TopTop
Begin typing your search above and press return to search.

റാസ്പുട്ടിനും ഹിറ്റ്‌ലറുടെ കാമുകിയും വിഴുങ്ങിയ 'സയനൈഡ്' എന്ന പിടിതരാത്ത വിഷം

റാസ്പുട്ടിനും ഹിറ്റ്‌ലറുടെ കാമുകിയും വിഴുങ്ങിയ

'റാ..റാ.. റാസ്പുട്ടിന്‍, ലൗവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍...'

ബോണി എം എന്ന സംഗീതബാന്‍ഡിന്റെ വിഖ്യാതമായ പാട്ടാണിത്. റഷ്യന്‍ ചക്രവര്‍ത്തിയായ നിക്കോളാസ് രണ്ടാമന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ച തന്ത്രശാലിയായ ആള്‍ദൈവം. ലൈംഗിക അരാജകത്വത്തിലും ധൂര്‍ത്തിലും ആറാടിയ വില്ലന്‍ (അതോ നായകനോ). ഗ്രിഗോറി യെഫിമോവിച് റാസ്പുട്ടിന്‍. റഷ്യന്‍ രാജ്ഞിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ രാജവംശത്തിന്റെ പതനത്തിനു തന്നെ കാരണമാകും എന്നു ഭയന്ന ഏതാനും പ്രഭുക്കന്മാര്‍ ഇയാളെയങ്ങ് തട്ടിക്കളയാന്‍ ഒരു പ്ലാന്‍ തയ്യാറാക്കി. കടുത്ത മദ്യപാനിയായ ഇദ്ദേഹത്തെ ഒരു വീഞ്ഞ് സല്‍ക്കാരത്തിന് ക്ഷണിച്ചു. മാരകമായ സയനൈഡ് കലര്‍ത്തിയ കേക്കും വീഞ്ഞുമാണ് കഴിക്കാന്‍ നല്‍കിയത്. കിട്ടിയതെല്ലാം റാസ്പുട്ടിന്‍ മൂക്കുമുട്ടെ തട്ടി. പക്ഷേ വല്ല കുലുക്കവുമുണ്ടോ? പുട്ടുപോലെ നില്‍ക്കുന്ന റാസ്പുട്ടിനെ പിന്നെ വെടിവച്ചു കൊല്ലേണ്ടിവന്നു പ്രഭുക്കന്മാര്‍ക്ക്. അമിതമദ്യപാനം മൂലമുണ്ടായ അക്ലോര്‍ഹൈഡ്രിയയാണ് (ആമാശയത്തിലെ ആസിഡ് നിര്‍മാണം കുറയുക) സയനൈഡില്‍ നിന്ന് റാസ്പുട്ടിനെ രക്ഷിച്ചിരിക്കുക എന്ന് അഭ്യൂഹങ്ങളുണ്ട്.

സയനൈഡ് കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും ഉപയോഗിച്ച സംഭവങ്ങള്‍ ലോകചരിത്രത്തില്‍ അപൂര്‍വമല്ല. ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ജൂതന്മാരെ കൊല്ലാന്‍ ഉപയോഗിക്കപ്പെട്ട ഈ രാസവസ്തു ഉപയോഗിച്ചാണ് ജര്‍മ്മനിയുടെ പതനത്തിനുശേഷം ഹിറ്റ്‌ലറുടെ കാമുകിയും മറ്റ് സഹകാരികളും ആത്മഹത്യ ചെയ്തത് എന്നത് ചരിത്രത്തിന്റെ ഐറണി. പ്രശസ്ത ഗണിത, കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായിരുന്ന അലന്‍ ടൂറിങ്, രാജീവ് ഗാന്ധിയെ വധിച്ച തമിഴ് പുലി സംഘത്തിലെ അംഗങ്ങള്‍ എന്നിവരൊക്കെ ഈ രാസവസ്തു ഉപയോഗിച്ച് ആത്മഹത്യ ചെയ്തവരാണ്. ലോകത്ത് ഓരോ വര്‍ഷവും 50,000 ടണ്‍ പൊട്ടാസ്യം സൈനേഡ് ഉണ്ടാക്കപ്പെടുന്നു എന്നാണ് കണക്ക്. സ്വര്‍ണപ്പണി, ഫോട്ടോഗ്രാഫി എന്നിവയിലുള്ള ഉപയോഗത്തിനാണ് ഇതില്‍ വലിയ ഒരു പങ്ക് ചെലവാക്കുന്നത്.

ഒരു മെഡിക്കല്‍ സംഭവം പറയാം; ബൈക്കില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ഒരാള്‍ പൊടുന്നനെ വീണു മരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുന്നു. ശരീരത്തില്‍ ബാഹ്യമായ പരിക്കുകള്‍ കാര്യമായൊന്നുമില്ല. വലതു തുടയുടെ വശത്ത് തിളക്കമുള്ള ചുവന്ന നിറം. അവിടെ ചെറിയൊരു ഉരവലും (abrasion) ഉണ്ട്. അതല്ലാതെ ബാഹ്യമായി ഒന്നുമില്ല. വിശദമായ ആന്തര അവയവ പരിശോധനകള്‍ നടന്നു. പരിക്കുകളില്ല. പക്ഷെ രക്തത്തിന് നിറവ്യത്യാസമുണ്ട്. സാധാരണ കാണുന്നതുപോലെ ഇരുണ്ട ചുവപ്പല്ല. നല്ല തെളിഞ്ഞ ചുവന്ന നിറത്തിലാണ് (bright red) രക്തം. തലയോട്ടി തുറന്നപ്പോള്‍ ചെറിയ ഒരു ഗന്ധം ലഭിച്ചു. കപ്പയില ഞെരടി മണത്തുനോക്കിയാല്‍ എന്തു മണമാണോ ഏകദേശം അതുപോലൊരു മണം.

ആമാശയവും ആമാശയത്തിന് ഉള്ളിലെ വസ്തുക്കളും കരളിന്റെ ഭാഗങ്ങളും വൃക്കകളുടെ ഭാഗങ്ങളും രക്തവും രാസ പരിശോധനയ്ക്കായി അയച്ചു, കൂടെ തുടയിലെ നിറവ്യത്യാസമുള്ള ഭാഗവും. രാസ പരിശോധനാ ഫലത്തിലാണ് മരണകാരണം സയനൈഡ് പോയ്‌സണിംഗ് ആണെന്ന് തെളിഞ്ഞത്. മരിച്ച വ്യക്തി ഒരു സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു. പാന്റ്‌സിന്റെ പോക്കറ്റില്‍ നനഞ്ഞ് കീറിയ പൊതിയില്‍ സയനൈഡ് ഉണ്ടായിരുന്നു.

ശരീരത്തിലേക്ക് ഏതൊക്കെ രീതിയില്‍ സയനൈഡ് പ്രവേശിക്കാം ?

ദഹനവ്യവസ്ഥയുടെ ഭാഗങ്ങളിലൂടെ, അതായത് വായ, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശ്ലേഷ്മസ്തരം (mucosa) വഴി ഈ രാസവസ്തു രക്തത്തില്‍ എത്താം. മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ ത്വക്കിനുള്ളില്‍ കൂടി പ്രവേശിക്കാം. വാതകാവസ്ഥയിലുള്ള സയനൈഡ് ശ്വസന പ്രക്രിയയിലൂടെ ശരീരത്തില്‍ എത്താം.

എത്ര അളവുവരെ ഉണ്ടെങ്കിലാണ് മരണകാരണമാകുന്നത് ?

50 മുതല്‍ 60 മില്ലിഗ്രാം വരെ ഹൈഡ്രോസയാനിക് ആസിഡ് ശരീരത്തില്‍ എത്തിയാല്‍ മരണം സംഭവിക്കാം. 200 മുതല്‍ 300 വരെ മില്ലിഗ്രാം സോഡിയം സയനൈഡ് അല്ലെങ്കില്‍ പൊട്ടാസ്യം സയനൈഡ് ശരീരത്തിലെത്തിയാല്‍ മരണം സംഭവിക്കാം.

എത്ര നേരം കൊണ്ട് മരണം സംഭവിക്കാം ?

ഹൈഡ്രോസയാനിക് ആസിഡ് - രണ്ട് മുതല്‍ പത്ത് മിനിറ്റ് വരെ സമയം.

പൊട്ടാസ്യം അല്ലെങ്കില്‍ സോഡിയം സയനൈഡ് - 30 മിനിറ്റ് വരെ സമയം

അപൂര്‍വമായി ചിലപ്പോള്‍ മണിക്കൂറുകള്‍ താമസിച്ചു മരണമെത്തി എന്നുമിരിക്കാം. ഡോസ് കുറവായ അവസ്ഥയിലും രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാകുന്ന അവസ്ഥയിലും കാലതാമസം സംഭവിക്കാം.

എങ്ങനെയാണ് മരണം സംഭവിക്കുന്നത് ?

ശ്വസന പ്രക്രിയയിലൂടെ കോശങ്ങളില്‍ ഊര്‍ജ്ജം ഉണ്ടാവുന്ന പ്രക്രിയ തടസ്സപ്പെടുത്തുകയാണ് സയനൈഡ് ചെയ്യുന്നത്. ഹിസ്റ്റോടോക്‌സിക് അനോക്‌സിയ എന്നു പറയാം. ലളിതമായി പറഞ്ഞാല്‍ രക്തത്തിലെ ഓക്്‌സിജന്‍ കോശങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. ഓക്‌സിജന്‍ ഉപയോഗിച്ച് എടിപി (ശരീരത്തിന്റെ ഊര്‍ജ കറന്‍സി) ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ATP ഇല്ലാതാകുന്നതോടെ മരണവും സംഭവിക്കുന്നു.

എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ?

വായില്‍ പൊള്ളല്‍ ഉണ്ടാവാം. എന്താണ് സയനൈഡിന്റെ രുചി എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. എങ്കിലും ചവര്‍പ്പ് കലര്‍ന്നതാണ് (bitter with burning sensation) എന്നാണ് വിവരിക്കപ്പെട്ടിരിക്കുന്നത്.

വിഷം ശരീരത്തെ ബാധിച്ചു തുടങ്ങിയാല്‍ തലവേദന, തലചുറ്റല്‍, മന്ദത, ശരീരതാപനില ഉയരുക, കൃഷ്ണമണി വികസിക്കുക, ചുഴലിയുടെ ലക്ഷണങ്ങള്‍ കാണിക്കുക എന്നിങ്ങനെ കോമ വരെ എത്താം.

ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, ശ്വസന നിരക്ക് ഉയരുകയും പിന്നീട് താഴുകയും ചെയ്യുക, ശരീരമാകെ നീലിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം. ചിലപ്പോള്‍ ശരീരത്തില്‍ നിന്നും ഒരു ഗന്ധം ലഭിക്കാന്‍ സാധ്യതയുണ്ട്.

രക്താതിമര്‍ദ്ദം, പള്‍സ് റേറ്റ് കുറയുക, പിന്നീട് രക്തസമ്മര്‍ദം കുറയുക, കൊളാപ്‌സിലേക്ക് എത്തുക എന്നിങ്ങനെയാണ് രക്തചംക്രമണ വ്യവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍.

ശ്വസന പ്രക്രിയയിലെ പരാജയം മൂലമാണ് മരണം സംഭവിക്കുക.

എന്താണ് പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് ?

എത്രയും പെട്ടെന്ന് സൗകര്യമുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിലെത്തിക്കുക. നഷ്ടപ്പെടുന്ന ഓരോ മിനിറ്റും വിലയേറിയതാണ്.

പോസ്റ്റ്‌മോര്‍ട്ടം പരിശോധന:

മൂക്കിലും വായിലും പത ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരത്തിലെ പോസ്റ്റുമോര്‍ട്ടം സ്റ്റെയ്‌നിങ്ങിന്റെ നിറവും രക്തത്തിന്റെ നിറവും ബ്രൈറ്റ് റെഡ് ആയിരിക്കും. ആന്തരാവയവങ്ങള്‍ കണ്‍ജസ്റ്റഡായിരിക്കും. ശ്വാസകോശത്തില്‍ നീര്‍വീക്കവും (edematous) ഉണ്ടാവാം. ദഹന വ്യവസ്ഥയുടെ ഭാഗങ്ങളിലെ സ്ലേഷ്മസ്തരത്തില്‍ പൊള്ളല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വായില്‍ കൂടി ശരീരത്തില്‍ എത്തിയത് ആണെങ്കില്‍ ആമാശയത്തില്‍ നിന്നും സ്‌മെല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആമാശയത്തില്‍ നിന്ന് മാത്രമല്ല തലയോട്ടി തുറക്കുമ്പോഴും ഈ ഗന്ധം ലഭിക്കാന്‍ സാധ്യതയുണ്ട്. Smell of bitter almond എന്നാണ് ക്ലാസിക്കല്‍ വിവരണം. ഏകദേശം കപ്പയില ഞെരടിയ ശേഷം മണത്താല്‍ ലഭിക്കുന്ന ഗന്ധത്തിനു സമാനം എന്ന് പറയാം. ഈ ഗന്ധം തിരിച്ചറിയുക ഒട്ടും എളുപ്പമല്ല. എല്ലാവര്‍ക്കും ഈ ഗന്ധം തിരിച്ചറിയാനുള്ള കഴിവും ഉണ്ടാവണമെന്നില്ല. ഏകദേശം 50 ശതമാനം പേര്‍ക്ക് മാത്രമേ സയനൈഡിന്റെ ഗന്ധം തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

ഈ വ്യത്യാസങ്ങളൊക്കെ തിരിച്ചറിയണമെങ്കില്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം സ്‌പെഷലിസ്റ്റ് ഡോക്ടര്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തണം.

കരളിന്റെ ഭാഗങ്ങളും രണ്ടു വൃക്കയുടെ ഭാഗങ്ങളും രക്തവും മൂത്രവും ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയയ്ക്കും. രാസ പരിശോധനാ ഫലത്തില്‍ ആണ് സയനൈഡ് സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്. എത്രയും നേരത്തെ രാസപരിശോധന ചെയ്യുന്നോ അത്രയും മികച്ച റിസള്‍ട്ട് ലഭിക്കും. വൈകുന്തോറും റിസള്‍ട്ട് തെറ്റാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും. വിഷം സയനൈഡ് ആണ് എന്ന് സംശയിക്കുന്നുണ്ടെങ്കില്‍ രാസ പരിശോധനയ്ക്ക് അയക്കുമ്പോള്‍ അത് കൂടി രേഖപ്പെടുത്തുന്നതാണ് അഭികാമ്യം. കാരണം വൈകിയാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാകും, ഇതിനുവേണ്ടി മാത്രമായി നടത്തേണ്ട ടെസ്റ്റുകള്‍ ആദ്യം തന്നെ ചെയ്യാന്‍ ഇത് സഹായിക്കും.

സയനൈഡ് ഉപയോഗിച്ച് ആത്മഹത്യകള്‍ ചരിത്രത്തില്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി സംബന്ധമായും മറ്റും അബദ്ധത്തില്‍ ശരീരത്തില്‍ കയറിയുള്ള മരണങ്ങള്‍ അപൂര്‍വമാണെങ്കിലും സംഭവിച്ചിട്ടുണ്ട്.

ക്രോണിക് പോയ്‌സണിംഗ്:

ജോലി സംബന്ധമായി തുടര്‍ച്ചയായി എക്‌സ്‌പോഷര്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ വിരളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇലക്ട്രോ പ്ലേറ്റിംഗ്, ഡൈ ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവരിലാണ് കണ്ടിട്ടുള്ളത്.

തലവേദന, തലകറക്കം, മനംപിരട്ടല്‍, ചര്‍ദ്ദി, ശരീരഭാരം നഷ്ടപ്പെടുക, അനീമിയ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലപ്പോഴൊക്കെ ശബ്ദ വ്യത്യാസം ഉണ്ടാവാനും കാഴ്ചശക്തി കുറയാനും സാധ്യതയുണ്ട്.


ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്ക് കൂട്ടായ്മയ്ക്കുവേണ്ടി ഡോ. അരുണ്‍ മംഗലത്തും ഡോ. ജിനേഷ് പി എസും തയ്യാറാക്കിയ ലേഖനം


Next Story

Related Stories