TopTop

എന്താണ് റുമറ്റോയ്ഡ് വാതം; ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?

എന്താണ് റുമറ്റോയ്ഡ് വാതം; ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?

മലയാളത്തില്‍ സന്ധിരോഗം എന്നറിയപ്പെടുന്ന ആര്‍ത്രൈറ്റിസ് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. സന്ധികളില്‍ നീര് ഉണ്ടാക്കുന്ന തരവും (inflammatory) നീര് അധികം ഉണ്ടാകത്ത തരവും (non-inflammatory). മലയാളികളില്‍ മൂന്ന് ലക്ഷത്തിലേറെ പേരെ ബാധിച്ച അസുഖമാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ റുമറ്റോയ്ഡ് വാതം. നീര് ഉണ്ടാക്കുന്ന തരം വാതമാണിത്. സാധാരണ ഉപയോഗിക്കാറുള്ള ആമവാതം എന്ന പേര് പല രോഗാവസ്ഥകളെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട് എന്നതിനാല്‍ റുമറ്റോയ്ഡ് വാതം എന്ന പേരാണ് ഈ ലേഖനത്തില്‍ ഉപയോഗിക്കുന്നത്. റുമറ്റോയ്ഡ് വാതം ബാധിച്ച വ്യക്തികളില്‍ പലരും ഉയര്‍ത്തുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവും ഇവിടെ നല്‍കുന്നു.

എന്താണ് റുമറ്റോയ്ഡ് വാതം?

മുകളില്‍ പറഞ്ഞതുപോലെ സന്ധികളില്‍ നീര് ഉണ്ടാക്കുന്ന ഒരു തരം വാതമാണിത്. കൈകാലുകളിലെ ചെറു സന്ധികളിലും, കൈക്കുഴ, കൈമുട്ട് തോള് കാല്‍മുട്ട് കാലിലെ ചെറു സന്ധികള്‍ ഇടുപ്പ് കഴുത്തിലെ നട്ടെല്ല് എന്നിങ്ങനെയുള്ള സന്ധികളിലും വേദനയും നീര്‍ക്കെട്ടുമായി ഇത് കാണപ്പെടുന്നു. ശരീരത്തിന്റെ വലതും ഇടതും സന്ധികളില്‍ ഒരേസമയം ഇതു ബാധിക്കുന്നു. സാധാരണഗതിയില്‍ വിരലറ്റത്തെ ചെറു സന്ധിയെ(DIP) ഇത് ബാധിക്കാറില്ല. വാതരക്തം എന്നും ഇത് അറിയപ്പെടുന്നുണ്ട്.

റുമറ്റോയ്ഡ് വാതം എങ്ങനെ ഉണ്ടാകുന്നു?

ഒരാളുടെ ശരീരത്തിലെ പ്രതിരോധ ഘടകങ്ങള്‍ അയാളുടെ ശരീരത്തിന് എതിരെ തന്നെ തിരിയുന്ന അവസ്ഥയെയാണ് ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ എന്ന് പറയുന്നത്. ജനിതകഘടന, ജീനുകളുടെ പ്രവര്‍ത്തന തകരാറ്, ചിലതരം അണുബാധകള്‍ എന്നിവയാണ് ഇത്തരം പ്രതിരോധ പിഴവുകള്‍ക്ക് മുഖ്യകാരണങ്ങള്‍.

റുമറ്റോയ്ഡ് വാതം ഒരു ഓട്ടോ ഇമ്മ്യൂണ്‍ അസുഖമാണ്.

സന്ധിവീക്കം കുട്ടികളില്‍ ഉണ്ടാവാറുണ്ടോ ?

ഉണ്ട്. അതും ഒരു കാരണം കൊണ്ടല്ല ഒരു പാട് കാരണങ്ങള്‍ കൊണ്ടാകാം. താല്‍ക്കാലികമോ നീണ്ടു നില്‍ക്കുന്ന രീതിയില്‍ ഉള്ളതോ ആവാം.

താല്‍ക്കാലികമായി സന്ധി വീക്കം ഉണ്ടാവുമ്പോ ആദ്യം നമ്മള്‍ ആലോചിക്കുന്നത് എന്തെങ്കിലും തരത്തില്‍ ഉള്ള ക്ഷതം കൊണ്ടാണോ എന്നത് ? പ്രത്യേകിച്ചും പനി ഇല്ലാതെ ആവുമ്പൊ. ഇത്തരത്തില്‍ പനി ഇല്ലാതെ സന്ധി വീക്കം ഉണ്ടാവുമ്പോ ഓര്‍ക്കേണ്ട മറ്റൊരു കാര്യം ഉണ്ട്,സന്ധികള്‍ക്കുള്ളിലേക്കു രക്ത സ്രാവം. ഹീമോഫിലിയ പോലുള്ള രോഗങ്ങള്‍ ഉള്ള കുട്ടികളില്‍ ചിലപ്പോ ഇത് ആവും ആദ്യ ലക്ഷണം.

ഒരു പനി വന്നതിനൊപ്പമോ അതെ തുടര്‍ന്നോ ഇത്തിരി നാള്‍ നീണ്ടു നിന്ന് മാറി പോകുന്ന സന്ധി വീക്കം പതിവാണ്. പല വൈറസ് ബാധകള്‍ക്കും ശേഷം ഇങ്ങനെ കാണാറുണ്ട്. ചിക്കന്‍ ഗുനിയ ആദ്യം എടുത്തു പറയേണ്ട ഉദാഹരണം ആണ്.പ്രത്യേകിച്ച് ചികിത്സ കൊടുക്കാതെ തന്നെ തനിയെ മാറും.

റുമറ്റോയിഡ് വാതം കുഞ്ഞുങ്ങളിലും ഉണ്ടാവാറുണ്ട്.സന്ധിവീക്കം ആറാഴ്ച കഴിഞ്ഞും നീണ്ടു നില്‍ക്കുമ്പോള്‍ ആണീ സാധ്യത നമ്മള്‍ കണക്കിലെടുക്കുന്നതു. ജുവനൈല്‍ റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് പലപ്പോഴും വലിയവരില്‍ ഉണ്ടാവുന്ന അതെ രീതിയില്‍ തന്നെ ആവില്ല, ഇത്തിരി വ്യത്യസ്ത ലക്ഷണങ്ങള്‍ ആവും. അത് തന്നെ പെട്ടെന്ന് ചികിത്സ തുടങ്ങേണ്ടതും അല്ലാത്തതും ആയ വക ഭേദങ്ങള്‍ ഉണ്ട് താനും.ഇതിനു വിദഗ്ദ്ദരുടെ മേല്‍ നോട്ടത്തില്‍ തുടര്‍ ചികിത്സ വേണ്ടിവരും.

ഒരു പതിറ്റാണ്ടു മുന്‍പ് വരെ കേരളത്തില്‍ ഏറെ ഉണ്ടായിരുന്ന ഒന്നാണ് റുമാറ്റിക് ഫീവര്‍. (രക്തവാതം എന്ന് പറയാറുണ്ട്). ടോണ്‍സിലുകളില്‍ സ്‌ട്രെപ്‌റ്റോകോക്കസ് എന്ന രോഗാണുബാധ ഉണ്ടാവുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്ന ആന്റിബോഡികള്‍ ഹൃദയ വാല്‍വുകള്‍ക്കു തകരാറു വരുത്തുന്ന അവസ്ഥ ആണ് ഇത്. ഒരിക്കല്‍ ഉണ്ടായാല്‍ പിന്നീട് ടോണ്‍സിലൈറ്റിസ് വരാതിരിക്കാന്‍ തുടര്‍ന്ന് മരുന്ന് കഴിക്കേണ്ട അവസ്ഥ. പലപ്പോഴും ഇതിനു ഭംഗം വന്നു ഹൃദയത്തിനു സാരമായ തകരാറുകള്‍ ഉണ്ടായി അപകടം സംഭവിക്കാറുണ്ടായിരുന്നു. ഇന്ന് ഈ അവസ്ഥ കേരളത്തില്‍ ഏറെ കുറവാണ്.

രോഗാണുബാധ കൊണ്ട് സന്ധി വീക്കം ഉണ്ടാവുന്നത് നേരത്തെ കണ്ടു പിടിച്ചു ചികില്‍സിച്ചാല്‍ അപകടം ഒഴിവാക്കാം. കടുത്ത പനിയും സന്ധി വീക്കവും ഉണ്ടാവുമ്പോള്‍ പ്രത്യേകിച്ചും കൊച്ചുകുട്ടികളില്‍ ഇത് മനസ്സില്‍ കരുതണം.

റുമറ്റോയ്ഡ് വാതം ബാധിച്ച ഒരു സന്ധിയിലേക്ക് നമുക്കൊന്നു നോക്കാം.

നമ്മുടെ സന്ധികളില്‍ ഉള്ള നേരിയ സ്തരമാണ് സൈനോവിയല്‍ സ്തരം. ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളപ്പിഴ മൂലം സൈനോവിയല്‍ സ്തരത്തിന് കട്ടിയും കാഠിന്യവും വര്‍ധിക്കുന്നു. സന്ധികള്‍ക്ക് ചുറ്റുമുള്ള അസ്ഥികള്‍ക്ക് ശോഷണവും സംഭവിക്കുന്നു. രോഗം മൂലം ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടിയേസ് എന്‍സൈം മൂലം സന്ധികളിലെ തരുണാസ്ഥികളും ദ്രവിക്കുന്നു. ചെറു രക്തക്കുഴലുകള്‍ പുതുതായി സന്ധികളില്‍ ഉടലെടുക്കുന്നതും കാണാം.

ഇങ്ങനെയുള്ള സന്ധികള്‍ നീരുവന്ന് വീര്‍ക്കുകയും വേദനിക്കുകയും ചെയ്യുന്നു. കൂടാതെ അവയുടെ ചലനശേഷി കുറയുകയും ചികിത്സ വൈകുന്ന മുറക്ക് അവ വികലമായി ഉറക്കുകയും ചെയ്യുന്നു.

റുമറ്റോയ്ഡ് വാതം എപ്പോള്‍ സംശയിക്കണം?

6 ആഴ്ചയില്‍ ഏറെ നീണ്ടുനില്‍ക്കുന്ന സന്ധിവേദനയും നീരും റുമറ്റോയ്ഡ് വാതം മൂലമാകാം.

എണീറ്റ് അര മണിക്കൂറിനു ശേഷവും സന്ധിവേദനയും സന്ധികള്‍ ചലിപ്പിക്കുന്നതിനുള്ള വിഷമതയും ഉണ്ടെങ്കിലും റുമറ്റോയ്ഡ് വാതം സംശയിക്കണം. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള കുടുംബ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

സന്ധിയെ അല്ലാതെ വേറെ എവിടെയെങ്കിലും റുമറ്റോയ്ഡ് വാതം(Rheumatoid Arthritis) ബാധിക്കുമോ?

റുമറ്റോയ്ഡ് വാതം ഉള്ളവര്‍ക്ക് ത്വക്കില്‍ മുഴകള്‍ വരാം. കരള്‍ മജ്ജ ഇവയെ ബാധിച്ചാല്‍ വിളര്‍ച്ച ഉണ്ടാകാം. എല്ലുകളുടെ ബലം കുറയാം, എല്ലു പൊട്ടാം. ധമനികളെ ബാധിക്കുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകാം.

ശ്വാസകോശത്തെയും ബാധിക്കാം (Restrictive Lung Disease).വിഷാദവും തളര്‍ച്ചയും ഉണ്ടാകാം. പേശീദുര്‍ബലതക്കും കാരണമാകാം. കാഴ്ചയെ ബാധിക്കാം. അസുഖം ഉള്ളവര്‍ ഇതൊക്കെ കണ്ടു പേടിക്കേണ്ട കേട്ടോ. കൃത്യമായി അസുഖത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നവരില്‍ ഇവ നേരത്തേ തിരിച്ചറിയാനും ചികിത്സിക്കുവാനും സാധിക്കും.

ലോകത്ത് ആദ്യമായി വിജയകരമായി ഹൃദയം മാറ്റിവെച്ച ഡോക്ടര്‍ ക്രിസ്ത്യന്‍ ബര്‍ണാഡിന് റുമറ്റോയ്ഡ് വാതം ഉണ്ടായിരുന്നു. അദ്ദേഹം ഹൃദ്രോഗം മൂലമാണ് അന്തരിച്ചത്.

റുമറ്റോയ്ഡ് വാതത്തിന് (Rheumatoid Arthritis) രക്തപരിശോധന ഉണ്ടോ?

നിങ്ങളുടെ ഡോക്ടര്‍ റുമറ്റോയ്ഡ് വാതത്തിന് രക്ത പരിശോധനകള്‍ നിര്‍ദേശിക്കാറുണ്ട്. ഇ എസ് ആര്‍(ESR), സി ആര്‍ പി(CRP) എന്നിങ്ങനെയുള്ള ടെസ്റ്റുകള്‍ ഉയര്‍ന്ന അളവ് രേഖപ്പെടുത്താറുണ്ട്. രോഗം ശരീരത്തെ ആക്രമിക്കുന്നു എന്ന തിരിച്ചറിയല്‍ ആണ് ഈ കൂടിയ അളവ് കൊണ്ട് നമ്മള്‍ മനസ്സിലാക്കേണ്ടത്.

ആന്റിബോഡി മാനകങ്ങളും രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്നു.

റുമറ്റോയ്ഡ് ഫാക്ടര്‍ ആണ് ഒരു മാനകം. ആമവാതം ബാധിച്ചവരില്‍ 75 ശതമാനം പേരില്‍ റുമറ്റോയ്ഡ് ഫാക്ടര്‍ എന്ന ആന്റിബോഡി കാണപ്പെടുന്നുണ്ട്. അഥവാ റുമറ്റോയ്ഡ് വാതം ഉള്ള 25 ശതമാനം പേരില്‍ ഇത് കാണപ്പെടുന്നില്ല.രോഗം ഒന്നും ഇല്ലാത്ത ചിലരിലും ഈ ആന്റിബോഡി കാണാറുണ്ട്. വേറെ പ്രയാസങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു വ്യക്തിക്ക് രക്തപരിശോധനയില്‍ റുമാറ്റോയ്ഡ് ഫാക്ടര്‍ കണ്ടു എന്നതുകൊണ്ട് മാത്രം ചികിത്സ ഒന്നും ആവശ്യമില്ല.

മറ്റൊരു ആന്റിബോഡി മാനകം ആണ് ആന്റി സൈക്ലിക് സിട്രുലിനേറ്റഡ് പെപ്റ്റയ്ഡ് അഥവാ ആന്റി സി സി പി (AntiCCP). റുമറ്റോയ്ഡ് വാതമുള്ള 60 മുതല്‍ 70 ശതമാനം വരെ പേരില്‍ ഇത് കാണപ്പെടുന്നു.

ഇവ രണ്ടിന്റെയും സാന്നിധ്യവും തോതും രോഗത്തിന്റെ കാഠിന്യവുമായി ബന്ധം ഉണ്ട്.

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകള്‍ സമാന ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനാലും ഇവയുടെ സാന്നിധ്യം കരളിനു ദോഷകരമാണെന്നതിനാലും അക്കാര്യം നിര്‍ണയിക്കുന്നതിനുള്ള ടെസ്റ്റുകളും ചെയ്യാന്‍ റുമറ്റോയ്ഡ് വാതലക്ഷണങ്ങള്‍ ഉള്ള വ്യക്തിയോട് നിര്‍ദ്ദേശിക്കാറുണ്ട്.

മറ്റു സമാന വാതരോഗങ്ങള്‍ ഇതോടൊപ്പം ഉണ്ടോ എന്നത് ഉറപ്പാക്കാന്‍ എ എന്‍ എ ടെസ്റ്റ്, രോഗിയുടെ ശാരീരിക സ്ഥിതി മനസ്സിലാക്കുന്നതിന് വൃക്ക കരള്‍ ടെസ്റ്റുകളും, രോഗവും മരുന്നുകളും ശ്വാസകോശത്തെ ബാധിക്കുന്നത് നേരത്തെ തിരിച്ചറിയുന്നതിന് വേണ്ടി പി എഫ് ടി (ശ്വാസകോശ പ്രവര്‍ത്തന പരിശോധന)യും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.

എന്താണ് റുമറ്റോയ്ഡ് വാതത്തിന്റെ ചികിത്സ?

പണ്ടുകാലത്ത് കാര്യമായ ചികിത്സ റുമറ്റോയ്ഡ് വാതത്തിന് ഉണ്ടായിരുന്നില്ല. വേദന സംഹാരികളും സ്റ്റിറോയ്ഡ് മരുന്നുകളും മാത്രം ആയിരുന്നു ചികിത്സയുടെ നെടുംതൂണ്‍. എന്നാല്‍ അസുഖത്തിന്റെ വ്യാപനത്തെ തടയാനുള്ള ശേഷി വേദനസംഹാരികള്‍ക്ക് ഉണ്ടായിരുന്നില്ല.

സ്റ്റിറോയ്ഡ് മരുന്നുകളുടെ കൂടിയ അളവില്‍ ഉള്ള ഉപയോഗത്തിന്, മുഖവും ശരീരവും വണ്ണം വെക്കല്‍, പ്രമേഹം, എല്ലുകളുടെ ബലക്കുറവും പൊട്ടലും, വയറു കാളിച്ച തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നു.

ഈ പ്രയാസങ്ങള്‍ ദൂരീകരിക്കാനും അസുഖത്തെ പിടിച്ചു കെട്ടാനും 1970 കള്‍ മുതല്‍ ശാസ്ത്ര ഗവേഷണങ്ങളുടെ ഫലമായാണ് DMARD- Disease Modifying Anti Rheumatoid Drugs- രംഗത്ത് എത്തിയത്. പേര് സൂചിപ്പിക്കുന്നതു പോലെ അസുഖത്തിന്റെ ഗതി വേഗത്തിന് കടിഞ്ഞാണിടാന്‍ ഈ മരുന്നുകള്‍ക്ക് കഴിഞ്ഞു.

സള്‍ഫാസലാസിന്‍, ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍, മെഥോട്രെക്‌സേറ്റ്, ലെഫ്ളുണമൈഡ്, അസാതയോപ്രിന്‍ തുടങ്ങിയ ഡി.എം. എ.ആര്‍.ഡി (conventional DMARD) മരുന്നുകള്‍ ആണ് സാധാരണ ഉപയോഗിക്കുന്നത്.

ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളപ്പിഴ മൂലം അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന സൈറ്റോകൈനുകള്‍ (IL-1, IL-6,TNF-alpha), IL-17, പ്ലാസ്മ കോശങ്ങള്‍ മുതലായ വസ്തുക്കള്‍ റുമറ്റോയ്ഡ് വാതത്തെ ഗുരുതരമാക്കുന്നവയാണ്. അവയെ ലക്ഷ്യം വെച്ച് നിര്‍വീര്യമാക്കുക എന്നതാണ് ബയോളജിക്കല്‍സ്/ബയോസിമിലേര്‍സ് എന്നീ മരുന്നുകളുടെ പ്രവര്‍ത്തന രീതി. വില കൂടുതല്‍ ആണ് എന്നതാണ് ഇവയുടെ പ്രധാന പരിമിതി.

രോഗം ഒരു സന്ധിയില്‍ പോലും പ്രകടമല്ലാത്ത വിധം രോഗത്തെ നിയന്ത്രിക്കുകയും തീര്‍ത്തും സാധാരണമായ ഒരു ജീവിതം (Remission) രോഗം ബാധിച്ച വ്യക്തിക്ക് നല്‍കുകയുമാണ് ഇന്ന് റുമറ്റോയ്ഡ് വാത രോഗചികിത്സയുടെ ലക്ഷ്യം. അള്‍ട്രാസൗണ്ട് അടക്കമുള്ള സങ്കേതങ്ങള്‍ നിലവില്‍ രോഗശമനം നിര്‍ണയിക്കാന്‍ ഉപയോഗിക്കാറുണ്ട്.

രോഗബാധിതനായ വ്യക്തിയുടെ ജീവിതത്തിന്റെ ക്വാളിറ്റി DAS-28, SF-36, RAQoL തുടങ്ങിയ നിര്‍ണിത ചോദ്യാവലികള്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ വിലയിരുത്താറുണ്ട്. അസുഖത്തിന്റെ ശമനത്തിന്റെ തോത് ജീവിതത്തിന്റെ നിലവാരത്തിലും പ്രതിഫലിക്കണം എന്നുള്ളതിലാണ് ഇത്തരം മാനകങ്ങള്‍ പ്രസക്തമാകുന്നത്.

'നേരത്തെ കണ്ടെത്തി നിഷ്ഠയോടെയുള്ള ചികിത്സയാണ്' അസുഖം കനക്കുന്നതും വ്യാപിക്കുന്നതും തടയുന്നതിന് ഏറ്റവും വേണ്ടത്. പ്രമേഹവും രക്താതിമര്‍ദ്ദവും പോലെ നിയന്ത്രിക്കാവുന്ന അസുഖമാണ് റുമറ്റോയ്ഡ് വാതവും.

കണക്കുകള്‍ കാണിക്കുന്നത് പണ്ടുകാലത്ത് രോഗം ഉണ്ടായി ശരാശരി അഞ്ചുവര്‍ഷം കഴിഞ്ഞു മാത്രമേ റുമറ്റോയ്ഡ് വാതമുള്ള ഒരു വ്യക്തി ഡോക്ടരുടെ അടുത്ത് എത്തുമായിരുന്നുള്ളൂ എന്നാണ്. അതുകൊണ്ടു തന്നെ കൈകാലുകളിലെ അസ്ഥി വൈരൂപ്യങ്ങള്‍ വളരെയധികമായിരുന്നു. അത്തരം വ്യക്തികള്‍ക്ക് മരുന്നിനൊപ്പം സ്പ്ലിന്റുകളും വ്യായാമങ്ങളും ശസ്ത്രക്രിയകളും സഹായഉപകരണങ്ങളും വേണ്ടി വന്നേക്കാം.

അസുഖത്തെ അറിഞ്ഞു അതിന്റെ നിയന്ത്രണത്തില്‍ സക്രിയമായ പങ്കുവഹിക്കുകയാണ് രോഗബാധിതരായ വ്യക്തികള്‍ ചെയ്യേണ്ടത്.

രോഗത്തെ നുള്ളി എടുക്കും എന്നൊക്കെയുള്ള വ്യാജപ്രചരണങ്ങളില്‍ വീഴാതിരിക്കുക. ശരിയായ ചികിത്സ നേരത്തേ തേടുക. ഉള്‍കരുത്തോടെ മുന്നേറുക.

(ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്ക് കൂട്ടായ്മയ്ക്കുവേണ്ടി ഡോ. ജാവേദ് അനീസും ഡോ. പുരുഷോത്തമന്‍ കെ കെയും തയ്യാറാക്കിയ ലേഖനം)


Next Story

Related Stories