കൊറോണ വൈറസിനെ നേരിടാൻ 21 ദിവസത്തേക്ക് രാജ്യം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. കൊറോണക്കാലത്ത് സമൂഹം നേരിടേണ്ടി വരുന്ന മാനസിക വ്യഥ വളരെ വലുതാണ്. ലോകം ഒരു യുദ്ധകാലാടിസ്ഥാനത്തിൽ ഇവിടെ പ്രവർത്തിക്കുമ്പോൾ യുദ്ധകാലത്തിന് സമാനമായ സാമൂഹിക സാഹചര്യമാണ് നമുക്ക് മുന്നിൽ നിലനിൽക്കുന്നത്. ക്വാറന്റൈനിൽ കഴിയുന്നവർ നേരിടുന്ന മാനസിക വെല്ലുവിളികളെക്കുറിച്ച് സർക്കാർ തന്നെ ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു. കൊറോണ ഭീതിയിൽ രാജ്യം അടച്ചിടുന്നതായി പ്രഖ്യാപിക്കുമ്പോൾ ജനങ്ങൾ അനുഭവിക്കുന്ന വലിയ ആശങ്കയുണ്ട്. ആ ആശങ്കകളെക്കുറിച്ചും അതിനുളള പരിഹാരങ്ങളെക്കുറിച്ചും പറയുന്നു മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം തലവൻ മോഹൻ റോയ്. അഴിമുഖം പ്രതിനിധിയുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിൽ നിന്നും തയ്യാറാക്കിയത്. ലോക്ക് ഡൗണിന്റെ ആവശ്യകതയാണ് ആദ്യം പരിശോധിക്കേണ്ടത്. നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ ഈ രോഗം ചൈനയിൽ പൊട്ടിപ്പുറപ്പെടുകയും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. കേരളത്തിൽ രോഗാണുക്കളുടെ വ്യാപനമുണ്ടായി. ഒരാളിലൂടെ വൈറസ് ഇവിടെയെത്തിയെങ്കിലും മറ്റ് രാജ്യങ്ങളിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ പ്രവർത്തിച്ചതിനാൽ അതിനെ അന്ന് നിയന്ത്രണ വിധേയമാക്കാൻ നമുക്ക് സാധിച്ചു. അന്നത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും വ്യത്യാസമുണ്ട്. അന്ന് വന്ന ആൾക്കാർ ഉൾപ്പെടെ വളരെ ഉത്തരവാദിത്വ ബോധമുള്ള പെരുമാറ്റം കാണിക്കുകയും നമ്മുടെ പ്രതിരോധസംവിധാനങ്ങളോട് സഹകരിക്കുകയും ചെയ്തതിനാൽ രോഗാണുവിന്റെ സാന്നിധ്യം കൃത്യമായി കണ്ടുപിടിക്കാനും ഭേദമാക്കി വിടാനും സാധിച്ചു.രണ്ടാം ഘട്ടത്തിൽ ഈ പറഞ്ഞ കുറച്ചധികം ആളുകളുടെ ഉത്തരവാധിത്വമില്ലാത്ത പ്രവർത്തനം തിരിച്ചടിയായി. സാംക്രമിക രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. ഉദാഹരണത്തിന് ജോണ്ടിസിനെക്കുറിച്ചൊന്നും എല്ലാവർക്കും അറിയണമെന്നില്ല. എന്നാൽ ചില രോഗങ്ങളെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുണ്ട്. അതൊരു പൊതുജനാരോഗ്യ പ്രശ്നമായെടുത്ത് രാജ്യങ്ങൾ ശക്തമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അത് പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ഇതിന് പലരും ഉപേക്ഷ വിചാരിച്ചതാണ് രണ്ടാംഘട്ട വൈറസ് വ്യാപനത്തിന് കാരണമായത്. ഇത് പത്തനംതിട്ടയിൽ നിന്ന് തന്നെ വളരെ വ്യക്തമാണ്. ഇവരൊന്നും രോഗത്തെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്തവരും സമൂഹ മാധ്യമങ്ങൾ പിന്തുടരുന്നവരുമല്ല.അല്ലെങ്കിലും ഈ രോഗാവസ്ഥ വന്നേക്കാം. പക്ഷെ നിയമ വിരുദ്ധമായ നമ്മുടെ ബോധപൂർവമായ അശ്രദ്ധ കൊണ്ട് അതായത് ഇന്ത്യൻ പീനൽ കോഡിലെ 269, 270, 271 വകുപ്പുകളുടെ ലംഘനത്തിന്റെ ഫലമായി കേരളത്തിലെ ഒരു പ്രത്യേക ജില്ലയിൽ രോഗാണുബാധയുണ്ടായ സാഹചര്യമുണ്ടായി. അതിനെ സാമൂഹിക വ്യാപനം എന്ന് പറയാൻ സാധിച്ചിട്ടില്ലെങ്കിലും സെക്കൻഡറി കോൺടാക്ട് വഴി രോഗം പടരാൻ തുടങ്ങിയപ്പോഴാണ് ലോക് ഡൗണിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നത്. ആഹാരം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അവശ്യ സാധനങ്ങളും മരുന്നും എത്തിച്ചു നൽകിയാണ് ഈ ലോക് ഡൗൺ നടപ്പാക്കേണ്ടത്. ഇതെല്ലാം ലഭ്യമാക്കി ഓരോരുത്തരും അവരവരുടെ ഇടങ്ങളിൽ തന്നെ ഇരുന്ന് കഴിഞ്ഞാൽ രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയാനാകുമെന്നത് വളരെ ശാസ്ത്രീയമായ കാര്യമാണ്. ശാസ്ത്രീയമായ അറിവുകൾ അനുസരിച്ച് ഓരോ വ്യക്തികളും സ്വയം പ്രതിരോധം തീർത്തിരുന്നെങ്കിൽ ഈ ലോക് ഡൗൺ നമുക്ക് ഒഴിവാക്കാമായിരുന്നു. സ്വാഭാവികമായും ഇത് തൊഴിൽ മേഖലകളെ ബാധിക്കും. എല്ലാവരും വീട്ടിലിരിക്കേണ്ടി വരുമ്പോൾ പല ജോലികളും തടസ്സപ്പെടുന്നു. നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ആളുകളും ദിവസവേതനക്കാരായ തൊഴിലാളികളാണ്. രാജ്യം മുഴുവൻ ലോക് ഡൗണാകുമ്പോൾ ഇവർ ഇല്ലായ്മയിലേക്ക് വീണു പോകില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. അതുപോലെ പ്രായമുള്ളവരെയും മറ്റ് രോഗാവസ്ഥയിലുള്ളവരെയും പ്രത്യേകമായി പരിഗണിക്കണം. അവർ കഴിക്കുന്ന മരുന്നുകളേതൊക്കെയാണെന്ന് പരിശോധിച്ച് മരുന്നുകളും ഭക്ഷണവും വീടുകളിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണം. നമുക്ക് അതിന് പ്രളയത്തിന്റെ മാതൃകയുണ്ട്. പക്ഷെ പ്രളയമെന്നത് വളരെ കുറച്ച് പ്രദേശങ്ങളെ മാത്രം ബാധിച്ച വിഷയമായിരുന്നു. പ്രളയ ബാധിതരെ സഹായിക്കാൻ മറ്റ് പ്രദേശങ്ങളിലുള്ളവരുണ്ടായിരുന്നു. എന്നാൽ കൊറോണയിൽ സാഹചര്യം മറ്റൊന്നാണ്. എല്ലാവരും ഭീതിയിലാണ് പരസ്പരം സഹായിക്കാനുമാകില്ല. സ്വയം സംരക്ഷകരാകേണ്ട സാഹചര്യമാണ് ഇവിടെ. അതാണ് ഈ ലോക് ഡൗൺ കൊണ്ടുദ്ദേശിക്കുന്നതും. അതോടൊപ്പം ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യ സാധനങ്ങളും രോഗികൾക്കെത്തിക്കുന്നവരും മുൻകരുതലുകളെടുക്കണം.

വൈറസ് വ്യാപനം തടയാൻ ഒരാഴ്ചത്തെ ലോക് ഡൗൺ ശാസ്ത്രീയമായി പ്രായോഗികമല്ലെന്ന് നമുക്കറിയാം. രണ്ട് മുതൽ 14 ദിവസം വരെയാണ് ഇതിന് പറയുന്നത്. ഇതിന്റെ ടെസ്റ്റ് ഡോസായിരുന്നു ജനത കർഫ്യൂ. എന്തുകൊണ്ടാണ് ഇതെല്ലാം അടിച്ചേൽപ്പിക്കേണ്ടി വരുന്നത്? ഓരോരുത്തരും സ്വയം നിയന്ത്രിച്ചിരുന്നെങ്കിൽ സ്റ്റേറ്റിന് ഇത് അടിച്ചേൽപ്പിക്കേണ്ടി വരുമായിരുന്നില്ല. ഉദാഹരണത്തിന് ട്രാഫിക് നിയമങ്ങൾ കർക്കശമാക്കേണ്ടി വരുന്നതിന് കാരണം ജനങ്ങൾ തന്നെയാണ്. റോഡ് മറ്റുള്ളവർക്കു കൂടിയുള്ളതാണെന്ന് ഓരോരുത്തരും ചിന്തിച്ചാൽ ട്രാഫിക്ക് നിയമങ്ങൾ നിർബന്ധിതമാക്കേണ്ടി വരില്ല. നിയമം സംരക്ഷിക്കാൻ വേണ്ടിയാണ് അത്. ചെറിയൊരു ശതമാനം ആളുകൾ വലിയൊരു ശതമാനം ആളുകൾക്ക് വേണ്ടി സ്വയം നിയന്ത്രിക്കുകയാണ്. ലോക് ഡൗൺ കാലത്ത് അവശ്യ സാധനങ്ങളും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കാൻ റേഷനിംഗ് സംവിധാനവും സാമൂഹിക പെൻഷനുമുൾപ്പെടെയുള്ളവ ലഭ്യമാക്കണം.
പല രാജ്യത്തും ആരോഗ്യ പ്രവർത്തകരെപ്പോലും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. ഇതിൽ മൂന്നിലൊന്ന് വിഭാഗം രണ്ടാഴ്ച കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ മറ്റൊരു വിഭാഗം സാധാരണ ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. ശേഷിക്കുന്ന വിഭാഗം അവധിയിൽ പോകുന്നു. ആറ് ആഴ്ച കൊണ്ട് കൊറോണ വൈറസിനെ നിയന്ത്രിക്കാമെന്ന ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. നാലിൽ ഒരു ടീമാണെങ്കിൽ എട്ടാഴ്ച കൊണ്ട് നിയന്ത്രിക്കാം. കേരളത്തിൽ 28 ദിവസമാണ് കമ്മ്യൂണിറ്റി സ്പ്രെഡ് ഒഴിവാക്കാൻ വേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നത്. പരസ്പര ഇടപെടലും കുറയ്ക്കണം. അതിനാണ് യാത്രാ സൗകര്യങ്ങൾ കുറച്ചത്. അതിനോട് എല്ലാവരും സഹകരിക്കണം കാരണം ഇതൊരു നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും പ്രശ്നമാണ്. ഒരു സമൂഹം നിലനിൽക്കണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഒരു രോഗത്തിന് മുന്നിൽ മനുഷ്യൻ തോറ്റു പോകരുത്. എത്രയോ വർഷങ്ങളായി മനുഷ്യനിവിടെയുണ്ട്. മൂന്ന് ലക്ഷം വർഷമായി ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യന് അങ്ങനെയങ്ങ് പിന്മാറാൻ പറ്റുമോ? അതിന് വേണ്ടി നമ്മളെല്ലാവരും നമ്മുടെ സമയവും ത്യാഗവുമെല്ലാം കൊടുത്തേ പറ്റൂ.എല്ലാവർക്കും ഇതെരു പാഠമാണ്. മുതിർന്നവരെ സംബന്ധിച്ച് തങ്ങളുടെ അനുഭവത്തെക്കുറിച്ചും ക്ഷാമത്തെക്കുറിച്ചുമെല്ലാം പറയുമ്പോൾ പുതിയ തലമുറയ്ക്ക് ഇതെല്ലാം പണ്ട് നടന്ന കാര്യങ്ങളാണ്. ഇനിയങ്ങനെയൊന്നുമുണ്ടാകില്ലെന്നാണ് അവർ ചിന്തിക്കുന്നത്. യഥാർത്ഥത്തിലുള്ള ക്ഷാമവും അനുഭവപ്പെടുന്ന ക്ഷാമവുമുണ്ടെന്നാണല്ലോ പറയുന്നത്. ഇന്ത്യയിൽ യഥാർത്ഥത്തിലുള്ള ക്ഷാമമില്ല. കാർഷിക സംസ്കാരത്തിലുള്ള രാജ്യമായതിനാലാണ് അത്. കേരളത്തിൽ തന്നെ ഒന്നാം പ്രളയവും രണ്ടാം പ്രളയവും നിപ്പയും അതിജീവിച്ചവരാണ് നമ്മൾ. ഇതിൽ നിന്നൊക്കെയാണ് പുതിയ തലമുറ പാഠം ഉൾക്കൊള്ളേണ്ടത്. വൈറസുകൾ മനുഷ്യൻ വരുന്നതിന് മുമ്പേയുണ്ടായിരുന്നു. ഇനിയുമുണ്ടാകും നാളെയുമുണ്ടാകും. ഇതിനേക്കാൾ അപകടകാരിയായ വൈസാണോ ഇനി വരാനുള്ളതെന്ന് നമുക്ക് ഉറപ്പൊന്നുമില്ല. അതെല്ലാം മുൻകൂട്ടി കണ്ട് പ്രവർത്തിച്ചാൽ മാത്രമേ മനുഷ്യ വംശത്തിന് നിലനിൽപ്പുണ്ടാകുകയുള്ളൂ.യാതൊരു സാങ്കേതിക വിദ്യയും വശമില്ലാതിരുന്ന കാലത്താണ് നമ്മൾ ജീവിച്ചത്. അവിടെ നിന്നും എന്തിനും സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന സമൂഹമായി നാം മാറി. നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ എന്തും പരിഹരിക്കാം ഗൂഗിളിനോട് ചോദിച്ചാൽ എന്തും കിട്ടും എന്നതാണ് പുതിയ തലമുറയുടെ മനോഭാവം. അതിനൊരു മാറ്റം വരേണ്ടതുണ്ട്. പരസ്പരമുള്ള പഠനവും സഹകരണവുമാണ് ഇപ്പോൾ വേണ്ടത്. അല്ലാതെ വൈറസിന്റെ മുന്നിൽ നമുക്ക് തോറ്റ് കൊടുക്കാൻ പറ്റുമോ? പണ്ടൊരു നടൻ പറഞ്ഞ ഡയലോഗ് കടമെടുത്ത് പറഞ്ഞാൽ ഇത് നമ്മൾ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ്. ജയിച്ചേ പറ്റൂ. കാരണം നിലനിൽപ്പിന്റെ പ്രശ്നമാണ്.വീട്ടിൽ തന്നെ അടച്ചിടപ്പെടുമ്പോൾ കുടുംബാംഗങ്ങൾ തമ്മിലുളള അടുപ്പവും സംസാരവും ശക്തിപ്പെടും. അതൊരു പോസിറ്റീവ് കാര്യമാണ്. ഈ അവധിക്കാലത്ത് കുട്ടികൾ വെക്കേഷൻ ക്ലാസുകളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുകയും മാതാപിതാക്കൾ അവർക്ക് കൂട്ടിരിക്കുകയുമാണ്. അവരൊന്ന് പുറകോട്ട് ആലോചിക്കട്ടെ. കഴിഞ്ഞ മൂന്ന് മാസത്തിലോ ആറ് മാസത്തിലോ ഇതു പോലെ ഒരുമിച്ചിരുന്നിട്ടുണ്ടോ? ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ ലോകത്തേക്ക് മാത്രം പോകാതെ യഥാർത്ഥ ലോകത്തിലേക്കും യാഥാർത്ഥ ജീവിതത്തിലേക്കും കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ കിട്ടിയ അവസരമായി ഇതിനെ കാണണം. കുഞ്ഞുങ്ങളെ അറിയട്ടെ മാതാപിതാക്കൾ, തിരിച്ച് മാതാപിതാക്കളെ കുഞ്ഞുങ്ങളും അറിയട്ടെ. കുഞ്ഞുങ്ങളും ഈ വിഷമസാഹചര്യം മനസിലാക്കട്ടെ. ഏതൊരു യുദ്ധവും പാഠങ്ങൾ പഠിക്കാനുള്ളതാണ്. യുദ്ധത്തിനിടയ്ക്ക് യുദ്ധതന്ത്രം മാറ്റേണ്ടിവരും. നേരത്തെ പഠിച്ച പാഠങ്ങൾ ആവർത്തിക്കേണ്ടി വന്നേക്കാം. ഇത്തരത്തിലാണ് ജീവിക്കേണ്ടതെന്ന് ഭാവി തലമുറയെയും പ്രാപ്തരാക്കാനാകട്ടെ.റേഷനിംഗ് സംവിധാനത്തിലൂടെ കഞ്ഞിയും പയറും മാത്രം കഴിച്ചു വന്ന ഒരു തലമുറയിവിടെയുണ്ടായിരുന്നു. അവരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന തലമുതിർന്ന തലമുറ. കാർഷിക വൃത്തിയുടെയും ഉന്നത ജീവിത നിലവാരത്തിന്റെയും ഫലമായി കേരളത്തിലെ പല പട്ടണങ്ങളിലും വിദേശരാജ്യങ്ങളിൽ കിട്ടുന്ന മെനു തുറന്നു വച്ച സാഹചര്യമുണ്ടായിട്ടുണ്ട്. അതിൽ നിന്നൊക്കെ മാറി നമ്മുടെ ഭക്ഷണ രീതിയും സംസ്കാരവും ഇന്നതൊക്കെയായിരുന്നുവെന്ന് ഒരു തലമുറ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും തൊണ്ണൂറുകൾക്ക് ശേഷം ജനിച്ച തലമുറ. അത്തരത്തിൽ ഗുണകരമായി കൂടി ഇതിനെ ഉപയോഗിക്കണം. ഈ വിഷയത്തിൽ ഒരു കുടുംബമെന്ന നിലയിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. വ്യക്തികൾ കുടുംബത്തെ ഒരുമിച്ച് നിർത്തുകയും കുടുംബം സമൂഹത്തെ ഒരുമിച്ച് നിർത്തുകയും ചെയ്യുമ്പോഴാണല്ലോ രാഷ്ട്ര നന്മ സാധ്യമാകുന്നത്? സമൂഹ നന്മയെന്നത് കുടുംബങ്ങളുടെ നന്മയാണ് അത് വ്യക്തികളുടെ നന്മയാണ് എന്ന വിശാലമായ അർത്ഥത്തിൽ അതിനെ കാണണം. ഒരു മഹാമാരിയെ അനുഭവിക്കുന്ന ജനങ്ങളുടെ സ്വഭാവത്തിൽ പോലും മാറ്റങ്ങളുണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു.ദുരന്തങ്ങൾ അനുഭവിച്ച മനുഷ്യന്റെ ചിന്തകളിൽ ഗുണപരമായ വ്യത്യാസങ്ങളാണ് ഉണ്ടാകേണ്ടത്. അത്തരത്തിലുള്ള ഗുണപരമായ വ്യത്യാസങ്ങളുണ്ടായില്ലെങ്കിൽ അയാളെ പിന്നെ മനുഷ്യനെന്നല്ല വിളിക്കേണ്ടത്. സർവ മേഖലകളിലും അതിന്റെ പ്രഭാവം ഉണ്ടാകും. അത് സാഹിത്യത്തിലും കലയിലുമെല്ലാം പ്രകടമാകണം. കുറെ നാളായുള്ള ഫോഴ്സിൽ എവിടേക്കാണ് നമ്മൾ പോകുന്നതെന്ന് ചിന്തിക്കാൻ സാധിച്ചിരുന്നോ? അതിനൊക്കെ ഒരവസരമുണ്ടായെന്ന് കരുതു. പിടിച്ചു നിന്നേ പറ്റൂ, അതിന്റെ മുകളിലേക്ക് നമുക്ക് വീഴാൻ കഴിയുകയില്ല. വീണാൽ തീർന്നു. ഇപ്പോൾ കിട്ടിയ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇനി നമ്മൾ ചിന്തിക്കും. നിയമങ്ങൾ അനുസരിക്കും. സർക്കാർ സംവിധാനങ്ങളെ ഗുണപരമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കും. ഏതുകാര്യത്തിനും സ്വകാര്യ മേഖലയെന്ന് പറയുകയും അവയെ ആശ്രയിക്കുകയും ചെയ്തിരുന്ന ജനങ്ങൾ തന്നെ ഇപ്പോൾ സ്വകാര്യ ആശുപത്രികൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നു. അപ്പോൾ നമുക്കിതൊക്കെ പറ്റുമല്ലേ? ഞാനും എന്റെ ഭാര്യയും ഒരു തട്ടാനും എന്ന ചിന്താഗതിയിലായിരുന്നു പണ്ട് നമ്മൾ. കേരളത്തിൽ തന്നെ കുറച്ച് കാലം മുമ്പ് വരെ നടന്നിരുന്ന കുറ്റകൃത്യങ്ങൾക്ക് കുറവ് വന്നതായി കാണാം. യുദ്ധകാലത്തും മറ്റും ക്ഷാമമുണ്ടായപ്പോൾ സാമ്പത്തിക അരാജകത്വത്തോടൊപ്പം സാമൂഹികമായ ഒരു അരാജകത്വവും ഇവിടെ രൂപപ്പെട്ടു. അതിന്റെ ഫലമായി കൊലപാതകവും മോഷണവും കരിഞ്ചന്തയുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും ഇവിടെ വർധിച്ചു. ഈ മുൻകാല അനുഭവങ്ങളിൽ നിന്നും അവ തടയാനുള്ള സംവിധാനങ്ങളും നമ്മളൊരുക്കണം. തൊട്ടുമുന്നിൽ കാണുന്നതിൽ ഏതാണ് കൂടുതൽ അപകടകരമെന്ന് തോന്നുന്നത് അതിനെ പ്രതിരോധിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇവിടെയിപ്പോൾ കൊറോണയാണ് കൂടുതൽ അപകടകരം. ഒരു സ്ഥലത്തെത്തുമ്പോൾ കവാടങ്ങളിലൊന്നിൽ സിംഹവും മറ്റൊന്നിൽ പട്ടിയുമാണെങ്കിൽ നിങ്ങൾ ഏത് കവാടം തെരഞ്ഞെടുക്കുമെന്ന ചോദ്യം പോലെയാണ് അത്. നമ്മൾ ഇപ്പോൾ നേരിടുന്നത് ഒരു മഹാമാരിയെയാണ് അതിനെ നേരിടാൻ എല്ലാ സംവിധാനങ്ങളും നമുക്കുണ്ടാകണം.നമുക്കിതുവരെ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. നിപ്പയ്ക്ക് മുമ്പ് ഡെങ്കു വന്നപ്പോഴും നമ്മുടെ ആരോഗ്യപ്രവർത്തകരും സംവിധാനവും കാര്യക്ഷമമായി പ്രവർത്തിച്ചു. നിർഭാഗ്യവശാൽ വൈറസ് എന്ന സിനിമ കാണുന്നത് വരെ ഇത് തിരിച്ചറിയാൻ നമുക്ക് കാത്തിരിക്കേണ്ടി വന്നു. കാഷ്വാലിറ്റിയിലെ ഡോക്ടറുടെ മാനസികാവസ്ഥ മനസിലാകാനും കമ്മ്യൂണിറ്റി മെഡിസിനിലെ ഡോക്ടർമാർ മുള്ളും മുരുക്കും കാടും താണ്ടി പ്രവർത്തിക്കുന്നതറിയാനും അതുവരെ കാത്തിരിക്കേണ്ടി വന്നു. മലയാളിക്ക് അതുവരെയും പളപളപ്പൻ സിനിമകളിൽ കാണുന്ന എ സി റൂമിൽ ഇരിക്കുകയും കാറിൽ യാത്ര ചെയ്യുകയും ഹോസ്പിറ്റലിൽ എല്ലാവരുടെയും ഗുഡ് മോണിംഗ് ഏറ്റുവാങ്ങുകയും ഒരു വലിയ വീട്ടിൽ ഡൈനിംഗ് ടേബിളിന്റെ അപ്പുറത്തും ഇപ്പുറത്തുമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന സമ്പന്നനായ ചെറുപ്പക്കാരനാണ്. ഈ പളപളപ്പ് കണ്ടാണ് പല മാതാപിതാക്കളും മക്കളെ ഡോക്ടർമാരാക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഇത്ര മെച്ചപ്പെട്ട അവസ്ഥയിലെത്തിച്ച ഞങ്ങൾ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഞങ്ങൾ മുമ്പും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. കോട്ടയത്ത് മഞ്ഞപ്പിത്തം പടർന്ന് പിടിച്ചപ്പോഴും ഞങ്ങൾ ഉണർന്ന് പ്രവർത്തിച്ചു. എല്ലാ മഴക്കാലത്തും കേരളത്തിലങ്ങോളമിങ്ങോളം ഞങ്ങൾ ഇതേ പ്രവർത്തനം നടത്തുന്നു. ഞങ്ങൾ നടത്തുന്ന ഗവേഷണങ്ങളുടെ ഫലമായാണ് പല പകർച്ചവ്യാധികളും സമൂഹത്തിൽ വൻ ദുരന്തങ്ങൾ വിതയ്ക്കാതെ ഒഴിഞ്ഞു പോകുന്നത്. ലോകത്തെവിടെയാണ് കേരളത്തിലേത് പോലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളത്? എന്നാൽ പാലം കടക്കുവോളം മാത്രമാണ് ഞങ്ങൾക്ക് നാരായണ വിളി. നിങ്ങൾക്ക് അസുഖം വരുമ്പോൾ മാത്രം മതി ഞങ്ങളെ. ബ്രഡ് ആൻഡ് ബട്ടറിനപ്പുറം ഇത് ഞങ്ങൾക്ക് പാഷനാണ്. ചികിത്സയ്ക്കിടെ രോഗിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം ഡോക്ടറെ ഇമ്മിഡിയറ്റ് എഫക്ടിൽ സസ്പെൻഡ് ചെയ്ത സംഭവം എനിക്കറിയാം. പിറ്റേന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർ പറഞ്ഞതാണ് ശരിയെന്ന് തെളിയുകയും ചെയ്തു. ഞങ്ങൾക്ക് ഏറുകൊണ്ടിട്ടുണ്ട്, ഇപ്പോഴും കൊള്ളുന്നുണ്ട് ഇനി കൊള്ളുകയും ചെയ്യും. എങ്കിലും പൊതുജനാരോഗ്യത്തിന്റെ കാവൽക്കാരായി ഞങ്ങൾ ഇനിയും ഇവിടെയുണ്ടാകും. ഞങ്ങളുടെ അവസാനത്തെ ആരോഗ്യ പ്രവർത്തകൻവരെയും കൊറോണയ്ക്കെതിരെ നിലകൊള്ളും.പക്ഷെ അപ്പോഴും ആലോചിക്കുക ഇപ്രാവശ്യമെങ്കിലും കേരളത്തെ തോൽപ്പിച്ചിരിക്കുന്നത് സമൂഹമാണ് ആ സമൂഹത്തിലെ ആളുകൾ. അവരെയൊന്ന് ശരിയാക്കിയെടുത്തില്ലെങ്കിൽ ഒരു ഡോക്ടറും ഒരു ആരോഗ്യ പ്രവർത്തകനും വിചാരിച്ചാൽ ആരോഗ്യ രംഗം സംരക്ഷിക്കാനാകില്ല. അതു പോലെ എന്റെ മനസ് നല്ലതായതിനാൽ കൊറോണ വരില്ലെന്നും അഞ്ച് മണിക്ക് കൈയും പാത്രങ്ങളും കൊട്ടിയാൽ കൊറോണ ഒഴിഞ്ഞു പോകുമെന്നും പറയുന്നവരെയും താക്കീത് ചെയ്യണം. ഇനിയിപ്പോൾ ഇവരെ ന്യായീകരിച്ചും ഞങ്ങളെ കുറ്റം പറഞ്ഞും വെട്ടുകിളി കൂട്ടങ്ങളും രംഗത്തെത്തും. അതും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.