് വരുക. ഈ കുട്ടികള്‍ക്ക് Preterm കുട്ടികളുടെ അത്രയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ Term കുട്ടികളുടെ അത്രയും ആരോഗ്യവും ഉണ്ടാകില്ല. പാല്‍ വലിച്ച് കുടിക്കാനുള്ള ബുദ്ധിമുട്ടും ജനിച്ചയുടനെ കുഞ്ഞുങ്ങളില്‍ കാണുന്ന മഞ്ഞപ്പിത്തം വരാനുള്ള സാധ്യതകളും ഇത്തരം കുട്ടികളില്‍ കുറച്ചു കൂടുതല്‍ ആയിരിക്കും.

34 ആഴ്ചകള്‍ക്ക് മുമ്പുള്ള കുട്ടികളെയാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ Preterm കുട്ടികള്‍ എന്ന് പറയുന്നത്. അതില്‍ തന്നെ 28 ആഴ്ചയില്‍ താഴെയുള്ള കുട്ടികളെ Extreme Preterm എന്ന് പറയും. 23-24 ആഴ്ച പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് ആണ് ഒരു കുഞ്ഞിന് ജീവിക്കാനുള്ള സാധ്യത (viability) വരുന്നത്. അത് കൊണ്ട് തന്നെ അതിലും താഴെയുള്ള കുട്ടികള്‍ക്ക് സാധാരണ ഗതിയില്‍ resuscitation നല്‍കാറില്ല.

ഗര്‍ഭകാലത്ത് അമ്മമാരില്‍ കാണുന്ന പ്രഷര്‍, ഡയബറ്റിസ്, ഇന്‍ഫെക്ഷന്‍ (പ്രത്യേകിച്ച് മൂത്രത്തില്‍ പഴുപ്പ്), ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ (multiple pregnancy), രക്തസ്രാവം (ante partum hemorrhage) മുതലായവയാണ് മൂപ്പെത്തുന്നതിന് മുന്‍പ് കുഞ്ഞുങ്ങള്‍ പുറത്ത് വരാനുള്ള പ്രധാന കാരണങ്ങള്‍.

മൂപ്പ് കുറയുന്തോറും പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലായിരിക്കും. അത് കൊണ്ട് തന്നെ, ഇത്തരം കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുവാന്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ പ്രസവിക്കുന്നതായിരിക്കും പ്രസവശേഷം കുഞ്ഞിനെ അങ്ങോട്ട് മാറ്റുവാന്‍ ശ്രമിക്കുന്നതിലും നല്ലത്. കുഞ്ഞുങ്ങളുടെ വലിപ്പം കുറവായിരിക്കുമെങ്കിലും എല്ലാ അവയവങ്ങളും ഉണ്ടായിരിക്കും. പക്ഷേ അവയുടെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ നടക്കുന്നുണ്ടാവില്ല. Preterm കുഞ്ഞുങ്ങളില്‍ കാണുന്ന പ്രശ്‌നങ്ങളെ കുറിച്ചും അവക്കെതിരെ ഉള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ചും അവക്കുള്ള ചികിത്സരീതികളെ കുറിച്ചും നമുക്ക് നോക്കാം.

ജനനസമയത്ത്

• ഇത്തരം കുട്ടികളുടെ ശരീരത്തിലെ ഊഷ്മാവ് പെട്ടെന്ന് താഴ്ന്നു പോകുവാന്‍ സാധ്യതയുള്ളതിനാല്‍ പ്രസവം നടക്കുന്ന മുറിയുടെ ചൂട് അല്പം കൂട്ടി വെക്കാറുണ്ട്. വേഗം തുടച്ചെടുത്ത് തുണിയില്‍ പൊതിഞ്ഞ് പുറമെ നിന്നും ചൂട് നല്‍കുവാന്‍ കഴിയുന്ന ഉപകരണത്തില്‍ (warmer) വെച്ചാണ് മറ്റ് പരിശോധനകള്‍ നടത്തുക. അതിനു ശേഷം NICUവില്‍ അവരെ പരിചരിക്കുന്നതും warmer അല്ലെങ്കില്‍ incubator ന്റെ ഉള്ളില്‍ വെച്ചായിരിക്കും.

• ജനിച്ചയുടനെയുള്ള ശ്വാസം അഥവാ കരച്ചില്‍ വളരെ പ്രധാനപ്പെട്ടതാണ്. ശ്വാസകോശത്തിന്റെ ഉള്ളില്‍ നിറഞ്ഞ് കിടക്കുന്ന ജലം വലിഞ്ഞ് പോയി അവിടം വായു വന്ന് നിറയുവാന്‍ ഏറ്റവും പ്രധാനം ആദ്യത്തെ ഏതാനം ശ്വാസങ്ങളാണ്. മാസം തികയാത്ത പുറത്ത് വരുന്ന കുഞ്ഞുങ്ങള്‍ കരയാതിരിക്കാനും കരഞ്ഞാല്‍ തന്നെ അതിന് വേണ്ടത്ര ശക്തി ഇല്ലാതിരിക്കാനുമുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് അവര്‍ക്ക് കൃത്രിമ ശ്വാസം ഉടനെ തന്നെ നല്‍കേണ്ടി വന്നേക്കാം.

• ചെറിയ കുഞ്ഞുങ്ങളുടെ രക്തത്തിന്റെ അളവ് വളരെ കുറവായിരിക്കുമെന്നതിനാല്‍ ചെറിയ അളവിലുള്ള നഷ്ടം പോലും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കും. അത് കൊണ്ട് അക്കാര്യത്തിലും പ്രത്യേക ശ്രദ്ധ അത്യാവശ്യമാണ്.

ആദ്യത്തെ ദിവസങ്ങള്‍

• Respiratory Distress Syndrome (RDS):

ശ്വാസകോശം പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ ഉണ്ടാകുന്ന ശ്വാസം മുട്ടിനെയാണ് നമ്മള്‍ RDS എന്ന് പറയുന്നത്. Surfactant എന്ന ഒരു പദാര്‍ത്ഥത്തിന്റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. Lungsന്റെ ഏറ്റവും ചെറിയ ഘടകമായ alveoli, കരച്ചിലിലൂടെയോ കൃത്രിമ ശ്വാസത്തിലൂടെയോ തുറന്നാലും അത് ആ അവസ്ഥയില്‍ തന്നെ തുടരുവാന്‍ surfactant അത്യാവശ്യമാണ്. 34 ആഴ്ചയോടെയാണ് അതിന്റെ ഉത്പാദനം പൂര്‍ണ്ണ തോതിലെത്തുന്നത്. അതിനാല്‍ തന്നെ അതിനു മുന്‍പ് ജനിക്കുന്ന കുട്ടികളില്‍ അതിന്റെ അഭാവം പരിഹരിക്കപ്പെടണം. ഇത്തരം പ്രസവങ്ങള്‍ മുന്‍കൂട്ടി കാണുന്ന അവസരങ്ങളില്‍ അമ്മക്ക് നല്‍കുന്ന steroid injection ഒരു പരിധി അതിനു സഹായിക്കും. എന്നാല് ചില കുഞ്ഞുങ്ങളില്‍ നമുക്ക് surfactant പുറമെ നിന്ന് നല്‍കേണ്ടി വരും. ഇപ്പോള്‍ നമുക്കിത് മരുന്നു രൂപത്തില്‍ ലഭ്യമാണ്. അത് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കുവാനുള്ള ചികിത്സ രീതികളും.

ഇത് കൂടാതെ, ചില സമയങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് ശ്വസിക്കാന്‍ പുറമേ നിന്ന് സഹായം വേണ്ടി വരും. രോഗത്തിന്റെ കട്ടിയനുസരിച്ച് ventilator/ CPAP/ HFNV/ Oxygen മുതലായ എന്തും ഉപയോഗിക്കേണ്ടി വന്നേക്കാം.

• Apnea of Prematurity (AOP)

ഏറ്റവും എളുപ്പത്തില്‍ പറഞ്ഞാല്‍... ശ്വസിക്കാന്‍ മറന്നു പോവുക! ഇത് തടയാന്‍ മരുന്നുകള്‍ ലഭ്യമാണ്. ആദ്യം ഇഞ്ചക്ഷനായും പിന്നീട് വായിലൂടെയും നല്‍കാറുണ്ട്. ചിലപ്പോള്‍ ഈ അസുഖം കാരണവും വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നേക്കാം. 34 ആഴ്ചക്ക് തുല്ല്യമായ പ്രായം തികയുന്നതോടെ അവരുടെ തലച്ചോറ് ആവശ്യത്തിന് വികാസം പ്രാപിക്കുകയും മിക്കവാറും കുട്ടികളില്‍ ഈ പ്രശ്‌നം തനിയെ പരിഹരിക്കപ്പെടുകയും ചെയ്യും.

• Patent Ductus Arteriosus (PDA)

ഗര്‍ഭാവസ്ഥയില്‍ ഉള്ളതും പുറത്ത് വന്ന് അധികം വൈകാതെ അടഞ്ഞ് പോകുന്നതുമായ ഒരു രക്തക്കുഴലാണ് Ductus Arteriosus. അത് അതേപടി നിലനിന്നാല്‍ ശുദ്ധ രക്തവും അശുദ്ധരക്തവും കൂടി കലരാം. മൂപ്പെത്താത്ത കുട്ടികളില്‍ അടഞ്ഞവ വീണ്ടും തുറന്നേക്കാം. അതിനെ പറയുന്ന പേരാണ് PDA. കുഞ്ഞിന് നല്‍കുന്ന ജലാംശത്തിന്റെ അളവില്‍ മാറ്റങ്ങള്‍ വരുത്തിയും, Paracetamol/ Ibuprofen മരുന്നുകള്‍ നല്‍കിയും ഇത് ചികിത്സിക്കാന്‍ സാധിക്കും. ചുരുക്കം ചില അവസരങ്ങളില്‍ സര്‍ജറി വേണ്ടി വന്നേക്കാം.

• Intra Ventricular Hemorrhage (IVH)

പൂര്‍ണ്ണമായി വളര്‍ച്ചയെത്താത്ത രക്തധമനികള്‍ പൊട്ടി തലച്ചോറിലേക്ക് രക്തം വരുന്നതിനെ പറയുന്ന പേരാണിത്. ചെറിയ തോതിലുളളവ തനിയെ വലിഞ്ഞ് പോകും. വലിയ തോതില്‍ വന്നാല്‍ ചിലപ്പോള്‍ സര്‍ജറി വേണ്ടി വന്നേക്കും.

• Necrotizing Enterocolitis (NEC)

ദഹനപ്രക്രിയ പൂര്‍ണ്ണ തോതില്‍ ആകാത്തത് മൂലം കുടലിനുണ്ടാകുന്ന പ്രശ്‌നമാണ് NEC. അത് കൊണ്ട്, ചെറിയ കുട്ടികള്‍ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഒരു വിധം ഒതുങ്ങിയതിന് ശേഷമേ പാല്‍ കൊടുത്ത് തുടങ്ങൂ. അതും വളരെ ചെറിയ അളവില്‍. ദഹനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മെല്ലെ മെല്ലെ കൂട്ടി കൊണ്ട് വരുകയാണ് ചെയ്യുക. എന്നിരുന്നാലും ചില കുട്ടികള്‍ക്ക് ഇതുണ്ടാകാം. കുറച്ച് ദിവസം പാല്‍ നല്‍കാതിരുന്നാല്‍ ചിലപ്പോള്‍ ഇത് പതിയെ ശരിയാകും. ചില അവസരങ്ങളില്‍ antibiotics ആവശ്യമായി വന്നേക്കാം. വളരെ വിരളമായി സര്‍ജറിയും.

ദഹനപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണുന്ന ഒന്നാകയാലും വായിലൂടെ പാല് കുടിക്കുവാന്‍ ബുദ്ധിമുട്ടാകയാലും തീരെ ചെറിയ കുട്ടികളില്‍ പാല്‍ കൊടുത്ത് തുടങ്ങുന്നത് ട്യുബിലൂടെയാണ്. 30-32 ആഴ്ചകള്‍ തികഞ്ഞതിന് ശേഷമെ അവര്‍ക്ക് വായിലൂടെ പാല്‍ നല്‍കാനാവൂ. 32-34 ആഴ്ചകള്‍ തികഞ്ഞതിന് ശേഷം മുലപ്പാല്‍ നേരിട്ട് നല്‍കുവാന്‍ ശ്രമിക്കാം.

• Hypoglycemia

പൂര്‍ണ്ണ വളര്‍ച്ച എത്തിയ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ചെറിയ കുഞ്ഞുങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ രക്തക്കുഴലിലൂടെ fluid നല്‍കുകയോ കൃത്യമായ ഇടവേളകളില്‍ വായിലൂടെയോ ട്യൂബിലൂടെയോ പാല്‍ നല്‍കുകയോ വേണം. ആദ്യ ദിവസങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടക്കിടെ പരിശോധിക്കുകയും വേണം.

• Newborn Jaundice

ആദ്യദിനങ്ങളില്‍ കാണുന്ന മഞ്ഞപ്പിത്തം സാധാരണയായി അപകടകാരിയല്ലെങ്കിലും ചില അവസരങ്ങളില്‍ ചികിത്സ വേണ്ടി വരാറുണ്ട്. മാസം തികയാതയുള്ള ജനനമാണ് അതിലൊന്ന്. മിക്കവാറും അവസരങ്ങളില്‍ phototherapy (Ultraviolet വെളിച്ചം) മതിയാകും. വളരെ അപൂര്‍വ്വമായി രക്തം മാറ്റേണ്ടതായും വരാം.

• Anemia of prematurity

രക്തക്കുറവ് വളരെ സാധാരണമായ ഒരു പ്രശ്‌നമാണ് ഇത്തരം കുട്ടികളില്‍. വളരെ ചെറിയ കുട്ടികള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ രക്തം കയറ്റേണ്ടതായി വരാറുണ്ട്. ഒരു വയസ്സ് തികയുന്നത് വരെ കുഞ്ഞുങ്ങള്‍ക്ക് iron മരുന്ന് കൊടുക്കുന്നത് ഒരു പരിധി വരെ രക്തക്കുറവ് പരിഹരിക്കുവാന്‍ സഹായിക്കും

• Infection

ഇവരുടെ രോഗപ്രതിരോധശേഷി തുലോം കുറവായിരിക്കും എന്നതിനാല്‍ വളരെ പെട്ടന്ന് രോഗാണുക്കള്‍ കയറുകയും പടരുകയും ചെയ്യും. ICUകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നത് ഈയൊരു അപകടം പരമാവധി കുറക്കുവാനാണ്. കുഞ്ഞിനെ തൊടുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയാക്കുന്നത് വളരെ അത്യാവശ്യമാണ്. ICU കാലഘട്ടത്തില്‍ ഇവര്‍ക്ക് ആവശ്യാനുസരണം antibiotics/ antifungals നല്‍കേണ്ടി വരാറുണ്ട്.

• Retinopathy of Prematurity

പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിനു മുന്‍പ് ജനിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. റെറ്റിനയിലെ രക്തക്കുഴലുകള്‍ സാധാരണയില്‍ കൂടുതല്‍ വലുതാവുകയും (കാലില്‍ കാണുന്ന varicose vein പോലെ) അതില്‍ നിന്ന് പിന്നീട് രക്തസ്രാവം ഉണ്ടാവുകയും കാഴ്ചയെ ബാധിക്കുകയും ചെയ്‌തേക്കാം. അതിനുള്ള സാധ്യത മുന്‍കൂട്ടി പരിശോധിച്ച് കണ്ട് പിടിക്കണം. ഇതിനുള്ള പരിശോധനകള്‍ മിക്കവാറും കുഞ്ഞ് ആശുപത്രി വിടുന്നതിനു മുന്‍പ് തന്നെ ആരംഭിക്കും. എന്നാലത് അവിടം കൊണ്ട് തീരുന്നില്ല. യഥാര്‍ത്ഥത്തില്‍ ജനിക്കേണ്ടിയിരുന്ന ദിനം വരെ, ഒന്നോ രണ്ടോ ആഴ്ചകള്‍ ഇടവിട്ട്, ഇതിന്റെ പരിശോധനകള്‍ നടത്തണം. ആവശ്യമെങ്കില്‍ LASER പോലുള്ള ചികിത്സാരീതികള്‍ ലഭ്യമാണ്.

• കൃത്രിമശ്വാസം ആവശ്യമായി വരുന്ന കുട്ടികളില്‍ കൂടുതലായി കാണുന്ന രണ്ട് പ്രശ്‌നങ്ങളാണ് pneumothorax

(ശ്വാസകോശത്തിന്റെ പുറത്തേക്ക് വായു ചോര്‍ന്ന് നെഞ്ചിന്‍ കൂടിനുള്ളില്‍ കെട്ടിക്കിടക്കുന്നത്) & pulmonary hemorrhage (ധമനികള്‍ പൊട്ടി ശ്വാസകോശത്തിലേക്ക് രക്തം വരുന്നത്). വളരെ ചെറിയ തോതിലുള്ള pneumothorax തനിയെ വലിഞ്ഞ് പോകും. വലിയ തോതില്‍ വന്നാല്‍ ചിലപ്പോള്‍ സൂചിയോ ട്യൂബോ ഉപയോഗിച്ച് വായു പുറത്തേക്ക് കളയേണ്ടതായി വരും. ഉടനെ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

വീട്ടിലെത്തിയതിന് ശേഷം

• നല്ല പോലെ പൊതിഞ്ഞ് വേണം കുഞ്ഞുങ്ങളെ കിടത്തുവാന്‍. തണുപ്പ് അവരുടെ ശത്രുവാണ്.

• Kangaroo Mother Care (KMC) കുഞ്ഞുങ്ങള്‍ക്ക് ചൂട് നല്‍കുവാന്‍ വളരെ നല്ല ഒരുപാധിയാണ് KMC. ഇതിനുള്ള പരിശീലനം ആശുപത്രി വിടുന്നതിനു മുന്‍പ് ആരംഭിക്കണം. കുഞ്ഞിനെ നേരിട്ട് അമ്മയുടെ മാറിലേക്ക് കിടത്തി തുണി കൊണ്ട് പൊതിഞ്ഞ് വെക്കുകയാണ് ചെയ്യുന്നത്. കുഞ്ഞിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ സാധിക്കുന്ന ഒന്നാണിത്. അമ്മയുടെ ആത്മവിശ്വാസവും മുലപ്പാലിന്റെ അളവും കൂട്ടുവാന്‍ KMC സഹായിക്കുമെന്ന് പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.

• 2-2.5 കിലോ ആയതിനു ശേഷം കുളിപ്പിച്ച് തുടങ്ങാം. എണ്ണ തേച്ച് കുളിക്കുന്നതിന് വിലക്കൊന്നുമില്ല. എന്നാല്‍ കുളി കഴിഞ്ഞാല്‍ ഉടനെ തന്നെ അവരെ ഒപ്പി ഉണക്കി പൊതിഞ്ഞ് വെക്കണം.

• കൃത്യമായ ഇടവേളകളില്‍ ആശുപത്രില്‍ ചെന്ന് അവരുടെ വളര്‍ച്ച പരിശോധിക്കണം.

• Vitamin/ Iron/ Calcium മരുന്നുകള്‍ പറഞ്ഞിരിക്കുന്ന അളവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കാലഘട്ടം വരെ നല്‍കണം.

• പ്രതിരോധശേഷി കുറവായത് കൊണ്ട് തന്നെ എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കൃത്യ സമയത്ത് എടുക്കണം. ജനിക്കുമ്പോള്‍ തൂക്കം കുറവായിരുന്നു എന്ന് കരുതി പിന്നീടുള്ള കുത്തിവെപ്പുകള്‍ നീട്ടി വെക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും.

• സന്ദര്‍ശകരെ നിയന്ത്രിക്കണം. അണുബാധ തടയുവാന്‍ ഇത് വളരെ അത്യാവശ്യമാണ്.

• കുഞ്ഞിനെ വൃത്തിയുള്ള കൈകളോടെ മാത്രം തൊടുക. രണ്ടോ ആളുകളില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാതിരിക്കുന്നതാണ് അഭികാമ്യം.

• ചെവിയുടെ പരിശോധനയും (BERA) കണ്ണിന്റെ പരിശോധനയും (ROP) മുടക്കരുത്.

• ആറ് മാസം തികയുന്നതോട് കൂടി തന്നെ മുലപ്പാല്‍ തുടരുന്നതോടൊപ്പം മറ്റ് ഭക്ഷണങ്ങളും കൊടുത്ത് തുടങ്ങണം.

Note: കുഞ്ഞിന് നമ്മള്‍ ചെയ്ത് കൊടുക്കുന്ന കാര്യങ്ങളെല്ലാം (പ്രതിരോധ കുത്തിവെപ്പ്, മറ്റ് ഭക്ഷണങ്ങള്‍) അവര്‍ ജനിച്ച ദിവസം മുതലുള്ള പ്രായം കണക്കാക്കിയും, കുഞ്ഞ് ചെയ്യേണ്ട കാര്യങ്ങളെല്ലാം (തൂക്കം, ഉയരം, കഴുത്തുറക്കുന്നത്, ചിരിക്കുന്നത്, സംസാരിക്കുന്നത് മുതലായവയെല്ലാം) അവര്‍ യഥാര്‍ത്ഥത്തില്‍ ജനിക്കേണ്ടിയിരുന്ന ദിവസം മുതലുള്ള പ്രായം (corrected date of birth) കണക്കാക്കിയുമാണ് തീരുമാനിക്കുന്നത്. തുടക്കത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ ഈ കുഞ്ഞുങ്ങള്‍ മറ്റ് കുട്ടികളേക്കാള്‍ വളര്‍ച്ച കൈവരിക്കും (catch up growth). രണ്ട് വയസ്സ് തികയുന്നതോടെ ഇവരുടെ വളര്‍ച്ച മറ്റ് കുട്ടികളോട് തദാമ്യം പ്രാപിക്കും.

ആദ്യം പറഞ്ഞ കുഞ്ഞ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ F. കെന്നഡിയുടെ മകനായിരുന്ന പാട്രിക് കെന്നഡി ആയിരുന്നു. ബോസ്റ്റണിലെ ഏറ്റവും വലിയ ആശുപത്രിയില്‍ ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിട്ടും 36 മണിക്കൂറുകള്‍ മാത്രമാണ് അവനു ജീവിച്ചിരിക്കുവാന്‍ കഴിഞ്ഞത്. അവന്റെ മരണകാരണം hyaline membrane disease അഥവാ respiratory distress syndrome ആയിരുന്നു. അതിനു ശേഷം നടന്ന ത്വരിതമായ ഗവേഷണങ്ങളുടെ ഫലമായാണ് surfactant നിര്‍മ്മിക്കപ്പെടുന്നത്.

55 വര്‍ഷങ്ങള്‍ക്കിപ്പുറം ശാസ്ത്രം ഒരുപാട് പുരോഗമിച്ചു. 23 ആഴ്ചയില്‍ 244 ഗ്രാം തൂക്കവുമായി കാലിഫോര്‍ണിയയില്‍ ജനിച്ച കുഞ്ഞാണ് ഇത് വരെ ലോകത്തില്‍ വെച്ച് രക്ഷപ്പെട്ടിട്ടുള്ള ഏറ്റവും ചെറിയ കുഞ്ഞ്. ഇന്ത്യയില്‍ 375 ഗ്രാമും, കേരളത്തില്‍ 380 ഗ്രാമും ഉള്ള കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയിട്ടുണ്ട്.

പക്ഷേ അതിനര്‍ത്ഥം അങ്ങനെയുള്ള എല്ലാ കുഞ്ഞുങ്ങളും രക്ഷപ്പെടും എന്നല്ല. എങ്കിലും അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ 24 ആഴ്ചക്ക് ശേഷം ജനിക്കുന്ന കുട്ടികളില്‍ 50% മുകളില്‍ കുട്ടികളെ അവര്‍ക്ക് ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ ആകുന്നുണ്ട്. അത്രത്തോളം ഒന്നുമായില്ലെങ്കിലും നമ്മുടെ നാട്ടിലും മെച്ചപ്പെട്ട മാതൃശിശുസംരക്ഷണം മൂലം ഇത്തരം കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് ചുവട് വെക്കുന്നുണ്ട്.

അമ്മയുടെ ഉള്ളിലിരിക്കുമ്പോള്‍ പരിക്കുകളില്‍ നിന്ന് രക്ഷിക്കാനും നീന്തി കളിക്കാനും ജലം നിറച്ച ഗര്‍ഭപാത്രമുണ്ട്. ആവശ്യമുള്ളവ എത്തിക്കാനും ആവശ്യമില്ലാത്തവ എടുത്ത് മാറ്റാനും മറുപിള്ള (placenta) സദാ സമയവും പ്രവൃത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം നല്‍കുന്ന സംഗീതമുണ്ട്.

ഉള്ളില്‍ ലഭിക്കുന്ന സൗകര്യങ്ങളുടെ ചെറിയ ഒരു അംശം മാത്രമേ പുറത്ത് വന്നാല്‍ നമുക്ക് നല്‍കാന്‍ ആവുന്നുള്ളു. നമ്മള്‍ നല്‍കുന്ന പല ചികിത്സകള്‍ക്കും അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. എങ്കിലും മെച്ചപ്പെട്ടവ കണ്ട് പിടിക്കുന്നത് വരെ നിലവിലുള്ളവ തുടരുകയെ നിവൃത്തിയുള്ളൂ. അതുകൊണ്ട്, ഏറ്റവും സുരക്ഷിതമായി 40 ആഴ്ച വരെ ഇരിക്കാവുന്ന സ്ഥലം അമ്മയുടെ ഗര്‍ഭപാത്രം തന്നെയാണ്. എങ്കിലും, ഏതെങ്കിലും കാരണവശാല്‍ പുറത്ത് വന്നാല്‍, നമ്മള്‍ അവരെ അത്ര പെട്ടെന്നൊന്നും തോല്‍ക്കാന്‍ സമ്മതിക്കില്ല എന്ന് മാത്രം.

Nov 17 World Preterm Day.

Nov 17-23 National Preterm week.

എഴുതിയത് Dr Thomas Renjith


Next Story

Related Stories