TopTop
Begin typing your search above and press return to search.

സോറിയാസിസ് ഇൻജെക്ഷൻ കോവിഡ് രോഗികൾക്ക് നൽകാം - ഡ്രഗ് കൺട്രോളറുടെ അനുമതി

സോറിയാസിസ് ഇൻജെക്ഷൻ കോവിഡ് രോഗികൾക്ക് നൽകാം - ഡ്രഗ് കൺട്രോളറുടെ അനുമതി

സോറിയാസിസ് ഇന്‍ജെക്ഷന്‍ നിയന്ത്രിതമായി കോവിഡ് രോഗികള്‍ക്ക് നല്‍കാമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ത്വക്ക് രോഗമായ സോറിയാസിസിന് ഇറ്റോലിസുമാബ് എന്ന മരുന്നാണ് കുത്തിവയ്ക്കുന്നത്. ഇത് അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിതമായി ഉപയോഗിക്കാം എന്ന് ഡ്രഗ് കണ്‍ട്രോളര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബംഗളൂരുവിലെ ബയോക്കോണ്‍ കമ്പനിയാണ് ഇറ്റോലിസുമാബ് നിര്‍മ്മിക്കുന്നത്. കോവിഡ് രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലിന് ശേഷം എയിംസിലെ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) വിദഗ്ധര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതി മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. പള്‍മൊണോളജിസ്റ്റുകളും ഫാര്‍മകോളജിസ്റ്റുകളും ഉള്‍പ്പെട്ടതാണ് വിദഗ്ധ സമിതി. മരുന്ന് ഉപയോഗിക്കാന്‍ രോഗികളില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങണം.

ഇറക്കുമതി ചെയ്യുന്ന റെംഡിസിവിർ മരുന്നും ഇതിന്റെ ജനറിക് പതിപ്പുകളും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ നേരത്തെ തന്നെ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് 19നുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്. ഹൈദരാബാദിലെ ഭാരത് ബയോടെക്ക് കോവിഡ് വാക്സിൻ്റെ ഫേസ് 1 പരീക്ഷണത്തിലേയ്ക്ക് കടക്കുകയാണ്. കൊവാക്സിൻ എന്ന് പേരിട്ടിരിക്കുന്ന മരുന്നാണ് ഇവർ വികസിപ്പിക്കുന്നത്. ഓഗസ്റ്റ് 15നകം കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന ഐസിഎംആറിന്റെ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) നിർദ്ദേശം വിവാദമാവുകയും തുടർന്ന് ഇത് പിൻവലിച്ച കേന്ദ്ര സർക്കാർ 2021ലേ വാക്സിൻ ലഭ്യമാക്കാൻ കഴിയൂ എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.


Next Story

Related Stories