Top

റുക്‌സാന്‍ ഖാത്തൂണ്‍; ഇന്ത്യയെ പോളിയോക്ക് മുമ്പും ശേഷവും എന്ന് വേര്‍തിരിച്ച പെണ്‍കുട്ടി

റുക്‌സാന്‍ ഖാത്തൂണ്‍; ഇന്ത്യയെ പോളിയോക്ക് മുമ്പും ശേഷവും എന്ന് വേര്‍തിരിച്ച പെണ്‍കുട്ടി

പശ്ചിമബംഗാളിലെ ഷാപ്പാര ഗ്രാമത്തില്‍ 11 വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. റുക്‌സാന്‍ ഖാത്തൂണ്‍ എന്നാണ് പേര്. ഇന്ത്യയുടെ ആരോഗ്യ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് റുക്‌സാന്‍ ഖാത്തൂണ്‍. ഇന്ത്യയെ പോളിയോക്ക് മുമ്പും ശേഷവും എന്ന് വേര്‍തിരിച്ച അതിര്‍ത്തിക്കല്ല്.

'എല്ലാം ഞങ്ങളുടെ തെറ്റാണ് സര്‍. ഞങ്ങളുടെ ബാക്കി എല്ലാ കുട്ടികള്‍ക്കും കൃത്യമായി കുത്തിവയ്പുകളെല്ലാം നല്കിയതാണ്. ഇവള്‍ക്കാണെങ്കില്‍ ഇടയ്ക്കിടെ ചെറിയ അസുഖങ്ങള്‍ വരുമായിരുന്നു. അതുകൊണ്ട് കുത്തിവയ്പുകള്‍ അധികം നല്‍കേണ്ടന്നു വിചാരിച്ചു. ഒന്നര വയസുള്ളപ്പോള്‍ വലതു കാല്‍ തളര്‍ന്നു പോയി. അസുഖം പോളിയോയാണെന്ന് കണ്ടുപിടിച്ചപ്പോള്‍ ഞങ്ങള്‍ തകര്‍ന്നു പോയി. ഞങ്ങളുടെ അലംഭാവം അവളുടെ ഭാവിയെ തന്നെ ബാധിച്ചല്ലോ..!' റുക്‌സാറിന്റെ അച്ഛന്‍, അബ്ദുള്‍ ഷായുടെ വിലാപമായിരുന്നു.. ഏഴുവര്‍ഷം മുമ്പ്. അതിനുശേഷം ഇന്ത്യയിലൊരച്ഛനും ഇക്കാര്യം പറഞ്ഞ് കരയേണ്ടി വന്നിട്ടില്ല.

2011 ജനുവരി 13നാണ് റുക്‌സാറിന് പോളിയോ സ്ഥിരീകരിക്കുന്നത്. ശേഷം ഇന്നേ വരെ ഇന്ത്യയില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടന 2014 മാര്‍ച്ച് 27 ന് ഇന്ത്യയെ പോളിയോ വിമുക്തമായതായി പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിലെ അവസാന പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2000 ല്‍ കൊണ്ടോട്ടിയിലാണ്.

ഇന്ന് നാല്പതു വയസ്സിനു മേലുള്ളവര്‍ക്ക് ഓര്‍മ്മയുണ്ടാവും, അവരുടെ കുട്ടിക്കാലത്തു പോളിയോബാധമൂലം ഭിന്നശേഷിക്കാരായി മാറിയ അനേകര്‍ ചുറ്റിനും ഉണ്ടായിരുന്നത്. എന്നാലിന്നത്തെ പുതുതലമുറക്കാര്‍ ഇത്തരമൊരു രോഗബാധ സമപ്രായക്കാരില്‍ കണ്ടിട്ട് കൂടി ഉണ്ടാവില്ല.

ഇന്ന് പോളിയോ നമുക്കൊരു ചരിത്രകഥയാണ്. അതാണ് ചില പത്രവാര്‍ത്തകള്‍ കാണുമ്പോള്‍ നാം ഞെട്ടുന്നത്. ഇന്നിപ്പോ പുതിയ രോഗികളെ കാണണമെങ്കില്‍ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പോണം. പക്ഷെ ഒരു 50 വര്‍ഷം മുമ്പ്, ഇന്ത്യയില്‍ ഏതാണ്ട് 10,000 ആള്‍ക്കാരില്‍ 25 പേര്‍ക്ക് പോളിയോ ബാധിച്ചിരുന്നതായും, 1000 കുട്ടികളില്‍ 6 പേര്‍ക്ക് പോളിയോയുടെ ഫലമായി അംഗവൈകല്യം സംഭവിച്ചിരുന്നതായുമായാണ് കണക്കുകള്‍. എന്തിനു ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (20 വര്‍ഷം മുമ്പ്) പോലും ഇന്ത്യയിലെ മുഴുവന്‍ അംഗ പരിമിതരുടെ പകുതിയോടടുപ്പിച്ച് പോളിയോ രോഗത്തിന്റെ രക്തസാക്ഷികളായിരുന്നു. പോളിയോ ഒരിക്കല്‍ ബാധിച്ചാല്‍ പിന്നെ പൂര്‍ണ്ണ സൗഖ്യമില്ല. ഫിസിയോ തെറാപ്പിയിലൂടെയും മറ്റും രോഗാതുരത കുറയ്ക്കാമെന്നേയുള്ളൂ. പോളിയോയുടെ മരണനിരക്ക് കുട്ടികളില്‍ 2 -5 % ആയിരുന്നെങ്കില്‍ മുതിര്‍ന്നവരില്‍ അത് 15 -30 % വരെ ഉയര്‍ന്നിരുന്നു.

ഈ മാരകരോഗത്തെ നമ്മള്‍ തുരത്തിയത് വാക്‌സിനേഷനിലൂടെയാണ്. 1988-ലാണ് ലോകാരോഗ്യസംഘടന ലോക പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടി (Global Polio Eradication Initative) ആരംഭിക്കുന്നത്. 1988-ല്‍ ലോകത്താകമാനം ഒരു വര്‍ഷം 3,50,000 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലാകട്ടെ 24000-വും. 125-ല്‍ പരം രാജ്യങ്ങള്‍ പോളിയോ ബാധിതമായിരുന്ന ആ സമയത്ത് പ്രതിദിനം ആയിരത്തിലധികം കുട്ടികള്‍ക്കു പോളിയോ ബാധിച്ചിരുന്നതായാണ് അന്നത്തെ കണക്കുകള്‍.

ഈ പോളിയോ വാക്‌സിന്‍ അമേരിക്കന്‍ അജണ്ടയാണെന്ന് ധാരാളം 'കേശവന്‍ മാമന്മാര്‍' പാടി നടന്നിട്ടുണ്ട്. ഇന്ത്യന്‍ കുട്ടികളില്‍ വന്ധ്യതയുണ്ടാക്കി നമ്മുടെ ജനസംഖ്യ കുറയ്ക്കാന്‍ വന്ന ഭീകരനാത്രേ. മാമന്മാരുടെ തള്ളിനിടയിലൂടെ ഞെങ്ങിഞെരുങ്ങി, 1988 ലെ 3.5 ലക്ഷത്തില്‍ നിന്ന്, 2019 ല്‍ വെറും 94-ലേക്ക് ലോകമെത്തി. ഇന്ത്യയിലെ ജനസംഖ്യയാണെങ്കില്‍ ഇരട്ടിയോളമുയര്‍ന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ കേരളത്തില്‍ വര്‍ഷം തോറുമുള്ള പള്‍സ് പോളിയോ പരിപാടി തന്നെ നിര്‍ത്തി.

എന്നാലും ഇന്ത്യയിലാകെ പോളിയോ വാക്‌സിന്‍ കൊടുക്കുന്നത് നിര്‍ത്താറായിട്ടില്ല. പ്രധാന കാരണം, പാക്കിസ്ഥാന്‍ തന്നെ. ഈ വര്‍ഷം ലോകത്തുണ്ടായ 94 പോളിയോ രോഗികളില്‍ 76 ഉം പാക്കിസ്ഥാനില്‍ നിന്നാണ്. ബാക്കി 18 അഫ്ഗാനിസ്ഥാനില്‍ നിന്നും. അയല്‍വാസികളാണ്. അതിനാല്‍ നമ്മള്‍ കുറച്ചുനാള്‍ കൂടി ജാഗരൂകരായിരിക്കണം.

ഇങ്ങനെ ഒന്നുരണ്ടു രാജ്യങ്ങള്‍ തടസമായി നില്‍ക്കുമ്പോഴും പോളിയോ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുന്നതിന്റെ ഏറ്റവും അടുത്താണ് നമ്മളിപ്പോള്‍. ദാ, ഇത് വായിക്കുമ്പോളത് മനസിലാവും.

ഒരേ ലക്ഷണങ്ങള്‍ ആണ് ഉണ്ടാക്കുന്നതെങ്കിലും മൂന്നു തരം പോളിയോ വൈറസ്സുകള്‍ ഉണ്ട്. ഈ മൂന്ന് തരം വൈറസ്സുകള്‍ക്കെതിരെയും പ്രതിരോധം നല്‍കുന്ന വാക്‌സിനുകള്‍ ആണ് കാലങ്ങളായി നമ്മള്‍ ഉപയോഗിച്ചതും. ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3.

പോളിയോയ്ക്ക് എതിരെ നമ്മുടെ പോരാട്ട ചരിത്രം നോക്കാം,

ടൈപ് 2 - അവസാനമായി ഉണ്ടായത് 1999ല്‍.

2015ല്‍, (16 വര്‍ഷങ്ങള്‍ക്ക് ശേഷം) ടൈപ് 2 വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്തു.

2016 മുതല്‍ നമ്മള്‍ നല്‍കുന്ന വാക്‌സിനില്‍ ടൈപ്പ് 1 ഉം ടൈപ്പ് 3 ഉം മാത്രേ ഉള്ളൂ (ബൈവാലന്റ്).

ടൈപ്പ് 3 വൈറസ് - അവസാനത്തെ കേസ് 2012.

2019 Oct 24 ല്‍ Type 3 യുംനിര്‍മ്മാര്‍ജ്ജനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടു.

എന്നുവച്ചാല്‍ ഇനി ടൈപ്പ് 1 മാത്രമേ ഭൂമുഖത്ത് ബാക്കിയുള്ളൂ. ഇത്രയും സാധിച്ച നമുക്ക് അത് സാധ്യമാവുമെന്ന് പറയേണ്ടതില്ലല്ലോ.

ഇതൊക്കെ സാധിച്ചത് വാക്‌സിനേഷന്‍ പരിപാടികളിലൂടെ മാത്രമാണ്. പോളിയോ വാക്‌സിന്‍ കണ്ടുപിടിച്ച ജോനാസ് സാല്‍ക്കിന്റെ ജന്മദിനമാണ് പോളിയോ ദിനമായി ആചരിക്കുന്നത്.

കഷ്ടപ്പെട്ട് വാക്‌സിന്‍ കണ്ടുപിടിച്ച്, അത് സ്വന്തം ശരീരത്തിലും ഭാര്യയിലും മക്കളിലും പരീക്ഷിച്ചു നോക്കി ഉറപ്പാക്കിയിട്ടാണ് സാല്‍ക്ക് അത് ലോകത്തോട് പറഞ്ഞത്. 1953-ലെ ആ ദിവസം അമേരിക്കയില്‍ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങി തുള്ളിച്ചാടി. കാരണം അവരക്കാലത്ത് ഏറ്റവും പേടിച്ചിരുന്ന പകര്‍ച്ചവ്യാധിയായിരുന്നു അത്. ശേഷമുള്ള ചരിത്രമാണ് മേലില്‍ പറഞ്ഞത്.

ഇന്ത്യയില്‍ വാക്‌സിന്‍ കാരണമുള്ള പോളിയോ കൂടുന്നതായി, തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഒരു പത്രവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്താമെന്നല്ലാതെ അതിന് മറ്റ് ഗുണമൊന്നുമില്ല. അതിനെ പറ്റി ചിലത് പറയാം.

പോളിയോ തുള്ളി മരുന്നിന് അപൂര്‍വ്വമായി പോളിയോ രോഗമുണ്ടാക്കാന്‍ സാധിക്കും. ആ വാര്‍ത്തയിലെ കണക്ക് പൂര്‍ണമായും വിശ്വസിച്ചാല്‍ തന്നെ അവസാന 10 വര്‍ഷത്തില്‍ ഇന്ത്യയില്‍ 440 പോളിയോ രോഗികളുണ്ടായി എന്നാണ്.

1955 ല്‍ ആദ്യം കില്‍ഡ് വൈറസ് വാക്‌സിനു ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഓറല്‍ പോളിയോ വാക്‌സിന്‍ (പോളിയോ തുള്ളിമരുന്ന്) കണ്ടെത്തിയത്. അതായത് ജീവനുള്ള പോളിയോ വൈറസ് എങ്കിലും രോഗമുണ്ടാക്കാനുള്ള ശക്തി നിര്‍വ്വീര്യമാക്കപ്പെട്ട വാക്‌സിനാണിത്.

ഇന്ത്യയില്‍ പോളിയോ തുള്ളിമരുന്ന് കൊടുത്ത് തുടങ്ങിയത് 1978 ല്‍, അതായത് 41 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

മുന്‍പ് പറഞ്ഞത് പോലെ ഇവിടെ നടമാടിയിരുന്ന പോളിയോ വൈറസുകളെ നാമിന്നു ഇല്ലാതാക്കിയത് ഈ പോളിയോ തുള്ളിമരുന്ന് പ്രയോഗം കൊണ്ടാണ്.

എന്നാല്‍ നിര്‍വ്വീര്യമാക്കിയ ലൈവ് വാക്‌സിന് അപൂര്‍വ്വമായി നാം ആഗ്രഹിക്കാത്ത ചില പരിണിതഫലങ്ങള്‍ ഉണ്ടെന്നും അത് ഉണ്ടാക്കിയ കാലം തൊട്ടു അറിയാം.

1) 2.7 ദശലക്ഷം ഡോസുകള്‍ കൊടുക്കുമ്പോള്‍ വൈറസ് ജനിതക മാറ്റം സംഭവിച്ചു 'തിരിഞ്ഞു കൊത്താം', ഇതിനെ വാക്‌സിന്‍ അസോസിയേറ്റഡ് പരാലിസിസ് എന്ന് പറയും (VAPP).

2 ) അത് പോലെ 4 ദശലക്ഷം ഡോസുകള്‍ കൊടുക്കുമ്പോള്‍, അതും തീരെ പോളിയോ വാക്‌സിന്‍ കൊടുക്കാത്ത മേഖലയില്‍ ആവുമ്പൊള്‍ ജനിതകമാറ്റം സംഭവിച്ച് അത് കുറച്ചു കൂടി പേരിലേക്ക് പടര്‍ന്നു പിടിക്കാം. അതിനെ വാക്‌സിന്‍ ഡിറൈവ്ഡ് പോളിയോ എന്ന് പറയും (VDPV). ഇക്കാര്യമാണ് പത്രവാര്‍ത്തയില്‍ പ്രതിപാദിക്കുന്നത്.

ഇന്ത്യയില്‍ ഒരു വര്‍ഷം 2.7 കോടി കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നുണ്ട്. ഓരോ കുഞ്ഞിനും പള്‍സ് പോളിയോ അടക്കം ഏഴു ഡോസ് പോളിയോ വാക്‌സിന്‍ കൊടുത്തിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍. അപ്പൊ എത്ര ഡോസ് ?

945 ദശലക്ഷം ഡോസ്, ഏതാണ്ട് നൂറു കോടി ഡോസ്.

ഇത്രയും ഡോസ് കൊടുക്കുമ്പോള്‍ 400 കുട്ടികള്‍ക്ക് എന്നത് താരമ്യേന ചെറിയ റിസ്‌ക് ആണ്. നോക്കൂ, ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനീഷിയേറ്റീവിന്റെ (GPIE) കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഇന്ത്യയില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല (ലിങ്ക് കമന്റില്‍). മാത്രമല്ലാ, മേല്‍പ്പറഞ്ഞ പോലെ നമ്മുടെ വാക്‌സിന്‍, വൈറസിന്റെ അളവ് കുറച്ചതിലൂടെ കൂടുതല്‍ സുരക്ഷിതവുമായിട്ടുണ്ട്. തുള്ളി മരുന്നില്‍ നിന്നും ഇത്തരം പ്രതികൂല സാധ്യത ഇല്ലാത്ത ഏറ്റവും സുരക്ഷിതമായ പോളിയോ കുത്തിവയ്പ്പിലേക്ക് നാം മാറി തുടങ്ങിയിട്ടുമുണ്ട്.

ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് എത്തി നില്‍ക്കുന്നയിടത്തേക്ക് എത്തിയത് ഓരോ ഇടപെടലിന്റെയും ഗുണവും ദോഷവും തിരിച്ചറിഞ്ഞു, റിസ്‌ക്കുകളെ ബെനിഫിറ്റുമായി തുലനം ചെയ്തു, ഗുണങ്ങള്‍ അധീകരിച്ചു നില്‍ക്കുമ്പോള്‍ അവയെ ഉപയോഗപ്പെടുത്തി തന്നെയാണ്.

അതായത് അത്യപൂര്‍വ്വമായ ചില അപകട സാധ്യത കണക്കിലെടുക്കുകയും, പോളിയോ തുള്ളി മരുന്ന് പ്രയോഗിച്ചാല്‍ വലിയ ഭൂരിപക്ഷം ജനതയ്ക്കും ഉണ്ടാവുന്ന ഗുണഫലങ്ങളെ തമസ്‌കരിക്കുകയും ചെയ്തിരുന്നു എങ്കില്‍ നാം ഇന്നും പഴയ കാലത്തെ പോലെ പോളിയോ രോഗഗ്രസ്തമായ സമൂഹം ആയി തുടര്‍ന്നേനെ.

പത്തു ബില്യണ്‍ ഡോസ് പോളിയോ വാക്‌സിന്‍ കൊടുക്കുമ്പോള്‍ തടയുന്നതു ഒരു കോടി പോളിയോ കേസുകള്‍ ആണെന്നാണ് കണക്ക്. കൊടുത്താല്‍ ഉണ്ടായേക്കാവുന്നത് 400 ഓളം രോഗികള്‍, മാത്രമല്ല ആത്യന്തികമായി നാം പോളിയോ രോഗരഹിത ഒരു അവസ്ഥയിലേക്ക് എത്തുക കൂടിയാണ് ഇതിന്‍ ഫലമായി.

ഇപ്പോ കുറേ വര്‍ഷമായി ഇന്ത്യ പോളിയോ രഹിതമായല്ലോ, ഇനി പോളിയോ തുള്ളിമരുന്ന് മൊത്തത്തിലങ്ങ് നിര്‍ത്തിക്കൂടേ എന്ന് ഇപ്പൊള്‍ പലര്‍ക്കും തോന്നിയിട്ടുണ്ടാവും.

അതെ, വരും കാലങ്ങളില്‍ റിസ്‌ക് സാധ്യത തീരെ ഇല്ലാത്ത ഒരു കില്‍ഡ് പോളിയോ വാക്‌സിന്‍ ആണ് നമ്മള്‍ക്ക് വേണ്ടത്, അതാണ് നാം നടപ്പാക്കാന്‍ പോവുന്നത്, ആ ഒരു പരിവര്‍ത്തന കാലഘട്ടത്തിലാണ് നാം.

നോക്കൂ, ലോകത്തിന്ന് വൈല്‍ഡ് പോളിയോ ഉള്ളത് നമ്മുടെ അയല്‍രാജ്യങ്ങളില്‍ മാത്രമാണ്. രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിയുള്ള കാര്യം വൈറസിനറിയില്ല. മാത്രമല്ല, പാക്കിസ്ഥാനില്‍ 2018-ല്‍ 12 രോഗികളുണ്ടായ സ്ഥാനത്ത്, 2019 ല്‍ 76 രോഗികളുണ്ടായി. ഈയൊരു റിസ്‌ക് നിലനില്‍ക്കുന്നത് കൊണ്ടുമാത്രമാണിപ്പോഴും പോളിയോ തുള്ളിമരുന്ന് വാക്‌സിന്‍ തുടരുന്നത്. അതും ഉടനെ തന്നെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടിത്തരം വാര്‍ത്തകള്‍ കണ്ട് വരും തലമുറ പേടിക്കേണ്ട, ഭാവി ശോഭനം തന്നെയാണ്.

Iron Lung എന്ന്അറിയപ്പെട്ടിരുന്ന മെഷീനെ കുറിച്ച് കേട്ടിട്ടുണ്ടോ ? (കവര്‍ ചിത്രം, വിക്കിപീഡിയയില്‍ നിന്ന്)

പോളിയോരോഗ ബാധിതര്‍ ആവുന്ന കുട്ടികളില്‍ ശ്വസനത്തിനു സഹായകമാവുന്ന നെഞ്ചിലെ പേശികള്‍ക്ക് തളര്‍ച്ച വരുകയും ശ്വസനം പ്രയാസമാവുകയും ചെയ്യാം. 1950 കളില്‍ പ്രസ്തുത യന്ത്രം ഉപയോഗിച്ചാണ് ശ്വസന ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ പരിചരിച്ചിരുന്നത്. മലര്‍ന്നു കിടന്നു മുകളിലോട്ടു നോക്കുക മാത്രമാണ് കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. മെഷീനില്‍ നിന്ന് വായു വെളിയിലേക്ക് പോവുമ്പോള്‍ മാത്രമേ കുട്ടിക്ക് സംസാരിക്കാന്‍ കഴിയൂ. ഇത് ഈ പറഞ്ഞ 'സുവര്‍ണ്ണ കാലത്തെ' അമേരിക്കന്‍ അവസ്ഥ ആണ്. ഇന്ത്യ പോലൊരു രാജ്യത്തെ കുട്ടികള്‍ക്ക് ഈ സൗകര്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇത്തരം കുട്ടികള്‍ അന്ന് ഇവിടെ മരിച്ചു പോവുകയായിരുന്നു...

വന്ന വഴി മറക്കരുതെന്ന് പറയുകയും കൂടിയാണ്. വാക്‌സിനേഷന്റെ എല്ലാ ഗുണവും അനുഭവിച്ച്, ആ പകര്‍ച്ചവ്യാധികളില്ലാത്ത ലോകത്തിരുന്ന്, ശാസ്ത്രത്തിന്റെ തന്നെ പ്രോഡക്റ്റായ ഫേസ്ബുക്കിലും വാട്‌സാപ്പിലും വ്യാജവൈദ്യവും രോഗശാന്തിക്കുള്ള പ്രാര്‍ത്ഥനകളും ഉണ്ടാക്കിയും ഷെയര്‍ ചെയ്തും അഭിരമിക്കുമ്പോള്‍, അതു വിശ്വസിച്ച് പല ജീവനുകളും പൊലിയുമ്പോ, വന്ന വഴിയേതെന്ന് ഓര്‍മ്മിപ്പിച്ചതാണ്. ഇങ്ങനൊരു ലോകമുണ്ടാവാന്‍ ഒരുപാട് പേരുടെ കഠിനാധ്വാനവും കഴിവും ഉപയോഗിച്ചിട്ടുണ്ടെന്നും അറിയാന്‍ വേണ്ടി കൂടിയാണ്.

അനുബന്ധം: പോളിയോ കൊണ്ട് മനുഷ്യര്‍ക്കു പരോക്ഷമായ ചില ഗുണങ്ങള്‍ ഉണ്ടായി.

1. വെന്റിലേറ്ററിന്റെ കണ്ടുപിടിത്തത്തിലേക്ക് വഴിവെച്ചു. മേല്‍പ്പറഞ്ഞ 'ഇരുമ്പു ശ്വാസകോശങ്ങള്‍' പിന്നീട് വെന്റിലേറ്ററിനു വഴിമാറി, മറ്റു രോഗാവസ്ഥകളില്‍ ഉള്‍പ്പെടെ അനേക ജീവനുകള്‍ അതിലൂടെ രക്ഷിക്കാന്‍ പറ്റി.

2. ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ എന്ന വൈദ്യശാസ്ത്ര ശാഖ അഭിവൃദ്ധിപ്പെടാനും ഒരു കാരണമായി.

മറ്റു പല രോഗങ്ങള്‍ മൂലവും വൈകല്യം ബാധിച്ചവര്‍ക്ക് അത് അനുഗ്രഹമായി.

ഇന്‍ഫോ ക്ലിനിക്ക് കൂട്ടായ്മക്ക് വേണ്ടി ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവം, ഡോ. പുരുഷോത്തമന്‍ കുഴിക്കത്ത്കണ്ടിയില്‍, ഡോ. മോഹന്‍ ദാസ് എന്നിവര്‍ തയ്യാറിക്കിയ ലേഖനം.



Next Story

Related Stories